അച്ഛൻ അറിയാൻ ഭാഗം - 27

നിങ്ങൾ ഒരു സ്വേച്ഛാധിപതിയോ?

  
0:00
-11:27

മക്കളുടെ സ്വഭാവത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിവിധ സ്വഭാവസവിശേഷതകളെപ്പറ്റിയാണ് നാം ഇതേവരെ ചിന്തിച്ചിരുന്നത്. എന്നാൽ മക്കളെ വളർത്തുന്ന മാതാപിതാക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട ചില സ്വഭാവങ്ങളിലേക്കാണ് ഇനി നമ്മുടെ ചിന്തകൾ തിരിയുന്നത്.

മക്കളെ വളർത്തുവാൻ മാതാപിതാക്കൾ  വിവിധരീതികൾ അവലംബിക്കാറുണ്ട്. പാരന്റിങ് ശൈലികൾ എന്ന് അവയെ വിളിക്കും. മക്കളുടെ മേൽ ചെലുത്തുന്ന നിയന്ത്രണങ്ങളുടെ അളവ് അനുസരിച്ചാണ് ഒരു പിതാവിന്റെ പാരന്റിങ് ശൈലി നിർണയിക്കപ്പെടുന്നത്. ഏതു ശൈലിയിലാണ് ഞാൻ എന്റെ കുട്ടിയെ വളർത്തുന്നത് എന്ന്  അറിഞ്ഞുകൊണ്ടായിരിക്കില്ല, ഒരു പിതാവും ഒരു മാതാവും കുട്ടിയെ വളർത്തുന്നത്. പക്ഷെ അവർ അറിയാതെയാണെങ്കിലും ഇനി പറയുന്ന നാലിൽ ഏതെങ്കിലും ഒരു ശൈലിയിൽ വന്നു പെടാറുണ്ട് എന്നതാണ് യാഥാർഥ്യം.

സ്വേച്ഛാധിപത്യ ശൈലി, ആധികാരിക ശൈലി, അനുവദനീയമായ ശൈലി, പങ്കാളിത്തമില്ലാത്ത ശൈലി എന്നിങ്ങനെ നാലു ശൈലികളാണ് പൊതുവെ പറയപ്പെടുന്നത്. ഓരോ സാഹചര്യത്തിലും പിതാവ് എടുക്കുന്ന നടപടികളുടെ അടിസ്ഥാനത്തിൽ ഇവയെ നമുക്ക് വേർതിരിച്ചു പഠിക്കുവാൻ സാധിക്കും.

എന്നാൽ ആധുനിക മനഃശാസ്ത്രം, പറയാൻ കുറേക്കൂടെ ആകർഷകമായ ആറു വ്യത്യസ്തങ്ങളായ പാരന്റിങ് ശൈലികളെപ്പറ്റി വിശദീകരിക്കുന്നുണ്ട് . അവയെ പറ്റി വഴിയാംവണ്ണം പറയാം.

സ്വേച്ഛാധിപത്യ   ശൈലി

"എടാ ചെക്കാ, ഞാൻ പറയുന്നത് നീ  കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയേണ്ട",  "ഒന്നുകിൽ എന്റെ വഴി , അല്ലെങ്കിൽ പെരുവഴി", "പിള്ളേരുടെ കണ്ണീരിൽ നമ്മൾ അലിഞ്ഞു പോകരുത്"... ഇങ്ങനെയൊക്കെയുള്ള പ്രസ്താവനകൾ ഏതെങ്കിലും കുടുംബനാഥനിൽ നിന്നും നിങ്ങൾ കേട്ടിട്ടുണ്ടോ ? സംശയിക്കേണ്ട, അദ്ദേഹം ഒരു സ്വേച്ഛാധിപതി ആയിരിക്കും.  തങ്ങൾ നടത്തുന്ന പ്രഖ്യാപനങ്ങൾ അക്ഷരം പ്രതി കുട്ടികൾ അനുസരിക്കണം എന്ന് ചിന്തിക്കുന്നവരാകും ഇക്കൂട്ടർ. "ഞാൻ അന്നേ പറഞ്ഞില്ലേ", "അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല "  എന്നിങ്ങനെയുള്ള  പദപ്രയോഗങ്ങൾ ഇവരുടെ സംഭാഷണത്തിൽ  ഇടയ്ക്കിടെ കടന്നു വരാറുണ്ട്.

