Jan 6 • 11M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിന്റെ പങ്കെന്ത്? ഭാഗം - 17

വിധവ എന്ന ലേബൽ മാനസിക ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് !

2
 
1.0×
0:00
-11:18
Open in playerListen on);
Episode details
Comments

പങ്കാളി മരണപ്പെട്ടാൽ, സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും എന്തിനേറെ സുഹൃത്തുക്കളുമായി സമയം ചെലവിടുന്നതിൽ നിന്നും നന്നായൊന്നു ഒരുങ്ങുന്നതിൽ നിന്നുമൊക്കെ വിലക്ക് ഉണ്ടാകുമോ? പുരുഷന്മാരുടെ കാര്യത്തിൽ ഇല്ല എന്ന് പറയാം. ഭാര്യ മരിച്ച ഒരു പുരുഷന് ചുരുക്കം നാളുകൾക്കുള്ളിൽ തന്നെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യം സമൂഹം ഒരുക്കി നൽകുന്നുണ്ട്. എന്നാൽ ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ അവസ്ഥ നമ്മുടെ നാട്ടിൽ വിഭിന്നമാണ്‌. വിധവ എന്ന ലേബലിൽ ഒതുക്കിക്കൊണ്ട് സമൂഹം അവളുടെ മേൽ ഒരു കണ്ണ് പതിപ്പിക്കും. പിന്നീട് ചുറ്റും സിസിടിവി ഘടിപ്പിച്ച അവസ്ഥയാണ്. എന്ത് ചെയ്യുമ്പോഴും ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുകൾ ചുറ്റുമുണ്ടാകും. സ്വന്തമായി ഏത് കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോഴും സ്വന്തം അഭിപ്രായങ്ങൾ പറയുമ്പോഴും നൂറുവട്ടം ആലോചിക്കണം, മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. എന്ത്‌ കൊണ്ടാണ്  ഭർത്താവ് മരിച്ച സ്ത്രീയുടെ ജീവിതം മറ്റുള്ളവരുടെ ഉത്തരവാദിത്തമായി മാറുന്നത് ?

സീനയുടെ ജീവിതത്തിലേക്ക് നോക്കാം... എറണാകുളം സ്വദേശിയായ സീന വിവാഹശേഷം ഭർത്താവിന്റെ നാടായ കോട്ടയത്തേക്ക് താമസം മാറി. ആർക്കും സന്തോഷം ജനിപ്പിക്കുന്ന രീതിയിലുള്ള നല്ലൊരു ജീവിതമായിരുന്നു സീനയുടേത്. മിടുക്കിയായ അഞ്ചു വയസുകാരി മകൾ, സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അങ്ങനെ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് വാഹനാപകടത്തിൽ ഭർത്താവ് രാജീവ് മരണപ്പെടുന്നത്. ജീവിതത്തിലെ ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരുന്നു സീനയ്ക്ക് അത്. സംഭവിച്ച ദുരന്തത്തോട് പൊരുത്തപ്പെട്ട് വരുമ്പോഴേക്കും നാട്ടുകാരുടെ വക പല വിലയിരുത്തലുകളും ആരംഭിച്ചു.

