
അച്ഛൻ അറിയാൻ ഭാഗം - 21
കളിയാക്കലുകളെ കളിയായി കാണരുത്
സ്കൂളിലെ ഒരു സഹപാഠിയുടെ കാര്യം ഓർമ്മ വരുന്നു. അവന്റെ പേര് അന്നും ഇന്നും എനിക്ക് കൃത്യമായി ഓർമയില്ല. മറ്റുള്ള കുട്ടികളെക്കാൾ അല്പം കൂടി ശരീരപുഷ്ടി അവനുണ്ടായിരുന്നു. അതുകൊണ്ട്, ജാക്ക് ഫ്രൂട്ടിന്റെ മലയാളം വാക്കിനോട് ചില വിശേഷണങ്ങൾ ചേർത്ത് സൃഷ്ടിച്ച ഒരു പേരിലാണ് അവൻ അറിയപ്പെട്ടിരുന്നത്. കുട്ടികൾ തെല്ലു പരിഹാസത്തോടെ അവനെ അങ്ങനെ വിളിക്കുമ്പോൾ അവന്റെ മുഖത്തു ദൈന്യത നിറയുമായിരുന്നു. അതിന്റെ അർത്ഥം വളരെ വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്. പക്ഷേ അവന്റെ മിഴികളിൽ പൊടിഞ്ഞു വരുമായിരുന്നത് ഹൃദയരക്തം ആയിരുന്നു എന്ന് ആരും അന്ന് മനസ്സിലാക്കിയില്ല.
ബാല്യ കൗമാര കാലങ്ങളിൽ കുട്ടികൾ നേരിടുന്ന ഒരു സാധാരണ കാര്യമാണ്, കൂട്ടുകാരിൽ നിന്നോ മൂത്ത സഹോദരങ്ങളിൽ നിന്നോ ഒക്കെ ഉള്ള കളിയാക്കലുകൾ. തമാശയുടെ പരിധി വിടാതെ, സൗഹൃദത്തോടെ, പരസ്പരം കൊണ്ടും കൊടുത്തുമൊക്കെയുള്ള കളിയാക്കലുകൾ അപകടകരമല്ല. എന്നാൽ അത് പരിധി വിടുമ്പോൾ പ്രശ്നങ്ങൾക്ക് കാരണമാകാം. മിക്കപ്പോഴും കുട്ടിയുടെ ആകാരത്തിലെ ഒരു അസ്വാഭാവികതയോ, പെരുമാറ്റത്തിലെ വൈകല്യങ്ങളോ സാമൂഹികമായ അവസ്ഥയോ ഒക്കെയാവാം പരിഹാസത്തിനുള്ള വിഷയമായി തീരാറുള്ളത്. വണ്ണത്തിലോ നീളത്തിലോ ഉള്ള ഏറ്റക്കുറച്ചിലുകൾ, വിക്കു പോലുള്ള ശാരീരിക പരിമിതികൾ, ചർമത്തിന്റെ നിറത്തിലുള്ള വ്യത്യാസം, സാമ്പത്തിക പോരായ്മകൾ അങ്ങനെയങ്ങനെ എന്തും പരിഹാസ വിഷയങ്ങൾ ആകാറുണ്ട്. ആഴത്തിലുള്ള മാനസിക മുറിവുകൾ തന്മൂലം ഉണ്ടായെന്നു വരാം. കുട്ടികളുടെ വ്യക്തിത്വത്തിൽ തന്നെ കാതലായ അപചയം സംഭവിക്കാം. നിരന്തരം പരിഹാസ വിഷയമാകുന്നത് കൊണ്ട് അന്തർമുഖരായവരുണ്ട്. അപകർഷതാബോധത്തിന് വിധേയവരായവരുണ്ട്. വളർച്ച മുരടിച്ചു പോയവരുമുണ്ട്. അതുകൊണ്ട് ഈ പ്രശ്നത്തെ ലാഘവത്തോടെ കാണരുത്. അടിയന്തിരമായി നിയന്ത്രണവിധേയമാക്കേണ്ട കാര്യമാണിത്.
കുട്ടി പരിഹാസ വാക്കുകൾ പഠിക്കുന്നതെങ്ങനെ?
