Feb 15 • 6M

‘എങ്ങനെ മറികടക്കാം?’

സിബ്ലിങ്ങ് റൈവൾറിയെ അടുത്തറിയാം-ഭാഗം 6

 
1.0×
0:00
-6:04
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

സിബ്ലിങ്ങ് റൈവൾറി (സഹോദരങ്ങൾക്കിടയിലെ കടുത്ത മത്സരം) എന്താണെന്നും, സാധാരണയായി സിബ്ലിങ്ങ് റൈവൾറി രൂപപ്പെടുന്നതിനും മുന്നോട്ട് വളരുന്നതിനും കാരണമെന്തൊക്കെയാവാമെന്നും, സിബ്ലിങ്ങ് റൈവൾറിയ്ക്ക് വളമെന്ന വിധം മാതാപിതാക്കളിൽ നിന്ന് വീണു പോകാറുള്ള ചില വാചകങ്ങളും പ്രയോഗങ്ങളുമെന്തൊക്കെയാണെന്നും ആർട്ടിക്കിളിന്റെ കഴിഞ്ഞ ഭാഗങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘട്ടമായ ‘മറികടക്കുന്നതിനുള്ള വഴികളിലൂടെയാണ്’ ആർട്ടിക്കിളിന്റെ ഈ ഭാഗം കടന്നു പോകുന്നത്.

മാതാപിതാക്കളോട്

സിബ്ലിങ്ങ് റൈവൾറിയുടെ ആദ്യ ഘട്ടമെന്ന് പറയുന്നത് രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ അച്ഛനും അമ്മയും ‘പുതിയ കുഞ്ഞിനെ’ ലാളിക്കുന്നതും, അമ്മ കുഞ്ഞിന് പാലൂട്ടുന്നതും, താരാട്ട് പാടിയുറക്കുന്നതും, കുഞ്ഞിനെ കൂടെ ചേർത്തുറക്കുന്നതുമൊക്കെ കണ്ട് താൻ ഇപ്പോൾ സ്നേഹിക്കപ്പെടുന്നില്ല, ശ്രദ്ധിക്കപ്പെടുന്നില്ല, അച്ഛനുമമ്മയ്ക്കും എന്നെ വേണ്ട എന്നൊക്കെ വേദനിക്കുന്ന മൂന്ന് വയസ്സിനു മുകളിലേക്ക് പ്രായം ചെന്ന കുട്ടികളാണ്.

തങ്ങളുടെ മാനസ്സിക വിഷമത്തെ അവർ മറികടക്കാൻ ശ്രമിക്കുന്നത് വ്യത്യസ്ത രീതിയിലാവാം. ചിലപ്പോഴൊക്കെ കുഞ്ഞിനെ അമ്മ എടുക്കണ്ട- എന്നെ എടുത്താൽ മതിയെന്നും, കൂടെ കിടത്തിയുറക്കണമെന്നുമൊക്കെ വാശിപിടിച്ച് കരയുന്നതിലൂടെയാവാം. മറ്റ് ചിലപ്പോൾ കുഞ്ഞനുജനെയോ/കുഞ്ഞനുജത്തിയെയോ ഇഷ്ടമല്ലെന്നുപറഞ്ഞ് ബഹളം വയ്ക്കുകയും, തരം കിട്ടുമ്പോൾ ഒരുപക്ഷെ വേദനിപ്പിക്കുകയുമാവാം. എന്നാൽ ചിലപ്പോഴൊക്കെ കുഞ്ഞിനെ വേദനിപ്പിക്കാൻ ശ്രമിക്കില്ലായെങ്കിലും തനിക്ക് കിട്ടേണ്ട സ്നേഹം തട്ടിയെടുത്ത ആളെന്ന നിലയിൽ കുഞ്ഞിനോട് ദേഷ്യവും ഇഷ്ടക്കേടും പ്രകടിപ്പിക്കാം. അതെല്ലാക്കാലത്തും തുടരാം.

എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ കാര്യങ്ങൾ വ്യത്യസ്തമാകുന്നു. താൽപ്പര്യങ്ങളും, ഇഷ്ടങ്ങളും, ആവശ്യങ്ങളും, അസൂയയും, വാശിയുമൊക്കെ ഉണ്ടാകുന്ന പ്രായത്തിലേക്ക് കുട്ടികളെത്തുന്നു. വഴക്കുകളും പ്രശ്നങ്ങളും അവർക്കിടയിൽ തുടർക്കഥകളാകുന്നു.

