Oct 25, 2021 • 7M

അകാരണമായ മരണഭയം പിടിമുറുക്കുമ്പോൾ

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-7:07
Open in playerListen on);
Episode details
Comments

വർഷങ്ങൾക്കു മുൻപ് വിദേശത്തു നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയിലായിരുന്നു രാജീവൻ. കൂടെ ഭാര്യയും ചെറിയ കുട്ടികളുമുണ്ടായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് സാങ്കേതിക തകരാർ മൂലം വിമാനത്തിനകത്ത് വലിയ കുലുക്കവും പുകയും അനുഭവപ്പെട്ടത്. പിന്നീട് പൈലറ്റിന്റെ മികവിൽ വിമാനം അപകടമൊന്നും കൂടാതെ ലാൻഡ് ചെയ്തു. പക്ഷെ ആ അപകട നിമിഷം രാജീവിന്റെ മനസ്സിലുണ്ടാക്കിയത് വലിയ ഷോക്കായിരുന്നു. വിമാനത്തിനുള്ളിലെ അപ്രതീക്ഷിത സാഹചര്യം, വിമാനം തീപിടിച്ച് കുടുംബത്തോടൊപ്പം താനും മരിക്കാൻ പോവുകയാണെന്ന ഭയമാണ് രാജീവനിലുണർത്തിയത്. പിന്നീട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ഭയം അകാരണമായി ഇടയ്ക്കിടെ രാജീവന്റെ മനസ്സിനെ ദുർബലപ്പെടുത്തുന്നു. അപ്രതീക്ഷിതമായി തനിക്ക് മരണം സംഭവിക്കുമോ? മരിച്ചാൽ പിന്നെ തന്റെ ഭാര്യയുടെയും മക്കളുടെയും സ്ഥിതിയെന്താകും? എന്നു തുടങ്ങിയ ചിന്തകൾ വലിഞ്ഞു മുറുകിയതോടെ രാജീവന്റെ ദൈനംദിന ജീവിതത്തെത്തന്നെ അത് ബാധിച്ചു തുടങ്ങി. അങ്ങനെയാണ് രാജീവൻ ഒരു സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുന്നത്. മരണത്തെക്കുറിച്ച് അമിത ഭയമുള്ള 'തനാറ്റോഫോബിയ' എന്ന മാനസിക പ്രശ്നമാണ് രാജീവന്.

മരണത്തെ ആളുകൾ ഭയക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠ അമിതമാകുമ്പോഴാണ് അത് പ്രശ്നമാകുന്നത്.

കോവിഡ് കാലഘട്ടത്തിൽ പലരിലും തനാറ്റോഫോബിയ കണ്ടെത്തിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. മരണത്തേയും മരണവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളെയുമുള്ള ഭയമാണ് നെക്രോഫോബിയ. അതിൽ നിന്ന് വ്യത്യസ്തമാണ് തനാറ്റോഫോബിയ.

കാരണങ്ങൾ

കഴിഞ്ഞകാല ജീവിതത്തിലെ ഭീതിയുളവാക്കിയ ഏതെങ്കിലും സംഭവങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ, ജനിതക കാരണങ്ങൾ, ദീർഘകാലമായനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം എന്നിവ തനാറ്റോഫോബിയ എന്ന ഉത്കണ്ഠാരോഗത്തിലേക്ക് നയിക്കാം.

തനിക്ക് ഏതെങ്കിലും മാരക രോഗമാണോയെന്ന് നിസാര ലക്ഷണങ്ങളിൽ പോലും അമിതമായി ഉത്കണ്ഠപ്പെടുന്ന ഇൽനെസ് ആങ്സൈറ്റി ഡിസോഡർ, ഏതെങ്കിലും ദുരന്തത്തെ നേരിട്ടവരിൽ കാണപ്പെടുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ, പാനിക് ഡിസോഡർ തുടങ്ങിയ മറ്റ് വിഷാദ, ഉത്കണ്ഠാ രോഗങ്ങളുള്ളവരിലും മരണഭയം കാണാറുണ്ട്. അസുഖത്തേക്കുറിച്ചുള്ള ഉത്കണ്ഠാരോഗത്തേ മുൻപ് ഹൈപ്പോകോൺഡ്രിയാസിസ് എന്നാണ് വിളിച്ചിരുന്നത്.

