Oct 29, 2021 • 14M

അച്ഛൻ അറിയാൻ - ഭാഗം18

അരുതേ, താരതമ്യം അരുതേ..

 
1.0×
0:00
-13:39
Open in playerListen on);
Episode details
Comments

സമീപകാലത്തു സമൂഹമാധ്യമങ്ങളിലൂടെ  പ്രചാരം നേടിയ ഒരു കത്തുണ്ട്.

സ്‌കൂൾപരീക്ഷക്ക് മുൻപ് പ്രിൻസിപ്പാൾ മാതാപിതാക്കൾക്ക് അയച്ച ഒരു കത്താണത്. ഇങ്ങനെയാണ് ആ കത്ത്.

പ്രിയ മാതാപിതാക്കളെ,

നിങ്ങളുടെ മക്കളുടെ പരീക്ഷകൾ ഉടനെ തുടങ്ങും. നിങ്ങൾ എല്ലാവരും അതേപ്പറ്റി ഉത്ക്കണ്ഠ ഉള്ളവരാണ് എന്ന് എനിക്ക് അറിയാം. എന്നാൽ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. പരീക്ഷാഹാളിൽ ഇരിക്കുന്ന കുട്ടികളിൽ ഒരു കലാകാരനുണ്ട്. അവൻ ഗണിതശാസ്ത്രത്തിൽ അഗ്രഗണ്യൻ ആകണമെന്നില്ല. ഒരു വ്യവസായ സംരംഭകൻ ഉണ്ട്. ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചോ അവനു തെല്ലും താൽപ്പര്യമുണ്ടാവില്ല. ഒരു സംഗീതജ്ഞൻ ഉണ്ട്. രസതന്ത്രത്തിൽ അവനു കിട്ടുന്ന മാർക്ക് അത്ര ഗൗരവമുള്ള കാര്യമല്ല. ഒരു കായിക താരമുണ്ട്. ഊർജ്ജതന്ത്രത്തിലുള്ള അവന്റെ  അറിവിനേക്കാൾ പ്രാധാന്യമുള്ളത്  അവന്റെ ഊർജ്ജത്തിനാണ്.

ദയവായി നിങ്ങൾ അവരുടെ ആത്മവിശ്വാസവും അന്തസ്സും തല്ലിക്കെടുത്തരുത്. "സാരമില്ല, ഇത് ഒരു പരീക്ഷ മാത്രമാണ്" എന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കുക. ശ്രേഷ്ഠമായ കാര്യങ്ങൾ പലതും അവർക്കിനി നിർവഹിക്കാനുണ്ട്. അവരാൽ ആവുന്നത്ര നന്നായി പരീക്ഷ എഴുതണമെന്നും  അവർക്കു എന്ത് മാർക്ക് കിട്ടിയാലും നിങ്ങൾ  അവരെ സ്നേഹിക്കുന്നെണ്ടെന്നും അവരെ വിധിക്കുകയില്ലെന്നും കൂടെ പറഞ്ഞു കൊടുക്കുക.

ഈ കത്ത് മാതാപിതാക്കളിലും കുട്ടികളിലും വലിയ ചലനം സൃഷ്ടിച്ചു എന്നാണ് കഥ.

കാട്ടിലെ പള്ളിക്കൂടം

കാട്ടിലെ പള്ളിക്കൂടത്തിന്റെ കഥയും ഇതേ സന്ദേശം ആണ് നൽകുന്നത്. ഈ പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളിൽ പുലി ഉണ്ട്, മൽസ്യം ഉണ്ട്, പരുന്തുണ്ട്, മൂളി പക്ഷി ഉണ്ട്, ഒട്ടകപക്ഷിയും ആനയും കുയിലുമൊക്കെയുണ്ട്. മ്യൂസിക് പരീക്ഷക്ക് കുയിലിനായിരിക്കും എപ്പോഴും  ഫസ്റ്റ് കിട്ടുക. എന്നാൽ നീന്തൽ എന്ന വിഷയത്തിലാകട്ടെ പൂജ്യം മാത്രം. ഓട്ടത്തിന് ഒന്നാം സ്ഥാനം കിട്ടുമെങ്കിലും പറക്കലിന് പുലി ജയിക്കാറേയില്ല. ഭാരം എടുക്കൽ പരീക്ഷക്ക് ഏറ്റവും ഉയർന്ന മാർക്ക് ആനയ്ക്ക് കിട്ടും. പക്ഷെ ഓട്ടത്തിൽ ആന പിന്നിലേക്ക് പോകുകയും ചെയ്യും. ഇവരിൽ ആരാണ് ഏറ്റവും മിടുക്കൻ? ആ ചോദ്യത്തിന് ഉത്തരമില്ല.