വളർച്ചയുടെയും വികാസത്തിന്റെയും കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാലയളവാണ് പ്രീ സ്കൂൾ കാലം. കുട്ടികൾ പുതിയ പുതിയ വാക്കുകൾ പഠിക്കുന്ന കാലം. അന്യരുമായി കൂടുതൽ ആശയവിനിമയം നടത്തുന്ന കാലം. ചില പദപ്രയോഗങ്ങൾക്കു ചില പ്രത്യേക അർഥങ്ങൾ ഉണ്ട് എന്ന് പ്രയോഗത്തിലൂടെ അവർ മനസ്സിലാക്കുന്നത് ഈ നാളുകളിലാണ്.
കൊള്ളിവാക്കുകളും പരിഹാസവുമൊക്കെ പതിവായി ഉയരുന്ന വീടുകളിൽ വളരുന്ന കുട്ടികൾ, ഇത്തരം പദങ്ങൾ പെട്ടെന്ന് അവരുടെ പദസഞ്ചയത്തിൽ ഉൾപ്പെടുത്തും. ദ്വയാർത്ഥ സംഭാഷണ ചതുരരും വായാടികളുമായ കഥാപാത്രങ്ങളുള്ള ടെലിവിഷൻ പരിപാടികൾ മാതാപിതാക്കൾ പതിവായി കാണുന്നുണ്ടെങ്കിൽ, T V യിലെ ഡയലോഗിൽ നിന്നും സമാനമായ വാക്കുകൾ കുട്ടികൾ സ്വായത്തമാക്കാൻ ഇടയാകും. വൈകാതെ അതൊക്കെ അവർ പരീക്ഷണാർത്ഥം ഉപയോഗിച്ച് തുടങ്ങും. പല കോമഡി പരിപാടികളും ഹാസ്യത്തിന്റെ തലത്തിൽ നിന്നും വളരെ താഴേക്ക് പോകുകയും സഭ്യമല്ലാത്ത ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ പിടിച്ചു നില്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിത്. അവ കുഞ്ഞുങ്ങളുടെ മനസ്സിൽ വിതക്കുന്ന കളയെ പറ്റി മാതാപിതാക്കൾ ബോധവാന്മാർ ആകേണ്ടതുണ്ട്.
മിക്കവാറും എല്ലാവരും തന്നെ കളിയാക്കലുകൾക്കു വിധേയരാകാറുണ്ട്. എന്നാൽ ചിലർ, ചില പ്രത്യേക കാരണങ്ങളാൽ കൂടുതൽ കേൾക്കേണ്ടി വരുമെന്ന് മാത്രം.
കൂട്ടുകാരിൽ നിന്നും ഇങ്ങനെ പരിഹാസങ്ങൾ കേൾക്കേണ്ടി വരുമ്പോൾ അതിനെ കൂസലില്ലാതെ നേരിടുന്ന അപൂർവം ചിലർ ഉണ്ട്. എന്നാൽ സാധാരണ കുഞ്ഞുങ്ങളാകട്ടെ, തളർന്നു പോകും. സ്കൂളിൽ പോകേണ്ട എന്ന് അവർ വാശി പിടിക്കും. നമ്മൾ നിർബ്ബന്ധിച്ചാൽ അവർ ചില കടുംകൈകൾ പ്രയോഗിച്ചെന്നും വരാം.
ഒളിച്ചോടുവാനല്ല, ഇത്തരം സാഹചര്യങ്ങളെ നേരിടുവാനാണ് നാം കുട്ടികളെ പഠിപ്പിക്കേണ്ടത്. അതിനെ തരണം ചെയ്യാനുള്ള ശേഷി പകർന്നു കൊടുക്കുകയാണ് വേണ്ടത്.
എന്താണ് കരണീയം?
1. അന്യർ പരിഹസിക്കുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ്, ചെയ്യാവുന്ന ഒന്നാമത്തെ കാര്യം. കൂട്ടുകാരോടുള്ള ഇടപാടുകളിലും പെരുമാറ്റത്തിലും മാന്യത പുലർത്തുന്നവർക്കു പരിഹാസ വാക്കുകൾ കേൾക്കുവാനുള്ള അവസരം പൊതുവെ കുറവായിരിക്കും.