'' രാജീവ് മരിച്ചതിനേക്കാൾ വലിയ വിഷമം ഒന്നും എന്റെ ജീവിതത്തിലുണ്ടാകില്ല എന്ന് കരുതിയ വ്യക്തിയാണ് ഞാൻ. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം ഒരു മാസം തികയും മുൻപേ ആരംഭിച്ച കുത്തുവാക്കുകളും ഉപദേശങ്ങളും പഴികളുമെല്ലാം അദ്ദേഹത്തിന്റെ മരണത്തെക്കാൾ വലിയ മുറിവുകളാണ് എന്നിലും മകളിലും ഉണ്ടാക്കിയത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് പിന്നീട് ഞാൻ കടന്നു പോയത്. ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കാതെയുള്ള പെരുമാറ്റങ്ങളാണ് ചുറ്റിലും കൂടി നിന്നവരിൽ നിന്നും ഉണ്ടായത്. എന്റെ ജാതകദോഷം മൂലമാണ് രാജീവിന് മരണം സംഭവിച്ചത് എന്ന് വരെ പറഞ്ഞു. വേറെ ഒരു വിഭാഗം ഉടനെ മറ്റൊരു വിവാഹം ചെയ്യണം എന്ന ഉപദേശമാണ് നിരത്തിയത്. വേറെ ചിലരാകട്ടെ ഇനി ഒരു വിവാഹം ചെയ്യരുത്, വളർന്നു വരുന്ന പെൺകുഞ്ഞ് പുതിയ ഭർത്താവിന് ബാധ്യതയാകും എന്ന് പറഞ്ഞു. അതിനേക്കാൾ എല്ലാം ഭീകരമായിരുന്നു എന്തിനും ഏതിനും എന്റെയും കുഞ്ഞിന്റെയും കാര്യത്തിൽ അഭിപ്രായം പറയുന്നവരുടെ കാര്യം. മകളെ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും മാറ്റി സർക്കാർ സ്‌കൂളിൽ ചേർക്കണം, വരുമാനം ഇല്ലാതെ എങ്ങനെ പഠിപ്പിക്കും, കല്യാണം കഴിപ്പിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും എന്നൊക്കെയായിരുന്നു പറച്ചിൽ. ഒന്നോർക്കണം, എന്റെ മകളുടെ പ്രായം വെറും അഞ്ചു വയസ്സാണ്. ഞാൻ എംബിഎ ബിരുദധാരിയാണ്. എനിക്ക് ജോലിയും വരുമാനവും ഉണ്ട്. എന്നിട്ടും ഞാൻ നേരിട്ടത് ഇത്തരം വാക്കുകളെയാണ്. ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല, കടും നിറങ്ങളുള്ള വസ്ത്രം ധരിക്കരുത്, പൊട്ടു വയ്ക്കരുത് , ഫാഷനബിൾ ആയ വസ്ത്രങ്ങൾ പാടില്ല അങ്ങനെ നൂറു നൂറു ഉപദേശങ്ങളായിരുന്നു. എനിയ്ക്കുണ്ടായ നഷ്ടത്തെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. സന്തോഷിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കും. എന്തിനേറെ മുഖത്തെ ചിരി എന്നെന്നേക്കുമായി മാഞ്ഞു കാണാനാണ് അവർ ആഗ്രഹിച്ചത്.

ഇത്തരം ടോർച്ചറുകൾ സഹിക്കാതെ വന്നപ്പോഴാണ് ഞാൻ എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് വന്നത്. അപ്പോൾ ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിൻ്റെ മാതാപിതാക്കളെ ഉപേക്ഷിച്ചവളായി ഞാൻ. ആ സമയത്തൊക്കെ ഞാൻ അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരുന്നു. മകൾക്കു വേണ്ടി ഏത് വിധേനയും ജീവിക്കണം എന്നാഗ്രഹിച്ച ഞാൻ പലപ്പോഴും ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. ഒടുവിൽ മാനസികമായ പിരിമുറുക്കം കൂടിയപ്പോൾ ഞാൻ സൈക്യാട്രിക് വിദഗ്ധന്റെ സഹായം തേടി. കൗൺസിലിംഗ് തെറാപ്പിയിലൂടെയാണ് പിന്നീട് എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായത്. എന്തിനാണ് ഭർത്താവ് മരിച്ച ഒരു സ്ത്രീയെ സമൂഹം ഇങ്ങനെ വേട്ടയാടുന്നത് എന്ന് ഇനിയും എനിക്ക് മനസിലാകുന്നില്ല,'' സീന പറയുന്നു. 

ഇത് ഒരു സീനയുടെ മാത്രം കഥയല്ല. ഇത്തരത്തിൽ നിരവധി സീനമാർ നമ്മുടെ സമൂഹത്തിൽ സാഹചര്യങ്ങളോട് പടവെട്ടിയും വിധേയപ്പെട്ടും ജീവിക്കുന്നുണ്ട്. സ്വന്തം ജീവിതം സുരക്ഷിതമായിരിക്കുന്ന അത്രയും കാലം വിധവകളായവരുടെ ജീവിതത്തിലേക്ക് സഹതാപത്തിന്റെ നോട്ടം എറിഞ്ഞുകൊണ്ട് എത്തിനോക്കുന്നവരുടെഎണ്ണം വളരെ കൂടുതലാണ്.  സെൻസസ് 2011 പ്രകാരം, കേരളത്തിൽ 20,10,984 വിവധവകളാണുള്ളത്. അതായത്, കേരളത്തിലെ മൊത്തം സ്ത്രീജനസംഖ്യയുടെ 11.56 ശതമാനവും വിധവകളാണ്.

പിതൃകേന്ദ്രീകൃത സമൂഹത്തിൽ, സ്ത്രീകൾ അവരുടെ പദവി ഭർത്താവിൽനിന്നാണ് നേടുന്നത്. ഭാര്യാപദവി നഷ്ടപ്പെടുന്നതോടെ അവൾ ഒന്നുമല്ലാതാകുന്നു.

