Feb 1 • 7M

‘കാലങ്ങളായി കൈമാറ്റം ചെയ്ത് വരുന്ന പരിഹാരമാർഗ്ഗങ്ങൾ!’

സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം-ഭാഗം 2

Psy. Swargeeya D P
Comment
Share
 
1.0×
0:00
-6:55
Open in playerListen on);
Episode details
Comments

സിബ്ലിങ്ങ് റൈവൾറിയെ മറികടക്കുന്നതിനായി മാതാപിതാക്കളുടെയോ മറ്റ് മുതിർന്ന വ്യക്തികളുടെയോ ഭാഗത്ത് നിന്നും സാധാരണയായി ചില ശ്രമങ്ങൾ നടക്കാറുണ്ട്. കാലാകാലങ്ങളായി കൈമാറ്റം ചെയ്തുവരുന്ന ഇത്തരം ചില ശ്രമങ്ങളിലേക്കും അവയുടെ കാരണങ്ങളിലേക്കുമൊന്ന് ശ്രദ്ധിക്കാം.

തിരിച്ചറിയപ്പെടാതെ പോകുന്ന നിരീക്ഷണ-പഠനം അഥവാ ഒബ്സെർവേഷണൽ ലേണിങ്!

ആർട്ടിക്കിളിന്റെ ആദ്യ ഭാഗത്ത് “നീയല്ലേ മുതിർന്നത്. നീയല്ലേ വിട്ടുകൊടുക്കേണ്ടത് അല്ലെങ്കിൽ നിനക്ക്‌ വിട്ടുകൊടുത്താലെന്താ” എന്നിങ്ങനെയൊക്കെയുള്ള നമ്മളിൽ പലരും കുട്ടിക്കാലത്ത് ഏറെ കേട്ടിട്ടുള്ളതും, മാതാപിതാക്കളുടെ സ്ഥാനമേറുമ്പോൾ ഇന്ന് മക്കളോടായി വീണ്ടും ഉപയോഗിക്കുന്നതുമായ ചില വാചകങ്ങൾ പ്രതിപാദിച്ചിരുന്നു.

ഒരുപക്ഷെ, തനിക്ക് താഴെ സഹോദരങ്ങളുള്ള വലിയൊരു ശതമാനം പേരെയും ഏറെ വേദനിപ്പിച്ചിട്ടുള്ള, വനസികമായി തളർത്തിയ, ഓർത്തോർത്ത് ഏറെ കരയിച്ച വാചകങ്ങളാണിതെന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും.

അതുകൊണ്ട് തന്നെ വീട്ടിലെ ആദ്യ കുട്ടിയായി ജനിച്ച്-വളർന്ന മാതാപിതാക്കളിൽ പലരും തന്നെ ചെറിയ പ്രായത്തിൽ ഇത്തരം വാചകങ്ങൾ കേട്ട് ഒരുപാട് വേദനിച്ചിട്ടുള്ളവരുമാകാം. എന്നിരുന്നാലും അന്നത്തെ കുട്ടികൾ വളർന്ന് ഇന്ന് മാതാപിതാക്കളുടെ സ്ഥാനത്തേക്കെത്തുമ്പോൾ അതേ വാചകങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു എന്നതാണ് വാസ്തവം. അതിനാൽ ഇത്തരം പ്രവർത്തികളെ ഒരു തരം നിരീക്ഷണ-പഠനം അഥവാ ഒബ്സെർവേഷണൽ ലേണിംഗായി വിലയിരുത്താം.

ഒബ്സെർവേഷണൽ ലേണിങ് എന്നാൽ നമ്മുടെ നിരീക്ഷണങ്ങളിലൂടെ കണ്ടതും കേട്ടതും അനുഭവിച്ചതും, നാം അറിഞ്ഞോ അറിയാതെയോ പഠിച്ച് ആവർത്തിക്കുക എന്ന പ്രവൃത്തിയാകുന്നു.