ഈ രണ്ട് ഘട്ടങ്ങളിലും മക്കളെയെല്ലാം തന്നെ പരിഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റവും പരിഹാരങ്ങളുമാണ് മാതാപിതാക്കളുടെ ഭാഗത്തു നിന്നും അഭികാമ്യം. എങ്കിൽ മാത്രമെ സിബ്ലിങ്ങ് റൈവൾറിയെ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുകയുള്ളു.

ആദ്യഘട്ടം

ആദ്യഘട്ടത്തിൽ പ്രസവശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അമ്മയെ അലട്ടുന്നതിനാലും, ബേബി ബ്ലൂസ്, പോസ്റ്റുപാർട്ടം ഡിപ്രഷൻ മുതലായ മാനസ്സികനിലയെയും മാനസ്സിക സന്തോഷത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള സാധ്യത ഏറെ ആയതിനാലും, രണ്ട് മക്കളെയും ഒന്നുപോലെ സ്നേഹിച്ച് പരിഗണിച്ചുപോകുകയെന്നത് അമ്മയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാകുന്നു. ആയതിനാൽ ഈ ഘട്ടത്തിൽ മൂത്ത കുട്ടിയുടെ ചുമതലകൾ പലപ്പോഴും ഏറ്റെടുക്കുന്നതും നിർവ്വഹിക്കുന്നതും വീട്ടിലെ മറ്റ് വ്യക്തികളായിരിക്കാം. എന്നാൽ കുട്ടി ഇതിനെ പോസിറ്റീവായിട്ടാകില്ല ഗ്രഹിക്കുന്നത്. അമ്മ ചെയ്ത് തരണമെന്ന തരത്തിൽ അവർ പല കാര്യങ്ങളിലും വാശി പിടിയ്ക്കും. വഴക്കുണ്ടാക്കും. ഈ സാഹചര്യത്തിലാണ് അച്ഛന് ചിലത് ചെയ്യാൻ സാധിക്കുന്നത്..

നമ്മുടെ നാട്ടിലെ ആചാരങ്ങളും രീതികളും അനുസരിച്ച് പ്രസവാനന്തരം ഒരുപക്ഷെ ആദ്യത്തെ ചില മാസങ്ങളിൽ ഭാര്യയും കുട്ടികളും പലപ്പോഴും ഭാര്യയുടെ വീട്ടിലാവാം ജീവിക്കുന്നത്. ചില സാഹചര്യങ്ങളിൽ ആദ്യ കുട്ടിയ്ക്ക് ശേഷം പിന്നീട് ജനിക്കുന്ന കുട്ടികളുടെ കാര്യത്തിൽ ഇത്തരം ആചാരങ്ങൾ പാലിക്കപ്പെടാറുമില്ല. ഇതിൽ ഏത് സാഹചര്യത്തിലായിരുന്നാലും കുടുംബത്തോടെ നിങ്ങൾ ഒന്നിച്ചുണ്ടാകാൻ തുടങ്ങുന്ന ഘട്ടം മുതൽ അച്ഛന് സംഭാവന ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാം. ഒപ്പം പ്രാധാന്യമർഹിക്കുന്ന മറ്റ് ചിലതും..

●  മൂത്തകുട്ടിയെ അച്ഛൻ കൂടുതലായി പരിഗണിക്കുക.

●  വീട്ടിലെ മറ്റുള്ളവരിൽ നിന്നും കുട്ടിയുടെ കഴിയുന്നത്ര ചുമതലകൾ അച്ഛൻ ഏറ്റെടുത്ത് ചെയ്യുക.

● മൂത്തകുട്ടിയോടൊപ്പം സമയം ചെലവിടുക.

● നിങ്ങൾ അച്ഛനും അമ്മയും മൂത്തകുട്ടിയും കുഞ്ഞും ഒന്നിച്ചു ചേരുന്ന കുടുംബ നിമിഷങ്ങൾ കണ്ടെത്തുക.

അതിനായി മൂത്തകുട്ടിയുമായി അമ്മയുടെയും കുഞ്ഞിന്റെയുമൊപ്പം ഒരേയിടത്ത് സമയം ചെലവിടാം. അമ്മയെയും കുഞ്ഞിനേയും ഒപ്പം ചേർത്ത് മൂത്തകുട്ടിയോടൊപ്പം സാധ്യമായ കുഞ്ഞ് കുഞ്ഞ് ഗെയിമുകളിൽ ഏർപ്പെടാം. കുഞ്ഞിനോട് അടുത്ത് ഇടപഴകാനുള്ള അവസരം മൂത്തകുട്ടിയ്ക്ക് നൽകാം. അങ്ങനെ തങ്ങളിലൊരാണ് കുഞ്ഞെന്ന തരത്തിൽ മാനസികമായ അടുപ്പം ഉണ്ടാക്കിയെടുക്കാം. ഒപ്പം താൻ ഇപ്പോഴും പ്രിയപ്പെട്ട വ്യക്തിയാണെന്ന തിരിച്ചറിവ് കുട്ടിയ്ക്ക് നൽകാം.

