സിബ്ലിംഗ് റിവൾറി
സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുതയും വഴക്കുകളും കൊലപാതകത്തില്‍ വരെയെത്തുന്ന സംഭവങ്ങള്‍ അടുത്തിടെ കൂടിവരുന്നുണ്ട്. ഇരയും പ്രതിയും ഒരേ മാതാപിതാക്കളുടെ മക്കളാകുന്നത് കൊണ്ടുതന്നെ കുടുംബത്തിലേക്ക് ദുരന്തത്തിന്റെ തീക്കനലുകള്‍ ചൊരിയുന്ന ഇത്തരം സംഭവങ്ങള്‍ മാതാപിതാക്കളേയും മറ്റുള്ളവരേയും വല്ലാത്ത നിസ്സഹായ അവസ്ഥയിലേയ്ക്ക് എത്തിക്കും. ജീവിതാവസാനം വരെ പരസ്പരം പങ്കിട്ടും സഹായിച്ചും സഹകരിച്ചും സ്നേഹിച്ചും ജീവിക്കണം എന്നാഗ്രഹിക്കുന്ന മക്കള്‍ തമ്മിലുള്ള ശത്രുത ഏറ്റവും കൂടുതല്‍ നീറ്റുന്നതും മാതാപിതാക്കളെ തന്നെയാവും.
പല രക്ഷിതാക്കൾക്കുമുള്ള പരാതിയാണ് വീട്ടില്‍ മക്കൾ പരസ്പരം തല്ല് കൂടുകയും പിണങ്ങുകയും ചെയ്യുന്നു എന്നത്. സഹോദരങ്ങളായിട്ടു പോലും അവർ പരസ്പരം വിട്ടുവീഴ്ച ചെയ്യാനോ സൗഹൃദത്തിലാവാനോ തയ്യാറാവുന്നില്ല. ഇപ്പഴേ ഇങ്ങനെയായാൽ മുതിർന്നാൽ എന്തായിരിക്കും ഇവരുടെ അവസ്ഥ. പരസ്പരം ശത്രുക്കളെപ്പോലെയാണ് അവർ വീട്ടിൽ പെരുമാറുന്നത്. ഈ അവസ്ഥയെയാണ് സൈക്കോളജിയിൽ സിബ്ലിംഗ് റിവൾറി എന്ന് പറയുന്നത്.
രണ്ടോ അതിലധികമോ കുട്ടികളുള്ള മിക്കവാറും വീടുകളിൽ ഇത് വലിയൊരു പ്രതിസന്ധിയാണ്.
മക്കളെയോർത്ത് മാതാപിതാക്കൾ നിരാശപ്പെടുകയും സമ്മർദ്ദത്തിലാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം.
എന്തുകൊണ്ടാണ് സഹോദരൻ/ സഹോദരി ശത്രുവായി മാറുന്നത്?
നിരവധി ഘടകങ്ങളാണ് സഹോദരങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തിന് കാരണമാകുന്നത്. പ്രധാനമായും ഒൻപത് തരം ഇന്‍റലിജൻസാണ് ഒരു മനുഷ്യന് ഉള്ളത്. വ്യത്യസ്തമായ കഴിവായിരിക്കും അവരോരുത്തർക്കും ലഭിച്ചിട്ടുണ്ടാവുക. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ രക്ഷിതാക്കൾ മക്കളെ പരസ്പരം താരതമ്യം ചെയ്യുന്നത് കുട്ടികള്‍ തമ്മിലുള്ള ശത്രുതയ്ക്ക് ഒരു പ്രധാന കാരണമാകുന്നു.
മുതിർന്നവനെ കാണിച്ച് നീ അവനെക്കണ്ട് പഠിക്കൂ എന്നും നിനക്ക് അവനെപ്പോലെ ആയിക്കൂടെ എന്നും അവന്റെ മാർക്ക് നോക്കൂ എന്നൊക്കെ പറഞ്ഞു ഇളയവനെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നാൽ അവന് ജീവിതത്തിൽ താൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന അപകർഷതാ ബോധം വരും. രക്ഷിതാക്കൾക്ക് കൂടുതൽ പ്രിയം മുതിർന്ന കുട്ടിയോടാണെന്ന് തോന്നുകയും അതോടെ സഹോദരനോട് ശത്രുത രൂപപ്പെടുകയും ചെയ്യും. കാരണങ്ങൾ ഉണ്ടാക്കി കലഹിക്കും. പരസ്പരം സാധനങ്ങള്‍ നശിപ്പിക്കും. ഒരു കാരണവശാലും മക്കളെ പരസ്പരം താരതമ്യം ചെയ്യരുത്.