കുട്ടിയായിരിക്കുമ്പോൾ മക്കൾക്കിടയിലെ മത്സരങ്ങളിൽ മാതാപിതാക്കൾ ഇത്തരം വാചകങ്ങൾ ഉപയോഗിക്കുന്നതിലൂടെ കുട്ടികളെല്ലാം ഒന്നുപോലെ ഇവയുമായി പരിചയത്തിലാകുന്നു. അതിൽ മൂത്തകുട്ടികളും ഇളയകുട്ടികളും ഒന്നുപോലെ ഉൾപ്പെടുന്നു. പിൽക്കാലത്ത് മാതാപിതാക്കളുടെ സ്ഥാനത്തേക്കെത്തുമ്പോൾ ഓർമ്മകളിൽ പേറുന്ന അതേ വാചകങ്ങൾ സിബ്ലിങ്ങ് റൈവൾറിയെ മറികടക്കാനെന്നവണ്ണം അന്ന് തങ്ങളുടെ മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന പോലെ വീണ്ടും ആവർത്തിക്കുന്നു.

ഇത്തരം പ്രയോഗങ്ങളിലേക്ക് ശ്രദ്ധിക്കാം..

ഒരു വീട്ടിൽ രണ്ട് മക്കളുണ്ടെന്ന് കരുതുക. ഒരാൾക്ക് ഏഴ് വയസ്സും മറ്റൊരാൾക്ക് നാല് വയസ്സും മാത്രം പ്രായം. അവർക്കിടയിൽ പ്രായത്തിൻ്റേതായ മത്സരങ്ങളും അസൂയയും വഴക്കുകളുമൊക്കെ ഉണ്ടെന്ന് കരുതുക. അതിനാൽ തന്നെ പലപ്പോഴും ഒരേ സാധനങ്ങൾ വേണമെന്ന വിധത്തിലുള്ള വാശിയും മത്സരങ്ങളും അവർക്കിടയിൽ സാധാരണമായെന്ന് വരാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് പൊതുവെ മാതാപിതാക്കളോ, കുടുംബത്തിലെ മറ്റ് മുതിർന്നവരോ പ്രത്യക്ഷത്തിൽ തന്നെ ഇളയകുട്ടിയെ പിന്തുണയ്ക്കും വിധം ‘മുതിർന്നത് നീയല്ലേ..’ എന്ന് തുടങ്ങുന്ന പ്രസ്താവനയോടൊപ്പം മൂത്ത കുട്ടിയോട് അനിയനോ/അനിയത്തിക്കോ വേണ്ടി വസ്തുക്കൾ വിട്ടുകൊടുക്കുന്നതിനായി നിർദ്ദേശിക്കുന്നത്.

എല്ലായിപ്പോഴും മാതാപിതാക്കൾ ഇത്തരം വാചകങ്ങൾ ദേഷ്യത്തോടെ മാത്രം അവതരിപ്പിക്കുന്നു എന്ന് ഇതിന് അർഥമില്ല. വ്യക്തികൾക്കനുസരിച്ച് വ്യത്യസ്ത രീതിയിലായിരിക്കാം ഒരേ വാചകം പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്.

“മോള് ചേച്ചിയല്ലേ.. മോളല്ലേ വിട്ടുകൊടുക്കേണ്ടത്… അല്ലെങ്കിൽ മോൻ ചേട്ടനല്ലേ.. മോനല്ലേ വിട്ടുകൊണ്ടുക്കേണ്ടത്.. അത് അനിയന് എടുത്തോട്ടെ”, എന്നൊക്കെ വളരെ സ്നേഹത്തിലും, സമാധാനത്തിലും നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ടാകാം. പക്ഷെ എങ്ങനെ അവതരിപ്പിച്ചിരുന്നാലും ആ വാചകങ്ങളുടെ ഉദ്ദേശം മൂത്ത കുട്ടി തന്റെ താൽപ്പര്യവും, ആവശ്യവും, തന്റെ അനിയനോ അനിയത്തിക്കോ വേണ്ടി മാറ്റിവച്ച് നിലവിലുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുക എന്നത് തന്നെയാകുന്നു.

