Dec 28, 2021 • 7M

ടോക്സിക് റിലേഷൻഷിപ്പിന്റെ ‘സ്നേഹമുഖം’

4
 
1.0×
0:00
-6:35
Open in playerListen on);
Episode details
Comments

ടൈറ്റിൽ കണ്ടിട്ട് ആരും തെറ്റിദ്ധരിക്കണ്ട!

ടോക്സിക് റിലേഷൻഷിപ്പിന്റെ വ്യത്യസ്തമായ ഒരു പാറ്റേണിലേക്ക് നമുക്കൊന്ന് നോക്കാം.

മുൻപ് പല ആർട്ടിക്കിളിലുകളിലായി നമ്മൾ ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്. എപ്പോഴാണ് ഒരു സ്നേഹബന്ധം ടോക്സിക് ആയി മാറുന്നതെന്നും, അതെങ്ങനെ തിരിച്ചറിയാമെന്നും, മറികടക്കേണ്ടതിന്റെ ആവശ്യകതയും രീതികളും ഒക്കെ അവിടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നമ്മൾ സാധാരണയായി തിരിച്ചറിയപ്പെടാതെ കുടുങ്ങിപ്പോകുന്ന ഒരു തരം ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ചും, പുറത്തുകടക്കാനുള്ള ശ്രമം പോലും നടത്താൻ കഴിയാത്ത വിധം കുരുങ്ങിപ്പോകുന്ന മാനസ്സിക നിലയിലേക്കുമാണ് നോട്ടമെറിയുന്നത്.

ഒരനുഭവം!

ഒരു പെൺകുട്ടി ഒരിക്കൽ സെഷന് വന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയുള്ള, ഉയർന്ന ശമ്പളമുള്ള, വളരെ കഴിവുകളുള്ള, മിടുക്കിയായ ഇരുപത്തിയാറു വയസ്സുള്ള ഒരു പെൺകുട്ടി.

“ഞാനൊരു റിലേഷൻഷിപ്പിലാണ് മാം. കോളേജിൽ പഠിക്കുമ്പോഴേ തുടങ്ങിയതാണ്. ഇപ്പോൾ ഏഴ് വർഷങ്ങൾ കഴിഞ്ഞു. ആളെ കുറിച്ച് പറഞ്ഞാൽ, ആള് വളരെ പാവമാണ്. ആർക്കും ആളെ കുറിച്ച് ഒരു മോശം അഭിപ്രായം ഇല്ല. എന്നോട് ഇതുവരെ ദേഷ്യപ്പെട്ടിട്ടുപോലുമില്ല. ഒത്തിരി സ്നേഹിക്കും. എപ്പോഴും സ്നേഹിക്കും. എല്ലാവരോടും സ്നേഹമാണ്! അച്ഛനും അമ്മയും ഒരു അനിയനുമുണ്ട് ആൾക്ക്.

എന്റെ വീട്ടിൽ ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. അച്ഛന് ആശാരിപ്പണിയായിരുന്നു പണ്ട്. കുറച്ച് വർഷം മുന്നെ അച്ഛൻ ഒരു ചെറിയ ഫർണിച്ചർ ഷോപ്പ് തുടങ്ങി. അമ്മ ടീച്ചർ ആണ്. അത് പറയുമ്പോൾ എനിക്ക് ഭയങ്കര അഭിമാനമാണ്. കാരണം അച്ഛൻ ആശാരിപ്പണി ചെയ്താണ് അമ്മയുടെ ഫീസൊക്കെ അടച്ച്, പഠിപ്പിച്ച് ടീച്ചർ ആക്കിയത്. സ്വന്തം വീട്ടിൽ പൈസ ഇല്ലാത്തത് കൊണ്ട് പഠനം നിർത്തിയ അമ്മയെ കല്യാണം കഴിഞ്ഞിട്ടാണ് അച്ഛൻ ബാക്കി എല്ലാ കോഴ്‌സും പഠിപ്പിച്ചത്. അനിയത്തി കാനഡയിൽ നേഴ്സ് ആണ്. എന്റെ വീട് എന്റെ ഫേവറൈറ്റ് ആണ്.

