Nov 17, 2021 • 8M

വിശാലമായ ലോകത്തേക്കൊരു ചുവട് വെയ്പ്പ്: ആദ്യമായ് കലാലയത്തിലേക്ക്-I

Psy. Swargeeya D P
Comment
Share
 
1.0×
0:00
-8:08
Open in playerListen on);
Episode details
Comments

രണ്ടായിരത്തിയിരുപതിന്റെ ആരംഭ കാലത്ത് നോവൽ കൊറോണ വൈറസ് മൂലം പടർന്ന് പിടിച്ച കോവിഡ്-19 എന്ന മഹാമാരി ഇന്ന് രണ്ടായിരത്തിയിരുപത്തൊന്നിന്റെ അവസാന കാലങ്ങളിലേക്കടുക്കുമ്പോഴും കെട്ടടങ്ങിയിട്ടില്ല.

ലോകരാജ്യങ്ങളിൽ ഒന്നടങ്കം ജനജീവിതം സ്തംഭിച്ചുപോയ കാലങ്ങൾ!

അധികാരികളുൾപ്പെടുന്ന വലിയ സമൂഹം മുന്നോട്ടിനിയെന്ത്-എങ്ങനെ എന്ന് തീരുമാനമെടുക്കാനാകാതെ പകച്ചു നിന്ന ആദ്യ ഘട്ടം. പിന്നീട് നമ്മൾ വസ്തുതകളെ അംഗീകരിച്ച് സാവധാനം മറികടന്ന് തുടങ്ങിയ അടുത്ത ഘട്ടം. ഒടുവിൽ ശക്തമായ ‘കുത്തൊഴുക്കിന്’ ശേഷം എല്ലാം കഴിഞ്ഞുവെന്ന് സമാധാനിക്കുമ്പോഴേക്കും പൂർവ്വാധികം ശക്തിയോടെ മടങ്ങിവന്ന് ലോകമാകെ ഏറെ ജീവനുകൾ കവർന്നെടുത്ത രണ്ടാം തരംഗം!

എന്നാൽ ഇന്ന് പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ അല്ലെങ്കിൽ ആദ്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ പൂർണ്ണമായൊരു മോചനമുണ്ടായിട്ടില്ലായെങ്കിലും സ്ഥിതിയേറെ വ്യത്യസ്തമായിരിക്കുന്നു.

വൈദ്യശാസ്ത്രത്തിന്റെയും, മുൻകരുതലുകളുടെയും, സമൂഹം ഒന്നിച്ച് നടത്തിയ പൊതുപ്രവർത്തനങ്ങളുടെയുമൊക്കെ ഫലമായി ഓരോ നാടും അതിജീവനത്തിന്റെ പാതയിലേക്കെത്തിക്കഴിഞ്ഞു.

നമ്മുടെ നാട്ടിലാകട്ടെ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങൾക്ക് അയവു വരുത്തിക്കൊണ്ട് മാസ്കിനോടും സാനിറ്റൈസറിനോടും ഒപ്പമെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കഴിഞ്ഞുവെന്ന് തന്നെ പറയാം.

ഗവണ്മെന്റ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, ഗവണ്മെന്റ്-പ്രൈവറ്റ് ഗതാഗതമാർഗ്ഗങ്ങൾ, തീയറ്ററുകൾ എന്നിങ്ങനെ ഒട്ടനവധി സ്ഥാപനങ്ങളും സേവനങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.

ഇപ്പോഴിതാ ഘട്ടം-ഘട്ടമായി നടത്തിയ തുറന്നു പ്രവർത്തിക്കലിന്റെ അറ്റത്ത് വിദ്യാലയങ്ങളും കലാലയങ്ങളും ഒടുവിൽ ഇടം നേടിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ അവസാന കാലങ്ങളത്രയും ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഒതുങ്ങി നിന്ന്, നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കോളേജ് ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്ന കൗമാരപ്രായക്കാരിലേക്ക് നമ്മൾ നോട്ടമെറിയുന്നത്.

