Dec 23, 2021 • 11M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 15

സ്ത്രീകളിലെ വൈകാരികപ്രശ്നങ്ങളും മാനസിക സംഘർഷങ്ങളും

Lakshmi Narayanan
Comment
Share
 
1.0×
0:00
-11:18
Open in playerListen on);
Episode details
Comments

നമ്മുടെ വീടുകളിലെ സ്ത്രീകളുടെ അവസ്ഥ ശ്രദ്ധിച്ചിട്ടുണ്ടോ ? ഭൂരിഭാഗം പേരും ദിവസം മുഴുവൻ പലവിധ ജോലികളിൽ വ്യാപൃതരായിരിക്കും. ഇക്കാര്യത്തിൽ വീട്ടമ്മ, ഉദ്യോഗസ്ഥ എന്ന വ്യത്യാസമൊന്നുമില്ല. എന്നാൽ എണ്ണ കൊടുത്ത യന്ത്രം പോലെ നിരന്തരം പ്രവർത്തന നിരതരാകുന്ന ഇവരിൽ എത്രപേർ സ്വന്തം കാര്യങ്ങൾക്കായി സമയം മാറ്റി വയ്ക്കുന്നുണ്ട് ? ഒന്ന് വയ്യെന്ന് തോന്നിയാൽ വിശ്രമിക്കാൻ, സ്വന്തം ശരീരവും സൗന്ദര്യവും സംരക്ഷിക്കാനായി ജിമ്മിലോ ബ്യൂട്ടി പാർലറിലോ പോകാൻ, എത്രപേർക്ക് സമയം കിട്ടാറുണ്ട്? എന്തിനേറെ പറയുന്നു തന്റെ മനസിലുള്ള കാര്യങ്ങൾ തുറന്നു സംസാരിക്കാൻ എത്രപേർക്ക് സാധിക്കുന്നുണ്ട്?  കേൾക്കുമ്പോൾ ഒരു പക്ഷെ നിസാരമെന്നു തോന്നും. എന്നാൽ കാര്യം അത്ര നിസാരമല്ല.സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയാതെ വീടിനും വീട്ടുകാർക്കുമായി മാത്രം സമയം ചെലവഴിക്കേണ്ടിവരുന്ന സ്ത്രീകളിൽ സാവധാനം ഒരു മടുപ്പ് രൂപപ്പെടും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് പലവിധത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

വനിതാജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇവിടെ സ്ത്രീകളുടെ മാനസികാരോഗ്യത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വിവാഹിതയായി, ഭർത്താവും കുട്ടികളുമുണ്ട്. ഭർത്താവിന് നല്ല ജോലിയുണ്ട് പിന്നെ അവൾക്കെന്ത് മാനസികപ്രശ്നം വരാനാണ് ? ഈ ചിന്താഗതിയാണ് ഭൂരിഭാഗം ആളുകൾക്കും. ഡിപ്രഷൻ, സ്കീസോഫ്രീനിയ, പോസ്റ്റ് പാർട്ടം ഡിപ്രഷൻ, സ്ട്രെസ് തുടങ്ങി പലതരം അവസ്ഥകളെക്കുറിച്ച് അറിയാത്തതല്ല ഇവിടുത്തെ പ്രശ്നം. മറിച്ച് അത് അംഗീകരിക്കാനുള്ള മനസില്ലായ്മയാണ്. ഒരു വ്യക്തിയുടെ  ആരോഗ്യം നിലനിർത്തുന്നതിന് മാനസികാരോഗ്യം ഒരു പ്രധാന ഘടകമാണ്.

മാനസികാരോഗ്യം എന്നത് വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ സൂചിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ മാനസികാരോഗ്യം അവർ ചിന്തിക്കുന്ന, അനുഭവിക്കുന്ന, പ്രവർത്തിക്കുന്ന രീതിയെ സ്വാധീനിക്കുന്നു, അതോടൊപ്പം തന്നെ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു. മാനസികാരോഗ്യം ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും ബന്ധങ്ങളെയും പ്രൊഫഷണൽ ജീവിതത്തെയും സാരമായി ബാധിക്കും. ഒരു വ്യക്തിയുടെ മാനസികാരോഗ്യ പ്രശ്‌നം തിരിച്ചറിഞ്ഞാൽ മാത്രമേ ഉചിതമായ ചികിത്സ നൽകി പൂർണ്ണമായും സുഖം പ്രാപിക്കാൻ പ്രാപ്തനാക്കാൻ കഴിയൂ.

