Dec 9, 2021 • 12M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 13

പെൺ ശരീരത്തിന് മാർക്കിടാൻ നിങ്ങളാരാണ് ? വേണ്ട , ബോഡി ഷെയിമിങിനോട് കോമ്പെർമൈസ്!

Lakshmi Narayanan
Comment
Share
 
1.0×
0:00
-12:17
Open in playerListen on);
Episode details
Comments

ഒരു വ്യക്തി ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ ആകട്ടെ, ജീവിതത്തിൽ ഏത് മേഖലയിലും വിജയിക്കണമെങ്കിൽ ആത്യന്തികമായി വേണ്ടത് ആത്മവിശ്വാസമാണ്. എങ്ങനെയാണ് ഒരു വ്യക്തിക്ക് ആത്മവിശ്വാസം അനുഭവപ്പെടുക? മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന പ്രശംസ തന്നെയാണ് അതിന്റെ മുഖ്യ മാനദണ്ഡം. ഭൂരിഭാഗം വ്യക്തികളും സമൂഹം തങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിൽ നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച് ഏറെ ബോധവാന്മാരുമാണ്. വളരെ ചുരുങ്ങിയ ശതമാനം ആളുകൾ മാത്രമാണ് തങ്ങളുടെ അപ്പിയറൻസിനേക്കാൾ ഏറെ പ്രാധാന്യം കഴിവുകൾക്ക് നൽകുന്നത്. ഇത്തരം ആളുകൾ ബൗദ്ധികമായി വളരെ ഉയർന്ന നിലവാരത്തിൽ നിൽക്കുന്നവരായിരിക്കും. ശരീരത്തെയും ഭംഗിയേയും ചൊല്ലിയുള്ള ആകുലതകളൊന്നും അവരെ അലട്ടാൻ പോകുന്നില്ല. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ആളുകളാകട്ടെ, തങ്ങളുടെ ശരീരം നൽകുന്ന ആത്മവിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ്. ഇത്തരം വ്യക്തികളെ ബോഡി ഷെയിമിങ് എങ്ങനെ ബാധിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.

എന്താണ് ബോഡി ഷെയിമിങ് ?

ലോകത്തുള്ള എല്ലാ വ്യക്തികളുടെയും ശരീരം ഒരു പോലെയല്ല. വലുപ്പത്തിലും ആകൃതിയിലും നിറത്തിലുമെല്ലാം പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളും ഉണ്ടാകും. ഇത്തരം വ്യത്യാസങ്ങൾക്ക് അവയുടേതായ കാരണങ്ങളും ഉണ്ടാകും. എന്നാൽ ഇതൊന്നും തന്നെ മുഖവിലയ്ക്ക് എടുക്കാതെ, സൗന്ദര്യത്തിലെ ഗ്ലോബൽ സ്റ്റാൻഡേർഡുകൾ ഉപയോഗിച്ച് സഹജീവികളുടെ  മനസ് തകർക്കുന്ന രീതിയിൽ അവഹേളിക്കുന്നതിനെയാണ് ബോഡി ഷെയിമിംഗ് എന്ന് പറയുന്നത്. പഠനങ്ങൾ വ്യക്തമാക്കുന്നത് മലയാളികൾക്കിടയിൽ ഈ ദുശീലം വ്യാപകമാണ് എന്നാണ്. നിരുപദ്രവകരമായ തമാശയായിട്ടാണ് പലരും ബോഡി ഷെയിമിങ്ങിനെ കാണുന്നത്. എന്നാൽ അതല്ല വാസ്തവം.

ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും  തകർക്കാൻ ബോഡി ഷെയിമിങ്ങിനെക്കാൾ വലിയ മാർഗം വേറെയില്ല.