2. പരിഹാസങ്ങൾ ഉണ്ടാകുമ്പോൾ അവയോടുള്ള വിയോജിപ്പ് പരസ്യമായി, അപ്പോൾ തന്നെ സൗമ്യമായി വെളിപ്പെടുത്തുന്നതാണ് മറ്റൊരു പ്രതികരണ രീതി. "അങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരം പരിഹാസങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, " എന്നിങ്ങനെ, വിയോജിപ്പ് തുറന്നു പറയണം. അല്ലാതെ അവ കേട്ട് കരഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടത്.
3. കളിയാക്കുമ്പോൾ അതിനെ തെല്ലു തമാശയോടെയും ലാഘവത്തോടെയും കണ്ട് പ്രതികരിക്കുന്ന ഒരു മാർഗമാണ് രാകേഷ് അവലംബിച്ചത്. അല്പം കറുത്ത നിറമായിരുന്നു രാകേഷിനു. "എടാ കാപ്പിരി, കറുമ്പാ.. " എന്നൊക്കെ സഹപാഠികൾ അവനെ വിളിച്ചു കളിയാക്കുമായിരുന്നു. നിറം കറുപ്പായതിൽ പക്ഷെ രാജേഷിനു ഒട്ടും പോരായ്മ തോന്നിയിരുന്നില്ല. അതുകൊണ്ട് വളരെ കൂളായിട്ടായിരുന്നു അവന്റെ പ്രതികരണം.
"കൊള്ളാം കൊള്ളാം, എനിക്കതിഷ്ടപ്പെട്ടു. എഡോ, കറപ്പിനു ഏഴഴകാഡോ. നിങ്ങൾക്കൊക്കെ ഒറ്റ അഴകേ ഉള്ളു. എനിക്ക് ഏഴ് അഴകാനുള്ളത്. എപ്പോഴും എന്നെ അങ്ങനെ തന്നെ വിളിക്കണേ.." കളിയാക്കിയവർ രാകേഷിൽ നിന്നും ഇത്തരം ലളിതവും ശക്തവുമായ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.
4. "നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്. സമ്മതിച്ചു തന്നിരിക്കുന്നു. മിടുക്കൻ" എന്നിങ്ങനെ തെല്ലു ലാഘവത്തോടെ പറഞ്ഞു, പരിഹാസിയെ ഒഴിവാക്കിയ ഒരാളിനെ എനിക്ക് പരിചയമുണ്ട്. പരിഹാസങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ട്, പരിഹസിക്കുന്നവരുടെ കൂട്ടത്തിൽ നിന്നും നിർഗമിക്കുന്ന ഉപായമാണിത്. ഇതൊന്നും തന്നെ ബാധിക്കുന്ന ഒരു കാര്യമല്ല എന്നൊരു സന്ദേശം ആണ് ഈ അവഗണനയിലൂടെ നൽകുന്നത്. ബൈബിളിലെ ആദ്യ സങ്കീർത്തനത്തിൽ തന്നെ നൽകുന്ന ഒരു ഉപദേശമുണ്ട്: "പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത്." അത് ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവരുടെ സംഘത്തിൽ നിലകൊണ്ടാൽ, നമ്മുടെ മനസ്സിലും നെഗറ്റീവ് ചിന്തകൾ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്.
കൂട്ടുകാർ ആവശ്യമാണ്. പക്ഷെ അനാവശ്യ കാര്യങ്ങളിലേക്ക് നമ്മെ നയിക്കുന്ന കൂട്ടുകാരെ ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം.മാത്രമല്ല, ഏതു വൈഷമ്യസാഹചര്യങ്ങളിലും ഒപ്പം നിൽക്കുന്ന ഒരു ഉത്തമ സ്നേഹിതനെ കണ്ടെത്തുകയും വേണം. കരടി പിടികൂടാൻ വന്നപ്പോൾ മാതേവനെ ഉപേക്ഷിച്ചു മരത്തിന്റെ മുകളിൽ അഭയം തേടിയ മല്ലനെ പോലെ അല്ലാത്ത ഒരു സ്നേഹിതൻ. കളിയാക്കലുകൾ സൃഷ്ടിക്കുന്ന മുറിവുകളിൽ ലേപനം പുരട്ടുന്ന സ്നേഹിതനാവണം അവൻ.
