Nov 23, 2021 • 7M

പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ സ്വപ്‌നങ്ങൾ

Psy. Swargeeya D P
Comment2
Share
 
1.0×
0:00
-7:20
Open in playerListen on);
Episode details
2 comments

സ്വപ്നങ്ങൾക്ക്, പ്രതീക്ഷകൾക്ക്, പരിശ്രമങ്ങൾക്ക് സ്ത്രീ-പുരുഷ വ്യത്യാസമില്ല എന്ന വാസ്തവം നിലനിൽക്കെ തന്നെ പറയട്ടെ, തന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും താൽപ്പര്യത്തോടെയോ അല്ലാതെയോ മറന്ന് കളയുന്നതിൽ എല്ലാക്കാലത്തും സ്ത്രീകൾ തന്നെയാണ് മുന്നിൽ.

ഒരു അനുഭവം!

കുറച്ച് കാലം മുന്നെ ഒരു സെഷനിൽ വളരെ ചെറുപ്പമായ ഒരു സ്ത്രീ പറഞ്ഞു,

“അന്നേ ജോലിയ്ക്ക് പോയാൽ മതിയാരുന്നു മാം. പക്ഷെ അന്ന് ചേട്ടായീടെ കൂടെ ജീവിക്കുന്നത് മാത്രമായിരുന്നു മനസ്സിൽ. പത്താം ക്ലാസ്സിൽ എൺപത്തിമൂന്നു ശതമാനം മാർക്കുണ്ടായിരുന്നു. അന്നെനിക്ക് പഠിക്കണം, ഒരു ജോലി നേടണം എന്നൊക്കെയുള്ള വിചാരമേ ഉണ്ടായിരുന്നുള്ളു. പ്ലസ്ടുവിന് എഴുപത്തിയൊൻപത് ശതമാനം മാർക്ക് കിട്ടി. ഞാൻ പഠിച്ച സ്കൂളിൽ ഞാൻ മൂന്നാം സ്ഥാനത്ത് ആയിരുന്നു. മുന്നിലുള്ള രണ്ട് പേരുമായി ആകെ പന്ത്രണ്ട് മാർക്കിന്റെ വ്യത്യസമേ ഉണ്ടായിരുന്നുള്ളു. ആ വെക്കേഷന് അമ്മവീട്ടിൽ (അമ്മയുടെ വീട്) പോയത് നല്ല മാർക്കിൽ പ്ലസ്ടു ജയിച്ച സന്തോഷത്തിൽ ആരുന്നു. അമ്മയുടെ വീടിനടുത്തായിരുന്നു അന്ന് ചേട്ടായീടെ വീട്. അതുവരെ പ്രേമമൊന്നും മനസ്സിൽ ഇല്ലായിരുന്നു. പക്ഷെ ആ വെക്കേഷൻ തീരുമ്പോൾ ഞാൻ ചേട്ടായിയുമായി റിലേഷനിൽ ആയി. അന്ന് ചേട്ടായി B.com ഫൈനൽ ഇയർ പഠിക്കുവായിരുന്നു. ഞാൻ ഡിഗ്രിയ്ക്ക് ജോയിൻ ചെയ്തു. ഞാനും പ്ലസ് ടു കോമേഴ്‌സ് പഠിച്ചത് കൊണ്ട് B.com ന് തന്നെയാണ് ചേർന്നത്.

ചേട്ടായി ഗൾഫിൽ പോയി കഴിഞ്ഞ് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി ഞാൻ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും അച്ഛന്റെ മൊബൈൽ ഫോണിൽ നിന്നും ഒക്കെ ചേട്ടായിയോട് സംസാരിക്കുമായിരുന്നു. പിന്നെ പിന്നെ പഠിത്തത്തിനേക്കാൾ ഇഷ്ടം പ്രേമിക്കാനാരുന്നു. സപ്ലിയൊക്കെ ഉണ്ടായിരുന്നിട്ടും അവസാനം ഡിഗ്രി ജയിച്ചു. പക്ഷെ പിന്നെ പഠിച്ചില്ല. ഒരു ചെറിയ ജോലിക്ക് പോയി. വീട്ടുകാരോട് വാശിപിടിച്ച് കല്യാണം നടത്തി. പിന്നെ മോൾ ജനിച്ചു. ഇപ്പോൾ മോൾക്ക് 7 വയസ്സായി. ചേട്ടായീടെ അച്ഛൻ പണ്ടേ മരിച്ചതാ. അമ്മ കൂടി മരിച്ചപ്പോൾ ഞാനും മോളും മാത്രമേ ഉള്ളു ഇപ്പോൾ വീട്ടിൽ. ചേട്ടായി ഇപ്പോഴും ഗൾഫിലാ.. ചിലപ്പോഴൊക്കെ എന്റെ അമ്മ വീട്ടിൽ എന്റെ കൂടെ വന്ന് നിൽക്കും. ഞാൻ ചിലപ്പോൾ എന്റെ വീട്ടിലും പോയി നിൽക്കും.

