മാതാപിതാക്കളുടെ സ്നേഹവും, പരിഗണനയും, ലാളനയും ഓരോ കുട്ടിയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്. അതോടൊപ്പം ഏതൊരു ഘട്ടത്തിലും തന്റെ ഒപ്പം, തന്റെ പക്ഷം ചേർന്ന്, തനിക്കു വേണ്ടി നിലകൊള്ളെണമെന്നും കുട്ടികൾ അതിയായി ആഗ്രഹിക്കുന്നു.
സഹോദരങ്ങൾ തമ്മിൽ പ്രായവ്യത്യാസം കുറഞ്ഞിരുന്നാലും കൂടിയിരുന്നാലും തന്നെക്കാൾ കൂടുതൽ സഹോദരൻ/സഹോദരി സ്നേഹിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു എന്ന തോന്നൽ കുട്ടികളിൽ പലപ്പോഴും നിരാശയും, എതിർവശത്ത് നിൽക്കുന്ന ആളോട് വാശിയും, വൈരാഗ്യവും ജനിപ്പിക്കുന്നു.
തുടർന്ന് എല്ലായിടത്തും ആ വ്യക്തിയെക്കാൾ മികച്ചത് താനാണെന്ന് തെളിയിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും, മുന്നോട്ട് അതങ്ങനെ തന്നെ തുടരുകയും, എല്ലായിപ്പോഴും വിജയം കൈവരിക്കാൻ ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ബാല്യത്തിൽ ആരംഭിക്കുന്ന സിബ്ലിങ്ങ് റൈവൾറി മുന്നോട്ട് ഇനി എത്രകാലം നീണ്ടുപോകാമെന്നത് പ്രാധാന്യമർഹിക്കുന്ന ഒരു ചോദ്യം തന്നെയാകുന്നു.
സിബ്ലിങ്ങ് റൈവൾറി (സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരം) ഏത് പ്രായം വരെ നീളാം?
സിബ്ലിങ്ങ് റൈവൾറി ആരംഭിക്കുന്നത് രണ്ടാമത്തെ കുട്ടിയുടെ ജനനത്തിന് ശേഷവും വളർച്ചയുടെ ഘട്ടത്തിലുമാണ്. ശേഷം കാലം മുന്നോട്ട് പോകുന്തോറും മത്സരങ്ങളുടെ തോതും വർധിക്കുന്നു. കൗമാരപ്രായത്തിൽ അതേറ്റവും ഉയർന്നു നിൽക്കുന്നു. വാക്കേറ്റത്തിനും ആരോപണങ്ങൾക്കും മത്സരങ്ങൾക്കുമപ്പുറം ശാരീരികോപദ്രവങ്ങളുമുണ്ടാകാനിടയാകുന്നു.
രണ്ടിലേറെ കുട്ടികളുള്ള വീടുകളിൽ വ്യക്തിപരമായ മത്സരങ്ങൾക്കപ്പുറം, പലപ്പോഴും സംഘം ചേർന്നുള്ള മത്സരങ്ങളും ആരോപണങ്ങളും കൂടി കാണാൻ സാധിക്കുന്നതാണ്.
സഹോദരങ്ങൾക്കിടയിൽ നടത്തിയ പഠനങ്ങൾ പറയുന്നത്, വളർച്ചയുടെ പല ഘട്ടങ്ങളിലും സഹോദരങ്ങൾക്കിടയിലെ മത്സരങ്ങളുടെ രീതിയിൽ മാറ്റമുണ്ടായേക്കാമെങ്കിലും, സിബ്ലിങ്ങ് റൈവൾറി എന്നത് ബാല്യവും, കൗമാരവും, യൗവനവുമൊക്കെ കടന്ന് എത്ര കാലം വേണമെങ്കിലും മുന്നോട്ട് പോകാമെന്നു തന്നെയാണ്. മധ്യവയസ്സിലും വാർദ്ധക്യത്തിലും പോലും സിബ്ലിങ്ങ് റൈവൾറി കൂടെ കൂട്ടുന്ന വ്യക്തികൾ ഏറെയുണ്ട്. സഹോദരങ്ങൾ എന്നതിനപ്പുറം വിവാഹശേഷം സഹോദരങ്ങളുടെ കുടുംബങ്ങൾക്കിടയിൽ പോലും പലപ്പോഴും മാനസ്സിക അകലം വളരുന്ന സാഹചര്യങ്ങളുമേറെയുണ്ട്.
എന്നാൽ വളർച്ചയുടെ ഘട്ടത്തിൽ പഴ്സണാലിറ്റിയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ അഥവാ വ്യക്തിത്വ വികാസത്തിലൂടെ സംഭവിക്കുന്ന തിരിച്ചറിവുകളുടെ ഭാഗമായി, സിബ്ലിങ്ങ് റൈവൾറിയുടെ കാര്യത്തിൽ പല വ്യക്തികളിലും അനുകൂലമായ മാറ്റങ്ങളുമുണ്ടാകാറുണ്ട്. പ്രണയം, വിവാഹജീവിതം, സഹോദരങ്ങളുമായി പിരിഞ്ഞുള്ള നാളുകൾ, പ്രൊഫഷണൽ തിരക്കുകൾ, മക്കളുടെ ജനനം, വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങൾ മുതലായ ജീവിത മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സിബ്ലിങ്ങ് റൈവൾറിയുടെ അളവ് തീരെ കുറഞ്ഞ് സഹോദരങ്ങളുമായി മാനസികമായി അടുപ്പമേറുന്ന സാഹചര്യങ്ങളും കാണാം.
വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ യുവതി പങ്കുവച്ച അനുഭവം
“വീട്ടിലെ മൂത്ത കുട്ടിയാണ് ഞാൻ. ഒരു അനുജത്തി കൂടിയുണ്ട്. ഞങ്ങൾ തമ്മിൽ രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളു. പക്ഷെ ഓർമ്മയുള്ള കാലത്തിൽ അത്രയും അവളാണ് വീട്ടിൽ ഡോമിനന്റ്. മുതിർന്നതാണെന്നോ, ചേച്ചി ആണെന്നോ ഉള്ള ഒരു പരിഗണനയും എനിക്ക് കിട്ടിയിട്ടില്ല. വളരുന്തോരും ഞാനും അവളും തമ്മിലുള്ള മത്സരം കൂടിക്കൂടി വന്നു. ഞങ്ങൾ ഒരുപാട് വഴക്കിടുമായിരുന്നു. ഡോമിനേറ്റ് ചെയ്ത് സംസാരിക്കാൻ അവൾക്ക് ഏറെ കഴിവുള്ളതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് ശരിയുള്ളപ്പോഴും തർക്കങ്ങളിൽ ഞാൻ ഒരിക്കലും ജയിക്കാറില്ലായിരുന്നു. ഏത് തർക്കത്തിലും ഉറക്കെയും വളരെ സ്ട്രോങ്ങ് ആയും സംസാരിച്ച് അവളെന്നെ എപ്പോഴും ഒരു മൂലയ്ക്ക് ഇരുത്തും. അച്ഛനും അമ്മയും ഗവണ്മെന്റ് ഉദ്യോഗസ്ഥരായിരുന്നത് കൊണ്ട് ഞങ്ങൾ രണ്ടാളും മാത്രം വീട്ടിലുണ്ടാകുമ്പോഴത്തെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് തീരുമാനിച്ചിരുന്നത്. എന്റെ വാക്കുകളോ അഭിപ്രായങ്ങളോ ഒന്നും കൺസിഡർ ചെയ്തിട്ടേ ഇല്ല. അതിനേക്കാൾ ഏറെ എന്നെ ബുദ്ധിമുട്ടിച്ചിരുന്ന കാര്യം അവൾ ഡോമിനന്റ് ആണെന്നത് വീട്ടിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ട കാര്യമായിരുന്നത് കൊണ്ട് തന്നെ അത് കണ്ടറിഞ്ഞു പെരുമാറാനായി എന്നെ പപ്പയും മമ്മിയും നിർബന്ധിച്ചിരുന്നു എന്നതാണ്.
‘അവൾ അങ്ങനെയാണെന്ന് നിനക്ക് അറിയാമല്ലോ… നിനക്ക് അത് കണ്ടറിഞ്ഞു പെരുമാറിക്കൂടെ’ എന്ന ചോദ്യം എന്റെ ഉറക്കം കളഞ്ഞിരുന്നു അന്നൊക്കെ….
പക്ഷെ, പിന്നീട് എന്താ സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല. അതൊക്കെ അങ്ങ് മാറി. കല്യാണം ഒക്കെ ആയപ്പോഴേക്കും അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ ആയി. ഇപ്പോൾ അവളുടെ കാര്യങ്ങളാണെങ്കിലും എന്റെ കാര്യങ്ങളാണെങ്കിലും ഞങ്ങളുടെ ഹസ്ബൻഡ്സിനോട് പറയുന്നതിനു മുൻപെ ഞങ്ങൾ പരസ്പരം ഷെയർ ചെയ്യും. അവൾ അറിയാത്തതൊന്നും എന്റെ ലൈഫിൽ ഇന്നില്ല.
പക്ഷെ അന്നത്തെ വേദന ഓർമ്മയിലുള്ളത് കൊണ്ട് തന്നെ ഇന്ന് എന്റെ മക്കൾ തമ്മിൽ വഴക്ക് കൂടുമ്പോൾ വളരെ ശ്രദ്ധിച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആരുടെയെങ്കിലും ഒരാളുടെ മാത്രം ഭാഗം ചേരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. കാരണം അന്ന് എനിക്കുണ്ടായ വിഷമം ഇന്നവർക്ക് തോന്നരുതെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. പക്ഷെ പലപ്പോഴും സ്റ്റക്ക് ആയിപ്പോകും. കുറേ കൺഫ്യൂഷൻ തോന്നും.. എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ വരും.“ യുവതി പറഞ്ഞു.
തിരികെ വരാം
സിബ്ലിങ്ങ് റൈവൾറിയുടെ കാര്യത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒന്നുപോലെ തന്നെ പ്രശ്നങ്ങളുടെ കാരണങ്ങൾ എന്തെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കാറില്ല എന്നതാണ് വാസ്തവം. മാതാപിതാക്കളെ സംബന്ധിച്ച് മക്കൾക്കിടയിൽ എപ്പോഴും വഴക്കും പ്രശ്നങ്ങളുമാണെന്നതിനപ്പുറം കാരണങ്ങളെക്കുറിച്ചും പരിഹരിക്കേണ്ടതെങ്ങനെയാണെന്നതിനെ കുറിച്ചും ധാരണയുണ്ടാകാറില്ല. അതുകൊണ്ട് തന്നെ പരിഹരിക്കാനെന്നവണ്ണം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയേറുന്നു.
തുടരും…