പരിഹാസങ്ങളെ പരാജയപ്പെടുത്തുവാനും അതിനോട് പ്രതികരിക്കുവാനും സഹായകമായ ഈ മാർഗങ്ങൾ വീട്ടിൽ തന്നെ പറഞ്ഞു കൊടുക്കേണ്ട പാഠങ്ങളാണ്.
ഇങ്ങനെയൊക്കെ ചെയ്തിട്ടും, പരിഹാസങ്ങളും കളിയാക്കലുകളും കുറയുന്നില്ലെങ്കിൽ, കുട്ടി തീർച്ചയായും മുതിർന്നവരുടെ സഹായം തേടണം.
സ്കൂളിലും സമൂഹത്തിലെ മറ്റിടങ്ങളിലും സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെല്ലാം തങ്ങളോട് പങ്കു വയ്ക്കാൻ മാതാപിതാക്കൾ കുട്ടികളെ പ്രേരിപ്പിക്കണം. പരിഹസിക്കപ്പെട്ടതു കുട്ടികൾ തുറന്നു പറയാൻ മടിക്കും. എന്നാൽ അവരുടെ ചില പെരുമാറ്റങ്ങളിൽ നിന്നും മാതാപിതാക്കൾക്ക് കുറെയൊക്കെ ഊഹിക്കുവാൻ കഴിയും. പതിവായി കുട്ടി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക, ഉറക്കം കുറയുക, ആഹാരം ഒഴിവാക്കുക, മറ്റുള്ളവരുടെ മുൻപിൽ നിന്ന് സ്വയം ഒഴിഞ്ഞു നിൽക്കുക എന്നിവയൊക്കെ കാണുമ്പോൾ ഒന്ന് ശ്രദ്ധിക്കണം. ഒരുപക്ഷെ സ്കൂളിൽ വച്ച് മകൻ പരിഹാസ്യനായ കാര്യം, മറ്റാരിൽ കൂടെയെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും. എങ്കിലും അവന്റെ ഭാഷ്യം പറയുവാൻ കുട്ടിയെ പ്രേരിപ്പിക്കണം. എന്താണ് സംഭവിച്ചതെന്ന് അവൻ പറയട്ടെ. നിങ്ങൾ മനസ്സിലാക്കിയതിൽ നിന്നും വ്യത്യസ്തമായിരിക്കും മകൻ പറയുന്നത്. അവന്റെ മനസ്സിൽ വീർപ്പുമുട്ടി നിന്ന പലതും പുറത്തേക്കു വരട്ടെ.
തങ്ങളോട് കാര്യം തുറന്നു പറയുമ്പോൾ കുട്ടിയെ അഭിനന്ദിക്കണം. ഈ പ്രശ്നം നേരിട്ട ലോകത്തിലെ ആദ്യ വ്യക്തിയല്ല അവൻ. അനേകർ ഇതിനു മുൻപ് ഇത്തരം പരിഹാസങ്ങൾക്കു വിധേയരായിട്ടുണ്ട് എന്നും കുട്ടിയോട് പറയുക. ഇതിൽ ലജ്ജ തോന്നേണ്ടതും അവനല്ല, അവനെ പരിഹസിച്ചവർക്കാണ് എന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. തങ്ങൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുമെന്ന് കുട്ടിക്ക് ഉറപ്പു നൽകുകയും ചെയ്യുക.
മകൻ പരിഹാസി ആയാൽ..
ഇനി നിങ്ങളുടെ കുട്ടിയാണ് മറ്റുള്ളവരെ ഇങ്ങനെ പരിഹസിക്കുന്നതെങ്കിലോ? ഗുരുതരമായ ഒരു പ്രശ്നമാണത്.
നിങ്ങളുടെ മകൻ മറ്റാരെയെങ്കിലും കളിയാക്കുന്നത് നിങ്ങൾ കണ്ടു എന്ന് വിചാരിക്കുക. അല്ലെങ്കിൽ ആരെങ്കിലും നിങ്ങളോടത് പറഞ്ഞു എന്ന് കരുതുക. എന്തായിരിക്കണം നിങ്ങളുടെ പ്രതികരണം?