ഓരോരുത്തരും തങ്ങളുടെ മേഖലകളിൽ അഗ്രഗണ്യരാകാം. എന്നാൽ മറ്റു കാര്യങ്ങളിൽ അവർക്കു പ്രാഗൽഭ്യം ഉണ്ടായിരിക്കണമെന്നില്ല.  അതുകൊണ്ട് അവർ മോശക്കാരാകുന്നില്ല. ഇവിടെ നമുക്ക് പഠിക്കാനുള്ള പാഠം എന്താണ്? ഒരു കുട്ടിയെ മറ്റൊരു കുട്ടിയോട്  താരതമ്യം ചെയ്യേണ്ടതില്ല, ഓരോ കുട്ടിയും അവരുടെ മേഖലകളിൽ പ്രാവീണ്യം ഉള്ളവരായിരിക്കും എന്നതാണ് ആ പാഠം.

സാധാരണ, കുട്ടി ജനിക്കുന്ന അന്ന് മുതൽക്കേ താരതമ്യം തുടങ്ങും. "അവന്റെ ചേട്ടന്റെ അത്രയും നിറം അവനില്ല.",  "നോക്കിക്കേ, കുട്ടി തീരെ മെലിഞ്ഞതാണ്. സാധാരണ കുട്ടികൾ നല്ല വണ്ണമുള്ളവരായിരിക്കും", " ഇതുപോലെ മുടി ഇല്ലാതെ ഈ കുടുംബത്തിൽ ജനിക്കുന്ന ആദ്യ കുട്ടിയായിരിക്കും ഇവൻ" ഇങ്ങനെയിങ്ങനെ എത്രയെത്ര താരതമ്യ വിശകലനങ്ങൾ... കാലം മുന്നോട്ടു പോകുംതോറും താരതമ്യവും കൂടുതൽ ഗൗരവമുള്ളതായി തീരും. .

 "ആറു മാസമായി. ഇതുവരെ ഇവൻ ഒന്ന് എഴുന്നേറ്റിരുന്നില്ലല്ലോ. ആ രജനിയുടെ കുഞ്ഞ് ഇതിനു മുൻപേ സ്വയം ഇരിക്കാൻ തുടങ്ങി",

 "ഒന്നര വയസ്സായിട്ടും എന്റെ കുഞ്ഞ് ഒന്നും സംസാരിക്കുന്നില്ല. എന്റെ കൂടെ ജോലി ചെയ്യന്ന സബീനയുടെ മോൾ ഒരു വയസ്സായപ്പോഴേ കലപിലാന്നു പറഞ്ഞു തുടങ്ങി." കുട്ടിയുടെ പ്രായം കൂടുംതോറും താരതമ്യങ്ങളുടെ ഗ്രേഡും കൂടിക്കൊണ്ടേയിരിക്കും.

മത്സരലോകം

അതിരുവിട്ട മത്സരബുദ്ധിയുള്ള ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. തങ്ങൾ പോലും അറിയാതെ കുട്ടികളോടൊപ്പം മാതാപിതാക്കളും ഈ മത്സരക്കളത്തിലേക്ക്  ഇറങ്ങിപ്പോകുകയാണ് ചെയ്യുന്നത്. ഇന്നത്തെ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കമ്പാരിസൺ  എന്നത്.

സുഹൃത്തുക്കളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമൊക്കെ മാതാപിതാക്കൾ മക്കളുടെ വളർച്ചയെപ്പറ്റിയും വികാസത്തെപ്പറ്റിയും അന്വഷിച്ചു പലതും അറിഞ്ഞു വെക്കും. ഈ അറിവുകളെ ആസ്പദമാക്കിയാണ് പിന്നെ മകനെയും മകളെയും വിലയിരുത്തുന്നത്.  സമയമെത്തും മുൻപേ കുട്ടി ഓരോ നാഴികക്കല്ലും  തരണം ചെയ്താൽ അച്ഛനും അമ്മയും വളരെ സന്തുഷ്ടരാണ്. എന്നാൽ ഏതെങ്കിലും  ഘട്ടത്തിൽ മറ്റു കുട്ടികളെക്കാൾ തങ്ങളുടെ മക്കൾ  അല്പം പിന്നോട്ട് പോകുന്നതായി തോന്നിയാൽ പിന്നെ ആധിയായി, നെട്ടോട്ടമായി. ഡോക്ടർമാരുടെയും, ശിശു മനഃശാസ്ത്രജ്ഞന്മാരുടെയും മറ്റും അടുത്തേക്കാണ് ആ പരക്കംപാച്ചിൽ. കുട്ടിക്ക് എന്തോ പ്രശ്‍നം ഉണ്ടെന്നമട്ടിൽ  പരാതിപറച്ചിലുമായി.