പഠിക്കുന്ന കാലത്തൊക്കെ എന്റെ പിന്നിൽ നിന്നവർ ഇന്ന് ഗവണ്മെന്റ് സർവീസിൽ ആണെന്നൊക്കെ കേൾക്കുമ്പോൾ ഞാൻ എവിടെയും എത്തിയില്ലാന്നൊക്കെ തോന്നും. സങ്കടം വരും. എന്റെ അമ്മ പറയും പണ്ടത്തെ എന്റെ പഠിത്തം കണ്ടപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ ആകുമെന്നാണ് അമ്മ കരുതിയതെന്ന്. അത് കേൾക്കുമ്പോൾ കൂടുതൽ സങ്കടം വരും. എന്റെ അനിയത്തിയ്ക്ക് പത്തിലും പ്ലസ് ടുവിലുമൊക്കെ എന്നേക്കാൾ മാർക്ക് കുറവായിരുന്നു. പക്ഷെ അവൾ ഇപ്പോൾ ടീച്ചർ ആണ്. നല്ല കുട്ടിയാണ് അവൾ. അവളുടെ അച്ചീവ്മെന്റ്സിൽ സന്തോഷമുണ്ടെങ്കിലും ഞാൻ ഇങ്ങനെ ആയതിൽ വളരെ സങ്കടമുണ്ട്. എന്റെ കരച്ചിലും വിഷമോം സഹിക്കാൻ വയ്യാതെ ചേട്ടായി തന്നെയാണ് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പറഞ്ഞത്.”

പെൺകുട്ടികളോട്/സ്ത്രീകളോട് ഒരു ചോദ്യം!

നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ സ്ഥാനം ഒരു ഭാര്യയുടേതോ അമ്മയുടേതോ അല്ല എന്നതാണ്.

ആദ്യമായി നിങ്ങൾ നേടിയ സ്ഥാനങ്ങൾ ഒരു മകളുടേതോ, ചേച്ചിയുടേതോ, അനിയത്തിയുടേതോ, കൂട്ടുകാരിയുടേതോ ഒക്കെ ആയിരുന്നു. എന്നാൽ ആ കാലത്തൊക്കെ നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നു. പിന്നീട് ഒരുപക്ഷെ കാമുകിയായി മാറിയകാലത്തും നിങ്ങൾ അവയൊക്കെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. പക്ഷെ മകൾ, അനിയത്തി, ചേച്ചി, കൂട്ടുകാരി, കാമുകി എന്നീ സ്ഥാനങ്ങളോടൊപ്പം ഭാര്യ, അമ്മ എന്നീ രണ്ട് സ്ഥാനങ്ങൾ കൂടി ചേർത്ത് വയ്ക്കപ്പെട്ടപ്പോൾ എങ്ങോട്ടാണ് നിങ്ങൾ ചേർത്ത് പിടിച്ചിരുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ പോയ്‌ മറഞ്ഞത്…?

നിങ്ങൾ തന്നെ ആലോചിക്കൂ- ജീവിതത്തിൽ നിങ്ങൾക്കുണ്ടായിരുന്ന സ്ഥാനങ്ങളോടൊപ്പം പുതിയ ചില സ്ഥാനങ്ങൾ ചേർത്ത് വയ്ക്കപ്പെടുമ്പോൾ നിങ്ങൾ സ്വയം ഇല്ലാതാകേണ്ടതുണ്ടോ എന്ന്..

ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഭക്ഷണം പാകം ചെയ്യേണ്ടതായും, വസ്ത്രങ്ങൾ കഴുകേണ്ടതായും, വീടും പരിസരവും വൃത്തിയാക്കണ്ടതായും, ബാത്ത്റൂം വൃത്തിയാക്കണ്ടതായുമൊക്കെയുണ്ട്. അത് വിവാഹ ജീവിതത്തിലായാലും വിവാഹത്തിനു മുൻപായാലും. പക്ഷെ എല്ലായിപ്പോഴും ഒരാൾ മാത്രം ഒരു കുടുംബത്തിൽ ഈ ഉത്തരവാദിത്തങ്ങൾക്ക്മേൽ ബലിയാടാക്കപ്പെടുന്ന നമ്മുടെ സാമൂഹികരീതിയാണ് മാറേണ്ടത്.

വിവാഹജീവിതം ആരംഭിച്ച് മുന്നോട്ട് പോകുമ്പോൾ ഇത്തരം ഉത്തരവാദിത്തങ്ങൾ പലപ്പോഴും സ്ത്രീകളുടേത് മാത്രമായി ഒതുങ്ങും. ഒരു കുട്ടിയുടെയോ കുട്ടികളുടെയോ ജനനശേഷം അവരുമായി ബന്ധപ്പെട്ട വീട്ടുകാര്യങ്ങളും കൂടി ചേരുമ്പോൾ വീണ്ടും വീണ്ടും ഒരു വീടിനുള്ളിലേക്ക് സ്ത്രീകൾ ഒതുങ്ങേണ്ടിക്കൂടേണ്ടി വരുന്നു. പക്ഷെ നിങ്ങൾ തിരിച്ചറിയേണ്ട കാര്യം പഠനവും, നിങ്ങളുടെ കഴിവുകളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, പരിശ്രമങ്ങളുമൊക്കെ പാതിവഴിയിലുപേക്ഷിക്കുമ്പോഴാണ് എല്ലാ കാലത്തേക്കും നിങ്ങൾ ആ നാല് ചുവരിലേക്കോതുങ്ങിപ്പോകുന്നത് എന്നതാണ്.

