
തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 12
മാനസിക സമ്മർദ്ദങ്ങളുടെ ഈറ്റില്ലമാകുന്ന ഓഫീസ് മുറികൾ
നല്ല രീതിയിൽ പഠിച്ച്, നല്ല വിദ്യാഭ്യാസം നേടിയതുകൊണ്ട് മാത്രം കാര്യമില്ല. നേടിയെടുത്ത വിദ്യാഭ്യാസം ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ നല്ലൊരു ജോലിയും വരുമാനവും അത്യാവശ്യമാണ്. അങ്ങനെ വരുമ്പോൾ മാത്രമേ, ഒരു സ്ത്രീ സ്വന്തം കാലിൽ നില്ക്കാൻ പര്യാപ്തയാകുകയുള്ളൂ. സാമ്പത്തിക സ്വാതന്ത്ര്യമെന്നത് വളരെ വലിയ ഒരു ആത്മവിശ്വാസം തന്നെയാണ്. സ്വന്തം കാലില്‍ നില്ക്കാന് കഴിയാത്തതാണ് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ എക്കാലവും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ ഇന്ന് ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും തൊഴിൽ മേഖലകളിൽ നിന്നുള്ള ഡ്രോപ്ഔട്ട് കൂടി പരിഗണിക്കുമ്പോൾ പൂർണതൃപ്തിയോടെ ജോലിയിൽ തുടരുന്ന സ്ത്രീകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ തന്നെ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വ്യത്യസ്തങ്ങളായ കാരണങ്ങളാണ് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജോലി ചെയ്യാന്‍ കഴിവുള്ള സ്ത്രീകളില്‍ അമ്പത് ശതമാനത്തിന് മാത്രം മാന്യമായ തൊഴില്‍ ലഭിക്കുമ്പോള്‍ പുരുഷന്മാര്ക്കിടയില് ഇത് 75 ശതമാനമാണ്. മാത്രമല്ല, ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ലഭിക്കുന്ന കൂലിയില്‍ വ്യത്യാസമുണ്ടെന്ന് ലോക ബാങ്ക് കണക്കുകള്‍ പറയുന്നു. ഇതിന്റെ ഒരു പ്രതിഫലനം കേരളത്തിലെ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലും നമുക്ക് കാണാൻ കഴിയും.
ഒരേ തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്ക്ക് ലഭിക്കുന്ന വേതനത്തിന്റെ 60-75 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.
പലയിടത്തും ഗാര്‍ഹിക ജോലികളുടെ കൂടുതല്‍ ഭാരവും സ്ത്രീകളാണ് വഹിക്കേണ്ടി വരുന്നത്. കുറഞ്ഞ വേതനത്തിന് പുറമേ സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽ നിന്നും ഏറ്റുവാങ്ങേണ്ടിവരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങൾ കൂടിയാകുമ്പോഴോ? ഓഫീസ് മുറികളിലെ ജീവിതം നരകമാകും എന്നതിൽ സംശയം വേണ്ട.
മികച്ച ശമ്പളം മാത്രം കൊണ്ട് കാര്യമില്ല!
മികച്ച ശമ്പളം മാത്രമല്ല, നല്ലൊരു കരിയറിന്റെ മാനദണ്ഡം, സംതൃപ്തി കൂടിയാണ്. കൊച്ചി സ്വദേശിനിയും ജേണലിസ്റ്റുമായ ലക്ഷ്മിയുടെ അനുഭവങ്ങൾ നോക്കാം.