സ്ത്രീകളിലെ മാനസികാരോഗ്യം

ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ നമ്മുടെ സമൂഹത്തിൽ ചില അലിഖിത നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. കാലം ഏറെ പുരോഗമിച്ചിട്ടും മാറ്റം സംഭവിക്കാത്ത അത്തരം പിടിവാശികൾ തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും മാനസികാരോഗ്യം ഇല്ലാതാക്കുന്നത്. വിവാഹം കഴിയുന്നതോടെയാണ് ഇതിൽ പലരുടെയും പ്രശ്നങ്ങൾ ആരംഭിക്കുന്നത് എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഉണ്ടാകില്ല. വീട് നോക്കുക, പ്രസവിക്കുക, കുട്ടികളെ നോക്കുക, പ്രായമായ മാതാപിതാക്കളെ പരിചരിക്കുക , ഒപ്പം സ്വന്തം വരുമാനം ആഗ്രഹിക്കുന്നുണ്ടെകിൽ ജോലിക്കും പോകുക ഇതാണ് ശരാശരി ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാന ടാസ്കുകൾ. എന്നാൽ ഈ ചുമതലകളുടെ നേർപാതി പങ്കിടാൻ പങ്കാളി തയ്യാറാണെങ്കിൽ ഇവിടെ പാതി പ്രശ്നം ഇല്ലാതായി. അവിടെയാണ് മുൻപ് പറഞ്ഞ തുറന്ന സംഭാഷണത്തിന്റെ പ്രസക്തി. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ പല കേസുകളിലും അത്തരം തുറന്ന സംഭാഷങ്ങളില്ല.

സെക്സ് പോലും ഏകപക്ഷീയമായി, ഭർത്താവിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രം ചെയ്യേണ്ട അവസ്ഥയുള്ള സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്.

ഇത്തരം സമ്മർദ്ദങ്ങൾ പുരുഷനുമുണ്ട് എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ, സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി തുലനം ചെയ്യുമ്പോൾ അത് വളരെ കുറവാണ്. കാരണം പുരുഷനുമേൽ സമൂഹം അടിച്ചേൽപ്പിക്കുന്ന 'നിങ്ങൾ ഇങ്ങനെയാവണം' എന്ന നല്ലകുട്ടി ഇമേജ് ഇല്ല. ആയതിനാൽ തന്നെ സ്ത്രീകളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രധാന ഉറവിടമായി കാണിക്കുന്നത് സാമൂഹിക ചുറ്റുപാടുകൾ തന്നെയാണ്. ദാരിദ്ര്യം, ഗാർഹിക ഒറ്റപ്പെടൽ, അധികാരമില്ലായ്മ, പുരുഷാധിപത്യ അടിച്ചമർത്തൽ തുടങ്ങിയവ ഇവയിൽ ചിലതാണ്. വിശപ്പ്, ദാരിദ്ര്യം, അമിത ജോലി, ലൈംഗിക പ്രത്യുത്പാദന സംബന്ധമായ പീഡനങ്ങൾ, ഗാർഹിക കലഹങ്ങൾ തുടങ്ങിയവയും സ്ത്രീകളുടെ സുസ്ഥിതിയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന ഘടകങ്ങളാണ്. സ്ത്രീകൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ, അതുണ്ടാക്കുന്ന സാഹചര്യങ്ങൾ എന്നിവ മനസിലാക്കുക എന്നതാണ് ഇക്കാര്യത്തിൽ ആദ്യം ചെയ്യേണ്ടത്.

എന്താണ് മാനസിക പിരിമുറുക്കം? ലക്ഷണങ്ങളെ അറിയാം

കൃത്യമായ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയാണ് മാനസിക പിരിമുറുക്കത്തിന്റെ ആദ്യപടി. ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ വ്യക്തിയ്ക്ക് ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിൻ്റെ ഭാഗമാണ്.

ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം.

ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ല സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. എന്നാൽ ഇത് പലരും മനസിലാക്കാതെ പോകുന്നു. പോസ്റ്റ് പാർട്ടം ഡിപ്രഷൻ മാനസിക പിരിമുറുക്കത്തിന്റെ ഒരു ഭാഗമാണ്. മാനസിക പിരിമുറുക്കങ്ങൾ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. സ്ഥിരമായുണ്ടാകുന്ന സ്ട്രെസ് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അർബുദം, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാത്രവുമല്ല ഇത് രോഗ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. നിരന്തരമായ മാനസിക പിരിമുറുക്കം മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ അവസ്ഥ ഉത്കണ്ഠാരോഗവും വിഷാദ രോഗവും അടക്കമുള്ള മറ്റ് ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്നു.