മെലിഞ്ഞിരിക്കുന്ന ഒരു വ്യക്തിയെ നോക്കി ഈർക്കിലി, കാറ്റടിച്ചാൽ പറന്നു പോകുമല്ലോ തുടങ്ങിയ വിശേഷണങ്ങൾ, തടിയുള്ള ഒരാളെ നോക്കി ഗുണ്ട് മണി, തടിയൻ, ആനക്കുട്ടി തുടങ്ങിയ വിശേഷണങ്ങൾ ഇതെല്ലാം വെറും തമാശയായിട്ടാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല, ഇത്തരം വിശേഷണങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു വ്യക്തിയുടെ മനസ്സിൽ ഇതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഈ ലോകത്ത് ആരും എല്ലാം തികഞ്ഞവരായി ഇല്ല എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ബോഡി ഷെയിമിങ് ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുപോലെ ബാധിക്കുമെങ്കിലും സ്ത്രീകളിൽ അതുണ്ടാക്കുന്ന ആഘാതം കൂടുതലാണ്. വളരെ ചെറിയ പ്രായത്തിൽ ബോഡി ഷെയിമിങ് നേരിടുമ്പോൾ അതുണ്ടാക്കുന്ന ആഘാതവും കൂടുതലായിരിക്കും. പല  കേസുകളിലും കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് തിരിച്ചറിയുന്നത് തന്നെ ഏറെ വൈകിയാണ്. അപ്പോഴേക്കും ആത്മവിശ്വാസം നഷ്ടപെട്ട ഒരു ശരീരമായി അവർ മാറിക്കഴിഞ്ഞിരിക്കും.

ചിരിക്കാൻ മടിക്കുന്ന 8  വയസുകാരി

8  വയസ് പ്രായമുള്ള ഒരു പെൺകുട്ടി, പ്രസരിപ്പിന്റെ ഈ പ്രായത്തിൽ പൊട്ടിചിരിച്ചുകൊണ്ട് കൂട്ടുകാരും വീട്ടുകാരുമൊത്ത് സന്തോഷിക്കുന്ന ഒരുവളെയാണ് നാം പ്രതീക്ഷിക്കുക. എന്നാൽ കൊച്ചി സ്വദേശിനിയായ മീനാക്ഷി അങ്ങനെയായിരുന്നില്ല. കുഞ്ഞരിപ്പല്ലുകൾ പോയി പുതിയ പല്ലുകൾ മുളച്ചപ്പോൾ  വന്ന ഒരു അപാകത. കൂടിച്ചേർന്നു വന്ന പല്ലുകൾ ചിരിക്കുമ്പോൾ എടുത്ത് കാണിക്കപ്പെട്ടു. ആദ്യമൊന്നും കുട്ടിക്ക് ഇതേപ്പറ്റി ചിന്തയുണ്ടായിരുന്നില്ല. എന്നാൽ അടുത്ത ബന്ധു ഒരിക്കൽ 'പലക പല്ലി' എന്ന് വിളിച്ചു കളിയാക്കിയതോടെ മനസ്സിൽ അപകർഷതാബോധം നിഴലിച്ചു. പിന്നീട് മീനാക്ഷി ആളുകളുടെ മുന്നിൽ ചിരിക്കാതെയായി. സ്‌കൂളിൽ ടീച്ചറോട് സംസാരിക്കുമ്പോൾ പോലും തൂവാലകൊണ്ട് വായ പൊത്തിപിടിച്ചാണ് സംസാരിക്കുക.

ഇത് ശ്രദ്ധയിൽപ്പെട്ട ടീച്ചർ മീനാക്ഷിയെ വിളിച്ചു കാര്യം തിരക്കി. ഏറെ പ്രിയപ്പെട്ട അധ്യാപികയുടെ ചോദ്യത്തിൽ മീനാക്ഷി മനസിലുള്ള വിഷമങ്ങൾ തുറന്നു പറഞ്ഞു. ആളുകൾ കളിയാക്കുമോ എന്ന ഭയത്തിൽ കഴിഞ്ഞ ഒരു വർഷമായി ചിരിക്കാതെ, സംസാരിക്കുമ്പോൾ വായ പൊത്തി, പബ്ലിക് ഫംങ്ഷനുകൾ ഒഴിവാക്കിയാണ് ആ ചെറിയ കുട്ടി കഴിഞ്ഞിരുന്നത്. പല്ലിൽ കമ്പിയിട്ടാൽ മാറ്റാൻ കഴിയുന്ന ചെറിയ ഒരു അപാകത. എന്നാൽ അതിനെ ചൊല്ലിയുള്ള കളിയാക്കൽ ആ കുട്ടിക്ക് നൽകിയത് വളരെ വലിയ മാനസിക സമ്മർദ്ദം ആയിരുന്നു. അദ്ധ്യാപിക വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന്, മീനാക്ഷിയെ ദന്ത ഡോക്റ്ററെ കാണിക്കുകയും നിരതെറ്റിയ പല്ലുകൾ നേരെയാക്കുകയും ചെയ്തു. എന്നിരുന്നാലും മൂന്നു വർഷത്തിനിപ്പുറവും മീനാക്ഷി ചിരിക്കുമ്പോൾ അവൾ അറിയാതെ വായ പൊത്തും. തുറന്നു ചിരിക്കാൻ ഭയക്കുന്ന രീതിയിലേക്ക് ആ കുഞ്ഞിന്റെ മനസ്സിൽ ഭയം കോരിയിട്ടത് ഈ സമൂഹമാണ്.