ഞങ്ങളുടെ കല്യാണത്തിന് രണ്ട് വീട്ടിലും സമ്മതമാണ്. പക്ഷെ എനിക്ക് ഇപ്പോൾ സന്തോഷിക്കാൻ കഴിയുന്നില്ല. സന്തോഷിക്കാൻ ഒന്നും ഇല്ലാത്തത് പോലെ... ചിലപ്പോൾ പ്രേമം ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നും.”

ഞാൻ വിശദമായി കാര്യങ്ങൾ അറിയാൻ ശ്രമിച്ചു. കൂടുതൽ കേട്ടപ്പോഴാണ് വ്യത്യസ്ത ഭാവങ്ങളിലുള്ള, ടോക്സിക് വശങ്ങളേറെയുള്ള ഒരു റിലേഷൻഷിപ്പിലാണ് ആ പെൺകുട്ടി തുടരുന്നതെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്.

അവൾ പറഞ്ഞതുപോലെ തന്നെ ബോയ്ഫ്രണ്ട് പെരുമാറ്റം കൊണ്ട് ‘സാധു’ എന്ന് പറയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്. പക്ഷെ അവർക്ക് രണ്ടാൾക്കുമിടയിലെയും, ആ കുട്ടിയുടെ ജീവിതത്തിലെയും, ഏകദേശം എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് ആ വ്യക്തിയാണ്.

അഭിപ്രായ സ്വാതന്ത്ര്യം പലപ്പോഴും അവൾക്ക് ലഭിച്ചിരുന്നില്ല. താൻ എല്ലായിപ്പോഴും പൂർണ്ണമായും നിയന്ത്രിക്കപ്പെടുകയാണെന്ന് ആ കുട്ടിയ്ക്ക് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. കാരണം ബോയ് ഫ്രണ്ടിന്റെ ഭാഗത്തുനിന്നും ദേഷ്യത്തിന്റെയോ അക്രമസ്വാഭാവത്തിന്റെയോ രീതി ഒരിക്കൽ പോലും ഉണ്ടായിട്ടില്ല.

ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങളും ഇഷ്ടപ്പെട്ട രീതിയിലുള്ള വസ്ത്രങ്ങളും ‘നിനക്ക് ഇത് ചേരുന്നില്ല’ എന്ന വാചകത്തിലൂടെ, സ്നേഹത്തിലൂടെയുള്ള പ്രസന്റേഷനിലൂടെ അയാൾ അവളിൽ നിന്നും മാറ്റി വച്ചു. അയാളുടെ ഇഷ്ടങ്ങളിൽ അവൾ മനോഹരിയാണെന്ന് വർണ്ണിച്ചു. ആദ്യമാദ്യം അവളതിലേറെ സന്തോഷിച്ചു. അവളിഷ്ടപ്പെട്ടിരുന്നവയെല്ലാം പൂർണ്ണമായും ഉപേക്ഷിച്ചു. എന്നാൽ സാവധാനം അവൾക്ക് വസ്ത്രധാരണത്തിലെ സന്തോഷം പൂർണ്ണമായും നഷ്ടമായി. പിൽക്കാലത്ത് പുതിയ വസ്ത്രങ്ങളിൽ എത്ര മനോഹരമെന്ന് അയാൾ വർണ്ണിക്കുമ്പോഴും ആ വാക്കുകളിൽ അവൾ നിർവികാരമായി മാത്രം ചിരിച്ചു.

അവളുടെ പ്രിയപ്പെട്ട എല്ലാ ഭക്ഷണങ്ങളെയും പൂർണ്ണമായും അയാൾ മാറ്റി നിർത്തി. നിന്റെ ആരോഗ്യമാണെനിക്ക് വലുത്, ഞാൻ ജീവനോടെ ഉള്ള കാലം മുഴുവൻ നീ കൂടെയുണ്ടാവണമെന്ന് പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.

