"വികൃതി"യെന്ന സിനിമയിൽ വിദേശത്ത് നിന്നു വന്ന സൗബിൻ്റെ കഥാപാത്രത്തെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയതാണ് സുഹൃത്ത്. പെട്ടികളും മറ്റും കാറിൽ എടുത്ത് വെയ്ക്കുന്നതിനിടെ സൗബിൻ സുഹൃത്തിനോട് ചോദിച്ചു. "നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?" അതെന്താ അങ്ങനെ ചോദിച്ചതെന്ന് സുഹൃത്ത് ചോദിച്ചതും സൗബിൻ്റെ മറുപടി. "അല്ല, ഞാൻ അടുത്തകാലത്തിട്ട ഫേസ്ബുക്ക് പോസ്റ്റുകൾക്കൊന്നും നിൻ്റെ ലൈക്കും കമൻ്റും ഒന്നും കാണുന്നില്ലല്ലോ." ജീവിതത്തെ മുഴുവനായി സോഷ്യൽ മീഡിയയിൽ മുക്കുമ്പോൾ, വൈകാരിക പ്രതികരണങ്ങളും കുടുംബജീവിതത്തിലെ രഹസ്യങ്ങളും ഉള്ളിലുള്ള അസ്വസ്ഥതകളും സന്തോഷവുമെല്ലാം സോഷ്യൽ മീഡിയയിൽ വിളമ്പുന്ന കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ച് കോവിഡ് 19-ഉം ലോക്ക്ഡൗണും ഓൺലൈൻ ക്ലാസുകളുമെല്ലാമായതോടെ സോഷ്യൽ മീഡിയ തന്നെ ജീവിതമാക്കിയ അനേകരെ കാണാൻ സാധിക്കും. എന്നാൽ സോഷ്യൽ മീഡിയയിലുള്ള അമിത ആശ്രയത്വം പലതരം മാനസിക പ്രശ്നങ്ങളിലേക്ക് ആളുകളെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
അംഗീകാരത്തിനുള്ള അമിത ആഗ്രഹം
താൻ ഇടുന്ന പോസ്റ്റിന് എത്രപേർ ലൈക്കും കമൻ്റും നൽകി, ആരൊക്കെയാണ് നൽകിയത് എന്നൊക്കെ ഇടയ്ക്കിടെ പരിശോധിക്കുന്നു. അധികംപേർ ലൈക്കും കമൻ്റും നൽകിയില്ലെങ്കിൽ അസ്വസ്ഥതകളും നിരാശയും ഉണ്ടാകുന്നു. ഒപ്പം പരിചയക്കാരായ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് എത്ര ലൈക്കും കമൻ്റും കിട്ടി എന്ന് നോക്കിയശേഷം അവർക്ക് വളരെ കൂടുതൽ ലഭിച്ചെങ്കിൽ അവരുമായി സ്വയം താരതമ്യപ്പെടുത്തി അവർക്ക് കിട്ടി, എനിക്ക് മാത്രമില്ല എന്ന് ചിന്തിച്ചു അസ്വസ്ഥതയിലും അസൂയയിലും മനസിനെ കൊണ്ടു നടക്കുന്നു. തന്നോടും മറ്റൊരാളോടും അടുപ്പമുള്ള ഒരാൾ തൻ്റെ പോസ്റ്റുകൾക്ക് ലൈക്കും കമൻ്റും തരാതിരിക്കുകയും മറ്റൊരാളുടെ പോസ്റ്റുകൾക്ക് നൽകുകയും ചെയ്യുന്നതും മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.
താരതമ്യപ്പെടുത്തൽ
സോഷ്യൽ മീഡിയയിൽ മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്ന സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ അവർക്കെല്ലാം എല്ലാമുണ്ട്, അവരെല്ലാം നല്ല നിലയിലാണ്, ഞാൻ മാത്രം ഇങ്ങനെ ആയിപ്പോയി എന്ന് സ്വയം പരിതപിക്കുന്നവരെയും കാണാൻ സാധിക്കും. ഓർക്കുക, എല്ലാവർക്കും ദുഃഖങ്ങളും സന്തോഷങ്ങളും ജീവിതത്തിൽ ഉണ്ടാകും. പക്ഷേ കൂടുതൽ ആളുകളും സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾ മാത്രമായിരിക്കും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. അത് കണ്ട് മറ്റുള്ളവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നു, എനിക്ക് മാത്രമാണ് പ്രയാസങ്ങളെല്ലാം എന്നു ചിന്തിക്കുന്നത് മണ്ടത്തരമാണ്.