കുട്ടികള്‍ക്ക് എപ്പോഴും ശ്രദ്ധ അനിവാര്യമാണ്. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കുട്ടികള്‍ പലപ്പോഴും വഴക്കുകൾ തിരഞ്ഞെടുക്കുന്നു. പ്രത്യേകിച്ചും രണ്ടാമതൊരു കുഞ്ഞു വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് തന്നിലുള്ള ശ്രദ്ധ കുറയുന്നു, സ്നേഹം പങ്കു വയ്ക്കപ്പെടുന്നു എന്നൊക്കെയുള്ള തോന്നലുകള്‍ ഇത്തരം ശത്രുതയ്ക്ക് കാരണമാകാം.
ഭക്ഷണ സമയമൊക്കെ പോലെയുള്ള സ്നേഹം നിറഞ്ഞ, ആസ്വാദ്യകരമായ കുടുംബനിമിഷങ്ങള്‍ ഒരുമിച്ച് പങ്കിടാൻ സമയമില്ലാത്തത് കുട്ടികൾ തമ്മില്‍ സംഘട്ടനത്തിൽ ഏർപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
കുടുംബമെന്ന ഒറ്റ സ്ഥാപനത്തിലെ ഒരുമിച്ച് നില്‍ക്കേണ്ട അംഗങ്ങളാണ് തങ്ങളെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാകാതെ പോകുന്നതും ഇത്തരം ശത്രുതയ്ക്ക് കാരണമാകും.
ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉണ്ടായിരിക്കുക എന്നത് ഒരാൾക്ക് മാനസികവും ശാരീരികവുമായി ഏറ്റവും നല്ലതാണെന്ന് മനശാസ്ത്രജ്ഞർ ഒന്നടങ്കം പറയുന്നു. നിരാശകൾ, ആവലാതികൾ, ദുഖം, എന്നിവ പങ്കിടാനും ജീവിതത്തിൽ സ്നേഹവും സഹാനുഭൂതിയും ഒക്കെ പ്രകടിപ്പിക്കാനും നിങ്ങളുടെ നല്ല സമയങ്ങളിൽ ആത്മാർത്ഥമായി സന്തോഷം പ്രകടിപ്പിക്കാനുമെല്ലാം കഴിയുന്നതാണ് ഒരാൾക്ക് ലഭിക്കുന്ന സഹോദരബന്ധങ്ങൾ. ഒരേ മാതാപിതാക്കളിൽ നിന്ന് ജനിച്ചതിനാലും ഒരേ ജീനുകൾ പങ്കിടുന്നതിനാലും, രണ്ട് വ്യത്യസ്ത വ്യക്തികളാണെങ്കിൽ പോലും സഹോദരീ - സഹോദരന്മാർ തമ്മിൽ എപ്പോഴും ഒരു ആത്മബന്ധം നിലനിൽക്കുന്നു. അവരുടെ സ്വഭാവസവിശേഷതകൾ ഒരുപക്ഷേ വ്യത്യസ്തമാകാം. ചിലപ്പോൾ ഒരാൾ അന്തർമുഖനും മറ്റുള്ളവരുമായി അധികം ഇടപഴകുന്നത് ഇഷ്ടപ്പെടാത്താനവനുമാകാം. അതേസമയം മറ്റൊരാൾ പുറംലോകത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കൾ ഒരുപാട് ഉള്ളവരും ആയിരിക്കാം. എത്ര തന്നെ വ്യത്യസ്തരാണെങ്കിൽ പോലും സഹോദര ബന്ധങ്ങളിൽ അവർ ഒരേ മനസ്സുകൊണ്ട് ചേർന്ന് നിന്ന് ഉള്ളിലുള്ള ആത്മബന്ധത്തെ എക്കാലവും കൈമോശം വരാതെ സൂക്ഷിക്കുന്നു. സഹോദരബന്ധത്തിന്റെ പ്രാധാന്യവും യഥാർത്ഥ മൂല്യവും ഒക്കെ മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾക്ക് പകർന്നു കൊടുക്കേണ്ടത്. കുട്ടികളുടെ വൈകാരിക വളർച്ചയുടെ പ്രായത്തിൽ തന്നെ ഇതിനുള്ള കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്.