ഏതെങ്കിലുമൊരു ഫംഗ്ഷനോ മറ്റോ അതിലേതെങ്കിലുമൊരു ഭക്ഷണം കഴിച്ചു പോയാൽ അയാൾ സങ്കടം പറയും. നിനക്ക് എന്നോട് സ്നേഹമില്ലാ എന്ന് പറഞ്ഞ് വിഷമിക്കും, നിശബ്ദനാകും. പിന്നെ കുറച്ച് സമയത്തിനു ശേഷം സാരമില്ല പോട്ടെ, ഇനി ചെയ്യരുത്ട്ടോ എന്ന് പറയും. എങ്കിലും ഒരിക്കലും അയാൾ ദേഷ്യപ്പെട്ടിട്ടേയില്ല എന്നവൾ ഓർത്തെടുത്ത് പറഞ്ഞു. അയാളുടെ സങ്കടം കാണാൻ സാധിക്കാതെ ഇഷ്ടപ്പെട്ടത് പലതും അവൾ കഴിക്കാതെയായി. മധുരങ്ങൾ, ഐസ്ക്രീം, ചോക്ലേറ്റ്, പൊരിച്ച മീനും ചിക്കനും, പൊറോട്ടയും പഫ്സും, പാനി പൂരിയും ഫലൂടയും അങ്ങനെ പലതും അവളുടെ ഇഷ്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായി.

എവിടെ പോകണമെങ്കിലും പോകാം. ഒരിക്കലും തടഞ്ഞിട്ടില്ല. പക്ഷെ കൊണ്ടുവിടുന്നത് അയാളായിരിക്കും. ചിലപ്പോഴൊക്കെ ഏറ്റവുമടുത്ത സുഹൃത്തുക്കളുടെ വിവാഹച്ചടങ്ങിന് സുഹൃത്തുക്കളുടെ കൂടെ പോകാൻ അതിയായി ആഗ്രഹിച്ചിട്ടുള്ളതിനെക്കുറിച്ച് അവൾ വിഷമിച്ചു. പക്ഷെ ഒരിക്കലും സാധിക്കാറില്ല. ആദ്യമൊക്കെ സന്തോഷമായിരുന്നു. പിന്നീടെപ്പോഴോ എവിടെയോ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നി. എല്ലായിപ്പോഴും കൂട്ടുകാരൊക്കെ അസൂയയോടെ നിന്റെ ഭാഗ്യം, ഇങ്ങനെയൊരു ബോയ്ഫ്രണ്ടിനെ കിട്ടിയില്ലേ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഈ ബന്ധത്തിൽ സന്തോഷിക്കാൻ കഴിയാത്തത് തന്റെ തെറ്റാണോയെന്ന് അവൾ സംശയിച്ചു.

ഫ്രണ്ട്സിന്റെയൊക്കെ ബ്രേക്കപ്പ്‌സിനെ കുറിച്ച് അവർക്കിടയിൽ എപ്പോഴെങ്കിലും സംസാരിച്ചാൽ അയാൾ അവളോട് പറയുമത്രേ, നിനക്ക് ഞാനും എനിക്ക് നീയുമില്ലാതെ ജീവിക്കാൻ പറ്റില്ല, അതയാൾക്ക് ഉറപ്പാണെന്ന്. പിന്നെ നീയെങ്ങാനും മാറിപ്പോയാൽ ഞാൻ ജീവനോടെ കാണില്ലാന്ന്.

മുന്നോട്ടിനിയെന്ത് എങ്ങനെയെന്ന് ഒട്ടും തന്നെ അറിയാത്ത അവസ്ഥയിലായിരുന്നു അവൾ. അവൾക്ക് അയാളെ ഏറെ ഇഷ്ടമായതുകൊണ്ടും, അയാൾ സൗമ്യ സ്വഭാവം നിലനിർത്തുന്ന വ്യക്തിയായത് കൊണ്ടും അയാളെ കൗൺസിലിംഗിന് വിധേയനാക്കാൻ റെക്കമെന്റ് ചെയ്തു. പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ!

തിരികെ വരാം!

ഇതാണ് നമ്മൾ ആദ്യം പറഞ്ഞ ടോക്സിക് റിലേഷൻഷിപ്പിന്റെ ‘സ്നേഹമുഖം’!

