Jan 25 • 7M

“നീയല്ലേ മുതിർന്നത്. നീയല്ലേ വിട്ടുകൊടുക്കേണ്ടത്!”: സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം ഭാഗം - 1

Psy. Swargeeya D P
Comment
Share
 
1.0×
0:00
-6:35
Open in playerListen on);
Episode details
Comments

വീട്ടിലെ ആദ്യ കുട്ടിയായി വളർന്ന, മുകളിലെ വാചകം പരിചയമില്ലാത്ത വ്യക്തികൾ തീരെ കുറവായിരിക്കും. സഹോദരങ്ങൾക്കിടയിലെ ചെറിയ വാശികളിൽ തുടങ്ങി ചെറിയ-വലിയ വഴക്കുകൾ വരെ പരിഹരിക്കപ്പെടുന്നതിനായി മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ ഭാഗത്തു നിന്നും ആദ്യകുട്ടിയുടെ നേർക്ക് സാധാരണയായി ഉന്നയിക്കപ്പെടാറുള്ള വാചകമോ/ചോദ്യമോ ആണ് തലക്കെട്ടിന്റെ ആധാരം.

“നീയല്ലേ മുതിർന്നത്.. നീയല്ലേ വിട്ടുകൊടുക്കേണ്ടത്”

അല്ലെങ്കിൽ,

“നീയല്ലേ മുതിർന്നത്.. നിനക്ക് വിട്ടുകൊടുത്താലെന്താ”

അതുമല്ലെങ്കിൽ,

“നീയല്ലേ മുതിർന്നത്.. നിനക്ക് ക്ഷമിച്ചുകൊടുത്തൂടെ”

നിങ്ങളിൽ പലർക്കും ഇതോ, ഇതേ അർഥം വരുന്ന മറ്റ് വാചകങ്ങളോ ചോദ്യങ്ങളോ ഒക്കെ ഏറെ പരിചയമുണ്ടാകാം. ഇത്തരത്തിലുള്ള എല്ലാ വാചകങ്ങളുടെയും പൊതുരീതി ചെറിയ കുട്ടിയോട് മുതിർന്ന കുട്ടി അൽപ്പം പരിഗണന കാട്ടി നിലവിലുള്ള പ്രശ്നം പരിഹരിക്കുക എന്നതാകുന്നു.

ഒരനുഭവം

കുറച്ച് ആഴ്ചകളായി പത്ത് വയസ്സുകാരനായ മകൻ അൽപ്പം മൗനിയാണ്. അച്ഛനോട് തീരെ സഹകരണമില്ല. അച്ഛൻ ചോദിക്കുന്നതിന് മാത്രം മറുപടി നൽകും. അമ്മയോട് അത്ര വലിയ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. പക്ഷെ, അച്ഛന്റെ സാന്നിദ്ധ്യത്തിൽ അമ്മയോട് സംസാരിക്കാനും കുട്ടിയ്ക്ക് തീരെ താൽപ്പര്യമില്ല. അച്ഛൻ വാങ്ങിക്കൊണ്ട് വരുന്ന വസ്തുക്കളോ പലഹാരങ്ങളോ ഒന്നും കുട്ടിയെ ആകർഷിക്കുന്നില്ല. കുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളൊന്നും ആള് മനപ്പൂർവ്വം ശ്രദ്ധിക്കാത്തത് പോലെ. അനിയൻ അവയൊക്കെ എടുത്ത് കളിച്ച ശേഷം മുറിയിൽ ആകമാനം നിരത്തിയിട്ടിരിക്കുന്നു. അവന് പരാതിയോ പരിഭവമോ ഒന്നുമില്ല. മുൻപ് ചേർത്ത് പിടിച്ചിരുന്നതൊന്നും തിരികെയെടുത്ത് സൂക്ഷിക്കാനും തയ്യാറാകുന്നില്ല.

മാതാപിതാക്കളാകട്ടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കുട്ടിയുടെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നതോടെ അസ്വസ്ഥരാകുന്നു. അങ്ങനെ ഒരു രാത്രി കുട്ടിയെ വിളിച്ച് സ്നേഹത്തോടെയും ക്ഷമയോടെയും കുട്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാനുള്ള ശ്രമം നടത്തുന്നു. അച്ഛൻ സ്നേഹത്തോടെ കാര്യമന്വേഷിക്കുന്നു. കുട്ടി സ്വാഭാവികമായും പ്രത്യേകിച്ചൊന്നുമില്ല എന്ന തരത്തിൽ മറുപടി നൽകുന്നു. എന്നാൽ അച്ഛന്റെ ഭാഗത്ത് സമാധാനത്തിലും സ്നേഹത്തിലും ചോദ്യങ്ങളേറി വന്നു. ഒടുവിൽ അവ കളിപ്പാട്ടങ്ങളിലെത്തി നിന്നപ്പോൾ കുട്ടി നിരാശയോടെ പറഞ്ഞു