മീശക്കാരിയെന്ന വിളി ഭയന്ന നാളുകൾ !

തൃശൂർ സ്വദേശിനിയായ ശ്രീഷ്മക്ക് പറയാനുള്ളത് മറ്റൊരു ബോഡി ഷെയിമിങ്ങിന്റെ കഥയാണ്. പ്രായപൂർത്തിയായതോടെ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുകയും അത് അമിത രോമ വളർച്ചയിൽ കലാശിക്കുകയും ചെയ്തു. ഫലമോ, പെൺകുട്ടിയായ ശ്രീഷ്മക്ക് പൊടിമീശ പോലെ രോമങ്ങൾ വന്നു. അതോടെ സ്‌കൂളിൽ പുതിയ പേരായി, മീശക്കാരി. പത്താം ക്ലാസ് മുതൽ ഈ കളിയാക്കൽ കേട്ടാണ് ശ്രീഷ്മ പഠിച്ചത്.

''സ്‌കൂളിൽ പഠിക്കുമ്പോൾ നമുക്ക് ശരീരത്തെപ്പറ്റി അത്രവലിയ ചിന്തയൊന്നും ഇല്ലല്ലോ, അതിനാൽ ആ കാലഘട്ടം കുഴപ്പമില്ലാതെ പോയി. മാത്രമല്ല കളിയാക്കലുകൾ കേട്ടാൽ അധ്യാപകർ സഹകരിക്കുമായിരുന്നു. എന്നാൽ കോളേജിലേക്ക് വന്നപ്പോൾ അതായിരുന്നില്ല അവസ്ഥ. സൗന്ദര്യസങ്കല്പങ്ങൾ മാറി. എനിക്ക് തന്നെ ഒരു അപകർഷതാബോധം വന്നു. പിന്നീട് ഞാൻ ക്ലാസ് മുറികളിൽ ആർക്കും മുഖം കൊടുക്കാതെ പിൻബഞ്ചിലേക്ക് മാറി. എന്റെ പഠിത്തവും പിന്നോട്ടായി. ആളുകൾ എന്നെയും എന്റെ മീശയെയും ആണ് ശ്രദ്ധിക്കുന്നത് എന്ന തോന്നലായിരുന്നു പ്രധാനം. അതെനിക്കുണ്ടാക്കിയ ട്രോമ വളരെ വലുതായിരുന്നു. കൂട്ടുകാർ തമാശക്ക് മീശക്കാരി എന്ന് വിളിക്കുന്നത് പോലും എന്നെ ആകെ തകർത്തു. അറിവില്ലാത്ത പ്രായമായിരുന്നല്ലോ, ഒരു ദിവസം ഞാൻ അച്ഛന്റെ ഷേവിംഗ് സെറ്റ് എടുത്ത് മീശ ഷേവ് ചെയ്തു. അതോടെ കുട്ടികൾ 'ദീപസ്തഭം മഹാശ്ചര്യം' എന്ന് പറഞ്ഞായി കളിയാക്കൽ. പിന്നീട് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കട്ടിയുള്ള മീശരോമങ്ങൾ വന്നു. ഞാൻ കൂടുതൽ തകർന്നു. തുടർപഠനം വേണ്ടെന്നു വച്ചു. കല്യാണം നടക്കില്ലെന്ന് ഉറപ്പിച്ചു. ഒരുങ്ങാനോ ഒരു കാര്യം ചെയ്യാനോ ഉള്ള ആത്മവിശ്വാസം ഇല്ലാതെയായി.

