Feb 9 • 4M

സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം ഭാഗം - 5

Psy. Swargeeya D P
Comment
Share
 
1.0×
0:00
-4:23
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

സിബ്ലിങ്ങ് റൈവൾറിയെ (സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരത്തെ) മറികടക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മുന്നോടിയായി സിബ്ലിങ്ങ് റൈവൾറി രൂപപ്പെടുന്നതിനും വളരുന്നതിനുമുള്ള കാരണങ്ങളെ അടുത്തറിയേണ്ടതുണ്ട്.

ആർട്ടിക്കിളിന്റെ മുൻഭാഗത്ത് അത്തരം ചില കാരണങ്ങൾ വിശദമായി പരാമർശിച്ചിരുന്നു. ഈ ഭാഗത്ത്, ശേഷിക്കുന്ന മറ്റ് കാരണങ്ങൾ വിശദീകരിക്കുന്നു.

മികച്ചതാരാണെന്ന ചിന്ത

സഹോദരങ്ങളിൽ ആരാണ് മികച്ചത് അല്ലെങ്കിൽ ആരാണ് മിടുക്കൻ/മിടുക്കി എന്നത് കുട്ടികൾക്കിടയിൽ എല്ലായിപ്പോഴും ഒരുപക്ഷെ എല്ലാക്കാലത്തും നിലനിൽക്കുന്ന ചോദ്യമാണ്. അതുകൊണ്ട് തന്നെ ചെറിയ ചെറിയ തർക്കങ്ങളിൽ തുടങ്ങി ബുദ്ധിയിലും, ചിന്തകളിലും, കഴിവുകളിലുമൊക്കെ താനാണ് മികച്ചതെന്ന് തെളിയിക്കാനുള്ള ശ്രമവും പരസ്പരമുള്ള മത്സരങ്ങളും സ്ഥിരമായേക്കാം.

ആദ്യ ഘട്ടം കഴിഞ്ഞാൽ ഓരോ പ്രാവശ്യവും ജയിച്ചു നിൽക്കേണ്ടത് തങ്ങളുടെ മാത്രം ആവശ്യമാണെന്നും, ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാൻ ജയിച്ചേ പറ്റൂ എന്നും കുട്ടികൾ ചിന്തിക്കുന്നു, തീരുമാനിക്കുന്നു. അതുകൊണ്ട് തന്നെ ഏത് തരം മത്സരമാണ് സംഭവിക്കുന്നതെങ്കിലും ജയത്തിനപ്പുറം മറ്റൊന്നുമില്ല എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. റൈവൾറി മുന്നോട്ട് തുടരുന്നു.

അസൂയ

സിബ്ലിങ്ങ് റൈവൾറിയ്ക്ക് ആരംഭം കുറിച്ചാൽ പിന്നെ എതിർവശത്ത് നിൽക്കുന്ന സഹോദരന്റെയോ സഹോദരിയുടെയോ കഴിവുകളും, നേട്ടങ്ങളും, രൂപഭംഗിയും, എല്ലാ തരത്തിലുള്ള അനുകൂലമായ വളർച്ചയും/വശങ്ങളും, നേട്ടങ്ങളുമൊക്കെത്തന്നെ മുന്നോട്ട് എല്ലാക്കാലത്തും നിരാശയ്ക്കും അസൂയയക്കും കാരണമാകാം. ചിലർ അത് പ്രത്യക്ഷമായി പ്രകടിപ്പിക്കുകയും മറ്റ് ചിലർ പുറത്ത് പ്രകടിപ്പിക്കാതെ, ഇവയൊന്നും കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു. എന്നാൽ പ്രകടിപ്പിച്ചിരുന്നാലും ഇല്ലെങ്കിലും ഇത്തരം വസ്തുതകൾ എല്ലാം തനിക്ക് വെല്ലുവിളിയാണെന്ന നിഗമനത്തിൽ പലപ്പോഴും അവർ എത്തിച്ചേരുന്നു. ആയതിനാൽ അങ്ങനെ ഉടലെടുക്കുന്ന അസൂയകൾ മുന്നോട്ടുള്ള കാലങ്ങളിൽ സഹോദരങ്ങൾക്കിടയിൽ പല പ്രശ്നങ്ങൾക്കും കാരണമായി മാറുന്നു. സിബ്ലിങ്ങ് റൈവൾറി വളരുന്നു.

മാതാപിതാക്കളുടെ തിരക്കുകളും, അവർക്കിടയിലെ പ്രശ്നങ്ങളും!