ശിക്ഷണവും ശിക്ഷയും

കുട്ടികളുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചക്കോ  സമവായത്തിനോ  ഇവർക്ക് തെല്ലും താല്പര്യമുണ്ടാവില്ല. ചോദ്യം ചെയ്യാതെ കുട്ടികൾ അനുസരിക്കണം എന്നതാണ് ഇക്കൂട്ടരുടെ ശാഠ്യം.  പ്രശ്നങ്ങൾ പരിഹരിക്കുന്നതിലോ തടസ്സങ്ങളെ തരണം ചെയ്യുന്നതിലോ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്നാണ് ഇവരുടെ അഭിമതം. തീരുമാനം ഏകപക്ഷീയമായി അവർ എടുക്കും. മക്കൾ മറ്റൊന്നും ചിന്തിക്കാതെ, അതെല്ലാം അനുസരിച്ചു കൊള്ളണം. മക്കളുടെ തലച്ചോർ തങ്ങൾക്കു പണയം വെക്കണം എന്ന മനോഭാവം. സ്വേച്ഛാധിപതികളായ പിതാക്കന്മാർ ശിക്ഷണത്തേക്കാൾ ഉപരി, ശിക്ഷയിലാണ് താല്പര്യം കാട്ടുക. നല്ലതു തെരഞ്ഞെടുക്കുവാൻ കുട്ടിയെ പരിശീലിപ്പിക്കുവാനല്ല, തെറ്റ് പറ്റിയതിൽ കുട്ടിയെക്കൊണ്ട് ക്ഷമ പറയിപ്പിക്കാനാണ് അവർ ശ്രമിക്കാറുള്ളത്. 

സ്വേച്ഛാധിപതിയായ അച്ഛന്റെ മകനായി ജീവിക്കുന്ന ഒരു മകൻ, കൂടുതൽ സമയവും,  അനുശാസനകളെ കണ്ണുമടച്ചു അനുസരിക്കുന്നതിൽ മാത്രം വ്യഗ്രത ഉള്ളവൻ ആയിരിക്കും. പക്ഷെ അവരുടെ ഇത്തരം 'അനുസരണ'ത്തിനു വലിയ ഒരു വില കൊടുക്കേണ്ടി വരും എന്ന് അച്ഛന്മാർ മറന്നു പോകുന്നു. ഇത്തരം സാഹചര്യത്തിൽ  വളർന്നു വന്നിട്ടുള്ള കുട്ടികളുടെ അഭിപ്രായങ്ങൾ സ്വന്തം വീട്ടിൽ ആരും അംഗീകരിക്കുന്നില്ല എന്നതിനാൽ അവരുടെ ആത്മാഭിമാനം മുളയിലേ നുള്ളിക്കളയപ്പെടുന്നു. 

ഒരുതരം ശത്രുതാമനോഭാവവും ആക്രമണോല്സുകതയും ആയിരിക്കും ഈ കുട്ടികളുടെ മുഖമുദ്ര. ഭാവിയിൽ കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തക്ക് പകരം മാതാപിതാക്കളോടുള്ള കടുത്ത വൈരമായിരിക്കും അവരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.

സ്വേച്ഛാധിപതിയായ പിതാവ് കണിശക്കാരനായതിനാൽ കുട്ടി പലപ്പോഴും ശിക്ഷയിൽ നിന്നും മോചനം നേടാൻ വേണ്ടി കള്ളം പറയാൻ നിർബന്ധിതനാകും എന്നതാണ് മറ്റൊരു പ്രശ്നം.

 സ്വേച്ഛാധിപത്യ ശൈലിയിൽ പ്രവർത്തിക്കുന്ന അച്ഛന്മാർ  മക്കളിൽ വളരെ വലിയ പ്രതീക്ഷകൾ വച്ചു പുലർത്തും. അപ്പോൾ തന്നെ വളരെ കുറച്ചു പിന്തുണയും പ്രതികരണവും ആയിരിക്കും നൽകുക. തെറ്റുകൾക്ക് അതിക്രൂരമായ ശിക്ഷകൾ നൽകും. എന്തെങ്കിലും പ്രതികരണം നൽകിയാൽ പോലും അത് നെഗറ്റീവ്  നിർദ്ദേശങ്ങൾ ആയിരിക്കും.  അട്ടഹസിക്കുകയും അടിക്കുകയും ഒക്കെ ചെയ്തെന്നു വരാം. കാര്യകാരണസഹിതം കാര്യങ്ങളൊന്നും മക്കളോട്  വിശദീകരിക്കുകയില്ല. ഈ ശൈലിയിൽ സർവസാധാരണമായി കാണുന്ന ഒരു പ്രത്യേകത ആയിരിക്കും ഇത്.

