Feb 24 • 4M

ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയാല്‍

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-3:35
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

ജീവിതത്തില്‍ ഒരു കൊച്ചുകുട്ടി മുതല്‍ വയോധികര്‍ വരെ വിവിധ ഉത്തരവാദിത്തങ്ങളാല്‍ ബന്ധിതരാണ്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ മറ്റു കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുന്നു; അത് അസംതൃപ്തിക്കും ഒറ്റപ്പെടലിനും കാരണമായിത്തീരും.

ഓരോ വ്യക്തിയും അവരുടേതായ ധര്‍മ്മങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഭഗവത്ഗീതയില്‍ പറയുന്നു. ഓരോ ജീവിതാവസ്ഥയിലും തൊഴിലിലും പഠനരംഗത്തുമുള്ളവര്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളുമുണ്ട്. ഇതില്‍ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സ്വന്തം ജീവിതം പരാജയമായിത്തീരുന്നു.

കഴിഞ്ഞ ദിവസം ഒരു വ്യക്തി വിളിച്ചു. ഒറ്റ മകനാണ്. വളരെ ലാളിച്ച് എല്ലാക്കാര്യങ്ങളും ചെയ്തു കൊടുത്ത് വളര്‍ത്തി. ഇപ്പോള്‍ എന്‍ജിനീയറിംഗ് കോഴ്സ് കഴിഞ്ഞിട്ട് നാലു വര്‍ഷമായി. തോറ്റ പേപ്പറുകള്‍ ഓരോന്നായി എഴുതിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴും പഠിക്കണമെങ്കില്‍ അമ്മ അടുത്തിരിക്കണം. അമ്മ അടുത്ത് നിന്ന് മാറിയില്‍ ഒന്നുകില്‍ സ്മാര്‍ട്ട് ഫോണില്‍ വെറുതെ ഫെയ്സ്ബുക്കും വാട്ട്സ്ആപ്പും നോക്കിയിരിക്കും. അല്ലെങ്കില്‍ യുട്യൂബില്‍ ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ കണ്ടിരിക്കും. അല്ലെങ്കില്‍ ടിവി ഓണ്‍ ചെയ്ത് കാണും. ഇപ്പോള്‍ എന്‍റെ ജീവിതം തകര്‍ന്നുവെന്ന് പറഞ്ഞ് ഇടയ്ക്കിടെ ദേഷ്യപ്പെടും.

സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്തതിന് ആരാണ് ഉത്തരവാദി.

കുടുംബത്തില്‍, ജോലിയില്‍, ബിസിനസില്‍ ഒക്കെ ഉത്തരവാദിത്തങ്ങളുണ്ട്. ചിലരുണ്ട്, ബിസിനസില്‍ തുടക്കമിട്ട് ഒരു നിലയിലെത്തുന്നതു വരെ വലിയ ആവേശമാണ്. പിന്നീട് ആ ആവേശം തണുക്കുന്നു. അതോടെ ശ്രദ്ധ കുറയുന്നു.

കുടുംബത്തിലാകട്ടെ, ജീവിത പങ്കാളിയോടുള്ള ഉത്തരവാദിത്തം വേണ്ടവിധം നിര്‍വഹിക്കാതെ ജോലിക്കോ പൊതുപ്രവര്‍ത്തനത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരും ഉണ്ട്. മക്കളുടെയോ കൊച്ചുമക്കളുടെയോ കാര്യം വേണ്ട വിധം ശ്രദ്ധിക്കാതെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു താല്പര്യമുള്ള കാര്യങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നവരും അവരുടെ ധര്‍മ്മം പാലിക്കാത്തവരാണ്. ഇങ്ങനെയുള്ളവരോട് മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടത്ര അടുപ്പവും സ്നേഹവും ഉണ്ടാവുകയില്ല. അതിനു കാരണം അവനവൻ തന്നെയാണ്. സ്വന്തം കര്‍മ്മഫലമാണ്.

മാതാപിതാക്കളുടെ സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വാങ്ങിയശേഷം അവരെ വൃദ്ധസദനങ്ങളിലാക്കുകയും തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്ന മക്കളും ധര്‍മ്മം പാലിക്കാത്തവരാണ്. സ്വാര്‍ത്ഥതയില്‍ ചുരുങ്ങുന്ന ഇത്തരക്കാര്‍ക്ക് സമാധാനം ലഭിക്കാത്തതിന് കാരണം അവരുടെ തന്നെ ജീവിതത്തോടുള്ള കാഴ്ചപ്പാടും പ്രവൃത്തികളുമാണ്.

ജോലി ചെയ്യുന്ന സ്ഥാപനത്തോട് ആത്മാര്‍ത്ഥതയില്ലാതെ, മര്യാദയും ഉത്തരവാദിത്തങ്ങളും മറന്ന് പ്രവര്‍ത്തിക്കുന്നവരും തൊഴില്‍ ധര്‍മ്മം പാലിക്കാത്തവരാണ്.

ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയേക്കാളും എക്സ്പീരിയന്‍സിനേക്കാളും ആ വ്യക്തിയുടെ ജോലിയോടുള്ള മനോഭാവവും ആ വ്യക്തി കാത്തു സൂക്ഷിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളുമാണ് ഇന്ന് തൊഴിലിലെ ഉയര്‍ച്ചയ്ക്ക് പ്രധാനമാനദണ്ഡമായി കാണുന്നത്. അതിനാല്‍ സ്വഭാവവൈശിഷ്ട്യം നിലനിര്‍ത്തിയാല്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അല്ലെങ്കില്‍ മറ്റൊരു സ്ഥാപനത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ വിലമതിക്കപ്പെടും. അതിനാല്‍ പഠനത്തില്‍, ജോലിയില്‍, കുടുംബ ജീവിതത്തില്‍, ബിസിനസില്‍, മറ്റു കര്‍മ്മ മേഖലകളില്‍ നിങ്ങളുടെ ഉത്തരവാദിത്തം മറക്കാതിരിക്കാം. അവിടെ സന്തോഷവും സമാധാനവും ഉയര്‍ച്ചയും നിറയും.