22  വയസിൽ വിവാഹം, പിന്നീട് എന്റെ ജീവിതം മാറ്റിമറിച്ചത് അദ്ദേഹം നൽകിയ പിന്തുണയായിരുന്നു. തുടർപഠനം നടത്തി, പിജി ചെയ്തു, ഇപ്പോൾ ജോലിയുമുണ്ട്.  എന്നാൽ സത്യം പറയാമല്ലോ, ഇന്നും കോളേജ് കാലഘട്ടം ഓർക്കുമ്പോൾ ഭയമാണ്. മാത്രമല്ല, കോളേജ് പഠനം ശരിയായ രീതിയിൽ ആസ്വദിക്കാൻ പോലും ഈ ബോഡി ഷെയിമിങ് കാരണം സാധിച്ചില്ല എന്നതാണ് വാസ്തവം.'' ശ്രീഷ്മ പറയുന്നു.

ശ്രീഷ്മയെപ്പോലെ നിരവധിയാളുകളുടെ ജീവിതത്തിന്റെ നല്ലകാലം ബോഡിഷെയിമിങ് മൂലം ഇല്ലാതായിട്ടുണ്ട്. ഇന്ത്യയിൽ ബോഡി ഷെയിമിങ് വളരെ വ്യാപകമാണ്. പക്ഷേ, ഏറെ ദയനീയമായ കാര്യം പലർക്കും തങ്ങൾ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് അറിയില്ല എന്നതാണ്.  നമ്മുടെ നാട്ടിൽ രണ്ടുപേർ തമ്മിൽ കാണുമ്പോൾ, കൂട്ടത്തിൽ ഒരാൾ മെലിഞ്ഞിരുന്നാൽ ആദ്യം ചോദിക്കുന്നത്, ‘നീ അങ്ങു മെലിഞ്ഞ് ഉണങ്ങിപോയല്ലോ’ എന്നായിരിക്കും. ചിലപ്പോൾ അയാൾ ജിമ്മിലൊക്കെ പോയി ഒരുപാട് അധ്വാനിച്ച് വിയർത്തൊലിച്ച് മെലിയിച്ചെടുത്ത ശരീരമായിരിക്കും. യാത്ര ചെയ്ത് ക്ഷീണിച്ചു വരുന്ന ഒരാളോട്  ആദ്യം ചോദിക്കുന്നത് നീ എന്താ ആകെ കറുത്ത് പിടച്ച് ഇരിക്കുന്നത് എന്നായിരിക്കും. തീർന്നില്ലേ... ഒരാൾ പാടുപെട്ട് പണിതുയർത്തിയ  ആത്മവിശ്വാസത്തിന്റെ കോട്ട ഇടിച്ചുതരിപ്പണമാക്കാൻ  നിങ്ങൾ പറയുന്ന ഒരു വെറും വാക്ക്  മതി. പലപ്പോഴും പോസിറ്റിവ് ആയിരിക്കുക എന്ന ചിന്തയ്ക്ക് അതീതമായായിരിക്കും പലരും സംസാരിക്കുക. അടുത്ത കൂട്ടുകാരോ ബന്ധുക്കളോ കുടുംബാംഗങ്ങളോ വിനോദഭാവേന പറയുന്ന പരാമർശങ്ങളും കളിയാക്കലുകളും ആഴത്തിലുള്ള മുറിവാകാം. പിൽക്കാലത്ത് സ്വന്തം ശരീരത്തേക്കുറിച്ചും രൂപത്തേക്കുറിച്ചും അവജ്ഞയും വെറുപ്പും  രൂപപ്പെടാൻ ഇത് ഇടയാക്കും. അമിതവണ്ണത്തിന്റെ പേരിൽ പരിഹസിക്കപ്പെടുന്നവരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണ്.