കൗമാരപ്രായത്തിന്റെ അവസാന ഘട്ടവും കലാലയ ജീവിതവും

ടീനേജ് അഥവാ അഡോളസെൻസ് എന്നോ കൗമാരപ്രായമെന്നോ ഒക്കെ വിളിക്കാവുന്ന, ഏകദേശം പതിനൊന്ന് വയസ്സോടെ ആരംഭിച്ച് പത്തൊൻപത് വയസ്സുവരെയുള്ള ഒൻപത് വർഷത്തിനുമേൽ നീണ്ട് നിൽക്കുന്ന മനോഹരമായ കാലഘട്ടത്തിന്റെ അവസാന കാലത്താണ് സ്കൂൾ വിദ്യാഭ്യാസം കടന്ന് കുട്ടികൾ കോളേജ് ജീവിതത്തിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടന്ന് കൗമാരം അതിന്റെ എല്ലാ ഭംഗിയോടെയും ആസ്വദിക്കുന്ന കലാലയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിനാണ് ഇവിടെ തുടക്കം കുറിയ്ക്കുന്നത്. പിന്നീട് ഏകദേശം രണ്ട് വർഷത്തിനപ്പുറം കടന്നു വരുന്ന യൗവ്വനത്തിന്റെ ആദ്യ പാദവും കൂടി ചേരുമ്പോൾ ജീവിതത്തിന്റെ ഏറ്റവും മനോഹരമായൊരേടായി കലാലയ ജീവിതം മാറുന്നു.

അതെ, കഴിഞ്ഞു പോയ കാലങ്ങളിലൊന്നും അനുഭവിച്ചിട്ടില്ലാത്ത വിശാലമായൊരു ലോകത്തിലേക്ക് അവർ ചുവട് വയ്ക്കുകയാണ്.

പ്രത്യേകിച്ചും കഴിഞ്ഞു പോയ ഒന്നര വർഷത്തെ ഓൺലൈൻ പഠനത്തിൽ ഒതുങ്ങിയ സ്കൂൾ കാലഘട്ടത്തിന് ശേഷം ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ കാലമെന്ന് പറയപ്പെടുന്ന കലാലയ ജീവിതത്തിലേക്കവർ കടക്കുകയാണ്. മുന്നോട്ടുള്ള നാളുകളിൽ അവരെ കാത്തിരിക്കുന്നതെന്തൊക്കെയാണെന്നും ചിലതൊക്കെ എങ്ങനെ മറികടക്കാമെന്നും നോക്കാം.

ഏറെയേറെ കാത്തുകാത്ത്!

സ്കൂളിൽ നിന്ന് കലാലയ ജീവിതത്തിലേക്ക് ചുവട് വയ്ക്കവെ പഠനത്തോടൊപ്പം കൗമാരത്തെ കാത്തിരിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ഒരുപക്ഷെ മുൻപ് കണ്ട ലോകത്തേക്കാൾ പതിൻമടങ്ങ് ഭംഗിയേറിയവ!

കഴിഞ്ഞ കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ

●      ആസ്വാദ്യകരമായ ക്ലാസ്സുകൾ.

●      കൂടുതൽ സ്വാതന്ത്ര്യം.

●      ഏറെ സൗഹൃദങ്ങൾ.

●      ഒട്ടേറെ ആകാംഷകൾ.

●      ഒട്ടേറെ ആകർഷണങ്ങൾ.

●      ഒരുപാട് അവസരങ്ങൾ.

●      വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ.

●      തിരക്കേറുന്ന ദിനങ്ങൾ.

●      സൗഹൃദം തുളുമ്പുന്ന യാത്രകൾ.

●      നൂറുനൂറ് സംശയങ്ങൾ.

●      എണ്ണമില്ലാത്തത്ര ചോദ്യങ്ങളും ഉത്തരങ്ങളും.

●      ഒട്ടേറെ മത്സരങ്ങൾ.

●      സമയം കവരുന്ന കലാകായിക പ്രവർത്തനങ്ങൾ.

●      തിരിച്ചറിഞ്ഞ് ചെയ്യുന്ന സേവനങ്ങൾ.

●      പ്രണയങ്ങൾ

അങ്ങനെ ഏറെയേറെ കൗതുകങ്ങൾ!