ലക്ഷണങ്ങൾ

മരണഭയം അഥവാ തനാറ്റോഫോബിയ ഉള്ളവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ :

• അമിതമായ ഉത്കണ്ഠ

• ക്രമം തെറ്റിയുള്ള നെഞ്ചിടിപ്പ്

• അമിതമായി വിയർക്കൽ

• വയറുവേദന

• ഛർദ്ദി

• ക്ഷീണം

• ശ്വാസതടസ്സം

• തലവേദന

• ഉറക്കമില്ലായ്മ

ഗുരുതരമായ അവസ്ഥയിൽ ചില വൈകാരിക ലക്ഷണങ്ങളും അമിത മരണഭയമുള്ളവർ പ്രകടിപ്പിക്കാറുണ്ട് :

1. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒഴിവാക്കൽ.

2. ദൈനംദിന ജീവിതത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ള ദേഷ്യം, ദുഃഖം, കുറ്റബോധം, തുടർച്ചയായ ആകുലത എന്നിവ.

3. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഒഴിവാക്കൽ.

4. മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അതികഠിനമായ ഉത്കണ്ഠ.

 പല തരത്തിലുള്ള മരണഭയം കാണപ്പെടാറുണ്ട്. തങ്ങളുടെ മാതാപിതാക്കളോ പ്രിയപ്പെട്ടവരോ അപകടം മൂലമോ, രോഗം മൂലമോ തങ്ങളിൽ നിന്ന് വേർപിരിയുമോ എന്നുള്ള ചിന്തയാണ് സെപ്പറേഷൻ ആങ്സൈറ്റി ഡിസോഡർ. കുട്ടികളിലാണ് സാധാരണ ഇത് കാണപ്പെടുന്നത്. തനാറ്റോഫോബിയ ഉള്ളവർ ഗ്യാസ് സ്റ്റൗ, ഇലക്ട്രിക് സ്വിച്ച്, ഡോർ ലോക്ക് എന്നിവ പല തവണ പരിശോധിക്കുന്നു. ഇതുവഴി മരണം കടന്നുവരുമോയെന്ന പേടിയാണ് കാരണം. ഗുരുതരമായ രോഗം പടരുമോ എന്ന് പേടിച്ച് പലതവണ കൈകഴുകുന്നു. ഒബ്സസീവ് കംപൾസീവ് ഡിസോഡർ ഉള്ളവരും ഇങ്ങനെ ചെയ്യാറുണ്ട്.

ഹൃദയ സംബന്ധമായ ചെറിയ പ്രശ്നങ്ങളാണെങ്കിൽക്കൂടി, ഹൃദയാഘാതം വരുമോയെന്ന് പേടിച്ച് പല തവണ ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതും മരണഭയമുള്ളവരിൽ കാണപ്പെടുന്നു.

എങ്ങനെ തിരിച്ചറിയാം

ആറു മാസത്തിലധികമായി മരണഭയം നിലനിൽക്കുന്നുവെങ്കിൽ തനാറ്റോഫോബിയ ആകാൻ സാധ്യതയുണ്ട്.

പരിഹാരം

• സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുക.

• ഉയർന്ന ആത്മാഭിമാനവും നല്ല രീതിയിൽ ആരോഗ്യം പരിപാലിക്കുകയും ചെയ്യുക.

 ചികിത്സ

തനാറ്റോഫോബിയ ഉണ്ടെന്ന് സംശയമുള്ളവർ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം. പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചുമുള്ള ഉത്കണ്ഠ കൂടുതലുള്ളത് സ്ത്രീകളിലാണെന്ന് 2012ലെ ഒരു പഠനത്തിൽ പറയുന്നു.

പലപ്പോഴും വ്യക്തിയുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും ആഗ്രഹിച്ചായിരിക്കും സൈക്കോതെറാപ്പിസ്റ്റ് ചികിൽസ നിശ്ചയിക്കുന്നത്.

ഒരു വ്യക്തിയുടെ ഭയത്തിലേക്കുള്ള ചിന്തയെ വഴിതിരിച്ചു വിടാൻ പരിശീലിപ്പിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി മരണഭയം കുറയ്ക്കാൻ സഹായകരമാണ്. മരണത്തെക്കുറിച്ചുള്ള സംഭാഷണമോ ചിന്തയോ ഉണ്ടാവുമ്പോൾ മനസ്സിനെ ശാന്തമാക്കാനും ഭയം കുറയ്ക്കാനും ടോക്കിംങ് തെറാപ്പി വഴി സാധിക്കുന്നു.