നമ്മളോട് ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വികാരങ്ങൾ നമ്മെ വേദനിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വേഗത്തിൽ തിരിച്ചറിവുകളുണ്ടാകുകയും ആ ബന്ധത്തിൽ നിന്നും പിൻതിരിയപ്പെടുകയും ചെയ്യും. ചിലർ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ കുടുങ്ങിപ്പോകാറുണ്ടെങ്കിലും, അപ്പോഴും അതൊരു വിഷലിപ്തമായ ബന്ധമാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നതാണ്.

എന്നാൽ നമ്മൾ സംസാരിച്ച വിഷയത്തിലേത് പോലെയുള്ള സാഹചര്യങ്ങളിൽ പലപ്പോഴും ഈ തിരിച്ചറിവുകൾ സംഭവിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. കാരണം അനാവശ്യമായ, വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്നവിധത്തിലുള്ള, അതിരുകൾ ഭേദിക്കപ്പെടുന്ന രീതിയിലുള്ള, പെരുമാറ്റങ്ങളും നിയന്ത്രണങ്ങളും സ്നേഹമെന്ന വികാരത്തിലും സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകളിലുമൊക്കെ പൊതിഞ്ഞും വർണ്ണിച്ചും ഓർമ്മപ്പെടുത്തിയുമൊക്കെയാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിൽ അവിടെ നിറഞ്ഞു നിൽക്കുന്ന ടോക്സിക് ഭാവങ്ങൾ പൊതുവെ പുറത്തറിയാതെ പോകുന്നു.

സ്നേഹബന്ധത്തിൽ ശ്രദ്ധിക്കേണ്ടത്

●      ഒരു സ്നേഹബന്ധത്തിലൂടെ നിങ്ങൾക്കുണ്ടാകുന്ന അനുഭവങ്ങൾ എന്തൊക്കെയാണ് ശ്രദ്ധിക്കുക.

●      നിങ്ങളുടെ സ്നേഹബന്ധത്തിൽ നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

●      നിങ്ങളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രാധാന്യമുണ്ടോ എന്ന് ശ്രദ്ധിക്കുക.

●      നിങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം ലഭിക്കാറുണ്ടോയെന്ന് ഉറപ്പു വരുത്തുക.

●      നിങ്ങളുടെ വികാരങ്ങൾക്ക് പ്രാധാന്യം ലഭിക്കാറുണ്ടോ എന്ന് ശ്രദ്ധിക്കുക.

●      നിങ്ങളുടെ ഉല്ലാസങ്ങൾക്കും സന്തോഷങ്ങൾക്കും അവസരം ലഭിക്കാറുണ്ടോ എന്ന് ശ്രദ്ധിക്കുക.

●      നിങ്ങളുടെ ഭാവിയിലേക്കുള്ള വഴി സുതാര്യമാണോ എന്ന് ശ്രദ്ധിക്കുക.

●      സ്നേഹത്തിന്റെ ഭാവത്തിലും അല്ലാതെയും നിങ്ങൾ വൈകാരികമായി കുടുക്കിലാക്കപ്പെടാറുണ്ടോ എന്ന് ശ്രദ്ധിക്കുക.

ഒന്നോർക്കുക. ശാരീരികമായ അബ്യൂസും, വെർബൽ അബ്യൂസും ഇല്ലായെന്ന കാരണം കൊണ്ട് നിങ്ങൾ കടന്നു പോകുന്ന ടോക്സിക് ആയ മറ്റ് വശങ്ങൾ തിരച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയേറെയാണ്.

അതുകൊണ്ട് തന്നെ നിങ്ങളുടെ സ്നേഹബന്ധത്തിൽ കംഫർട്ടബിൾ അല്ലാത്ത ഒരു വശം നിങ്ങൾ അനുഭവിക്കുന്നുവെങ്കിൽ സഹായത്തിനായി ഒരു പ്രൊഫഷനലിന്റെ സേവനം തേടാവുന്നതാണ്.

(NB: മുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അനുഭവം വ്യക്തിയുടെ കൺസന്റ് നേടിയും, ചില സാഹര്യങ്ങൾ വ്യത്യസ്തമായി എഴുതിച്ചേർത്തതുമാകുന്നു)