പട്ടിണികിടന്നു, ജിമ്മിൽ പോയി വണ്ണം കുറഞ്ഞില്ല , ഒടുവിൽ ആത്മഹത്യ എന്ന ചിന്ത

''22  വയസ് വരെ ഞാൻ വളരെ മെലിഞ്ഞ ഒരു കുട്ടിയായിരുന്നു. ആ സമയത്താണ് എനിക്ക് പിസിഒഡിയും ചില ഹോർമോൺ പ്രശ്നങ്ങളും വരുന്നത്. അതോടെ അമിതമായി വണ്ണം വയ്ക്കാൻ തുടങ്ങി. അത് വരെ ഞാൻ വല്ലാതെ മെലിഞ്ഞിരിക്കുന്നല്ലോ എന്ന് പരിതപിച്ചവർ എല്ലാവരും മറുകണ്ടം ചാടി. എന്തൊരു തടിയാണിത് ? കുറച്ചു കൂടെ ? തീറ്റക്കുറയ്ക്കടി, ഏത് റേഷൻകടയിൽ നിന്നാണ് അരി ? തുടങ്ങി നിരവധി അവഹേളനങ്ങളും പരിഹാസങ്ങളും ഉപദേശങ്ങളും എന്നെ തേടിയെത്തി. ഇഷ്ടപ്പെട്ട എല്ലാ ആഹാരവും ഞാൻ ഉപേക്ഷിച്ചു. ജിമ്മിൽ പോയി രണ്ട് നേരവും വർക്ക്ഔട്ട് ചെയ്തു. വണ്ണം മാത്രം കുറഞ്ഞില്ല, ഒപ്പം കളിയാക്കലുകളും. ഇതിൽ ഞാൻ ചെയ്യുന്ന തെറ്റെന്താണ് ? എന്റെ അസുഖത്തിന്റെ ഭാഗമായാണ് എനിക്ക് വണ്ണം വയ്ക്കുന്നത്. അത് മനസിലാക്കാൻ പോലും തയ്യാറാകാതെയായിരുന്നു എന്നോടുള്ള ആക്രമണം. ഒടുവിൽ ആത്മഹത്യ ചെയ്താലോ എന്ന് വരെ ഞാൻ ചിന്തിച്ചു. എംകോം ബിരുദധാരിയാണ് ഞാൻ. എന്നാൽ സ്വസ്ഥമായി ജോലിക്ക് പോകാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. നാല് വർഷത്തോളം വീട്ടിനുള്ളിൽ ഈ കളിയാക്കലുകൾ എന്നെ കുരുക്കിയിട്ടു''  മീരയുടെ വാക്കുകളിൽ നഷ്ടപെട്ട നാളുകളെപ്പറ്റിയുള്ള ദുഃഖം നിഴലിക്കുന്നു.

2019 ൽ മുംബൈ ആസ്ഥാനമായ ഫോർട്ടിസ് ഹെൽത് കെയർ, ബോഡി ഷെയിമിങ്ങും അതുണ്ടാക്കുന്ന മാനസികമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. 20 നഗരങ്ങളിൽ നിന്നുള്ള 15 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള ആളുകളാണ് പങ്കെടുത്തത്. 47.5 ശതമാനം പേർ സ്കൂളിലോ ജോലിസ്ഥലത്തോ ബോഡി ഷെയിമിങ്ങിന് ഇരയായതായി വെളിപ്പെടുത്തി.  32.5 ശതമാനം പേർ കളിയാക്കൽ നേരിട്ടത് സുഹൃത്തുക്കളിൽ നിന്നു തന്നെയാണ് എന്നതാണ് ഏറ്റവും ദാരുണമായ കാര്യം. വേറെ ചിലർക്ക് വീട്ടിനുള്ളിൽ നിന്ന് തന്നെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്.  മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പെർഫക്റ്റ് ബോഡി ഇമേജാണ് ബോഡി ഷെയിമിങ്ങിന് ഇടയാക്കുന്നതെന്നാണ് ഫോർട്ടിസ് സർവേയിൽ പങ്കെടുത്ത76 ശതമാനം പേരും കരുതുന്നത്.ഫോർട്ടിസ് സർവേയിൽ 28 ശതമാനം പേർ പറഞ്ഞത് ബോഡി ഷെയിമിങ്ങിനെ എതിർത്തു സംസാരിക്കാൻ പോലും അവർക്കായില്ല എന്നാണ്. 31 ശതമാനം പേർ ഇത്തരം പരാമർശങ്ങൾ കേട്ട ശേഷം ലോകത്തെ നേർക്കുനേർ നോക്കാൻ പോലും മടിച്ചു. 62 ശതമാനം പേർ ഉത്കണ്ഠയും പരിഭ്രാന്തിയും അനുഭവിച്ചു. 67 ശതമാനം പേർക്ക് ബോഡി ഷെയിമിങ്ങിനെ തുടർന്ന് ദേഷ്യമാണ് ഉണ്ടായത്.  ഒരാളെ കാണുമ്പോഴേ നെഗറ്റീവായ പരാമർശങ്ങൾ നടത്തുക എന്നത് ചിലരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. 

