Mar 10

‘വളർച്ചയുടെ രണ്ടാം ഘട്ടത്തിൽ എങ്ങനെ മറികടക്കാം?’

സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം-ഭാഗം 8

Psy. Swargeeya D P
Comment
Share
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

വളർച്ചയുടെ രണ്ടാം ഘട്ടത്തിൽ സിബ്ലിങ്ങ് റൈവൾറിയെ കൃത്യമായി മനസ്സിലാക്കുകയും മറികടക്കുകയും ചെയ്യേണ്ടത് വളരെ ശ്രമകരമായ പ്രവൃത്തിയാകുന്നു. ആർട്ടിക്കിളിന്റെ കഴിഞ്ഞ ഭാഗത്തിൽ പരാമർശിച്ച മൂന്ന് വഴികൾക്കപ്പുറം അതിനുള്ള കൂടുതൽ വഴികളെ ഈ ഭാഗത്തിലൂടെ മനസ്സിലാക്കാം.

4. എല്ലായിപ്പോഴും മക്കളുടെ മേൽ കരുതൽ വയ്ക്കുക. കുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ സാധാരണമെങ്കിലും കണ്ടില്ലായെന്ന് നടിയ്ക്കാതിരിക്കുക. അവർക്കിടയിലെ പ്രശ്നങ്ങൾ വഷളാകാതിരിക്കാനും സ്നേഹം നിലനിർത്തിക്കൊണ്ടുപോകാനും ശ്രമിക്കുക. മക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്ന് തോന്നിയാൽ മാതാപിതാക്കൾ മുന്നിട്ട് നിന്ന് കാരണങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുക.

5. വളർച്ചയുടെ ഘട്ടങ്ങളിൽ പല ആവശ്യങ്ങളുമായി മക്കൾ നിങ്ങൾക്ക് മുന്നിലെത്തും. ധാരാളം പണച്ചെലവുള്ളതും അല്ലാത്തതും കൂട്ടത്തിലുണ്ടാകും. എന്നാൽ ഇത്തരം ആവശ്യങ്ങൾ സാധിച്ചു നൽകുന്ന കാര്യത്തിൽ ഒരാളെ കൂടുതൽ പരിഗണിക്കുന്നുവെന്ന് മക്കൾക്ക് തോന്നാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.

എന്തെന്നാൽ ഒരാളുടെ മാത്രം ആവശ്യം നടത്തിക്കൊടുത്തതിന് കാരണമായി പക്വതയെത്തിയ നിങ്ങളുടെ ഉള്ളിലെ ‘ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് നടത്തിക്കൊടുത്തത്’ എന്ന വിധത്തിലുള്ള ന്യായീകരണങ്ങൾ ചെറിയ പ്രായത്തിലൂടെ കടന്ന് പോകുന്ന മക്കൾക്ക് മനസ്സിലാകാൻ സാധ്യത ഇല്ലായെന്നത് തന്നെ.

ഒരു സാഹചര്യത്തിലേക്ക് നോക്കാം:

“ചേട്ടൻ പറഞ്ഞാൽ അടുത്ത നിമിഷം നടത്തിക്കൊടുക്കും. ഞാൻ പറഞ്ഞാൽ നോക്കട്ടെ, സാലറി കിട്ടട്ടെ എന്നൊക്കെ പറഞ്ഞൊഴിവാക്കും. എന്നിട്ട് സാലറി കിട്ടിയാലും, ഞാൻ പറഞ്ഞത് മറക്കും. എന്നിട്ട് ചേട്ടൻ പറഞ്ഞത് മാത്രം വാങ്ങിക്കൊടുക്കും”

ഇതൊക്കെ സിബ്ലിങ്ങ് റൈവൾറിയുടെ ഭാഗമായി ഭൂരിഭാഗം വീടുകളിലും ഇളയമക്കൾ വേദനയോടെ പങ്കു വയ്ക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. സാധാരണഗതിയിൽ മാതാപിതാക്കൾ ഇത്തരം പരാതികളോട് പ്രതികരിക്കുന്നത് മുതിർന്ന ആളുടെ ആവശ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാകും. എന്നാൽ പറഞ്ഞു കൊടുത്തിട്ടും കുട്ടികൾ തിരിച്ചറിയുന്നില്ല എന്ന് തോന്നിയാൽ മാതാപിതാക്കളുടെ പ്രതികരണ രീതിയും മാറുന്നു.