"എന്റെ മകനോ ...? അവൻ അങ്ങനെയൊന്നും ചെയ്യുന്നവനല്ല" എന്ന് പറഞ്ഞു കുട്ടിയെ സംരക്ഷിക്കുവാനല്ല, യാഥാർഥ്യങ്ങളെ കണ്ണ് തുറന്നു അഭിമുഖീകരിക്കുവാനാണ് അച്ഛനും അമ്മയും തയ്യാറാകേണ്ടത്.
കൂട്ടികൾ പലപ്പോഴും മനപ്പൂർവമല്ല പരിഹാസികൾ ആവുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിണിതഫലങ്ങളെ പറ്റി അവർ ബോധവാന്മാർ ആകണമെന്നുമില്ല. ചില പ്രത്യേക സാഹചര്യങ്ങളായിരിക്കും കുട്ടിയെ അങ്ങനെ ആക്കുന്നത്.
അതുകൊണ്ട് സ്വന്തം വീട്ടിലെ കാര്യങ്ങൾ ഒന്ന് വിലയിരുത്തുകയാണ് അച്ഛൻ ആദ്യം ചെയ്യേണ്ടത്. നിങ്ങൾ എങ്ങനെയാണു മകനോട് ഇടപെടുന്നത്? അവനെ കളിയാക്കാറുണ്ടോ? ചെറിയ കുട്ടിയെ വീട്ടിലെ മൂത്ത കുട്ടിയോ ബന്ധുക്കളോ വല്ലാതെ പരിഹസിക്കുന്നുണ്ടോ? എന്ത് തരം ടി വി പരിപാടികളാണ് കുട്ടി കാണുന്നത്? ഇതൊക്കെ അച്ഛന്റെ നിരന്തര നിരീക്ഷണത്തിൽ ഉണ്ടാവണം. അച്ഛനും മകനും തമ്മിലുള്ള നിർദോഷമായ കളിയാക്കലുകൾ അപകടകരമല്ല. പക്ഷെ അത് പരിധി വിട്ടു പോകാൻ അച്ഛൻ അനുവദിക്കരുത്.
ഒരു കുട്ടി മറ്റൊരാളെ പരിഹസിക്കുന്നതിനു പല കാരണങ്ങൾ ഉണ്ടാവും. പ്രശ്നങ്ങളുടെ വേര് കണ്ടെത്തുവാൻ ആദ്യം ശ്രമിക്കുക.
കുട്ടികൾ തമ്മിലുള്ള അസൂയയാവാം ഒരു കാരണം. ഇനി, സഹോദരങ്ങൾ തമ്മിലാണ് പ്രശ്നം എങ്കിൽ, അവർ നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ വേണ്ടിയുള്ള തന്ത്രം പയറ്റുകയായിരിക്കാം. " മോനെ നീ എന്തിനാണ് ഇങ്ങനെ പറയുന്നത് , ഇങ്ങനെ പ്രവർത്തിക്കുന്നത് ?" എന്ന് കുട്ടിയോട് നേരിട്ട് ചോദിക്കുകയും ആവാം.
ഷിനുവിനെ മനഃശാസ്ത്രഞ്ജന്റെ അടുത്ത് കൊണ്ടുവന്നത് ആറാം വയസ്സിലാണ്. കുടുംബത്തിൽ ഒരു കുഞ്ഞനുജൻ പിറന്നപ്പോൾ, ഷിനു കുഞ്ഞിനെ കളിയാക്കാനും മറ്റാരും കാണാതെ ഉപദ്രവിക്കാനും തുടങ്ങി. എന്തായിരുന്നു കാരണം? കുടുംബത്തിൽ പുതിയൊരു ശിശു ജനിച്ചപ്പോൾ, എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് മാറി. അതേവരെ എല്ലാവരുടെയും ഓമന ആയിരുന്ന ഷിനുവിൽ നിന്ന് വീട്ടുകാരുടെ ശ്രദ്ധ മാറിയത് അവനു സഹിച്ചില്ല. ഷിനു വയലെന്റ് ആയി. നവജാത ശിശുവിനെ ഉപദ്രവിക്കാനും, സാധിക്കും വിധം കുഞ്ഞിനെ പരിഹസിക്കാനും തുടങ്ങി. ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഷിനുവിനെക്കൂടെ അവരുടെ ശ്രദ്ധയുടെ വലയത്തിലേക്ക് കൊണ്ട് വന്നപ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടു.