പങ്കാളിയും കുടുംബാംഗങ്ങളും അവഗണിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങൾ മാനസിക പിരിമുറുക്കമുള്ള ഓരോ സ്ത്രീയിലും കാണാനാകും. മനസ്സിന്റെയും ചിന്തകളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നയി തോന്നുക, മനസ്സിനെ ആശ്വാസപ്പെടുത്താൻ കഴിയാതെ വരിക, നിരന്തരം പരിഭ്രമം തോന്നുക, ഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ, ഭക്ഷണ കാര്യത്തിൽ ഏറ്റക്കുറച്ചിൽ , കൈകളിൽ തണുപ്പോ വിയർപ്പോ അനുഭവപ്പെടുക, ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുക, തളർച്ച, ശക്തമായ തലവേദന, വയറിന് അസ്വസ്ഥത ഉണ്ടാകുക, ശരീരവേദന, ഹൃദയമിടിപ്പ് കൂടുക, നെഞ്ച് വേദന, പരിഭ്രമാവസ്ഥയിലെ പോലെ നഖം കടിക്കുക, പല്ല് കടിക്കുക, ലൈംഗിക പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ മാനസികപിരിമുറുക്കത്തിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളിൽ പലതും സാധാരണമാണ് എന്ന നിലയ്ക്ക് തള്ളിക്കളയാറാണ് പതിവ്.

Stress എന്ന അവസ്ഥയുടെ പ്രധാന വിഭാഗങ്ങൾ Acute stress, Episodic Acute stress, Chronic stress തുടങ്ങിയവയാണ്. നടുവേദന, തലവേദന, പരിഭ്രമം, നെഞ്ച് വേദന എന്നിവയാണ് ഇവയുടെ പൊതു ലക്ഷണങ്ങൾ. ഈ അവസ്ഥകളിൽ ദീർഘകാലം തുടർന്നാൽ ചിന്തകൾക്ക്  കടിഞ്ഞാണിടാൻ കഴിയാത്ത അവസ്ഥവരും. സ്വയം ഉപദ്രവിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും തോന്നും.

ചികിത്സ ആവശ്യമായ മാനസിക രോഗങ്ങൾ മിക്കവയും കൗമാരത്തിൽ ആരംഭിച്ച്, പ്രായപൂർത്തിയാകുമ്പോൾ ആവർത്തന സ്വഭാവമുള്ളവയായി മാറും. അതിനാൽ ഗർഭിണിയായിരിക്കുമ്പോഴും കുഞ്ഞിനെ വളർത്തുന്ന ഘട്ടത്തിലും സ്ത്രീകൾ മാനസിക രോഗത്തിന് വിധേയരാകുവാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് പങ്കാളിയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന പരിചരണവും സ്നേഹവുമാണ് സ്ത്രീകളെ പിടിച്ചു നിർത്തുക. എന്നാൽ ഒന്നോർക്കണം സ്ത്രീകൾ, പുരുഷന്മാരേക്കാൾ രണ്ടു മടങ്ങ് വിഷാദരോഗം അനുഭവിക്കുന്നവരാണ്.  ഉത്കണ്ഠാസംബന്ധമായ ക്രമക്കേടുകൾ അനുഭവിക്കുന്നവരും സ്ത്രീകൾ തന്നെയാണ്. സ്ത്രീകളെ ബാധിക്കുന്ന മാനസിക പ്രശ്നങ്ങളിൽ വിഷാദവും ഡിപ്രഷനും മുന്നിട്ട് നിൽക്കുന്നതും അതിനാൽ തന്നെയാണ്.

അകാരണവും ആകസ്മികവുമായ പരിഭ്രാന്തി (Panic disorder) , ചില കാര്യങ്ങൾ ചെയ്യുവാനുള്ള അദമ്യമായ ഉൾപ്രേരണ (Obsessive compulsive Disorder) , വൈകാരിക ക്ഷതമേൽപ്പിച്ച സംഭവങ്ങളുടെ അനന്തര ക്രമക്കേടു കൾ (Post traumatic stress disorder PTSD) യുക്തി രഹിതമായ ഭീതി / വിദ്വേഷം (Phobias) തുടങ്ങിയവ സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഉത്കണ്ഠയുമായി ബന്ധപ്പെട്ട രോഗങ്ങൾ ആണ്. ബലാത്സംഗം, ബാല്യകാല പീഡനങ്ങൾ, ഗാർഹിക പീഡനങ്ങൾ - തുടങ്ങിയവ വൈകാരിക ക്ഷതം നൽകുന്ന അനുഭവങ്ങളാണ്. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ - സ്ഥായിയായ ഭയം സ്ത്രീകളിൽ കാണപ്പെടുന്നു. ഈ ഭയം സാവധാനം വിഷാദം, ദേഷ്യം, ദുഃസ്വപ്നം കാണുക, വൈകാരികമായ മരവിപ്പ്എന്നിവയിലേക്ക് വഴിവയ്ക്കുന്നു. ഈ പ്രശ്നങ്ങൾ ആദ്യം തിരിച്ചറിയുക സ്ത്രീകൾ തന്നെയാണ്. എന്നാൽ അത് തന്റെ പ്രിയപ്പെട്ടവരോട് അറിയിക്കുന്നതിലും അവരുടെ ശ്രദ്ധ നേടിയെടുക്കുന്നതിലും ഇവർ പരാജയപ്പെടുന്നു. എന്നാൽ ചില ലക്ഷണങ്ങൾ പുറത്തുനിന്നുള്ളവർക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ആണ് പ്രകടമാവുന്നത്.

