Mar 9 • 6M

വളർച്ചയുടെ രണ്ടാം ഘട്ടത്തിൽ എങ്ങനെ മറികടക്കാം?’

സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം-ഭാഗം 7

Psy. Swargeeya D P
Comment
Share
 
1.0×
0:00
-5:47
Open in playerListen on);
Episode details
Comments

രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ ആരംഭം കുറിയ്ക്കപ്പെടുന്ന സിബ്ലിങ്ങ് റൈവൾറിയുടെ ആദ്യ ഘട്ടം മറികടക്കുന്നതിനായി ഏതൊക്കെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും, എങ്ങനെ മറികടക്കാമെന്നും ആർട്ടിക്കിളിന്റെ കഴിഞ്ഞ ഭാഗത്തിൽ പങ്കുവച്ചിരുന്നു.

● എന്നാൽ സിബ്ലിങ്ങ് റൈവൾറിയുടെ ആദ്യഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം ഘട്ടത്തിൽ പ്രശ്നപരിഹാരത്തിനായി മാതാപിതാക്കൾ കൂടുതൽ ആഴത്തിൽ പ്രവർത്തിക്കേണ്ടി വരും. കൂടുതൽ ശ്രമങ്ങളും, മനസ്സാന്നിധ്യവും, ക്ഷമയും കാട്ടേണ്ടി വരും. കാരണം, സിബ്ലിങ്ങ് റൈവൾറിയുടെ രണ്ടാം ഘട്ടമെന്നത് കു0ട്ടികളുടെ വളർച്ചയുടെ ഘട്ടമാണ്. രണ്ടോ അതിൽ കൂടുതലോ ഉള്ള മക്കൾ/സഹോദരങ്ങൾ പരസ്പരം മത്സരിക്കുന്നതിലേക്ക് നീങ്ങുന്നത് മാതാപിതാക്കൾക്ക് മുന്നിലും അല്ലാതെയും പ്രകടമാകുന്ന കാലം. ഒരുപക്ഷെ ആരംഭം കുറിച്ച ശേഷം കലാകാലങ്ങൾ നീണ്ടുപോയേക്കാവുന്ന മത്സരങ്ങളും തുടർപ്രശ്നങ്ങളും. അതുകൊണ്ട് തന്നെ പ്രശ്നപരിഹാരത്തിനെന്നവണ്ണം മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിലും മാർഗങ്ങളിലുമുണ്ടാകുന്ന പാളിച്ചകൾ പലപ്പോഴും പ്രശ്നം പരിഹരിക്കുന്നതിന് പകരം മുന്നോട്ട് സിബ്ലിങ്ങ് റൈവൾറിയ്ക്ക് വളമായി മാറിയെന്ന് വരാം.

സിബ്ലിങ്ങ് റൈവൾറിയുടെ രണ്ടാം ഘട്ടമെങ്ങനെ മറികടക്കാം?

1. മക്കളുടെ മക്കളുടെ പ്രായം കണക്കിലെടുത്ത് വ്യത്യസ്തമായ സാഹചര്യങ്ങൾ വ്യത്യസ്തമായി തന്നെ കൈകാര്യം ചെയ്യുക.

ചില സാഹചര്യങ്ങൾ നോക്കാം

● ഏകദേശം ഒരേ പ്രായത്തിലുള്ള മക്കൾ ഒരേ കളിപ്പാട്ടങ്ങൾക്ക് വഴക്കുണ്ടാക്കുന്നതിനുള്ള സാധ്യത ഏറെ ആണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി എല്ലായിപ്പോഴും ഒരേ വസ്തുക്കൾ രണ്ടാൾക്കും സമ്മാനിക്കാനോ, വാങ്ങി നൽകാനോ ശ്രമിക്കുക. അതുകൊണ്ട് തന്നെ കുട്ടികൾക്കിടയിലെ ഒരേ വസ്തുക്കൾക്ക് വേണ്ടിയുള്ള വഴക്കുകൾ/പ്രശ്നങ്ങൾ കുറെയെങ്കിലും ഒഴിവാക്കാം.

● ഒരു കളിപ്പാട്ടം മാത്രം ഉള്ള സാഹചര്യങ്ങളിൽ, വഴക്കും പ്രശ്നങ്ങളും ഒഴിവാക്കുന്നതിനായി, മത്സരിച്ചുകൊണ്ടിരിക്കുന്ന മക്കളിൽ ആർക്കെങ്കിലും ഒരാൾക്കായി കളിപ്പാട്ടം നൽകുന്നതിലൂടെ അഥവാ ഒരാളോട് മറ്റേയാൾക്ക് നൽകാൻ നിർദ്ദേശിക്കുന്നതിലൂടെ വിട്ടുകൊടുക്കേണ്ടി വരുന്നയാൾ വേദനിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതിനായി ആർക്കും കൂടുതൽ വേദന നൽകാതെ കളിപ്പാട്ടം തിരികെ വാങ്ങി മക്കളുടെ ശ്രദ്ധ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് തിരിച്ചു വിടാം.

ഉദാഹരണമായി, കളിപ്പാട്ടം തിരികെ വാങ്ങി രണ്ടാൾക്കും ഓരോ മിട്ടായി നൽകാം, നിങ്ങളുടെ തിരക്ക് അൽപ്പസമയം മാറ്റിവച്ച് കുട്ടികളുമായി ഒരു ഗെയിം കളിക്കാം അതുമല്ലെങ്കിൽ കിച്ചണിലേക്ക് കൂട്ടിക്കൊണ്ട് പോയി അവിടെ മക്കളുടെ സഹായം ആവശ്യമാണെന്ന തരത്തിൽ നിസാരമായ എന്തെങ്കിലും ആക്ടിവിറ്റികൾ നൽകാം. സാധാരണഗതിയിൽ ചെറിയ പ്രായത്തിൽ അമ്മയെ അടുക്കളയിൽ സഹായിക്കുന്നത് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ള കാര്യമാണ്.

