Dec 16, 2021 • 10M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 14

സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം പണയപ്പണ്ടമല്ല!

 
1.0×
0:00
-9:52
Open in playerListen on);
Episode details
Comments

22  വയസ്സിൽ എംബിഎ പഠനം പൂർത്തിയാക്കി നിൽക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനിയായ സപ്നയ്ക്ക് അതേ നാട്ടുകാരനായ സന്ദീപിന്റെ വിവാഹാലോചന വരുന്നത്. സാമ്പത്തികമായി ഏറെ ഉയർന്ന കുടുംബത്തിൽപ്പെട്ട വരന് സപ്നയെ ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി. പെണ്ണിന്റെ കുടുംബത്തിന്റെ ഫിനാൻഷ്യൽ സ്റ്റാറ്റസ് നോക്കാതെ, സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വന്ന ആ ആലോചന വീട്ടുകാർക്കും നന്നായി ബോധിച്ചു. പഠനം കഴിഞ്ഞ സ്ഥിതിക്ക് സ്വന്തം കാലിൽ നിൽക്കുന്ന രീതിയിൽ നല്ലൊരു ജോലി കണ്ടെത്തിയ ശേഷം മതി വിവാഹമെന്ന് സപ്ന ഏറെ പറഞ്ഞെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതം മൂളി. സാമ്പത്തികമായി ഉയർന്ന, നല്ല ശമ്പളമുള്ള ചെക്കനായതിനാൽ തന്നെ യാതൊരു കുറവും കൂടാതെ സപ്നയെ നോക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പായിരുന്നു. തുടർന്നുള്ള അവരുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യ വർഷം തന്നെ സപ്ന ഒരു കുഞ്ഞിന്റെ അമ്മയായി. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമൊക്കെയായി നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് വിവാഹം കഴിഞ്ഞു മൂന്നാം വർഷം സപ്നയുടെ അച്ഛൻ റോഡ് അപകടത്തിൽ മരിക്കുന്നത്. വീട്ടിൽ അമ്മയും പ്ലസ് ടുവിന് പഠിക്കുന്ന അനിയനും മാത്രം. സാമ്പത്തികമായി അത്ര ഉയർന്ന കുടുംബമല്ല. അച്ഛൻ ബാങ്കിൽ ഇട്ടിരുന്ന തുക കൊണ്ട് അത്യാവശ്യം ചെലവുകൾ നടന്നു പോയി. സപ്നയുടെ ഭർത്താവും സഹായങ്ങൾ ചെയ്തു. എന്നാൽ അതിനിടയ്ക്കാണ് അമ്മയ്ക്ക് ഓവറി നീക്കം ചെയ്യുന്ന സർജറിയും തുടർ ചികിത്സകളും അനിവാര്യമായി വരുന്നത്. തുടക്കത്തിൽ സന്ദീപ് സഹായങ്ങൾ ചെയ്‌തെങ്കിലും പിന്നീട് പണത്തിന്റെ ആവശ്യം വർധിച്ചു വന്നതോടെ സന്ദീപിന്റെ മുഖം കറുക്കാൻ തുടങ്ങി.