മംഗളകർമങ്ങളിൽ നിന്നെല്ലാം അവർ മാറ്റി നിർത്തപ്പെടുന്നു. സ്വന്തം സഹോദരന്റെ വിവാഹത്തിൽ താലികെട്ടൽ ചടങ്ങിൽ നിന്നു തന്നെ മാറ്റി നിർത്തപ്പെട്ട അനുഭവമുള്ളവരും ഉണ്ട്. എന്നാൽ ഇത്തരം മാനസികമായ പീഡനങ്ങൾക്ക് പിന്നിലെ ശാസ്ത്രം എന്താണെന്നു ചോദിച്ചാൽ ഇതെല്ലാം നാട്ടുനടപ്പാണ് എന്ന ലാഘവത്തോടെയാണ് ആളുകൾ കാണുന്നത്.

സഹതാപം വേണ്ട സ്വാതന്ത്ര്യം തടയാഞ്ഞാൽ മതി

വനിതാ ശിശുവികസനവകുപ്പ് ഐ.സി.ഡി.എസിലൂടെ സമാഹരിച്ച ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് കേരളത്തിൽ 17,43,247 വിധവകളാണുള്ളത്. ഇതിൽ 18-60 പ്രായപരിധിയിലുള്ളവർ 6,59,237 ആണ്. 6,12,867 പേർ 60-70 പ്രായത്തിലും 4,71,143 പേർ 70-ന് മുകളിൽ പ്രായമുള്ളവരുമാണ്. അതേസമയം, കുടുംബശ്രീ,സ്നേഹിത, കോളിങ് ബെൽ പദ്ധതിയുടെ ഭാഗമായി ജില്ലകളിൽനിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് മറ്റ് പിന്തുണകളൊന്നുമില്ലാത്ത 18,399 വിധവകളാണ് കേരളത്തിലുള്ളത്.  ദേശീയതലത്തിൽ 121 കോടി വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ 4.6 ശതമാനം വിധവകളാണ് (5.6 കോടി). 2001 സെൻസസിൽ 18.5 ലക്ഷം (0.7 ശതമാനം) ഉണ്ടായിരുന്നതിൽനിന്നാണ് ഈ വർധന. ഈ കണക്കുകൾ എല്ലാം വ്യക്തമാക്കുന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല വിധവകൾ നേരിടുന്ന പ്രശ്നങ്ങൾ എന്നത് തന്നെയാണ്. സാമ്പത്തികമായി സ്വതന്ത്രരാകുക എന്നതാണ് ഇത്തരം മാനസിക പീഡനങ്ങളിൽ നിന്നും രക്ഷ നേടാനുള്ള എളുപ്പ വഴി. എന്നാൽ ഭർത്താവിന്റെ മരണശേഷം സ്ത്രീയുടെ സ്വഭാവസംരക്ഷണം ബന്ധുക്കളും നാട്ടുകാരും തങ്ങളുടെ ചുമതലയായി സ്വീകരിക്കുന്നതോടെ അതും നടക്കാതെ വരുന്നു. കാലാകാലത്തോളം മറ്റുള്ളവരുടെ തണലിലാണ് ജീവിതമെങ്കിൽ തന്റെ മനസിലൂടെ കടന്നു പോകുന്ന ചിന്തകൾ പങ്കുവയ്ക്കുവാൻ പോലും സാധിക്കാതെ ദുരിതത്തിലാകുകയും ചെയ്യുന്നു.

ഭർത്താവ് മരണപ്പെട്ട മകളുടെ ജീവിതം ഭർത്താവിന്റെ വീട്ടുകാരുടെ താല്പര്യം അനുസരിച്ചാകണം എന്ന് അനുശാസിക്കുന്ന മാതാപിതാക്കളും കുറവല്ല. സമൂഹത്തിന്റെ ഉള്ളിൽ മറഞ്ഞിരിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് വിധവകളുടെ മുന്നോട്ടുള്ള ജീവിതത്തെ സംബന്ധിച്ച് അവർ പുറത്തെടുക്കുന്നത്. മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുക. എന്നിട്ട് അതിനെ 'ശ്രദ്ധ' എന്ന ഓമനപ്പേരിൽ വിളിക്കുക. അതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിധവയായ ഒരു സ്ത്രീ പ്രതികരിച്ചാൽ പ്രത്യാഘാതങ്ങൾ പല വഴികളിലൂടെയും എത്തും. വിവിധതരത്തിലുള്ള സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മാനസിക, വൈകാരിക, ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഈ സ്ത്രീകൾ. അല്പം കരുതലും സ്നേഹവും അംഗീകാരവുമാണ് അവർക്കുവേണ്ടതെന്ന് സമൂഹം പലപ്പോഴും മറക്കുന്നു.