എന്നാൽ കൗതുകങ്ങൾക്കും സന്തോഷങ്ങൾക്കുമപ്പുറം മുന്നോട്ടുള്ള വളർച്ചയിൽ വിജയം നേടുന്നതിനായി നേരിടേണ്ടതും മറികടക്കേണ്ടതുമായ വസ്തുതകളും ഏറെയാണ്.

നേരിടാനിടയുള്ള ബുദ്ധിമുട്ടുകളും മറികടക്കാനുള്ള മാർഗ്ഗങ്ങളും

●      പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

സ്കൂൾ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ കലാലയ ജീവിതത്തിൽ കൂടുതലായി ലഭിക്കുന്ന സ്വാതന്ത്ര്യം പഠനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകാം. മടി, പഠനത്തിലുള്ള താൽപ്പര്യക്കുറവ്, പഠനവുമായി ബന്ധപ്പെട്ട ജോലികൾ അഥവാ ഉത്തരവാദിത്തങ്ങൾ നീട്ടിവയ്ക്കൽ (പ്രൊക്രാസ്റ്റിനേഷൻ), മുതലായ പ്രശ്നങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. സ്കൂൾ കാലഘട്ടങ്ങളിൽ അതീവ ഉത്തരവാദിത്തത്തോടെ കൃത്യ സമയത്ത് മുഴുവനാക്കി സബ്‌മിറ്റ് ചെയ്തിരുന്ന ‘അസൈൻമെന്റുകൾ, സെമിനാറുകൾ, ഹോം വർക്കുകൾ’ പോലെയുള്ള ഡ്യൂട്ടികളിലേക്കൊന്നും തീരെ ശ്രദ്ധയെത്താത്ത വിധം കാര്യങ്ങൾ മാറിയെന്ന് വരാം.

എങ്ങനെ മറികടക്കാം?

പഠനേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പ്രായത്തിന്റെതായ സന്തോഷങ്ങൾ കണ്ടെത്തുമ്പോഴും പഠനത്തിന്റെ പ്രാധാന്യം മറക്കാതിരിക്കുക. നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നതിൽ കോളേജ് ജീവിതം അല്ലെങ്കിൽ വിദ്യാഭ്യാസജീവിതം വിജയകരമായി മറികടക്കുന്നതിന്റെ പങ്ക് ഏറെയാണെന്നത് മനസ്സിലാക്കുക. പഠനത്തിനായി സമയം കണ്ടെത്തുക. ആസ്വദിച്ചു പഠിക്കാൻ ശ്രമിക്കുക. ആസ്വദിച്ചു പഠിക്കുന്തോറും പഠനം അനായാസമാകുന്നതാണ്. ഉത്തരവാദിത്തങ്ങൾ യഥാ സമയത്ത് തന്നെ ചെയ്ത് തീർക്കുക. വിജയം നേടുക. നേട്ടങ്ങളിൽ സന്തോഷിക്കുക.

●      ടൈം മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഥവാ സമയം കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യം.

ഒരു ക്ലാസ്സിൽ ഒരു വർഷം മാത്രം പഠിച്ച് അടുത്ത ക്ലാസ്സിലേക്ക് വിജയിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു കോഴ്സ് മൂന്നോ നാലോ വർഷം കൊണ്ട് മാത്രം പഠിച്ചു തീർക്കുന്ന രീതിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണ് ഗ്രാജുവേഷൻ അഥവാ ഡിഗ്രി/ബിരുദ കോഴ്‌സുകളുടെ പ്രത്യേകത.

പഠനവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ, പഠനത്തിന്റെ രീതി, പഠിക്കുവാനുള്ള മീറ്റിരിയലുകളുടെ കൂടിയ അളവ് എന്നിവയും, കലാകായിക പ്രവർത്തനങ്ങളുടെയും മറ്റ് പഠനേതരപ്രവർത്തനങ്ങളുടെയും ഇടപെടലുകളും, ജീവിത രീതിയിലെ മാറ്റങ്ങളുമൊക്കെ ചേർന്ന് ഒരു ദിവസത്തെ സമയം കൃത്യമായി മാനേജ് ചെയ്ത് ഉപകാരപ്രദമായ രീതിയിലും, ഫലപ്രദമായ രീതിയിലും പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. ഒരുപക്ഷെ ഈ കാര്യത്തിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും വരാം.