''കരിയറിലെ ഏറ്റവും മികച്ച സമയത്താണ് എനിക്ക് ഒരു പ്രമുഖ ബിസിനസ് മീഡിയയിലേക്ക് ഓഫർ ലഭിക്കുന്നത്. എന്റെ നമ്പർ കണ്ടെത്തി ഇങ്ങോട്ട് വിളിച്ചാണ് ജോലി വാഗ്ദാനം ചെയ്തത്. ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽ വളരെ സമാധാനത്തോടെ ആസ്വദിച്ചു ജോലി ചെയ്യുന്ന സമയമായിരുന്നു അത്. ഇരട്ടിയോളം ശമ്പളവർദ്ധനവോടെ എന്റെ മുന്നിലേക്ക് വന്ന ആ ഓഫർ ഒരു ഭാഗ്യമാണെന്ന് സഹപ്രവർത്തകരും പറഞ്ഞു. മികച്ച പൊസിഷനും മികച്ച ശമ്പളവും വളർച്ചയുള്ള സ്ഥാപനവും. മാനേജ്മെന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആ ജോലി വേണ്ടെന്നു വയ്ക്കാൻ മറ്റ് കാരണങ്ങൾ ഒന്നും എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ഏറെ പ്രതീക്ഷയോടെ ഞാൻ ജോലിയിൽ പ്രവേശിച്ചു.
എന്നാൽ അവിടെ എന്നെ കാത്തിരുന്നത് സമ്മർദ്ദത്തിന്റെ മാത്രം ദിനങ്ങളാണ് എന്ന് എനിക്ക് വരും ദിവസങ്ങളിൽ മനസിലായി. ഇൻഡസ്ട്രി സ്റ്റാൻഡേർഡിലും ഉയർന്ന ശമ്പളം നൽകുന്നതിനാൽ തന്നെ അതിന്റേതായ മേൽക്കോയ്മ മാനേജ്മെന്റ് കാണിച്ചു. പലകോപ്പികളും വീണ്ടും വീണ്ടും എഴുതിക്കുക, സ്റ്റോറി ഐഡിയകൾ എത്ര പറഞ്ഞാലും തള്ളിക്കളയുക, പ്രശംസ ഇല്ലെന്നു മാത്രമല്ല, തൊട്ടതിനും പിടിച്ചതിനുമെല്ലാം വാർണിംഗും ചീത്തവിളികളും. രാത്രി വൈകി ജോലി ചെയ്യേണ്ടി വന്നാൽ പോലും വീട്ടിലേക്ക് ഒരു കാബ് വിട്ട് നൽകില്ല. എന്റെ ലീഡർഷിപ്പ് ഗുണങ്ങൾ കണ്ടാണ് ജോലിക്ക് എടുത്തത് എന്ന് ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞ മാനേജ്മെന്റ് വായ തുറന്നു സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് പിന്നീട് കാഴ്ചവച്ചത്. ഓഫീസ് കമ്പ്യൂട്ടറുകളിൽ മറ്റ് വാർത്ത സൈറ്റുകൾ സന്ദർശിക്കരുത് എന്ന വിലക്ക്. അങ്ങനെ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ മാനേജ്മെന്റിന്റെ ആളുകളുടെ സസൂഷ്മമുള്ള നോട്ടം. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആളുകളോട് സംസാരിക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല.
ചെയ്ത്കൊണ്ടിരുന്ന, എന്നെ ഞാനാക്കിയ ജോലി സമാധാനത്തോടെ ചെയ്യാനാകാതെ ഞാൻ നിരാശയിലേക്ക് വീണു. എന്റെ പോസ്റ്റ് അസിസ്റ്റന്റ് എഡിറ്റർ എന്നതായിരുന്നു. എന്നാൽ ജൂനിയർ ജേണലിസ്റ്റ് ചെയ്തിരുന്ന കാര്യങ്ങളാണ് എന്നെക്കൊണ്ട് ചെയ്യിച്ചിരുന്നത്. ചോദിച്ചാൽ ചെയ്തിട്ട് ശരിയാകുന്നില്ല എന്ന വിശദീകരണവും. ഞാൻ അപേക്ഷിച്ച് കിട്ടിയ ജോലി അല്ലെന്നു ഓർക്കണം. സെൽഫ് കോൺഫിഡൻസ് എന്നത് എന്നിൽ നിന്നും ചോർന്നു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പയ്യെ പയ്യെ ഞാൻ ഡിപ്രഷനിലേക്ക് വീണു. ഓഫീസിലേക്ക് വരിക എന്ന് കേൾക്കുമ്പോൾ എന്തോ കോൺസെൻട്രേഷൻ കാമ്പിലേക്ക് പോകുന്ന അവസ്ഥയാണ്. ഭയത്തോടെ മാത്രമേ ഞാൻ ആ ഓഫീസിന്റെ പടികൾ കയറിയിട്ടുള്ളൂ. ഓഫീസ് സമയം തീരും വരെ ജോലി ചെയ്താലും വീട്ടിൽ പോകണമെങ്കിൽ എല്ലാ ദിവസവും മാനേജ്മെന്റിനോട് അനുവാദം വേണം. അതുവരെ ഞാൻ ഉണ്ടാക്കിയെടുത്ത കരിയറിലെ എല്ലാ നേട്ടങ്ങളും അടിയറവ് വയ്ക്കുന്ന രീതിയിലാണ് ഞാൻ 6 മാസത്തോളം ആ സ്ഥാപനത്തിൽ പിടിച്ചു നിന്നത്.