താൻ മറ്റുള്ളവരെക്കാൾ കേമനാണെന്നുള്ള ആധിപത്യ മനോഭാവമാവാം ഒരു കാരണം. വ്യത്യസ്തതയിലും വൈവിധ്യത്തിലുമുള്ള സൗന്ദര്യം മനസ്സിലാക്കാതെ പോകുന്നതാണ് ഇനിയുമൊരു കാരണം.
വീട്ടിൽ കാണുന്നതിന്റെ വികൃതാനുകരണവും ചിലതിനോടുള്ള പ്രതികരണവുമൊക്കെ കുട്ടിയെ പരിഹസിയാക്കിത്തീർക്കാം.
സൂര്യജിത്തിന്റെ കഥ കേൾക്കൂ. വിവാഹമോചനത്തിലേക്ക് നടന്നടുക്കുന്ന മാതാപിതാക്കളുടെ മകനായിരുന്നു സൂര്യജിത്. മാതാപിതാക്കളോടുള്ള വാശി അവൻ തീർത്തത് കൂട്ടുകാരുടെ അടുത്തായിരുന്നു. അവൻ തന്റെ കൂട്ടുകാരെ എല്ലാം ഉപദ്രവിക്കാനും, വീട്ടിൽ നിന്നും പഠിച്ച പദങ്ങൾ ഉപയോഗിച്ച് കളിയാക്കുവാനും തുടങ്ങി. തങ്ങളുടെ മകൻ വല്ലാത്ത അപകടത്തിലേക്ക് പോകുന്നു എന്ന തിരിച്ചറിവ് ഒടുവിൽ ആ ദമ്പതികളെ മോചന വഴിയിൽ നിന്നും മടങ്ങുവാൻ പ്രേരിപ്പിച്ചു. നല്ല കാര്യം. ആ കുഞ്ഞുമനസ്സിന്റെ മുറിവുകൾ മെല്ലെ കരിഞ്ഞു തുടങ്ങുകയും ചെയ്തു.
നിങ്ങളുടെ കുട്ടി അന്യരെ പരിഹസിക്കുന്നത് എന്ത് കാരണം കൊണ്ടാണെന്നു തിരിച്ചറിയുകയാണ് ഒന്നാമത്തെ കാര്യം. എന്ത് കാരണം കൊണ്ടാണെങ്കിലും അതിനെ നേരിടുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടത് തന്നെയുണ്ട്.
പരിഹാസങ്ങളും കളിയാക്കലും ഏൽക്കുന്നവർക്ക് അതെന്തുമാത്രം വേദന ഉളവാക്കും എന്ന് മകനോട് പറഞ്ഞു കൊടുക്കുക എന്നതാണ് അടുത്ത പടി. പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ഒരാളുടെ സ്ഥാനത്തു പോയി നിന്ന് കാര്യങ്ങളെ അപഗ്രഥിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക. ഇതേ കാര്യങ്ങൾ അവനോടു ആരെങ്കിലും പറഞ്ഞാൽ, എന്തായിരിക്കും തോന്നുക എന്ന് ചിന്തിക്കാൻ പറയുക. ഓരോ വ്യക്തികളും വ്യത്യസ്തരാണ്, അവരുടെ രൂപവും ഭാവവും, പെരുമാറ്റവും, വസ്ത്രധാരണ രീതിയും, സംസാരവും നോട്ടവും എല്ലാം വ്യത്യസ്തമായിരിക്കും. മറ്റൊരാൾ നിന്നെപ്പോലല്ലാത്തതു കൊണ്ട്, നിന്നാൽ അവൻ പരിഹാസ്യനാകരുത് എന്നിത്യാദി കാര്യങ്ങൾ അച്ഛൻ സൗമ്യതയോടെ മകന് പറഞ്ഞു കൊടുക്കണം.
ശിക്ഷിച്ചല്ല ഈ പാഠങ്ങൾ പഠിപ്പിക്കേണ്ടത്, അഭികാമ്യമായ പെരുമാറ്റരീതികൾ മാതൃകയിലൂടെ കാട്ടികൊടുത്തുകൊണ്ടാവണം.
കുട്ടിയെ മനസിലാക്കുക, ഒപ്പം തങ്ങൾ അവനെ പരിഗണിക്കുന്നു എന്ന് അവനെ മനസ്സിലാക്കിക്കുക.