എല്ലാവരും പഠനത്തിൽ മിടുക്കരാവണമെന്നില്ല. പക്ഷെ എപ്പോഴും ഓർക്കുക പഠനം മാത്രമല്ല, നിങ്ങളുടെ കഴിവുകളും അതിനോട് ചേർന്നുള്ള പരിശ്രമങ്ങളും നിങ്ങളെ വിജയത്തിലേക്കെത്തിക്കും.

വീട്ടിലെ ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കുന്നതിന് ലിംഗവ്യത്യാസംമൊന്നും തന്നെയില്ല.

പരസ്പരം തിരിച്ചറിയുന്ന ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ജീവിത പങ്കാളികളായാൽ പങ്കിട്ട് ചെയ്യുവുന്നതേ ഉള്ളു അവിടെയുള്ളതെല്ലാം. കൃത്യമായ ടൈം മാനേജ്മെന്റ് അഥവാ സമയക്രമീകരണം കൂടെ ഉണ്ടെങ്കിൽ അതേ ഉത്തരവാദിത്തങ്ങൾ അൽപ്പം കൂടി വേഗത്തിൽ കൂടുതൽ തളരാതെ തന്നെ നിങ്ങൾക്ക് ചെയ്ത് തീർക്കാം. അതുകൊണ്ട് തന്നെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും വഴിയിലുടച്ച് അടുക്കളയിലേക്കൊതുങ്ങാൻ നിങ്ങൾ തയ്യാറെടുക്കരുത്!

പ്രധാനമായും ഓർക്കേണ്ടത്

നിങ്ങളുടെ ജീവിതത്തിൽ വന്നു ചേരുന്ന ബന്ധങ്ങളിലൂടെ ലഭിക്കുന്ന സ്ഥാനങ്ങൾ എല്ലാംതന്നെ എല്ലാ മനുഷ്യനും ആൺ-പെൺ വ്യത്യാസങ്ങളില്ലാതെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്വാഭാവികമായി ലഭിക്കുന്നതാണ്. മകൻ, മകൾ, സഹോദരി, സഹോദരൻ, കൂട്ടുകാരി, കൂട്ടുകാരൻ, കാമുകി, കാമുകൻ, ഭാര്യ, ഭർത്താവ്, മരുമകൾ, മരുമകൻ, അമ്മ, അച്ഛൻ, അമ്മൂമ്മ, അപ്പൂപ്പൻ എന്നിങ്ങനെ അത് എല്ലാക്കാലത്തും നീണ്ടുകൊണ്ടേയിരിക്കും.

എന്നാൽ ഇതൊന്നുമല്ല നിങ്ങളുടെ ഐഡന്റിറ്റി. നിങ്ങൾ പരിശ്രമിച്ച് നേടിയെടുക്കുന്ന സ്ഥാനങ്ങളാണ് നിങ്ങളുടെ ഐഡന്റിറ്റിയായി മാറുന്നത്. അത്തരം നേട്ടങ്ങളിലേക്കെത്താൻ നിങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പരിശ്രമങ്ങളെയും എല്ലാക്കാലവും ചേർത്തുപിടിയ്ക്കുക തന്നെ വേണം. കൗമാരത്തിലോ, യൗവനത്തിന്റെ തുടക്കത്തിലോ, ജീവിതത്തിലുടനീളം എപ്പോഴെങ്കിലുമോ ഒരു ബന്ധങ്ങളിലും സാഹചര്യങ്ങളിലും തട്ടി നിങ്ങളുടെ സ്വപ്നങ്ങളിൽ നിന്നും ഒരിക്കലും വഴുതി വീഴരുത്! ഇനി അഥവാ വീണുപോയിട്ടുണ്ട് എങ്കിൽ ഇനിയും വൈകിയിട്ടില്ല എന്ന തിരിച്ചറിവോടെ എഴുനേറ്റ് ഒട്ടും മടിയ്ക്കാതെ മുന്നോട്ട് പോകുക!

സ്വന്തം മാതാപിതാക്കളും സഹോദരങ്ങളും ജീവിതപങ്കാളിയും പോലും കൂടെ നിൽക്കാത്ത സാഹചര്യങ്ങളുണ്ട് എന്ന് അറിയാതെയല്ല. പക്ഷെ പലപ്പോഴും നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ തടസ്സങ്ങളൊക്കെ വഴിമാറപ്പെടുമെന്ന് വിശ്വസിക്കുക. ഏത് ഘട്ടത്തിലും സഹായത്തിനായി ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടവുന്നതാണ്.