''ഞാൻ നിന്റെ വീട്ടിൽ നിന്നും പണമോ സ്വർണമോ വാങ്ങിയല്ലല്ലോ നിന്നെ വിവാഹം ചെയ്തത്. പിന്നെ ഞാൻ എന്തിനാണ് ഇങ്ങനെ പണം ചെലവഴിക്കുന്നത്. കുടുംബം നോക്കാനുള്ള ഉത്തരവാദിത്വം നിന്റെ ആങ്ങളയ്ക്കാണ്. അവനോട് വല്ല ജോലിക്കും പോകാൻ പറ'' സന്ദീപിന്റെ ഈ വാക്കുകൾ സപ്നയെ ഏറെ വിഷമത്തിലാക്കി. അച്ഛൻ ഏറെ കഷ്ടപ്പെട്ടാണ് എംബിഎ വരെ പഠിപ്പിച്ചത്. എന്നിട്ട് ഒരു ജോലി പോലും തനിക്കില്ല. സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കിൽ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിന് ആരുടേയും സഹായം വേണ്ടായിരുന്നു എന്ന് സപ്ന മനസിലാക്കി. തുടക്കം മുതലേ ജോലി വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ജീവിതത്തിൽ ഇത്തരമൊരാവശ്യഘട്ടം വന്നപ്പോഴാണ് വരുമാനത്തിന്റെ പ്രാധാന്യം മനസിലാക്കിയത്. എന്നാൽ അപ്പോഴേക്കും കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജോലി തേടി പോകാൻ കഴിയാത്ത അവസ്ഥയിലേക്ക് സപ്ന എത്തിയിരുന്നു. ഏറ്റവും ആവശ്യമായ സമയത്ത് അമ്മയെയും സഹോദരനെയും പിന്തുണയ്ക്കാൻ കഴിയാതെ വന്നത് സപ്നയെ മാനസികമായി തളർത്തി. തുടർന്നുള്ള ജീവിതത്തിൽ ഭർത്താവ് ഓരോ രൂപയ്ക്ക് കണക്ക് പറയുമ്പോഴും അർഹമല്ലാത്ത എന്തോ അനുഭവിക്കുന്നു എന്ന തോന്നലായിരുന്നു സപ്നയ്ക്ക്.

ഇത് സപ്നയുടെ മാത്രം അവസ്ഥയല്ല. നമ്മുടെ നാട്ടിൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ജോലിക്ക് പോകുന്നുണ്ടെങ്കിലും എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ജോലിയുള്ള എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടോ? ഇല്ലെന്നു തന്നെയാണ് ബഹുഭൂരിപക്ഷം ആളുകളുടെയും മറുപടി. ഒരു വിഭാഗം ആളുകൾക്കാകട്ടെ എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ല. വിവാഹാലോചനകൾ നടക്കുമ്പോൾ പലപ്പോഴും ചെക്കന്റെ വീട്ടുകാർ വളരെ അഭിമാനത്തോടെ പറയുന്നത് കേൾക്കാം...'ഏയ്... പെണ്ണിനെ ജോലിക്ക് വിടേണ്ട ആവശ്യമൊന്നും ഇല്ല. അവളുടെ ചെലവ് നടത്താനുള്ളതൊക്കെ അവൻ അധ്വാനിച്ചുണ്ടാക്കും'. ഈ പറച്ചിൽ തന്നെ തെറ്റാണ്.

സ്വന്തമായി അധ്വാനിച്ചുണ്ടാക്കാത്ത പണം ചെലവാക്കേണ്ടി വരുന്നതും, സാമ്പത്തിക ആശ്രയത്വവും , പണം വിനിമയം ചെയ്യുമ്പോൾ തന്റേതല്ലാത്ത പണമാണ് എന്നതിനാൽ തന്നെ പലകുറി ചിന്തിക്കേണ്ടി വരുന്നതും സ്ത്രീകളിലുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല.

സ്വന്തം വീട്ടിലേക്ക് പണം നൽകുന്നതിനും മാതാപിതാക്കളെ ചികിൽസിക്കുന്നതിനും അടുത്ത കൂട്ടുകാരിക്കോ, മക്കൾക്കോ ഒരു സമ്മാനം വാങ്ങി നൽകുന്നതിന് വരെ ഭർത്താവിനെയും അദ്ദേഹത്തിന്റെ വരുമാനത്തെയും ആശ്രയിക്കേണ്ടി വരുന്നത് പലവിധ ട്രോമയിലേക്കും സ്ത്രീകളെ എത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആംഗർ ഡിസോർഡർ, ഡിപെൻഡസി കോംപ്ലെക്സ്, ഇൻഫീരിയർ കോംപ്ലെക്സ് തുടങ്ങിയ അവസ്ഥകൾ ഒരു വ്യക്തിയിൽ ജനിപ്പിക്കുന്നതിന് ഇക്കാരണങ്ങൾ ധാരാളമാണ്.