“ഞാൻ കളിയ്ക്കാനെന്തെടുത്താലും അത് കണ്ണന്(6 വയസ്സ് കാരനായ അനിയൻ) വേണമെന്ന് പറഞ്ഞ് വഴക്കിടും. ഞാൻ അത് കൊടുത്താലും പിന്നെയും പിന്നെയും ഞാനെടുക്കുന്നതോരോന്നും വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കും. അച്ഛൻ പറയും, നീയല്ലേ വലുത് അവൻ ചോദിക്കുന്നത് കൊടുക്കാൻ. അവന് ഞാൻ എന്തെടുത്താലും വേണം. കൊടുക്കാത്തിരുന്നാൽ അവൻ എന്നെ അടിയ്ക്കും. ഞാനൊന്നും തിരിച്ച് ചെയ്യാണ്ടിരുന്നാലും അവൻ പിന്നെയും പിന്നെയും എന്നെ അടിയ്ക്കും. ഒത്തിരി വേദനിക്കുമ്പോൾ ഞാനും തിരിച്ചൊരടി കൊടുത്താൽ അവൻ ഉറക്കെ ബഹളം വയ്ക്കും. അച്ഛൻ വന്ന് അവൻ പറയുന്ന കേട്ടിട്ട് എന്നെ വഴക്ക് പറയും. അടിയ്ക്കും. എല്ലാം ചെയ്യുന്നത് അവനാണ്. പക്ഷെ എന്നെ വെറുതെ അടിയ്ക്കും. എനിക്ക് ഇനി അവന്റെ കൂടെ കളിയ്ക്കണ്ട. അവൻ എന്നോട് എനിമിയെ പോലെയാണ്. അച്ഛന് എന്നോട് ഒട്ടും സ്നേഹമില്ല. അച്ഛന് അവനോടാണ് സ്നേഹം. അല്ലെങ്കിൽ ഒന്നും ചെയ്യാതെ എന്നെ അടിയ്ക്കുമോ.. ഞാൻ പറയുന്നത് കേൾക്കുക പോലുമില്ല. അവന് എന്ത്‌ ചെയ്താലും എന്നോട് ചോദിക്കും നീയല്ലേ ‘വലുതെന്ന്’.. എന്റെ എല്ലാം അവന് കൊടുത്തേക്ക്. എനിക്കൊന്നും വേണ്ട. ഞാൻ അവനോട് മിണ്ടാനും പോകുന്നില്ല.”

കുട്ടിയുടെ മറുപടി കേട്ട് അച്ഛൻ ഞെട്ടിയെങ്കിലും, മുൻപെ തന്നെ മകന്റെ സങ്കടങ്ങളെ കുറിച്ച് സൂചനകിട്ടിയ അമ്മയ്ക്ക് കുട്ടിയുടെ തുറന്ന് പറച്ചിലിൽ അത്ഭുതമൊന്നും തോന്നിയില്ല. കുട്ടിയുടെയും അച്ഛന്റെയും സമ്മതത്തോടെ അവർ കുട്ടിയുമായി സെഷന് വേണ്ടിയെത്തി. സെഷനിലും കുട്ടിയ്ക്ക് പറയാനുള്ളത് അനുഭവങ്ങൾ തന്നെയായിരുന്നു.

മനസ്സ് നിറയെ സ്നേഹവും കരുതലുമുള്ളപ്പോൾ തന്നെ മാതാപിതാക്കളുടെ ഇടപെടലുകൾ സിബ്ലിങ്ങ് റൈവൾറി അഥവാ സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരങ്ങൾക്ക് വളമാകുന്നതെങ്ങനെ എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് മുകളിൽ പങ്കുവച്ചിരിക്കുന്നത്.

എന്താണ് സിബ്ലിങ്ങ് റൈവൾറി (സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരം)?

സഹോദരങ്ങൾക്കിടയിലെ അസൂയയും, മത്സരങ്ങളും, വഴക്കുകളുമൊക്കെ കൂടിച്ചേരുന്ന അവസ്ഥയാണ് സിബ്ലിങ്ങ് റൈവൾറി.

ഒന്നിലേറെ കുട്ടികൾ/മക്കളുള്ള, വളരെ വലിയൊരു വിഭാഗം വീടുകളിലും അല്ലെങ്കിൽ ഭൂരിഭാഗം വീടുകളിലും കണ്ടുവരുന്ന കാര്യമാണ് സിബ്ലിങ്ങ് റൈവൾറി അഥവാ സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരം.