മാനസികമായ സമ്മർദ്ദം എനിക്ക് ഉറക്കമില്ലാതാക്കി, അത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിലേക്ക് നയിച്ചു. ആളുകളോട് സംസാരിക്കാൻ മടിയും ഭയവുമായി. ഇൻഫീരിയർ കോംപ്ലെക്സ് മൂലം ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങാൻ തുടങ്ങി. നിരവധി മാധ്യമങ്ങളിൽ ഇതിന് മുൻപും ശേഷവും ഞാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇത്രയേറെ സമ്മർദ്ദവും ടെൻഷനും സമ്മാനിച്ച മറ്റൊരു സ്ഥാപനമില്ല. സമാനമായ അവസ്ഥ സ്ഥാപനത്തിലെ പലർക്കും ഉണ്ടായിരുണ്ടെങ്കിലും നല്ല ശമ്പളം എന്ന ഓഫറിന് മുന്നിൽ പലരും കുറച്ചു കാലം പിടിച്ചു നിന്നു. സത്യം പറഞ്ഞാൽ രാജിവച്ച് ആ സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണു ഞാൻ നേരെ ശ്വാസം വിട്ടത്. പിന്നീടും ഏറെ സമയമെടുത്തു എനിക്ക് എന്റെ കരിയറിലേക്ക് തിരിച്ചെത്താൻ. ജീവിതത്തിലെ 6 മാസം മാത്രമല്ല എനിക്ക് നഷ്ടമായത്. മറിച്ച് അവിടെ നിന്നും ലഭിച്ച സമ്മർദ്ദം എന്നെ വളരെ ചെറിയ പ്രായത്തിൽത്തന്നെ ഒരു ഹൈപ്പർടെൻഷൻ രോഗിയാക്കിമാറ്റി. 4 വർഷത്തിനിപ്പുറവും ആ ഓഫീസ് നൽകുന്ന ട്രോമാ വളരെ വലുതാണ്.
അന്ന് ഞാൻ പഠിച്ചതാണ്, വർക്ക് കൾച്ചർ എന്നത് ഒരു വലിയ കാര്യമാണ്. എത്ര വലിയ ശമ്പളം ഓഫർ ഉണ്ടെങ്കിലും മികച്ച തൊഴിൽ സംസ്കാരം നിലനിൽക്കാത്ത ഒരിടം നൽകുന്ന സമ്മർദ്ദം വളരെ വലുതായിരിക്കും.'' ലക്ഷ്മി പറയുന്നു
ഒറ്റപ്പെട്ട സംഭവമല്ല
ലക്ഷ്മിയുടെ ജീവിതത്തിലും കരിയറിലും സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുത്. മികച്ച വരുമാനം, കരിയർ തുടങ്ങിയ സ്വപ്നങ്ങൾ തിരിച്ചടികൾ സമ്മാനിക്കുമ്പോൾ അത് എത്രമാത്രം ഒരു വ്യക്തിയെ മാനസികമായി തളർത്തും എന്നതിനുള്ള ഉദാഹരണമാണിത്. പലപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ വ്യത്യസ്ത സ്ഥാപനങ്ങളും വ്യത്യസ്ത വ്യക്തികളും വ്യത്യസ്ത സാഹചര്യങ്ങളും ആകുമ്പോൾ പലകാര്യങ്ങളും പുറത്തറിയാതെ പോകുന്നു. സഹപ്രവർത്തകരിൽ നിന്നും നേരിടുന്ന ഒറ്റപ്പെടുത്തലുകൾ, അമിത ജോലിഭാരം നൽകി പീഡിപ്പിക്കുന്ന മേലധികാരികൾ, ദ്വയാർത്ഥ പ്രയോഗത്തോടെ സംസാരിക്കുന്ന സഹപ്രവർത്തകർ, ഡേ നൈറ്റ് ഷിഫ്റ്റുകളിൽ മാറി മാറി ഓടുമ്പോഴും സംതൃപ്തി നൽകാത്ത ഓഫീസ് അന്തരീക്ഷം തുടങ്ങിയവ എല്ലാം തന്നെ സ്ത്രീകൾക്ക് വെല്ലുവിളിയാകുന്ന ഘടകങ്ങളാണ്.