ഒരൊറ്റ കുട്ടി മാത്രമുള്ള പല മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടി ഏകാന്തതയുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് കാണേണ്ടതായി വരുന്നുണ്ട്. രണ്ടാമത്തെ കുഞ്ഞ് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണെങ്കിൽ നിങ്ങൾക്ക് ഇത്തരമൊരു പ്രശ്നത്തെ ഒരിക്കലും നേരിടേണ്ടി വരില്ല. കാരണം അവൻ എല്ലായ്പ്പോഴും നിങ്ങളുടെ ആദ്യ കുട്ടിക്ക് ഒരു സുഹൃത്തായിരിക്കും. തിരിച്ചും അങ്ങനെ തന്നെ. അവരുടെ ചെറിയ ചെറിയ തർക്കങ്ങൾ നിങ്ങളിലേക്ക് എത്താൻ അനുവദിക്കരുത്. നിങ്ങളുടെ ആദ്യ കുട്ടിക്ക് രണ്ടാമൻ എല്ലായ്പ്പോഴും ഒരു കൂട്ടുകാരൻ ആയി മാറുന്നു എന്ന് ഉറപ്പാക്കുക. ഒരു സഹോദരൻ മറ്റൊരാൾക്കെതിരെ പരാതികളോ ചൂഷണമോ മുന്നോട്ടുവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. ഇത് സഹോദരങ്ങൾക്കിടയിൽ നിഷേധാത്മക മനോഭാവം സൃഷ്ടിക്കും. ഒരു രക്ഷകർത്താവ് എന്ന നിലയിൽ പക്ഷപാതമില്ലാതെ കുട്ടികൾക്കായി തുടരേണ്ടതും അത്യാവശ്യമാണ്. ഒരിക്കലും ഒരു കുട്ടിയുടെ പക്ഷം ചേർന്ന് മറ്റേയാളെ ശാസിക്കരുത്. ഇത് നിങ്ങളുടെ കുട്ടികൾക്കിടയിൽ ശത്രുതയും പ്രതികൂല സ്വാധീനവും ചെലുത്തുന്നതിന് കാരണമാവും.
പരസ്പരം പരിപാലിക്കാൻ അവരെ പഠിപ്പിക്കുക എന്നതും പ്രധാനമാണ്. പരസ്പരം പരിപാലിക്കാനും മറ്റൊരാൾക്ക് വേണ്ടി കൂടെ നിൽക്കാനും അവരുടെ ഭാഗം ചേരാനുമെല്ലാം അവരെ പഠിപ്പിക്കുക. ഒരാൾ രോഗിയായിരിക്കുമ്പോൾ അവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിൽ നിങ്ങളെ സഹായിക്കാൻ അവരോട് ആവശ്യപ്പെടുക. സഹോദരങ്ങൾ തമ്മിൽ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകുന്നത് സാധാരണമാണെങ്കിൽ തന്നെയും ഇതെല്ലാം തന്നെ ബന്ധങ്ങളെ കൂടുതൽ യാഥാർത്ഥ്യവും കെട്ടുറപ്പുള്ളതുമാക്കി മാറ്റുന്നതാണ് എന്നവർക്ക് ബോധ്യമാകും. കഴിയുമെങ്കിൽ എല്ലാ ദിവസവും ഇല്ലെങ്കിൽ, ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ സഹോദരീ സഹോദരന്മാർ തമ്മിൽ ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
മാസത്തിലൊരിക്കൽ അവരെ ഒരുമിച്ച് ഉച്ചഭക്ഷണത്തിനോ അല്ലെങ്കിൽ ഒരു സിനിമയ്‌ക്കോ കൂട്ടിക്കൊണ്ട് പോകുന്നത് തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.
അവര്‍ ചെറുതായിരിക്കുമ്പോൾ മുതൽ, നിങ്ങളുടെ സഹോദരബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള നല്ല അനുഭവങ്ങളും ബാല്യകാല സ്മരണകളും ഒക്കെ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുക. നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധിയുടെ സമയങ്ങളിൽ ഒരു സഹോദരൻ മറ്റൊരാളെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുള്ള കഥകൾ അവരോട് പറയുക. സഹോദരങ്ങൾ തമ്മിൽ ഐക്യത്തോടെ തുടരേണ്ടത് എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് സ്വയം മനസ്സിലാക്കിയെടുക്കാന്‍ ഈ കാര്യങ്ങളെല്ലാം അവരെ സഹായിക്കും.
ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കുട്ടികൾ ഒരുമിച്ച് ആസ്വദിച്ച് ചെയ്യുന്ന പൊതു പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഒരുമിച്ച് കളിക്കാനും പഠിക്കാനും ഒക്കെ ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് ഇരുവർക്കും താൽപ്പര്യമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ അവരെ പ്രേരിപ്പിക്കുക. സഹോദരങ്ങൾ തമ്മിൽ കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കുന്നതും, പരസ്പരം നന്നായി അറിയുകയും ചെയ്യുന്നത് അവരുടെ സ്നേഹബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കും.