ഭൂരിഭാഗം സമയങ്ങളിലും മാതാപിതാക്കളുടെ സാനിദ്ധ്യത്തിലോ അല്ലാതെയോ സഹോദരങ്ങൾ ഒന്നിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ തന്നെ അവർക്കിടയിലെ പ്രശ്നങ്ങളും കൂടുന്നു.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സഹോദരങ്ങൾക്കു മേലെയുള്ള സ്വാധീനം പരസ്പരം ഉയർത്തുന്നതിനുള്ള പ്രവണത എല്ലായിപ്പോഴും കുട്ടികളിൽ നിലനിൽക്കുന്നത് കൊണ്ട് തന്നെ മാതാപിതാക്കളെ സംബന്ധിച്ച് സഹോദരങ്ങൾക്കിടയിലെ റൈവൾറി എല്ലായിപ്പോഴും ഒരു പ്രശ്നവും ആശയക്കുഴപ്പവുമായി നിലനിൽക്കാറാണ് പതിവ്.

രണ്ടാമത്തെ കുട്ടിയുടെ വളർച്ചയുടെ ഘട്ടത്തിലാണ് പലപ്പോഴും സഹോദരങ്ങൾക്കിടയിൽ പ്രശ്നങ്ങൾക്ക് ആരംഭം കുറിക്കുന്നത്. ആദ്യകാലം മുതൽ തന്നെ പ്രശ്ന പരിഹാരത്തിനുള്ള വഴികൾ തേടിയിരുന്നാലും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നതോടെ മാതാപിതാക്കളും പലപ്പോഴും നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നു.

ചിലർ, എന്തെങ്കിലുമാകട്ടെ എന്ന തരത്തിൽ മക്കൾക്കിടയിലെ പ്രശ്നങ്ങളിൽ നിന്നും മനപ്പൂർവ്വം നോട്ടം പിൻവലിക്കുന്നു.

എന്നാൽ ഇതിനിടയിലും പലപ്പോഴും പ്രശ്നപരിഹാരത്തിനെന്നവണ്ണം മാതാപിതാക്കളോ മറ്റ് മുതിർന്ന വ്യക്തികളോ മുന്നോട്ട് വയ്ക്കുന്ന മാർഗ്ഗങ്ങളും സമീപനങ്ങളും സഹോദരങ്ങൾക്കിടയിലെ മത്സരങ്ങൾക്ക് വളമായി തീരാറുണ്ടെന്നത് അവർ തിരിച്ചറിയാതെ പോകുന്നു.

എന്തുകൊണ്ടെന്നാൽ അങ്ങനെ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങളിലോ വാചകങ്ങളിലോ പലതും കാലാകാലങ്ങളായി തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ വ്യക്തികളും കുട്ടിക്കാലം മുതൽ അവരുടെ മുൻതലമുറയിൽ നിന്ന് കേട്ട് പരിചയിച്ച് കൂടെ കൂട്ടിയതാണ്.

കുഞ്ഞു പ്രായത്തിൽ ആ വാചകങ്ങൾ തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന ധാരണയില്ലാത്തതുകൊണ്ടോ, അല്ലെങ്കിൽ അന്ന് വേദനിച്ചിരുന്നുവെങ്കിലും പിൽക്കാലത്ത് അത്തരത്തിലുള്ള പ്രയോഗങ്ങൾ ശീലത്തിന്റെ ഭാഗമായി മാറുന്നതുകൊണ്ടോ, വീണ്ടും അടുത്ത തലമുറയോട് അതേ വാചകങ്ങൾ ആവർത്തിക്കപ്പെടുന്നു. ആയതിനാൽ ആരുടേയും പക്ഷം പിടിക്കാതെ പരിഹരിക്കപ്പെടണമെന്ന് ആഗ്രഹിച്ച് മുന്നോട്ട് വയ്ക്കുന്ന ശ്രമങ്ങളിൽ പോലും ‘ഈ വാക്കുകളും പ്രവൃത്തികളും’ വിപരീത ഫലമാകും നൽകുന്നത്.

ചിലപ്പോഴെങ്കിലും പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരത്തിൽ ഉപയോഗിക്കുന്ന വാചകങ്ങളുടെ സ്വാധീനത്താൽ താൽക്കാലികമായി ഒരാൾ ഒഴിഞ്ഞുമാറുമെങ്കിൽ പോലും, അതേ വാക്കുകൾ ഉള്ളിൽ ഏൽപ്പിക്കുന്ന മുറിവുകളാൽ സഹോദരങ്ങൾക്കിടയിലെ റൈവൾറി/മത്സരം മുന്നോട്ട് കൂടുതൽ രൂക്ഷമാകുന്നു.

തുടരും…