● മൂത്തകുട്ടിയെ മുറിപ്പെടുത്തും വിധമുള്ള പ്രയോഗങ്ങൾ കളിയായിപ്പോലും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക.

ഒരുദാഹരണം: കുട്ടികളെ പൊതുവെ എന്തെങ്കിലും പ്രവൃത്തികളിൽ നിന്നും തടയുകയോ ശാസിക്കുകയോ ചെയ്‌താൽ- ‘എനിക്ക് അമ്മയെ വേണ്ട, എനിക്ക് അമ്മയെ ഇഷ്ടമല്ല, എനിക്ക് അച്ഛനെയാണ് ഇഷ്ടം’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അവർ നടത്താറുണ്ട്.

ഇളയകുട്ടിയുടെ ജനനത്തിന് മുൻപ് നൽകിയിരുന്ന മറുപടിയിൽ നിന്നും ചില വ്യത്യാസങ്ങൾ കുട്ടിയുടെ ജനനത്തിന് ശേഷം ഉണ്ടായെന്ന് വരാം.

‘എനിക്ക് നിന്നെയും വേണ്ട, എനിക്ക് കുഞ്ഞുവാവയുണ്ടല്ലോ..’ എന്നൊക്കെയുള്ള തലത്തിലേക്ക് മറുപടികൾ മാറിയെന്ന് വരാം. എന്നാൽ പലപ്പോഴും ഇത്തരം മറുപടികൾ കുട്ടിയെ മോശമായി ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

● ഇളയകുട്ടിയുടെ വരവോടെ മൂത്തകുട്ടിയെ ആദ്യമായി രാത്രിയിൽ കൂട്ടത്തിൽ നിന്നും മാറ്റിയുറക്കാൻ തീരുമാനമെടുക്കരുത്. അത് കുട്ടിയെ മോശമായ മാനസ്സിക നിലയിലേക്ക് എത്തിയ്ക്കും.

മറ്റൊന്ന്, ചിലപ്പോഴെങ്കിലും, മുൻപ് അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ ഉറങ്ങിയിരുന്ന കുട്ടി ഈ ഘട്ടത്തിൽ അച്ഛനുമമ്മയ്ക്കുമൊപ്പം ഉറങ്ങാൻ വാശിപിടിച്ചുവെന്നും വരാം. ഈ അവസരങ്ങളിൽ കുട്ടിയെ തിരികെ കൊണ്ടുവന്ന് നിങ്ങളോടൊപ്പം ഒരേ മുറിയിൽ കിടത്തിയുറക്കാം. ഇത് താൻ പരിഗണിക്കപ്പെടുന്നുവെന്ന സന്തോഷം കുട്ടിയ്ക്ക് നൽകും. കുട്ടിയുടെ ആത്മവിശ്വാസം ഉയർത്തും.

● മൂത്തകുട്ടിയുടെ പഠനകാര്യങ്ങളൊക്കെ മുൻപ് അമ്മയാണ് ചെയ്തിരുന്നതെങ്കിൽ, ഈ ഘട്ടത്തിൽ അമ്മയ്ക്ക് അത് ഏറെ പരിശ്രമം ആവശ്യമായ കാര്യമായി മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഉത്തരവാദിത്തങ്ങളിൽ ഈ സമയത്ത് അച്ഛന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അമ്മയ്ക്ക് കൂടുതൽ പിരിമുറുക്കം ഒഴിവാക്കാനും കുട്ടിയെ സന്തോഷിപ്പിക്കാനും അച്ഛന്റെ ഇത്തരം ചുവടുവയ്പ്പുകൾക്ക് കഴിയും.

ഓർക്കുക, കുട്ടികളെ പഠിപ്പിയ്ക്കുക എന്നത് വളരെ അനായാസകരമെന്നോ ആയാസകരമെന്നോ പട്ടികപ്പെടുത്താൻ സാധിക്കാത്ത വസ്തുതയാണ്. എന്തെന്നാൽ വ്യക്തികൾക്കനുസരിച്ചാണ് ഇത് തീരുമാനിക്കപ്പെടുന്നത്. ഒപ്പം എല്ലായിപ്പോഴും ഏറെ ക്ഷമയും, പലകാര്യങ്ങളും പല പ്രാവശ്യം ആവർത്തിച്ച് പറഞ്ഞു നൽകാനുള്ള മനസ്സും, ദേഷ്യത്തെ നിയന്ത്രിച്ചു നിർത്താനുള്ള കഴിവും ആവശ്യമാണ്.