വിവാഹജീവിതത്തിൽ സംഭവിക്കുന്നതും തുടരുന്നതും പരിഹരിക്കപ്പെടാത്തതുമായ പ്രശ്നങ്ങളും, ജോലിത്തിരക്കുകളും മൂലം അസ്വസ്ഥരായി തുടരുന്ന മാതാപിതാക്കൾക്ക് പലപ്പോഴും കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്ക് ആവശ്യമായ ശ്രദ്ധയും കരുതലും സ്നേഹവും നൽകാൻ കഴിയാതെ പോകുന്ന സാഹചര്യങ്ങൾ ഏറെയുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ മക്കൾക്കിടയിൽ രൂപപ്പെടുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും മാതാപിതാക്കളുടെ ശ്രദ്ധയുടെയും നിർദ്ദേശങ്ങളുടേയും സ്നേഹത്തിന്റെയും അഭാവത്തിൽ കൃത്യസമയത്ത് കൃത്യമായി പരിഹരിക്കപ്പെടാതെ മുന്നോട്ട് ഏറെ വഷളാകുകയും, ദീർഘകാല സിബ്ലിങ്ങ് റൈവൾറിയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

കുട്ടികൾക്കിടയിലെ സാധാരണ വഴക്കുകളും മാതാപിതാക്കളുടെയും മുതിർന്നവരുടെയും തെറ്റായ അഥവാ ശരിയായ തരത്തിലല്ലാത്ത ഇടപെടലുംകളും പരിഹാരമാർഗ്ഗങ്ങളും!

ഈ വിഭാഗത്തിൽ, പരിഹാരമാർഗ്ഗമെന്നവണ്ണം തെറ്റായ രീതിയിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന വാചകത്തെയും പരിഹാരമാർഗ്ഗത്തെയും ആർട്ടിക്കിളിന്റെ ആദ്യ ഭാഗത്ത് തന്നെ ഉൾപ്പെടുത്തിയിരുന്നു.

‘നീയല്ലേ മുതിർന്നത്.. നിനക്ക് വിട്ടുകൊടുത്തുകൂടെ’

എന്ന് പ്രത്യക്ഷത്തിൽ തന്നെ മൂത്ത കുട്ടിയെ ബാധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും വാചകങ്ങളും!

‘ചേട്ടൻ എന്ത് പറഞ്ഞാലും, ശരിയാണെങ്കിലും തെറ്റാണെങ്കിലും നീ അതുപോലെയങ്ങ് അനുസരിച്ചാൽ മതി. കൂടുതൽ അഭിപ്രായങ്ങൾ ഒന്നും പറയണ്ട’

എന്ന് പ്രത്യക്ഷത്തിൽ തന്നെ ഇളയ കുട്ടിയെ ബാധിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളും വാചകങ്ങളും!

ഇവയൊക്കെ കാലാകാലങ്ങളായി കൈമാറി വരുന്ന, അനുകൂല വശങ്ങളൊന്നുമില്ലാത്ത, വിപരീത ഫലങ്ങൾ മാത്രം നൽകുന്ന വാചകങ്ങളോ ഉപദേശങ്ങളോ ഒക്കെത്തന്നെയാണ്. ഇത്തരം പ്രയോഗങ്ങളിലൂടെ കുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, ദീർഘകാലത്തേക്ക് സിബ്ലിങ്ങ് റൈവൾറി തുടരുന്നതിന് കാരണമാകുകയും ചെയ്യുന്നു.

വളർച്ചയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന വ്യത്യസ്ഥ താൽപ്പര്യങ്ങളും അഭിപ്രായാവ്യത്യാസങ്ങളും

ഓരോ വ്യക്തികളിലും എന്ന പോലെ കുട്ടികളിലും വളർച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ പ്രത്യേകിച്ചും കൗമാരപ്രായങ്ങളിൽ വ്യത്യസ്തങ്ങളായ താൽപ്പര്യങ്ങളും അഭിപ്രായങ്ങളും ജനിക്കുകയും നിലനിൽക്കുകയും ചെയ്യുന്നു.

അതുകൊണ്ട് തന്നെ ഒരേ സാഹചര്യത്തിൽ സഹോദരങ്ങൾക്ക് വ്യത്യസ്തമായ താൽപ്പര്യങ്ങളും, അഭിപ്രായങ്ങളും, കാഴ്ചപ്പാടുകളും ഉണ്ടാകുമ്പോൾ, മുതിർന്നവർക്കെന്ന പോലെ കുട്ടികൾക്ക് പലപ്പോഴും അത് ആരോഗ്യകരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാതെ വരികയും മത്സരങ്ങളുണ്ടാകുകയും ചെയ്യുന്നു. മുന്നിട്ട് നിൽക്കാൻ ഇരു വശങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സിബ്ലിങ്ങ് റൈവൾറി മുന്നോട്ട് വളരുന്നു.

സാധാരണഗതിയിൽ സഹോദരങ്ങൾക്കിടയിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രൂപപ്പെടുകയും മുന്നോട്ട് വളരുകയും തുടരുകയും ചെയ്യുന്ന സിബ്ലിങ്ങ് റൈവൾറിയുടെ കാരണങ്ങളാണ് മുകളിൽ പങ്കുവച്ചിരിക്കുന്നത്.

തുടരും…