ആംഗർ ഡിസോർഡർ എന്ന വില്ലൻ

ഏതൊരു വ്യക്തിയും നേരിടുന്ന മാനസിക പ്രശ്നങ്ങളിൽ വച്ച് ഏറ്റവും വലിയ ഭീകരനാണ് ആംഗർ ഡിസോർഡർ. കാരണം ഇത് ഒരു രോഗാവസ്ഥയാണോ എന്ന് ചോദിച്ചാൽ അല്ല, എന്നാൽ ചികിത്സ ആവശ്യമാണോ എന്ന് ചോദിച്ചാൽ അതെ. ഒരു വ്യക്തിക്ക് അകാരണമായി ദേഷ്യം വരിക, അത് നിയന്ത്രിക്കാൻ കഴിയാതെ വരിക, ആ ദേഷ്യം സ്വയം അപായപ്പെടുത്തുന്നതിലേക്കോ മറ്റുള്ളവരെ അപായപ്പെടുത്തുന്നതിലേക്കോ പോകുക, നിരാശ ബാധിക്കുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നതാണ് ആംഗർ ഡിസോർഡറിന്റെ ഒരു വശം. സ്ത്രീകളിൽ കാണുന്ന ആംഗർ ഡിസോർഡറിന്റെ ഒരു കാരണം ഡിപെൻഡൻസി തന്നെയാണ്. അഭ്യസ്ത വിദ്യരും എന്നാൽ തൊഴിൽ രഹിതരുമായ ആളുകളിൽ ആംഗർ ഡിസോർഡർ കൂടുതലായി കണ്ടു വരുന്നുണ്ട്. കൂട്ടിലിട്ട കിളിയെ പോലെ ദിനവും ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു  ചെയ്തും പുറം ലോകവുമായി കാര്യമായ ബന്ധവും ഇല്ലാതെ കഴിയേണ്ടി വരുന്നതുതന്നെ ഒരു വ്യക്തിയിൽ  കാലക്രമേണ അകാരണമായ ദേഷ്യം ജനിക്കുന്നതിനു കാരണമാകുന്നു.ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി എത്തുന്ന വ്യക്തികളോട് എൻഗേജ്ഡ് ആയിരിക്കുവാനും സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം നല്കുവാനുമാണ്‌ മനശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. 

ജോലിയുണ്ട് , വരുമാനവും... ചെലവാക്കാൻ സമ്മതം വേണം

സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്ത രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ജോലിയും വരുമാനവും ഉണ്ടായിട്ടും അത് ആവശ്യമായ രീതിയിൽ ചെലവഴിക്കുന്നതിനു ഭർത്താവിന്റെ സമ്മതം കാത്ത് നിൽക്കുന്നവർ. ശമ്പളം കിട്ടിയാൽ ആ തുക മുഴുവൻ ഭർത്താവിനെ ഏൽപ്പിക്കണം, ശേഷം അദ്ദേഹം മാസച്ചെലവിനും മറ്റുമുള്ള പണം നൽകും. അത്കൊണ്ട് സന്തോഷമായി ജീവിക്കണം. ആഗ്രഹിച്ച വസ്ത്രം, ആഹാരം , സുഹൃത്തുക്കളുമൊത്ത് ഒരു യാത്ര അങ്ങനെ എന്തെങ്കിലും വിചാരമുണ്ടെങ്കിൽ നടക്കുമെന്ന് കരുതണ്ട. എല്ലാത്തിനും ഭർത്താവ് കനിയണം. ജോലി ഇല്ലാത്തതിനാൽ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതായവരെക്കാൾ കഷ്ടമാണ് ഇവരുടെ കാര്യം. മറ്റുള്ളവർ ജീവിതം ആസ്വദിക്കുന്നത് നോക്കിക്കണ്ട് നിരാശയിലേക്ക് പോകാനേ ഇവർക്ക് കഴിയൂ. ഇന്നത്തെക്കാലത്തും ഇങ്ങനെയുള്ള ആളുകൾ ഉണ്ടോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ ഉണ്ടെന്നു തന്നെയാണ് ഉത്തരം.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ ധാരാളം വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്താണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? ഓരോ സ്ത്രീക്കും ഇത് വ്യത്യസ്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ജോലിയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച്, സ്വന്തമായി സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കുന്നതോ സാമ്പത്തികമായി അതിജീവിക്കാന്‍ സഹായിക്കുന്നതോ ആകാം അത്. ഗൃഹസ്ഥയായ ഒരു സ്ത്രീയെ സംബന്ധിച്ച്, ആവശ്യമുള്ളപ്പോഴെല്ലാം പണം ചെലവഴിക്കാൻ പ്രാപ്തയാക്കുന്നതോ അടിയന്തര ഘട്ടങ്ങളിൽ അതിജീവിക്കാന്‍ സഹായിക്കുന്നതോ ആകാം അത്. എന്നാൽ ഇപ്പറഞ്ഞ അവസ്ഥകൾ ഒന്നുമില്ലാതെ എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു. അവരെല്ലാം തന്നെ മാനസികമായി ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കടുത്ത സമ്മർദ്ദത്തെ നേരിടുന്നവരാണ്.