തീരെ ശൈശവത്തിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ ഈ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ ആവില്ല. അതുകൊണ്ട് തന്നെ ഇതൊന്നും അവരെ ബാധിക്കുന്നില്ല. എന്നാൽ തിരിച്ചറിവിന്റെ പ്രായം എത്തിക്കഴിഞ്ഞാൽ പിന്നെ അവരും, മാതാപിതാക്കളുടെ ആധി കണ്ട് വ്യാകുലചിത്തരാവും. അത് അവരുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.

"ഞാൻ ചെറുപ്പത്തിൽ എന്ത് നന്നായി പാടുമായിരുന്നു. അവനെന്റെ മോനല്ലേ..ഒരു  മൂളിപ്പാട്ട് പോലും പാടുന്നില്ലല്ലോ."  ആത്മഗതം ആയിട്ടാണ് അച്ഛൻ ഇങ്ങനെ പറഞ്ഞതെങ്കിലും, ഇത് കേട്ട കുട്ടി വല്ലാതെ നിരാശനായി.  സ്വതസിദ്ധമായ മറ്റു പല കഴിവുകളും പുറത്തെടുക്കാനാവാതെ ആ മകന്റെ മനസ്സ്  മുരടിച്ചുപോയ ഒരു സംഭവം എന്റെ ഓർമയിലുണ്ട്.

മറക്കരുത്.., ഓരോ കുട്ടിയും വ്യത്യസ്തനാണ്, നിസ്തുല്യനാണ്,

അവന്റേതായ മേഖലയിൽ അവൻ ഒരു താരതമ്യത്തിന് അപ്പുറത്താണ്. 

കായിരംഗത്തു നിങ്ങൾ ആഗ്രഹിച്ചത് പോലെ നിങ്ങളുടെ കുട്ടി ശോഭിക്കുന്നില്ലായിരിക്കാം. പഠനത്തിൽ അല്പം പിന്നോക്കം പോയെന്നു വരാം. നൃത്തം ചെയ്യുന്നില്ലെന്നും വരാം. പക്ഷെ അവന്റ ഉള്ളിൽ നല്ല ഒരു ചിത്രകാരൻ ഉണ്ടാവാം. മികച്ച ഒരു എഴുത്തുകാരൻ ഉണ്ടെന്നു വരാം. അവന്റെ അഭിരുചി തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചാൽ നാളെ അവൻ ഉന്നതസ്ഥാനങ്ങളിൽ എത്തിപ്പെടും.

ഓർക്കുക, മാതാപിതാക്കളുടെ സ്വപ്നസാക്ഷാത്കാരമല്ല കുട്ടിയിലൂടെ  നടക്കേണ്ടത്. നമ്മുടെ ഉള്ളിലുള്ള മോഹങ്ങളല്ല അവൻ നിറവേറ്റേണ്ടത്. അവന്റെ  ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനാണ് നാം ശ്രമിക്കേണ്ടത്.  ഇല്ലാത്തതിനെ ഓർത്തു പരാതി പറയുകയും വേണ്ട.

സൂര്യനെയും ചന്ദ്രനെയും തമ്മിൽ താരതമ്യം ചെയ്യേണ്ടതുണ്ടോ? ഇല്ലേയില്ല.  താന്താങ്ങളുടെ സമയത്ത് അവ പ്രകാശിച്ചു കൊള്ളും. അതുപോലെ നിങ്ങളുടെ കുട്ടിയേയും മറ്റൊരു കുട്ടിയെയും തമ്മിൽ തുലനം ചെയ്യേണ്ട  ആവശ്യവും തെല്ലും ഇല്ല.

ഓരോ കുട്ടിക്കും അവന്റേതായ കഴിവുകളും ടാലെൻ്റുകളും ഉണ്ട്.

അവനെ അവൻ ആയിരിക്കുന്ന അവസ്ഥയിൽ അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക.