“പിന്നെ…. നിന്റെ ഒരു സൈക്കിൾ. അവന് പ്രൊജക്റ്റ്‌ ചെയ്യാനുള്ള ലാപ്ടോപ് ആണോ വലുത് നിന്റെ സൈക്കിൾ ആണോ..?”

എന്ന തരത്തിൽ പ്രതികരണത്തിന്റെ വഴി മാറുന്നു. അതോടെ ഇളയ കുട്ടി കൂടുതൽ വേദനിക്കുകയും താൻ വീട്ടിൽ ഒറ്റയ്ക്കാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്യുന്നു. മാതാപിതാക്കൾക്ക് തന്നോടുള്ള സ്നേഹം നിഷേധിക്കുന്നതിന് കാരണക്കാരനാകുന്ന ചേട്ടനോട് കുട്ടിയ്ക്ക് ദേഷ്യം കൂടുന്നു. സിബ്ലിങ്ങ് റൈവൾറി കൂടുതൽ മോശമായ അവസ്ഥയിലേക്ക് പോകുന്നു.

6. മക്കളെ പരസ്പരം താരതമ്യം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുക. അവർ രണ്ട് വ്യത്യസ്ത വ്യക്തികളാണ്. അതുകൊണ്ട് തന്നെ കാഴ്ചയിലും, ആരോഗ്യത്തിലും, ഇഷ്ടങ്ങളിലും, താൽപ്പര്യങ്ങളിലും, കഴിവുകളിലും, പഠനത്തിലും എല്ലാം തന്നെ അവർ വ്യത്യസ്തരായിരിക്കും എന്നത് മറക്കാതിരിക്കുക. ഒരാളുടെ കഴിവുകൾ കണ്ട്, അല്ലെങ്കിൽ പഠനത്തിൽ മുന്നോട്ട് നിൽക്കുന്നത് കണ്ട് നിനക്ക് അവളെപ്പോലെ/അവനെപ്പോലെ ആയിക്കൂടെ എന്നത് മാത്രമല്ല താരതമ്യപ്പെടുത്തിയുള്ള സംസാരങ്ങൾ. ശ്രദ്ധിക്കാതെ പോകുന്ന താരതമ്യങ്ങൾ ഇനിയുമേറെ ആണ്.

ചില ഉദാഹരണങ്ങളിലേക്ക് നോക്കാം.

● സമയത്തിന് ഭക്ഷണം കഴിക്കാൻ വയ്യ. മെലിഞ്ഞ് ചുള്ളിക്കമ്പുപോലെ ആയി. നിന്നെപ്പോലെ ഈ വീട്ടിലെ അല്ലേ അവൾ/അവൻ..? സമയത്തിന് ഭക്ഷണം കഴിക്കും അതകൊണ്ട് ആരോഗ്യവുമുണ്ട്. നീയിങ്ങനെ ഇരുന്നോ.. എവിടെയെങ്കിലും എങ്ങനെ കൊണ്ടുപോകും.. കാണുന്നവർ കഴിക്കാൻ വീട്ടിൽ ഒന്നുമില്ലേ എന്ന് ചോദിക്കില്ലേ..

● നിന്റെ ഈ പ്രായത്തിൽ അവനെ/അവളെ കൊണ്ട് എനിക്ക് ഒരു ശല്യവുമില്ലായിരുന്നു. എന്ത്‌ പറഞ്ഞാലും അതുപോലെ കേട്ടേനെ.. കുടുംബത്തിൽ എല്ലാവർക്കും എന്തൊരു സ്നേഹമായിരുന്നെന്നോ.. നീ വളർന്ന് വന്നപ്പോൾ ദേ ഇങ്ങനെ.. മനുഷ്യന് സമാധാനമില്ല.

● നിന്റെ മുറിയിലിതെന്തൊക്കെയാടാ ഈ നിരന്നു കിടക്കുന്നെ.. ഒരു സാധനം വൃത്തിയാക്കി വയ്ക്കൂല്ല.. അവളെ/അവനെ കണ്ട് പഠിക്ക്… ഒരു ദിവസമെങ്കിലും നിന്നെ അത് പോലെ കാണാൻ പറ്റുമെന്ന് എനിക്കൊരു പ്രതീക്ഷയും ഇല്ല.