സത്യത്തിൽ പാരന്റിങ് എന്ന ദൗത്യത്തിൽ, ഒരു പിതാവിന്റെ ഉത്തരവാദിത്തം, സാംസ്‌കാരിക പൈതൃകത്തിന്റെ മൂല്യങ്ങളുമായി  മകനെ അടുപ്പിക്കുക എന്നതാണ്. ഇതെങ്ങനെ സാധിക്കുന്നു എന്നതാണ് നിർണായകമായ ചോദ്യം. 

സ്വേച്ഛാധിപത്യശൈലിക്കാരുടെ മക്കൾ സ്വയനിയന്ത്രണം പരിശീലിക്കുകയില്ല. പകരം, അധികാരത്തിനു കീഴ്‌പെട്ടിരിക്കുന്നതിൽ ആയിരിക്കും അവർ കൂടുതൽ ശ്രദ്ധിക്കുക.  ഒരുതരം അടിമത്ത മനോഭാവം വളർന്നു വരികയാണ് ചെയ്യുന്നത്.

ക്രിയാത്മകമായ കാര്യങ്ങൾ കുട്ടികൾ ചെയ്യുമ്പോൾ, ഇങ്ങനെയുള്ള അച്ഛന്മാർ  അതിനെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയില്ല.   അപ്പോൾ തന്നെ കുട്ടിയുടെ അരുതായ്മകളിൽ അക്രമണോല്സുകരായി പെരുമാറുകയും ചെയ്യും.

ഇക്കൂട്ടർ മക്കളുടെ മുൻപിൽ ഒട്ടേറെ നിയമാവലികൾ പ്രദർശിപ്പിക്കും. ആ നിയമങ്ങൾ ലംഘിച്ചു എന്ന്  തോന്നിയാൽ പരസ്യമായ ശിക്ഷ നൽകുകയും ചെയ്യും. ഒരു ചോദ്യമോ പറച്ചിലോ ഉണ്ടാവുകയില്ല താനും. പ്രോത്സാഹനത്തിന്റെയും അഭിനന്ദനത്തിന്റെയും വാക്കുകൾ ഒരിക്കലും അവരുടെ വായിൽ നിന്ന് പുറത്തു വരില്ല.

ഒന്നിലേറെ സാധ്യതകൾ കാണിച്ചു കൊടുത്തിട്ടു അതിൽ യോജ്യമെന്നു തോന്നുന്നത് തെരഞ്ഞെടുക്കുവാനല്ല, കുട്ടി സഞ്ചരിക്കേണ്ട വഴികൾ ഏകപക്ഷീയമായി വരച്ചു കൊടുത്തു അതിലൂടെ മാത്രം മകനെ നടത്തുവാനാണ് അച്ഛന്റെ വ്യഗ്രത.  മകൻ ആ വഴിയിൽ നിന്ന് എങ്ങാനും വ്യതിചലിച്ചാൽ കാര്യകാരണ സഹിതം ഒരു വിശദീകരണം നൽകുവാൻ  പിതാവ് അവനെ  അനുവദിക്കുകയുമില്ല. മകൻ മറ്റൊരു തലമുറക്കാരനാണെന്നും താൻ കരുതുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് ലോകം ഇന്ന് എന്നും അദ്ദേഹം ചിന്തിക്കുന്നതേയില്ല. 

"നീ പിന്നേം അതുതന്നെ ചെയ്തോ?" , "ഒരേ കാര്യം ഞാൻ നിന്നോട് എത്ര തവണ പറയണം?", " ഒരു കാര്യം പോലും നിനക്ക് തെറ്റാതെ ചെയ്യാൻ വയ്യ അല്ലെ?", എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചു , മകന്റെ ആത്മധൈര്യം തല്ലിക്കെടുത്തുന്നതായിയിരിക്കും  സ്വേച്ഛാധിപത്യ ശൈലിയുള്ള   പിതാവിന്റെ  വാക്കുകളെല്ലാം. 

അച്ഛന്റെ നിയമാവലിയിൽ ചിലതു  അലിഖിതവും  ആയിരിക്കും. അത് കുട്ടി മനസ്സിലാക്കണമെന്നില്ല. ഈ അലിഖിത നിയമങ്ങൾ  കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയുമില്ല.  അവർ അതെല്ലാം സ്വയം മനസ്സിലാക്കി പാലിക്കണം എന്ന ചിന്താഗതിയാണവർക്കു.  പരിധി അറിഞ്ഞു കൂടാത്തതിനാൽ  തങ്ങൾ അത് ലംഘിക്കുന്നത്  മക്കൾ അറിയുന്നില്ലെന്നും വരാം. 