നെഗറ്റീവ് വ്യക്തിത്വമുള്ളവരും സ്വന്തമായി എന്തെങ്കിലും കുറവുകളോ അതു സംബന്ധിച്ച കോപ്ലക്സോ ഉള്ളവരും ഇത്തരം അവമതിക്കുന്ന തരം പരാമർശങ്ങൾ പതിവായി നടത്താറുണ്ട്. 

ബോഡി ഷെയിമിങ് മാനസികാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ബോഡി ഷെയിമിങ് പലതരം മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ചിലർ കൂടുതൽ റിബലാകാം. സമൂഹത്തോട് തന്നെ വെറുപ്പ് തോന്നാം. അല്ലെങ്കിൽ നശീകരണപ്രവർത്തികളിലേക്ക് തിരിയും. കുട്ടികൾ അക്രമകാരികൾ ആകും. മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി നെഗറ്റീവായ കാര്യങ്ങൾ കാണിച്ച് കയ്യടി വാങ്ങാൻ നോക്കും.  വീട്ടിലും സ്കൂളിലും ശല്യക്കാരാകും. ഇതിനേക്കാൾ പ്രശ്‌നമാണ് അടുത്ത വിഭാഗം. ഇക്കൂട്ടർ വിഷാദത്തിൽ ആണ്ടു മുങ്ങിപ്പോകും. നെഗറ്റീവ് കമന്റുകളിൽ മനസ്സു മുറിഞ്ഞ് പുറത്തിറങ്ങാതാകും. പൊതുവേദികളിൽ നിന്നു മാറി നിൽക്കും. സ്വയം വിധിക്കുന്ന ഒരുതരം സാമൂഹിക ഒറ്റപ്പെടൽ തന്നെ. ഇത്തരം അനുഭവങ്ങളാണ് നമ്മൾ ചർച്ച ചെയ്തത്. ചിലരിൽ വിഷാദം വർധിച്ച് ആത്മഹത്യാ ചിന്തകളിലേക്ക് വരെ എത്താം. മറ്റ് ചിലർക്ക് ഇതിൽ നിന്നും കരകയറാനായി  മരുന്നുകളും സൈക്കോതെറാപ്പിയും കൊഗ്നിറ്റീവ്തറാപ്പിയും വേണ്ടിവരും. ചിലരിൽ ബോഡി ഷെയിമിങ് ഉടനെ വലിയ പ്രശ്നം സൃഷ്ടിക്കണമെന്നില്ല. പക്ഷേ, ആഴത്തിലേറ്റ മുറിവായി ആ അപമാനം പുതഞ്ഞുകിടക്കാം. പിന്നീട് പ്രായമേറുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും പരാജയങ്ങളോ ഡിപ്രസീവ് എപ്പിസോഡുകളോ വരുമ്പോൾ പലരും ചെറുപ്പത്തിലേ ഇത്തരം ദുരനുഭവങ്ങളെ ബന്ധപ്പെടുത്തി ചിന്തിച്ചേക്കാം.

സാധാരണക്കാരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ബോഡി ഷെയിമിങ്. ബോളിവുഡ് താരങ്ങളായ വിദ്യാബാലനും സോനാക്ഷി സിൻഹയും മലയാളിതാരമായ നിത്യാ മേനനും വണ്ണം കൂടിയതിന്റെ പേരിൽ ഏറെ പഴി കേട്ടവരാണ്. പോസിറ്റിവ് ആയി ചിന്തിക്കാനും സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും അതാത് അവസ്ഥയിൽ അംഗീകരിക്കാനും ചെറുപ്പം മുതൽ ശീലിക്കുക, ശീലിപ്പിക്കുക എന്നതാണ് ബോഡി ഷെയ്‌മിങ്ങിനു എതിരെയുള്ള ഏറ്റവും ഫലപ്രദമായ പോംവഴി.

അടുത്തലക്കം: സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം പണയപ്പണ്ടമല്ല!