മരണഭയമുള്ള വ്യക്തിയെ, ആ ഭയത്തിൽ നിന്ന് ഓടിയകലാൻ പ്രേരിപ്പിക്കാതെ, ആ ഭയത്തെ നേരിട്ടു കൊണ്ട് പടിപടിയായി ഭയം കുറയ്ക്കുന്ന എക്സ്പോഷർ തെറാപ്പിയും ഏറെ ഫലപ്രദമാണ്. ശാന്തവും സുരക്ഷിതവുമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നു കൊണ്ട്, ഭയമുളവാക്കുന്ന ചിന്ത, വസ്തുക്കൾ, എന്നിവയെ നേരിടാൻ പരിശീലിപ്പിച്ച് പടിപടിയായി ഉത്കണ്ഠ കുറയ്ക്കുകയാണിവിടെ ചെയ്യുന്നത്.

റിലാക്സേഷൻ ടെക്നിക്കുകൾ, വ്യായാമം, മെഡിറ്റേഷൻ, പോഷകാഹാരം, ശരിയായ രീതിയിലുള്ള ഉറക്കം, മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങളുടെ നിയന്ത്രണം എന്നിവയും തെറാപ്പിയുടെ ഭാഗമായി നിർദേശിക്കുന്നു. ടെൻഷനും മറ്റും നിയന്ത്രിക്കുന്നതിനായി ബ്രീത്തിങ് എക്സർസൈസ് നൽകാറുണ്ട്. ഏതെങ്കിലും ഒരു വസ്തുവിൽ, പോസിറ്റീവായ ചിത്രത്തിൽ ദൃഷ്ടിയൂന്നിക്കൊണ്ട്, ശ്രദ്ധ അതിലേക്ക് മാത്രമാക്കുന്നതും ചിന്തകളെ നിയന്ത്രിക്കാൻ സഹായകരമാണ്.

ഭയക്കുന്നതിനെ ശാന്തമായും തുറന്ന മനസ്സോടെയും നേരിടുന്നതിന് ബ്രിട്ടനും അമേരിക്കയുമുൾപ്പെടെയുള്ള രാജ്യങ്ങളിൽ, 'ഡെത്ത് കഫേകൾ' ആരംഭിച്ചിട്ടുണ്ട്. മരണഭയമുള്ളവർ ഇവിടെ ഒരുമിച്ചു കൂടി കാപ്പിയും നുകർന്നു കൊണ്ട് ഉള്ളിലുള്ള ആശങ്കകകളും ചിന്തകളും പരസ്പരം തുറന്നു സംസാരിക്കുന്നതാണ് ഇവിടുത്തെ രീതി. ഉള്ളിലുള്ള ഭാരം കുറയ്ക്കാൻ ഈ തുറന്ന സംസാരം സഹായിക്കുന്നു. 2013 ൽ സാൻഡിയാഗോയിൽ കാരൻ വാൻ ഡൈക്ക് ആണ് ആദ്യത്തെ 'ഡെത്ത് കഫെ' തുറന്നത്. വളരെ ഫലപ്രദമായ മാറ്റമാണ് ആളുകളിൽ 'ഡെത്ത് കഫെ' സൃഷ്ടിച്ചത്. ഗുരുതരമായ രോഗം ബാധിച്ചവർ, പ്രിയപ്പെട്ടവരുടെ മരണം നേരിൽ കണ്ടവർ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി ഉള്ളിലുള്ള ആശങ്കകൾ തുറന്നു സംസാരിക്കുകയും ഇടയ്ക്ക് തമാശ പറയുകയും എല്ലാം ചെയ്യുന്നത് അവരുടെ ഭയം കുറയ്ക്കുന്നു. ജർമ്മനി പോലുള്ള രാജ്യങ്ങളിൽ സെമിത്തേരികൾ പോലും ഡിസൈൻ ചെയ്തിരിക്കുന്നത് വലിയൊരു പൂന്തോട്ടം പോലെയാണ്. ഹൊറർ സിനിമകളിലെ പേടിപ്പിക്കുന്ന നിശ്ശബ്ദതയുള്ള, കുരിശുകളാൽ നിറഞ്ഞ ഭയാനകമായ അന്തരീക്ഷമല്ല അവിടെയുള്ളത്. മറിച്ച് രാത്രി വൈകിയും ആളുകൾ പാർക്കിലെന്ന പോലെ ചെന്നിരിക്കുന്ന മനോഹരമായ പ്രകാശവിന്യാസവും പച്ചപ്പും പൂക്കളുമുള്ള പോസിറ്റീവ് അന്തരീക്ഷമാണ്. ഇത് മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വസ്തുക്കളെക്കുറിച്ചുമുള്ള ഭയം കുറയ്ക്കാൻ ആളുകളെ സഹായിക്കുന്നു.