ജനറലൈസ്ഡ്  ആൻസൈറ്റി ഡിസോർഡർ

ഒരുപാട് ചുമതലകൾ ചെയ്ത തീർക്കാനുള്ള സ്ത്രീകൾക്ക് ജീവിതത്തിൽ അനുഭവപ്പെടുന്ന മനസികമായ പിരിമുറുക്കമാണ്  ജനറലൈസ്ഡ്  ആൻസൈറ്റി ഡിസോർഡർ. അമിതമായ ഭാരം പലവിധ ജോലികളുടെ രൂപത്തിൽ ഏൽക്കേണ്ടി വരുന്നത് തന്നെയാണ് ഈ പ്രശ്നത്തിനുള്ള കാരണം. ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഉത്കണ്ഠകളാണ് ജനറലൈസ്ഡ്  ആൻസൈറ്റി  ഡിസോർഡർ ആയി വരുന്നത്.

ചെറിയ കാര്യങ്ങളിൽ പോലും അമിതമായ ടെൻഷൻ, നിരന്തരമായ അസ്വസ്ഥത, വിശ്രമിക്കാൻ കഴിയാതെ വരിക, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വൈഷമ്യം, വരുമാനത്തെക്കുറിച്ച് അമിതമായ ടെൻഷൻ പല കാര്യങ്ങളിലും അനിശ്ചിതത്വം അല്ലെങ്കിൽ അവ്യക്തത, വൈകാരികമായി പല കാര്യങ്ങളും  കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, ക്ഷീണം, വിറയലോ, ഞെട്ടലോ, അസ്വസ്ഥമായ ഉറക്കം ഇതെല്ലം തന്നെ ജനറലൈസ്ഡ്  ആൻസൈറ്റി ഡിസോർഡർ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്.

വിഷാദം

മാനസികരോഗങ്ങളില്‍ ഏറ്റവും  വലിയ അപകടകാരിയാണ് വിഷാദം. ഇത് കൂടുതലും പിടികൂടുന്നത് സ്ത്രീകളെ തന്നെയാണ്. കൃത്യമായ സമയത്ത് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഇതിന്റെ പ്രധാനലക്ഷണം. പയ്യെ പയ്യെ ചിരിക്കാൻ പോലും വിഷാദരോഗികൾ മറന്നു പോകും /  ഉന്മേഷക്കുറവ്, ജോലിചെയ്യാന്‍ മടി, ജീവിതനൈരാശ്യം, തനിക്ക് ഒരു കഴിവും ഇല്ലെന്ന തോന്നല്‍, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടല്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള്‍, ഇപ്പോഴും അകാരണമായി സങ്കടപ്പെടുക തുടങ്ങിയവയെല്ലാം തന്നെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.  പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്. 

സന്തോഷമില്ലായ്മ, ഉൾവലിയൽ, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക താല്‍പ്പര്യക്കുറവ് എന്നീ അവസ്ഥകളെല്ലാം വിഷാദത്തിന്റെ ലക്ഷണങ്ങളാണ്. വിഷാദത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് നോര്‍മല്‍ ഡിപ്രഷന്‍,മൈല്‍ഡ് ഡിപ്രഷന്‍,മോഡറേറ്റ് ഡിപ്രഷന്‍,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ തരംതിരിക്കാം.നോര്‍മല്‍ ഡിപ്രഷനും മൈല്‍ഡ് ഡിപ്രഷനും കോഗ്നിറ്റീവ് തെറപ്പിയിലൂടെ ഒരു മനഃശാസ്ത്ര ചികിത്സകന് സുഖപ്പെടുത്താന്‍ സാധിക്കും. എന്നാൽ ഈ അവസ്ഥകളെല്ലാം തിരിച്ചറിയുക എന്നതാണ് പ്രധാനം . നിർഭാഗ്യവശാൽ നമുക്ക് കഴിയാതെ പോകുന്നതും അത് തന്നെയാണ്.

അടുത്തലക്കം : മെനോപോസ് മാസമുറയുടെ അവസാനമാണ്, സ്വപ്നങ്ങളുടെയല്ല!