തന്നെ മാതാപിതാക്കൾ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരിക്കും ഈ  മകന്റെ മറുപടി. അതാണവന്റെ ബോധ്യം. സ്വന്തം താല്പര്യപ്രകാരം എന്തെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്ന ചോദ്യത്തിനും,  ഇല്ല എന്നായിരിക്കും അവന്റെ മറുപടി. ചുരുക്കത്തിൽ, താൻ ഒരു അടിമയാണെന്ന തോന്നലായിരിക്കും കുട്ടിക്ക് ഉണ്ടാവുക.

അടുത്തകാലത്താണ് റോയിയെ പരിചയപ്പെട്ടത്. വല്ലാത്ത അരക്ഷിതത്വ ബോധം അവനെ ഭരിക്കുന്നുണ്ട് എന്ന് പ്രഥമ ദർശനത്തിൽ തന്നെ ബോധ്യമായി.യൗവ്വനയുക്തനാണെങ്കിലും ഒരുകാര്യവും സ്വയം ശരിയായി ചെയ്യാൻ അവനാകുന്നില്ല. എന്ത് ചെയ്യേണ്ടി വരുമ്പോഴും വല്ലാത്ത ഭയമാണ്. കുറേക്കാലം മുൻപ് റോയിയുടെ പിതാവ് മരിക്കും വരെ, സ്വയം തീരുമാനങ്ങൾ ഒന്നും എടുക്കുവാൻ പിതാവ് റോയിയെ അനുവദിക്കുമായിരുന്നില്ല. താൻ വരച്ച വരയിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ നോക്കുക പോലും ചെയ്താൽ, അരയിലെ ബെൽറ്റ് ഊരി അടിക്കുമായിരുന്നു. അങ്ങനെയങ്ങനെ റോയിയുടെ ചിന്താശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും തുരുമ്പിച്ചു പോയി. ഇന്ന് അവൻ വളരെ വൈഷമ്യകരമായ അവസ്ഥയിലാണ്. അമിതസംരക്ഷണം എന്ന ചിന്തയിൽ പിതാവ് സ്വേച്ഛാധിപത്യ ശൈലിയിൽ മകനെ വളർത്തിയതിന്റെ ഫലമായിരുന്നു  അത്. 

മകനോട് സ്വേച്ഛാധിപതിയെപ്പോലെ പെരുമാറിയിരുന്ന ഒരു അച്ഛന്റെ പ്രതികരണം കേട്ടുകൊള്ളൂ:  "മോനെ സ്നേഹിക്കുന്നതു കൊണ്ടല്ലേ  ഞാൻ അങ്ങനെ ചെയ്യുന്നത് . അവൻ കൊച്ചു കുട്ടിയല്ലേ. ശരിയും തെറ്റും അവനു തിരിച്ചറിയത്തില്ലല്ലോ. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ അങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും. അത് അവൻ മനസ്സിലാക്കി കൊള്ളണം."

മകനെ വളർത്തി വലുതാക്കേണ്ടതെങ്ങനെയെന്നു  ആത്മാർഥമായി തെറ്റിദ്ധരിച്ച ഒരു പിതാവായിരുന്നു അയാൾ. ചിലപ്പോൾ ഇത്തരം തെറ്റിദ്ധാരണകൾ ആവാം, പിതാവിന്റെ പ്രവർത്തനരീതിയെ വികലമാക്കുന്നത്. ചിലപ്പോൾ  ബാല്യത്തിൽ തനിക്കുണ്ടായ ചില തിക്താനുഭവങ്ങളുടെ പ്രേരണയാവാം പിതാവിനെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നത്.

എന്ത് തന്നെ ആയാലും ആശാസ്യമായ ഒരു പാരന്റിങ് ശൈലി അല്ല ഇത് എന്ന് നാം മനസിലാക്കുക.

അടിച്ചമർത്തൽ മൂലം അടിമകളെ സൃഷ്ടിക്കാൻ മാത്രമേ കഴിയൂ.

ജീവിതത്തിന്റെ ഒരു പിൽക്കാലഘട്ടത്തിൽ, പിതാവെന്ന ഉടമയുടെ അഭാവത്തിൽ, ഈ മകനെന്ന അടിമ ഒരു ചുവടു പോലും മുൻപോട്ടു വെക്കുവാൻ ത്രാണി ഇല്ലാതെ, സ്വയം സൃഷ്ടിക്കുന്ന കൊക്കൂണിലേക്കു ചുരുങ്ങിപ്പോകും. അല്ലെങ്കിൽ ചരട് പൊട്ടിയ പട്ടം പോലെ എങ്ങോ പോയി വീഴും. മാതാപിതാക്കൾ പരിഗണിക്കാൻ പാടില്ലാത്ത ഒരു പാരന്റിങ് ശൈലി ആണ് സ്വേച്ഛാധിപത്യ ശൈലി.