തൊഴിലിടം പോലും ഭാരമാകുമ്പോൾ

നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ വേട്ടയാടലുകൾ. തൊഴിലിടങ്ങളിലും ഇത്തരം സാഹചര്യ ചൂഷണങ്ങൾ നിലനിൽക്കുന്നു. വിധവയായ ഒരു സ്ത്രീയെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യാൻ താല്പര്യപ്പെട്ടു നടക്കുന്ന ഒരു വിഭാഗത്തെ തൊഴിലിടങ്ങളിലും കാണാനാകും. തുടക്കത്തിൽ ആൺതുണയില്ലാത്തവൾക്ക് തന്നാൽ കഴിയുന്ന സഹായം എന്ന നിലക്ക് തുടങ്ങുന്ന സേവനങ്ങൾ പിന്നീട് കടപ്പാടിലേക്ക് എത്തിക്കുന്നതിൽ ഇത്തരക്കാർ വിദഗ്ധരാണ്. രണ്ടാം വിവാഹത്തിനൊരുങ്ങിയ വിധവയുടെ അവസ്ഥയും വിഭിന്നമല്ല. 'ഓ എന്നാലും അവൾ ഇത്ര പെട്ടന്ന് അവനെ മറന്നു കളഞ്ഞല്ലോ ' എന്ന നിലയിലാണ് പലരും കാര്യങ്ങളെ കാണുന്നത്. സത്യത്തിൽ ഇതിനാണ് ഇത്തരത്തിലുള്ള ഇമോഷണൽ ബ്ലാക്ക് മെയിലിംഗുകൾ. പങ്കാളി നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകി അവരെ അവരായി ജീവിക്കാൻ അനുവദിക്കുവാൻ എന്നാണ് നമ്മുടെ സമൂഹം പഠിക്കുന്നത് ?

ശാരീരികമായും മാനസികവും പിന്തുണ വേണ്ട സമയം

എന്നെങ്കിലും എപ്പോഴെങ്കിലും വിധവകളുടെ മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിക്കണം. തന്റെ ജീവിതത്തിന്റെ ഏറ്റവും നിർണായക ഘടകമായിരുന്ന ഒരു വ്യക്തിയെയാണ് അവർക്ക് ഒരു സുപ്രഭാതത്തിൽ തീർത്തും അവിചാരിതമായി നഷ്ടമായിരിക്കുന്നത്. ഈ ഒരു അവസ്ഥയിൽ മുന്നോട്ടുള്ള ജീവിതമെന്നാൽ അവർക്ക് ശൂന്യതയാണ്. മാനസികമായി മാത്രമല്ല, ശാരീരികമായും ഏറെ തകർന്ന അവസ്ഥയിലായിരിക്കും അവർ. ഈ അവസ്ഥ ചിലർക്ക് മാസങ്ങളോളവും വർഷങ്ങളോളവും നീണ്ടു നിന്നേക്കാം. കടുത്ത മാനസിക പിരിമുറുക്കത്തിലേക്ക് എത്തുന്നതിനു മുൻപായി ഇവരെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുകയാണ് അനിവാര്യം.

ഭർത്താവിന്റെ മരണശേഷം ആദ്യത്തെ അഞ്ചുവർഷക്കാലം വലിയ മാനസിക പ്രശ്നങ്ങളിലൂടെയാണ് ഓരോ സ്ത്രീയും കടന്നു പോകുന്നത് എന്നാണ് സൈക്കോളജി വിദഗ്ദർ പറയുന്നത്.

അതിനാൽ തന്നെ പിന്തുണ ഏറ്റവും അനിവാര്യമായതും ഇക്കാലഘട്ടത്തിലാണ്. ഡിപ്രഷൻ, ലോൺലിനെസ്സ് തുടങ്ങിയ അവസ്ഥകൾ ഈ സമയത്ത് സാധാരണമാണ്. ഭാര്യമാർ മരിച്ച പുരുഷന്മാരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാറുണ്ട് എങ്കിലും അത് തരണം ചെയ്ത മുന്നോട്ട് പോകാൻ സമൂഹം അവർക്ക് സാഹചര്യം ഒരുക്കുന്നു. എന്നാൽ സ്ത്രീകളുടെ വിഷയത്തിൽ അതുണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് മാറ്റം വരേണ്ടത്.

അനിവാര്യമായ സന്ദർഭങ്ങളിൽ കൃത്യമായ മാനസിക ചികിത്സയും ലഭ്യമാക്കേണ്ടതാണ്. എന്നാൽ ഈ അവസ്ഥ വ്യക്തികളെയും സാഹചര്യങ്ങളെയും അനുസരിച്ച് വ്യത്യസ്തമായിരിക്കും. വളരെ ചെറിയ പ്രായത്തിൽ തന്നെ വിധവകളാണുന്ന സ്ത്രീകളെ സംബന്ധിച്ച് മാനസികമായ ചികിത്സ ആവശ്യമാകുന്നു അവസ്ഥകൾ സ്വാഭാവികമാണ്.

അടുത്തലക്കം : ഡിവോഴ്സും മാനസികമായ വെല്ലുവിളികളും