നിങ്ങളുടെ കുട്ടികൾ തമ്മിൽ എക്കാലവും നിലനിൽക്കുന്ന ഒരു ആത്മബന്ധം ഉണ്ടായിരിക്കണമെങ്കിൽ ഏറ്റവുമാദ്യം നിങ്ങൾ ഈ കാര്യത്തിൽ അവർക്ക് ഒരു റോൾ മോഡൽ ആയിരിക്കണം. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സഹോദര ബന്ധങ്ങൾ ഉണ്ടെങ്കിൽ അവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കുക. മുതിർന്നവരുടെ പ്രവർത്തികളിൽ നിന്ന് അടുപ്പത്തിന്റെയും സ്നേഹ ബന്ധങ്ങളുടെയുമൊക്കെ യഥാർത്ഥ അർത്ഥം കുട്ടികൾ മനസ്സിലാക്കും.
നിങ്ങളുടെ സഹോദരങ്ങളുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കുന്നതും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതും അല്ലെങ്കിൽ ദുരിത സമയങ്ങളിൽ അവരെ പിന്തുണയ്ക്കാൻ കൂടെ ഉണ്ടായിരിക്കുന്നതുമെല്ലാം നിങ്ങളുടെ കുട്ടിയ്ക്ക് സഹോദരനുമായുള്ള ബന്ധത്തിന്‍റെ ജീവിത പാഠങ്ങളെ പഠിപ്പിച്ചു കൊടുക്കും. നിങ്ങളുടെ സഹോദര ബന്ധങ്ങൾ ഇടയ്ക്കെവിടെയോ വെച്ച് നഷ്‌ടപ്പെട്ടു പോയെങ്കിൽ, അവയെ തിരികെ പിടിക്കാൻ ശ്രമിക്കുകയും ബന്ധങ്ങൾക്ക് പുതുജീവൻ നൽകുകയും ചെയ്യുക. ഒരിക്കൽ തകർന്ന സഹോദരബന്ധം അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള സഹോദരബന്ധങ്ങളെ എങ്ങനെ വീണ്ടും തിരികെ കയ്യെത്തി പിടിക്കാമെന്ന് ഇത് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കും.
കുട്ടികള്‍ തമ്മില്‍ സ്നേഹവും ഐക്യവും വളരാന്‍ രക്ഷിതാക്കൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
കുട്ടികളുടെ മുമ്പിൽ വെച്ച് ഒരിക്കലും താരതമ്യം ചെയ്ത് സംസാരിക്കരുത്. മത്സരങ്ങൾ നൽകുന്നതിന് പകരം സഹകരണം ശീലിപ്പിക്കുക. ഓരോ മക്കളുടെയും വ്യത്യസ്തമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുക.
പരസ്പരം ശ്രദ്ധ നേടുന്നതിനുള്ള നല്ല വഴികൾ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. മറ്റൊരു കുട്ടിയെ എങ്ങനെ സമീപിക്കാമെന്നും അവരോട് കളിക്കാനും അവരുടെ സാധനങ്ങളും കളിപ്പാട്ടങ്ങളും പങ്കിടാനും ആവശ്യപ്പെടുക.
ഓരോ കുട്ടിക്കും അവരുടേതായ സമയവും സ്ഥലവും ഉണ്ടെന്നും കൂട്ടുകാരുമൊത്ത് കളിക്കാനും സമയം ചെലവഴിക്കാനും അവസരമുണ്ടെന്നും ഉറപ്പു വരുത്തുക.
ഓരോ കുട്ടിക്കു വേണ്ടിയും രക്ഷിതാക്കൾ പ്രത്യേകം സമയം കണ്ടെത്തണം. ദിവസത്തിൽ ഒരു പത്തു മിനിറ്റ് കുട്ടികളുമായി സംസാരിക്കാൻ അവസരമുണ്ടാക്കണം.
അവർക്ക് സന്തോഷം നല്കുന്ന സംസാരങ്ങൾ പരസ്പരം സംസാരിപ്പിക്കണം.
ഓരോ കുട്ടിക്കും അവന്റെ റോൾ എന്താണെന്ന് കൃത്യമായി അറിയിക്കുകയും അവയെ ഫോളോ ചെയ്യുകയും പരസ്പരം അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യണം.
വീട്ടിൽ ഒന്നിച്ചു സംസാരിക്കാനും കേൾക്കാനുമുള്ള അവസരം ഉണ്ടാക്കുകയും വേണം. മക്കൾ ആഗ്രഹിക്കും രീതിയിലുള്ള പരിഗണനകൾ നെല്ലും പതിരും വേർതിരിച്ച് രക്ഷിതാക്കൾക്ക് നല്കാൻ സാധിച്ചാൽ സിബ്ലിംഗ് റിവൾറി ഇല്ലാതെ സന്തോഷത്തോടെ മക്കളുടെ വളര്‍ച്ചയും അവരുടെ ജീവിതവും ആസ്വദിക്കാം…
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.