2. മക്കൾ ഏത് പ്രായത്തിലൂടെ കടന്നു പോകുന്നവരാണെങ്കിലും പ്രത്യക്ഷത്തിൽ തന്നെ മാതാപിതാക്കൾ ഒരാളോടൊപ്പം നിൽക്കുന്നുന്നു എന്ന് തോന്നിപ്പിക്കും വിധമുള്ള എല്ലാത്തരം പ്രവൃത്തികളും വാചകങ്ങളും ഒഴിവാക്കുക.

ഉദാഹരണങ്ങൾ:

● സാധാരണ ഗതിയിൽ മൂത്തകുട്ടി കളിയ്ക്കാനെടുക്കുന്ന കളിപ്പാട്ടങ്ങൾക്കായി ഇളയകുട്ടി എല്ലായിപ്പോഴും വാശി പിടിയ്ക്കുന്ന രീതിയുണ്ടാകാറുണ്ട്. വേഗത്തിലുള്ള പ്രശ്നപരിഹാരത്തിനായ് ആർട്ടിക്കിളിന്റെ കഴിഞ്ഞ ഭാഗങ്ങളിൽ പങ്കുവച്ചതുപോല, മൂത്തകുട്ടിയോട് എല്ലായിപ്പോഴും അനിയനോ അനിയത്തിയ്ക്കോ വേണ്ടി വിട്ടുകൊടുക്കാൻ നിർദ്ദേശിക്കുന്നതിലൂടെ സ്നേഹത്തോടെയോ അല്ലാതെയോ നിർദ്ദേശിക്കുന്നതിലൂടെ മൂത്തകുട്ടികൾ പലപ്പോഴും നിരാശരാകുകയും, തെറ്റായ നിഗമനത്തിലെത്തുകയും വേദനിക്കുകയും ചെയ്യും.

● ചില കുടുംബങ്ങളിൽ മുൻപത്തെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി മൂത്തകുട്ടികൾക്ക് കൂടുതൽ ആധികാരികത ലഭിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇളയകുട്ടിയുടെ ഇഷ്ടങ്ങൾക്കോ താൽപ്പര്യങ്ങൾക്കോ പ്രവൃത്തികൾക്കോ പ്രധാന്യമില്ലാതെ പോകും തരത്തിൽ “ചേട്ടൻ പറയുന്നതെന്തായാലും അതങ്ങനെയങ്ങ് അനുസരിച്ചാൽ മതി” യെന്ന തരത്തിലെ വാചകങ്ങൾ മാതാപിതാക്കളിൽ നിന്നും ഉണ്ടാകാറുണ്ട്. കൗമാരപ്രായത്തിൽ ഇത്തരം രീതികളും പ്രയോഗങ്ങളും കുട്ടികളെ മാനസികമായി അകറ്റുകയും സിബ്ലിങ്ങ് റൈവൾറി വളർത്തുകയും ചെയ്യും.

3. മക്കൾക്കിടയിൽ സംഭവിക്കുന്ന വഴക്കുകളിലും പ്രശ്നങ്ങളിലും നിങ്ങൾ ദൃ‌സാക്ഷിയല്ലാത്തപക്ഷം ഒരു കാരണവശാലും തെറ്റും ശരിയും ആരുടെ ഭാഗത്താണ് എന്ന് മനസ്സിലാക്കാതെ ഊഹാപോഹങ്ങൾക്കനുസരിച്ച് ആരുടെയും പക്ഷം ചേരാതിരിക്കുക. എല്ലായിപ്പോഴും ഇരുകൂട്ടരേയും ശ്രദ്ധിച്ച് കേൾക്കുക, മനസ്സിലാക്കുക. ശേഷം രമ്യമായി പ്രശ്നം പരിഹരിക്കുക.

സാഹചര്യം : സാധാരണഗതിയിൽ പ്രകടിപ്പിക്കപ്പെടുന്ന പെരുമാറ്റ രീതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്ക് മക്കളെ കുറിച്ച് തങ്ങളുടേതായ വിലയിരുത്തലുകളുണ്ടാകും. അതുകൊണ്ട് തന്നെ മക്കൾക്കിടയിലെ വഴക്കുകളിലും പ്രശ്നങ്ങളിലും, ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാകും പലപ്പോഴും മുൻവിധിയോടെ മാതാപിതാക്കൾ ഒരാളുടെ പക്ഷം ചേരുന്നത്. എന്നാൽ അത് എല്ലായിപ്പോഴും കൃത്യമാകണമെന്നില്ല. എന്തെന്നാൽ കുട്ടികളുടെ പെരുമാറ്റത്തിന് എല്ലായിപ്പോഴും സ്ഥിരത ഉണ്ടാവാറില്ല. പ്രത്യേകിച്ചും സിബ്ലിങ്ങ് റൈവൾറിയുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് പരിചിതമായ പെരുമാറ്റം ആകണമെന്നില്ല കുട്ടികൾ പലപ്പോഴും പരസ്പരം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെ അവനോ/അവളോ അങ്ങനെ ചെയ്യില്ലായെന്ന ചിന്തയിൽ ഒരാളുടെ പക്ഷം ചേരുന്നത് തീർത്തും അബദ്ധമായേക്കാം.

തുടരും..