ഇനി ഇതേപ്പറ്റിയെങ്ങാനും വീട്ടിൽ പറഞ്ഞുപോയാൽ , മതി നിർത്തിക്കോ ജോലി എന്നല്ലാതെ അർത്ഥവത്തായ ഒരു സൊല്യൂഷൻ ആരിൽ നിന്നും ലഭിക്കില്ല എന്ന അവസ്ഥയിലാണ് ബഹുഭൂരിപക്ഷം സ്ത്രീകളും കഴിയുന്നത്. ജോലി ഉപേക്ഷിക്കാൻ എളുപ്പമാണ് എന്നാൽ അതിലൂടെ ഇല്ലാതാകുന്നത് വരുമാനം കൂടിയാണ്. മികച്ച വരുമാനം ഇല്ലാതാകുന്നതോടെ ജീവിതത്തിന്റെ താളം തെറ്റുന്നു. തന്റെ കാര്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ബഹുഭൂരിപക്ഷം സ്ത്രീകൾക്കും ഉൾക്കൊള്ളാനാകുന്നില്ല. അതിനാൽ തന്നെയാണ് എല്ലാവിധ ബുദ്ധിമുട്ടുകളും സഹിച്ച് ജോലിയിൽ തുടരാൻ സ്ത്രീകൾ തയ്യാറാകുന്നത്. എന്നാൽ ജോലിയിലെ സമ്മർദ്ദം പുരുഷന്മാരും അനുഭവിക്കുന്നില്ലേ എന്നൊരു ചോദ്യം വന്നേക്കാം. തീർച്ചയായും ഉണ്ട്. എന്നാൽ അതിന്റെ അളവ് സ്ത്രീകൾ അനുഭവിക്കുന്ന സമ്മർദ്ദത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ബാത്റൂമിൽ പോകാൻ പോലും സമയമില്ലാതെ ജോലി
കൊച്ചി നഗരത്തിലെ ഒരു പ്രധാന ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായിരുന്നു നീനു. വീട്ടിലെ സാമ്പത്തികം വളരെ മോശമായ അവസ്ഥയിലാണ് കോട്ടയം സ്വദേശിനിയായ നീനു ഡിഗ്രി പഠനം പാതിവഴിയിൽ നിർത്തി ടെക്സ്റ്റൈൽസിൽ സെയിൽസ് ഗേളിന്റെ ജോലിക്കായി എത്തുന്നത്. ജോലി, ശമ്പളം , താമസ സൗകര്യം, ഭക്ഷണം എല്ലാം ഉണ്ടായിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ചപ്പോളാണ് അതിന്റെ രൂക്ഷത മനസിലായത്. രാവിലെ 9 മണിക്ക് കടയിലെത്തണം. പിന്നെ ക്ളോസിങ് സമയം കഴിഞ്ഞും ഒരു മണിക്കൂർ കൂടി ജോലിയുണ്ടാകും. ഉപഭോക്താക്കളെ കാണിക്കാൻ വലിച്ചിട്ട വസ്ത്രങ്ങളെല്ലാം മടക്കി വയ്ക്കണമല്ലോ. ഇതിനിടയിൽ ഇരിക്കാൻ പോലും അവസരമില്ല. ഇരുന്നു ജോലി ചെയ്യാനുള്ള നിയമമൊക്കെ ഉണ്ടെങ്കിലും അവസരമില്ലെന്നു മാത്രം. ബാത്റൂമിൽ പോകാൻ പോലും ജോലിക്കിടയിൽ സമയം കിട്ടാറില്ല. ലഞ്ച് ബ്രേക്ക് പരമാവധി 20 മിനുട്ട് ആണ്. വൈകിട്ട് അത്താഴം ജോലി