അവന്റെ വ്യക്തിത്വത്തെ ആദരിക്കുക. മാതാപിതാക്കളെപ്പോലെയോ, മറ്റു കുട്ടികളെ പോലെയോ തന്റെ ജീവിതം അഭിവൃദ്ധിപ്പെട്ടില്ല  എന്ന  കുറ്റബോധത്തോടെ അവൻ ജീവിക്കുവാൻ ഒരിക്കലും ഇടവരരുത്.

ദിശാബോധം നൽകുക

ശൈശവം തൊട്ടു മുതിർന്നവൻ ആകും വരെ മക്കളുടെ മാനസികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ ശരിയായ ദിശയിൽ നയിക്കുക എന്നതാണ് ഓരോ അച്ഛന്റെയും പ്രഥമദൗത്യം. ഓരോ കുട്ടിക്കും അവന്റേതായ ട്രാക്ക് ഉണ്ട്. അവന്റെ ശരിയായ ചരണപഥം തിരിച്ചറിയാതെ കുതിക്കുവാൻ അവനെ നിർബന്ധിക്കരുത്.

ശരിയായ ദിശയിലേക്കു അവനെ നയിക്കുവാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ശ്രദ്ധിക്കാം.

1. ആരോഗ്യപ്രദവും, സുരക്ഷിതത്വവും  പോഷണഗുണവും ഉള്ളതുമായ ആഹാരം കുട്ടിക്ക് നൽകുക. ശരീരത്തിന്റെയും തലച്ചോറിന്റെയുമൊക്കെ ശരിയായ വികാസത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ആഹാരകാര്യങ്ങളിൽ പാലിക്കേണ്ട ശ്രദ്ധ ചെറുപ്പത്തിലേ അഭ്യസിപ്പിക്കുകയാണ് വേണ്ടത്.

2.  മാതാപിതാക്കൾ, തന്നെ കരുതുന്നവരാണ് എന്ന ചിന്ത കുട്ടികളിൽ രൂഢമൂലമാകണം. കുടുംബാന്തരീക്ഷത്തിൽ അവർ സുരക്ഷിതരാണെന്നും അവർക്കു ബോധ്യമാകേണ്ടതുണ്ട്. 

3. കുട്ടിയുടെ താല്പര്യങ്ങൾ തിരിച്ചറിയുവാൻ നമ്മൾ നിരന്തരം ശ്രമിക്കണം. അവരോടൊപ്പം പാട്ടു പാടുക,  കളികളിൽ ഏർപ്പെടുക, വീട്ടു ജോലികളിൽ വ്യാപൃതരാവുക, വിവിധ വിഷയങ്ങളെപ്പറ്റി അവരുമായി ചർച്ച ചെയ്യുക, ചിത്രങ്ങൾ കാണിച്ചു കൊടുക്കുക. അങ്ങനെ അങ്ങനെ  ക്രമേണ അവരുടെ അഭിരുചി നമുക്ക് വെളിപ്പെട്ടു വരും.

4. ചിലപ്പോൾ നിരന്തര ശ്രമങ്ങൾ നടത്തിയാലും കുട്ടിയുടെ ട്രാക്ക് കണ്ടെത്താൻ സാധിച്ചില്ല എന്ന് വരാം. അപ്പോൾ നമ്മൾ നിരാശപ്പെട്ടുപോകരുത്. സ്വന്തം മാനസികാരോഗ്യത്തെ കുറിച്ചും അച്ഛൻ ബോധവാനായിരിക്കണം.

തങ്ങളുടേതല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുവാൻ നിർബന്ധിക്കപ്പെടുമ്പോൾ കുട്ടി അസ്വസ്ഥനാകും. അവന്റെ അസ്വസ്ഥത പല നിലകളിലും പ്രകടിപ്പിക്കുകയും ചെയ്യും. വല്ലാത്ത ഭയം പെരുമാറ്റത്തിൽ ഇടം പിടിക്കും. നഖം കടിക്കുക. വിരൽ കുടിക്കുക,  വല്ലാതെ വിയർക്കുക, കരയുക എന്നിവയൊക്കെ ആ ഭയത്തിന്റെ ബാഹ്യ പ്രകടനങ്ങൾ ആവാം. വസ്തുക്കൾ എടുത്തു കടിക്കുകയോ എടുത്തെറിയുകയോ ചെയ്‌തെന്നും വരാം. അഞ്ചു മിനിറ്റിലധികം ശ്രദ്ധ ഒന്നിലും കേന്ദ്രീകരിക്കാതെയിരിക്കുക, ശരിയായി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ആവാതെ വിക്കുക എന്നിവയൊക്കെ കുട്ടിയുടെ അസ്വസ്ഥതകളുടെ പ്രകടനങ്ങൾ ആവാം. ഈ സൂചനകൾ   തിരിച്ചറിഞ്ഞു ഇടപെടലുകളിൽ വേണ്ട മാറ്റം വരുത്തുവാൻ പിതാക്കന്മാർ  ബദ്ധശ്രദ്ധാലുക്കൾ ആയിരിക്കണം.

ദൈനംദിനജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി.

1. കുട്ടിയുടെ തനതു കഴിവുകൾ കണ്ടറിഞ്ഞു അവനെ പ്രോത്സാഹിപ്പിക്കുക. ചെറിയ നേട്ടങ്ങൾക്കു പോലും അംഗീകാരം കൊടുക്കുക.

2. അവന് എങ്ങാനും പരാജയം സംഭവിച്ചാൽ, നിഷേധാത്മകമായ പ്രതികരണങ്ങൾ പാടില്ല. ദേഷ്യം, പരിഹാസം, കുത്തുവാക്ക്, ദ്വയാർത്ഥപ്രയോഗങ്ങൾ എന്നിവയൊക്കെ ഒഴിവാക്കണം. നമ്മുടെ വികാരം കുട്ടിയുടെ മുൻപിൽ പ്രകടിപ്പിച്ചാൽ അവൻ ക്രമേണ നമ്മെ ഒഴിവാക്കും.

3. അച്ഛൻ വിചാരിച്ചതു പോലെ കുട്ടി ആയിത്തീർന്നില്ലെങ്കിൽ അന്യരുടെ മുൻപിൽ വച്ച് ശിക്ഷിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യരുത്.

4. കുട്ടിയെ ആരുമായും തുലനം ചെയ്യുവാൻ പാടില്ല. മറ്റു മക്കളുമായോ മകന്റെ കൂട്ടുകാരുമായോ താരതമ്യം വേണ്ട. അവൻ ഒരു പ്രശ്നത്തിൽ ചെന്ന് ചാടുമ്പോൾ, "നിന്റെ ചേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ" എന്നിത്യാദി പ്രസ്താവനകൾ പാടെ ഒഴിവാക്കുക. സ്വന്തം സഹോദരങ്ങളോട് പോലും അസൂയയും വാശിയും രൂപപ്പെടുവാനും സ്വന്തം വ്യക്തിത്വത്തിൽ സംശയം തോന്നുവാനും, മാതാപിതാക്കളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുവാനും അത് കാരണമാകും.

5. എത്ര തിരക്കുണ്ടെങ്കിലും മകന്റെ കൂടെ ഇടപഴകുവാനും കളിക്കാനും ഒരു മണിക്കൂറെങ്കിലും വേർതിരിക്കുക. നമ്മുടെ ശ്രദ്ധ അവർക്കു കിട്ടിയില്ലെങ്കിൽ, ശ്രദ്ധ കിട്ടുന്ന മറ്റിടം തേടി അവർ പോകും. അച്ഛന്റെ സായാഹ്നങ്ങളും വാരാന്ത്യങ്ങളും കുട്ടിയുടെ അവകാശമാണ്. 

6. കുട്ടിയുടെ ജീവിതത്തിലെ ഓരോ നാഴികക്കല്ലും ഓരോ നേട്ടവും  ആഘോഷമാക്കുക. വിജയങ്ങൾ അവനെ ആവേശഭരിതനാക്കട്ടെ. പരാജയങ്ങളെ ചൂണ്ടിക്കാണിക്കാം. പക്ഷെ അതിനെ ഒരു വലിയ തകർച്ച ആയി ചിത്രീകരിക്കേണ്ടതില്ല.

7. പരിമിതികളോടും പരാജയങ്ങളോടും അവന്റെ തനതു സവിശേഷതകളോടും കൂടെ തന്നെ കുട്ടിയെ സ്വീകരിക്കുക, അംഗീകരിക്കുക. അഭിനന്ദിക്കുക. അവൻ അവന്റേതുമാത്രമായ ആകാശത്തിലൂടെ പറന്നുയരട്ടെ. അവന്റേതു മാത്രമായ സ്വപ്‌നങ്ങൾ സാർത്ഥകമാക്കട്ടെ. അവനെ അവന്റെ സ്വകാര്യഭൂമികയിലേക്കു നയിക്കുക എന്നത് മാത്രമാണ് അച്ഛന്റെയും അമ്മയുടെയും ദൗത്യം.

( ശേഷം അടുത്ത ലക്കത്തിൽ )