ഇങ്ങനെ നീണ്ടുപോകുന്ന എത്രയോ താരതമ്യങ്ങൾ ദിവസവും ഓരോ വീടുകളിലുമുണ്ടാകുന്നു.

7. മക്കൾക്കിടയിലെ താരതമ്യം പോലെ തന്നെ ഒഴിവാക്കേണ്ട മറ്റൊരു വസ്തുതയാണ് മക്കളിലൊരാളെ മറ്റുള്ളവരുടെ മുന്നിൽ പുകഴ്ത്തിയും മറ്റൊരാളെ ഇകഴ്ത്തിയും സംസാരിക്കുന്നത്. ചിലപ്പോൾ വളരെ ഗൗരവകരമായ രീതിയിലും മറ്റ് ചിലപ്പോൾ തീർത്തും ലാഘവത്തോടെ, അല്ലെങ്കിൽ തമാശയായി മുന്നോട്ട് വയ്ക്കുന്ന ചില വിലയിരുത്തലുകളും വാചകങ്ങളും. ഓർക്കുക ഇതെല്ലായിപ്പോഴും മക്കളെ ഒരേ വിധത്തിലാവില്ല ബാധിക്കുന്നത്.

ചില സാഹചര്യങ്ങൾ നോക്കാം.

● മൂത്തയാൾക്ക് ഭാവിയെ കുറിച്ച് കൃത്യമായ പ്ലാനുണ്ട്. അതിനായി കഠിനപ്രയത്നം ചെയ്യുന്നുമുണ്ട്. ഇവന്റെ/ഇവളുടെ കാര്യത്തിൽ എന്താകുമെന്ന് ഒരു രൂപവുമില്ല. ഒരു വക പഠിയ്ക്കാതെ എങ്ങനെ ശരിയാകാനാ..

● ഇളയ ആള് പാവമാണ്. അടുക്കളയിൽ എന്നെ സഹായിക്കാറൊക്കെ ഉണ്ട്. ഓഫീസിൽ നിന്ന് ഞാൻ തിരികെ വരുമ്പോൾ ചായ ഒക്കെ ഉണ്ടാക്കി വയ്ക്കും. പക്ഷെ മൂത്ത ആള് അടുക്കളയിലൊന്നും ഒരു സഹായവുമില്ല. തോന്നിയാൽ ചിലപ്പോൾ മുറ്റത്ത് നിൽക്കുന്ന ചെടിയിലൊക്കെ ഒരാത്മാർത്ഥതയുമില്ലാതെ ആർക്കോവേണ്ടി ചിലപ്പോൾ ചെയ്യുന്നത് കാണാം..

8. ഒരാളുടെ വിജയത്തിൽ അടുത്തയാളെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യാതിരിക്കുക. മുൻപ് പങ്കുവച്ചത് പോലെ അവർ വ്യത്യസ്തരാണെന്നത് ഓർക്കുക. ഒരാളുടെ വിജയത്തിൽ മക്കളെ ഒന്നുപോലെ സന്തോഷിപ്പിക്കാൻ ശീലിപ്പിക്കുക. പരാജയങ്ങളിൽ ഒന്നിച്ചു നിർത്തി മറികടക്കാൻ ശീലിപ്പിക്കുക.

9. മാതാപിതാക്കളും മക്കളും ഒത്തു ചേർന്ന് വിശേഷങ്ങളും, സന്തോഷങ്ങളും, പ്രശ്നങ്ങളും പങ്കുവച്ച്, പരിഹരിച്ച് സന്തോഷത്തോടെ മുന്നോട്ട് പോകുന്നത്തിനായി എല്ലാ ആഴ്ചയിലും ഒരവധി ദിവസം അൽപ്പം സമയം കണ്ടെത്തുക.

മുകളിൽ പങ്കുവച്ച വ്യത്യസ്ത വഴികളിലൂടെ സിബ്ലിങ്ങ് റൈവൾറിയുടെ വളർച്ചയെ തടയാനും മക്കൾക്കിടയിലെ സ്നേഹവും സന്തോഷവും ഉയർത്തി മുന്നോട്ട് പോകാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഏത് ഘട്ടത്തിലും ഒരു സൈക്കോളജിസ്റ്റിന്റെ സേവനത്തിനായി ബന്ധപ്പെടാവുന്നതാണ്.

Read Huddle in the new Substack app
Now available for iOS