എങ്ങനെ മറികടക്കാം?

സമയം നമ്മുടെ വിജയങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന വസ്തുതയാണ്. മുന്നിലുള്ള സമയം കൃത്യമായി പ്രയോജനപ്പെടുത്തുന്നത് പഠനത്തിലും, പഠനേതരപ്രവർത്തനങ്ങളിലും, ജീവിതത്തിലും കൂടുതൽ വിജയങ്ങൾ നേടാൻ സഹായിക്കും. കൃത്യമായി സമയം ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പ്ലാനിങ്ങോടെ തയ്യാറാക്കിയ ടൈം ടേബിളിന്റെ സഹായം തേടവുന്നതാണ്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെയും മുന്നിലുള്ള സമയത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ടൈം ടേബിൾ തയ്യാറാക്കാം. ടൈം ടേബിൾ തയ്യാറാക്കുകയെന്നാൽ പഠനം മാത്രം ഉൾക്കൊള്ളിക്കുക എന്നതാണെന്ന് തെറ്റിദ്ധരിക്കണ്ട. നിങ്ങൾക്ക് ചെയ്യാനുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി സമയം നിശ്ചയിക്കാം. തന്മൂലം ടൈം മാനേജ്മെന്റ് കുറച്ചധികം എളുപ്പമുള്ള കാര്യമാകും. ടൈം മാനേജ്മെന്റ് ഇവിടെ മാത്രമല്ല ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും സുഗമമായി മുന്നോട്ട് പോകുന്നതിന് വഴിയൊരുക്കുന്ന കാര്യമാണെന്നോർക്കുക.

●      വൈകാരികമായി ബാധിക്കുന്ന പ്രശ്നങ്ങൾ/മാനസ്സിക സന്തോഷത്തെയും മാനസികരോഗ്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയുടെ കടന്നുകയറ്റം.

ഹോർമോൺ ഉൽപ്പാദനങ്ങളും ഹോർമോൺ വ്യതിയാനങ്ങളും സംഭവിക്കുന്ന കാലമാണ്. ഒപ്പം നിങ്ങളെ തേടിയെത്തുന്ന അവസരങ്ങളും സാധ്യതകളും ഒട്ടുമിക്ക എല്ലാ തലങ്ങളിലും കുത്തനെ ഉയരുകയും ചെയ്യുന്നു. കൃത്യമായോ പ്രതീക്ഷയ്ക്കൊത്തോ ഉയരാൻ കഴിയാതെ വരുമ്പോൾ അതിയായ ദുഖവും നിരാശയും ഉണ്ടായേക്കാം. അതുകൊണ്ടൊക്കെതന്നെ മേൽപ്പറഞ്ഞ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ്, ആൻക്സൈറ്റി, ഡിപ്രസ്സീവ് മൂഡ്, ഡിപ്പ്രഷൻ മുതലായ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ഏറെയാണ്.

എങ്ങനെ മറികടക്കാം?

നിങ്ങളെ മാനസികമായി തളർത്തുന്ന പ്രശ്നങ്ങൾ ആദ്യ ഘട്ടങ്ങളിൽ തന്നെ തിരിച്ചറിയുക. മറികടക്കാനായി അടുത്ത സുഹൃത്തുക്കളുടെയോ, മാതാപിതാക്കളുടെയോ, ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മറ്റ് വ്യക്തികളുടെയോ സഹായത്തോടെ പരിഹരിക്കാൻ കഴിയുന്നവ അങ്ങനെ പരിഹരിക്കുക. ഒപ്പം അടുത്ത ഘട്ടത്തിലേക്ക് കടന്ന പ്രശ്നങ്ങളും മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും മറികടക്കാൻ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാൻ ശ്രമിക്കുക.

കലാലയജീവിത്തിലേക്ക് ചുവട് വയ്ക്കുന്ന നിങ്ങളെ കാത്ത് ഇനിയുമേറെ കാര്യങ്ങളും പരിഹാര മാർഗ്ഗങ്ങളും പിന്നാലെ വരുന്നതാണ്. കാത്തിരിക്കുക.