കഴിഞ്ഞിട്ടും. അത് 10 മണിയാകും. ഇതിനിടയിൽ അമിതവണ്ണം പാടില്ലെന്ന സൂപ്പർവൈസറുടെ ഓർമിപ്പിക്കലും. വിദ്യാഭ്യാസത്തിന്റെ പോരായ്മ കൊണ്ടാണ് ഈ ജോലി തെരെഞ്ഞെടുത്തത്. എന്നാൽ കിട്ടിയതോടെ ഒട്ടേറെ ക്ലേശങ്ങളും. ഇത്രയൊക്കെ ആയതോടെ ജോലി ഉപേക്ഷിച്ച് മടങ്ങുകയല്ലാതെ നീനുവിന് മറ്റ് മാർഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ഏത് തലത്തിലുള്ള ജോലിയാണ് ചെയ്യുന്നത് എന്നതല്ല കാര്യം, ഏത് ജോലി ആണെങ്കിലും പലവിധ സമ്മർദ്ദങ്ങളും സഹിക്കേണ്ടി വരുന്നുണ്ട് എന്നതാണ്. ശാരീരികവും മാനസികവുമായ ഇത്തരം സമ്മർദ്ദങ്ങൾ ഒരു വ്യക്തിയുടെ മാനസിക ആരോഗ്യം തകരാറിലാക്കുന്ന രീതിയിലേക്ക് വളർന്നാൽ അത് അംഗീകരിക്കാൻ കഴിയുമോ ? ഒരിക്കലുമില്ല. ഇതിനിടയിലാണ്, വീട്, കുട്ടികൾ, പാചകം, കുട്ടികളുടെ പഠനം തുടങ്ങിയ ഉത്തരവാദിത്തങ്ങളും സ്ത്രീക്ക് കൈകാര്യം ചെയ്യേണ്ടതായി വരുന്നത്.
വിവിധ കാര്യങ്ങളെ ഒരേ തലത്തിൽ ബാലൻസ് ചെയ്തുകൊണ്ട് പോകുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാൽ പലപ്പോഴും ബാലൻസ് ഇല്ലാതെയാണ് സ്ത്രീകളുടെ ഓഫീസ് - കുടുംബ ജീവിതം മുന്നോട്ട് പോകുന്നത്. ഫലമോ, രണ്ടും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ.
മറികടക്കാം ഈ അവസ്ഥ
എന്നാൽ ഈ അവസ്ഥയിൽ നിന്നും സ്ത്രീക്ക് ഒരു മോചനം നൽകാൻ വീട്ടുകാർ വിചാരിച്ചാലും സാധിക്കും. വീട്ടു ജോലികൾ ഒരുമിച്ചു ചെയ്യുക, പങ്കാളിക്ക് അർഹമായ സ്ഥാനവും പ്രശംസയും നൽകുക, ഓഫീസ് കാര്യങ്ങൾ, വിശേഷങ്ങൾ എന്നിവ ചോദിച്ചറിയുക, മനസ്സിൽ അടക്കിവച്ചിരിക്കുന്ന വിഷമങ്ങൾ പുറത്തു പ്രകടിപ്പിക്കാനുള്ള അവസരം നൽകുക, എന്ത് കാര്യവും തുറന്നു ചർച്ചചെയ്യാനും ഒരുമിച്ചു പരിഹാരം കാണാനും കൂടെ ഉണ്ടെന്ന വിശ്വാസം നൽകുക. ഇത്രയൊക്കെ ഉണ്ടെങ്കിൽ തന്നെ ഒരു സ്ത്രീക്ക്, തന്റെ ജീവിതത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും.
അടുത്തലക്കം : വേണ്ട , ബോഡി ഷെയിമിങിനോട് കൊമ്പെർമൈസ്