എന്നാൽ ഇങ്ങനെ ഒരു വാചകത്തിലേക്ക് മാതാപിതാക്കളെ നയിക്കുന്നതിനുള്ള പ്രധാന കാരണം, നാല് വയസ്സുകാരൻ/നാല് വയസ്സുകാരി പ്രായം കൊണ്ട് ഏറെ ചെറുതായതിനാൽ പലപ്പോഴും അവരെ കാര്യങ്ങൾ ധരിപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്ന വസ്തുത തന്നെയാണ്. അതുകൊണ്ട് പ്രശ്നപരിഹാരത്തിനെന്നവണ്ണം മാതാപിതാക്കൾ കൂടുതൽ സമയവും മൂത്തകുട്ടിയിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇളയ കുട്ടിയുമായി ഏറെ പ്രായവ്യത്യാസമില്ലാത്തപ്പോഴും മൂത്തകുട്ടിയിലേക്ക് തിരിഞ്ഞ് ക്ഷമയും, വിട്ടുകൊടുക്കലും മറ്റും ശീലിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നു. മൂത്തകുട്ടിയുടെ നിരാശയെ തിരിച്ചറിയാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ഇത്തരം രീതികളിലാണ് വാസ്തവത്തിൽ പാളിച്ചകൾ സംഭവിക്കുന്നത്.

മാതാപിതാക്കൾ ഓർക്കേണ്ട ഒന്നുണ്ട്- നിങ്ങളുടെ ഇളയ കുട്ടിയുടെ പ്രായം നാല് വയസ്സാണെങ്കിൽ, മൂത്ത കുട്ടിയുടെ പ്രായം വെറും ഏഴ് വയസ്സ് മാത്രമാണ്. നിങ്ങളുടെ രണ്ട് കുട്ടികളും ഈ പ്രായങ്ങളിൽ ആഗ്രഹിക്കുന്ന കളിപ്പാട്ടങ്ങളും, മറ്റ് വസ്തുക്കളുമൊക്കെ മിക്കവാറും ഒന്ന് തന്നയാവും. ഒപ്പം നിങ്ങളിൽ നിന്നുമവർ ആഗ്രഹിക്കുന്ന സ്നേഹവും, ലാളനയും, പരിഗണനയും പെരുമാറ്റവുമൊക്കെ ഒന്നുപോലെയായിരിക്കും. തന്നിലേക്ക് അവർ കൂടുതൽ ശ്രദ്ധിക്കുന്നു. അമ്മയും അച്ഛനും തന്നെ എല്ലായിപ്പോഴും ചേർത്ത് പിടിയ്ക്കണമെന്നും ആഗ്രഹിക്കുന്നു. അപ്പോഴാണ് “നീയല്ലേ മുതിർന്നത്, നീയല്ലേ വിട്ടുകൊടുക്കേണ്ടത്” എന്ന വാചകവുമായി നിങ്ങൾ തുടർച്ചയായി മകനോ/മകൾക്കോ മുന്നിൽ എത്തുന്നതും, അനിയനോ അനിയത്തിക്കോ വേണ്ടി വിട്ടുകൊടുക്കാൻ സ്നേഹത്തോടെയായിരുന്നാലും നിർദ്ദേശിക്കുന്നതും! അതെങ്ങനെ കുട്ടിയുടെ മനസ്സിനെ മോശമായി ബാധിക്കാമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ..

കുട്ടിയുടെ മനസ്സ് ആഴത്തിൽ വേദനിക്കും. മുറിപ്പെടും. ഒടുവിൽ അച്ഛനും അമ്മയ്ക്കും അനിയനെ/അനിയത്തിയെ ആണ് ഇഷ്ടം, തന്നെ ഇഷ്ടമല്ല എന്ന നിഗമനത്തിൽ എത്തും. അതോടെ കുട്ടിയുടെ സന്തോഷങ്ങൾ നഷ്ടപ്പെടും. സഹോദരനോട്/സഹോദരിയോട് ദേഷ്യവും, വാശിയും, ഒരുപക്ഷെ വൈരാഗ്യവും തോന്നും.

കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും, അതിന്റെ പരിണിതഫലങ്ങളും ഉൾപ്പെട്ട വ്യാകുലതകൾക്കപ്പുറം, തങ്ങൾ മുന്നോട്ട് വയ്ക്കുന്ന പരിഹാര ശ്രമങ്ങളിലെ പാളിച്ചകളിലേക്കോ, അതിലൂടെ വേദനിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥയിലേക്കോ, അവരുടെ നിരാശയിലേക്കോ ഒന്നും തന്നെ പലപ്പോഴും മാതാപിതാക്കളുടെ നോട്ടമെത്തുന്നില്ല എന്നതാണ് വാസ്തവം.

ഓർക്കേണ്ട മറ്റൊന്ന്- ചെറിയ പ്രായങ്ങളിലൂടെ കടന്നു പോകുന്ന കുഞ്ഞു മനസ്സിൽ അവരുടേതായ ഇഷ്ടങ്ങൾക്കും, ആകാംക്ഷകൾക്കും, ആഗ്രഹങ്ങൾക്കും, സ്നേഹത്തിനുമൊക്കെ മാത്രമേ  സ്ഥാനമുണ്ടാകാറുള്ളു. അതിലേക്ക് ‘പക്വത’ കൂടി ചേർത്തുവയ്ക്കാനാഗ്രഹിക്കുന്നത് മാതാപിതാക്കൾ ആണ്.

അതായത് നിങ്ങൾക്ക് രണ്ടാമതായി നാല് വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ടെന്നതിനാൽ, ഏഴ് വയസ്സ്മാത്രം പ്രായമുള്ള മൂത്ത മകനോ/മകളോ, അല്ലെങ്കിൽ പത്ത് വയസ്സുള്ള നിങ്ങളുടെ മൂത്ത മകനോ/മകളോ, നിങ്ങളുടെ കാഴ്ചപ്പാടിലെ പക്വതയോടെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് തന്നെ എത്രത്തോളം വലിയ അബദ്ധമാണെന്ന് ഒന്നോർത്തു നോക്കൂ..

മക്കൾക്കിടയിലെ കുഞ്ഞ്-വലിയ വഴക്കുകളും സ്വരച്ചേർച്ച ഇല്ലായ്‌മകളും മാതാപിതാക്കൾക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാതെ, ഏഴ് വയസ്സു മാത്രം പ്രായമുള്ള മൂത്തകുട്ടി, അവനോ/അവളോ ഈ പ്രായത്തിൽ ആഗ്രഹിക്കുന്നതെല്ലാം ഇളയകുട്ടിയ്ക്കായി വിട്ടുനൽകി, നിശബ്ദമായി പിന്തിരിയുന്ന തരം പക്വതയോടെ പെരുമാറി അനായാസമായി പരിഹരിക്കപ്പെടണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നിടത്തുനിന്നുമാണ് ഈ വാചകങ്ങൾ ജനിക്കുന്നത്.

പക്ഷെ, യഥാർഥത്തിൽ അത്ഭുതമൊന്നും തോന്നേണ്ടതില്ല!

കാരണം, മൂത്തകുട്ടിയുടെ പ്രായം കണക്കിലെടുക്കാതെ പക്വതയോടെ പെരുമാറാൻ നിർദ്ദേശിച്ച് സിബ്ലിങ്ങ് റൈവൾറി പരഹരിക്കപ്പെടുകയെന്നതും കാലാകാലങ്ങളായി മുൻതലമുറ ഉപയോഗിച്ച് പരാജയപ്പെട്ടിട്ടും തിരിച്ചറിവുണ്ടാകാതെ ഇന്നും നമ്മൾ തുടരുന്ന കുറുക്ക് വഴികളിലൊന്ന് മാത്രമാണ്.

അതുകൊണ്ട് തന്നെ മാതാപിതാക്കളെന്ന നിലയിൽ ഇതൊന്നുമല്ലാതെ തന്നെ ഇനിയുമേറെ ചെയ്യുവാൻ സാധിക്കുമെന്നത് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

തുടരും..