സമയം നഷ്ടപ്പെടുത്തൽ
കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത് നമ്മുടെ ഉല്പാദനക്ഷമമായ സമയം നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് മനസ്സിലാക്കുക.
മാർക്കറ്റിംഗ് പ്ലാറ്റ്ഫോം
നിങ്ങളുടെ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ എന്നിവ മാർക്കറ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയയെ മാറ്റിയെടുക്കാം. അവിടെ നിങ്ങൾ ചെലവഴിക്കുന്ന സമയം ഉൽപ്പാദനപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാൻ സാധിക്കും.
സ്വകാര്യത തുറക്കരുത്
സോഷ്യൽ മീഡിയയിൽ പല വ്യാജ പ്രൊഫൈലുകളും ഉണ്ട്. പല വ്യക്തികളുടെയും ലക്ഷ്യങ്ങളും നമുക്ക് തിരിച്ചറിയാൻ സാധിക്കുകയില്ല. കുടുംബ രഹസ്യവും വീട്ടിൽ നിന്ന് സിനിമയ്ക്ക് പോകുന്നതുൾപ്പെടെ സോഷ്യൽ മീഡിയയിൽ വിളമ്പാതിരിക്കുക. നിങ്ങൾ ഒരു തിയറ്ററിൽ കുടുംബവുമായി സിനിമ കണ്ടു കൊണ്ടിരിക്കുന്നു എന്ന് ഫേസ്ബുക്കിൽ കൊടുക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ ആളുണ്ടാവില്ല എന്ന സന്ദേശമാണ് കള്ളന്മാർക്ക് കൊടുക്കുക. ദാമ്പത്യ ജീവിതത്തിലെ സ്വകാര്യതകൾ പുറത്തു വിടുന്നതും പിന്നീട് കെണിയായി മാറിയേക്കാം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിൻ്റെ നിർദ്ദേശമനുസരിച്ച് പ്ലസ്ടുവിൽ പഠിക്കുന്ന പെൺകുട്ടി അർധനഗ്നയായി പ്രദർശിപ്പിച്ച ദൃശ്യങ്ങൾ പിന്നീട് അശ്ലീല സൈറ്റുകൾക്ക് മറിച്ച് വിൽക്കുകയും ബ്ലാക്ക് മെയിൽ ചെയ്ത് പെൺവാണിഭ സംഘങ്ങൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്ത സംഭവങ്ങളും കേരളത്തിൽ പല തവണ നടന്നിട്ടുണ്ട്.
നേരിട്ടുള്ള ബന്ധങ്ങൾ കൂട്ടും
പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധങ്ങളെ വഴി തിരിച്ചു വിടാം. നേരിൽ കാണാൻ സാധിക്കാത്ത അവസരത്തിൽ വീഡിയോ കോളുകളും ഫോൺ കോളുകളും വഴി ബന്ധങ്ങൾ ശക്തമാക്കാം. സോഷ്യൽ മീഡിയ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വിവിധ സേവന - ജീവകാരുണ്യ - സാംസ്കാരിക കൂട്ടായ്മകൾ വഴി നേരിട്ടുള്ള പ്രവർത്തനങ്ങളിലും ഇടക്ക് പങ്കാളികളാകാം.
തെറ്റായ അറിവുകൾ
പലപ്പോഴും സോഷ്യൽ മീഡിയയിൽ ഫോർവേഡ് ചെയ്യപ്പെടുന്ന വീഡിയോകളും മെസേജുകളും ആധികാരികത ഉറപ്പു വരുത്താതതാണ്. ഇത് ആധികാരികത ഉറപ്പു വരുത്താതെ ഫോർവേഡ് ചെയ്യുകയോ തെറ്റായ വിലയിരുത്തൽ നടത്തുകയോ ചെയ്യരുത്.