സാമ്പത്തിക സ്വാതന്ത്ര്യം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നത് എങ്ങനെ ?

അടിസ്ഥാന തലത്തിൽ, സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് കൂടുതൽ സുരക്ഷിതത്വ ബോധവും ബഹുമാനവും നൽകും, അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്തുതന്നെയായാലും. ഇതിന്‍റെ ഫലം സ്ത്രീകളിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും രാജ്യത്തിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. സാമ്പത്തികമായി  സ്വതന്ത്രരായ സ്ത്രീകൾ എന്നാല്‍ കൂടുതൽ ആരോഗ്യകരവും സുരക്ഷിതവും പക്ഷപാതരഹിതവും ആയ പുരോഗമനാത്മകമായ സമൂഹം എന്നാണ് അര്‍ത്ഥം. ആ സമൂഹത്തിലേക്കുള്ള യാത്രയിലാണ് നാം ശ്രദ്ധിക്കേണ്ടത്.  എല്ലാ വീട്ടിലെയും സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ അവരുടെ കുട്ടികൾക്ക് മാതൃകയാകുന്നു.  മാത്രമല്ല, നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത അസമത്വത്തെ ചെറുക്കാനും സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലൂടെ സാധിക്കുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്ത്രീകൾ കടന്നു വന്ന എല്ലാ പോരാട്ടങ്ങൾക്കും ശേഷം വിശ്രമകരമായ വിരമിക്കല്‍ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്ന പ്രക്രിയയാണ്.

സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കണമെന്ന ചര്‍ച്ചകളോടെയാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്. തുല്യത ഉറപ്പ് വരുത്താന്‍ വിവിധ തൊഴില്‍ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുകയും പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കുന്നതിലും മാത്രമാണ് പലപ്പോഴും സ്ത്രീ ശാക്തീകരണം ഒതുങ്ങി പോകുന്നത്. എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം ലഭിക്കാത്തിടത്തോളം കാലം ഇത്തരം വിഷയങ്ങളൊന്നും പ്രസക്തമല്ല. വരുമാനമില്ലാത്തതിന്റെ പേരിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന തലത്തിലേക്ക് സ്ത്രീകൾ പോകാതിരിക്കുമ്പോഴാണ് അക്ഷരാർത്ഥത്തിൽ സമൂഹവും സാമ്പത്തികരംഗവും പുരോഗതി പ്രാപിക്കുന്നത്. എന്നാൽ ഇത് കൂട്ടുത്തരവാദിത്വം തന്നെയാണ്. ജോലി ചെറുതോ വലുതോ എന്നതല്ല, ജോലി ചെയ്യാനും വരുമാനം നേടാനും ആഗ്രഹിക്കുന്ന ഓരോ വനിതയ്ക്കും അതിനുള്ള അവസരം ലഭ്യമാക്കുക എന്നതാണ് പ്രധാനം.

സാമ്പത്തിക സ്വാതന്ത്ര്യം വനിതകളിൽ പ്രാവർത്തികമാകാത്തിടത്തോളം പ്രശ്നങ്ങളും അവസാനിക്കില്ല.മാനസിക സമ്മർദ്ദത്തിന്റെ പേരിൽ വൈദ്യസഹായം തേടുമ്പോൾ പോലും യഥാർത്ഥ കാരണമായ സാമ്പത്തിക സ്വാതന്ത്ര്യം, സാമ്പത്തിക അസമത്വം എന്നിവ ചർച്ചയാകാതെ പോകുന്നു.

അടുത്തലക്കം : വൈകാരികപ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും