(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)
സിബ്ലിങ്ങ് റൈവൾറി രൂപപ്പെടുന്നതിനും വളരുന്നതിനുമുള്ള കാരണങ്ങളെ തിരിച്ചറിയുന്നതിലൂടെ മാതാപിതാക്കൾക്ക് പല തലങ്ങളിലും കൂടുതൽ വ്യക്തത ലഭിക്കുന്നതിനോടൊപ്പം, മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങളെയും ഒഴിവാക്കേണ്ട പ്രവൃത്തികളെയും മനസ്സിലാക്കാൻ സാധിക്കുന്നു.
സിബ്ലിങ്ങ് റൈവൾറിയുടെ കാരണങ്ങൾ എന്തൊക്കെയാവാം?
ആദ്യഘട്ടം
● രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ ആദ്യകുട്ടിയുടെ ജീവിതത്തിലും ദിവസങ്ങളിലും സംഭവിക്കുന്ന മാറ്റങ്ങൾ!
അനിയന്റെയോ/ അനിയത്തിയുടെയോ ജനനത്തോടെയും അതിനടുത്ത ദിവസങ്ങളിലും താൻ ശ്രദ്ധിക്കപ്പെടുന്നില്ല, പരിഗണിക്കപ്പെടുന്നില്ല, ലാളിക്കപ്പെടുന്നില്ല എന്നൊക്കെയുള്ള തോന്നലുകൾ ആദ്യ കുട്ടിയ്ക്കുണ്ടാവാം. അതോടെ തന്റെ ജീവിതത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളിലൊക്കെയും കുട്ടിയ്ക്ക് ആകുലതകളും അസ്വസ്ഥതകളും ജനിക്കുന്നു. അമ്മയും അച്ഛനും തനിക്കുവേണ്ടി മാത്രം മാറ്റി വച്ചിരുന്ന സമയത്തിന്റെ ഒരു വലിയഭാഗം മറ്റൊരാൾക്ക് കൂടി പങ്കുവയ്ക്കപ്പെടുന്നതും, ചെറുതെങ്കിലും ചില കാര്യങ്ങളിൽ മാതാപിതാക്കളുടെ മുൻപ് ലഭിച്ചിരുന്ന സാന്നിധ്യം കുഞ്ഞിന്റെ വരവോടെ കുറയുന്നതും, ഇല്ലാതാകുന്നതുമൊക്കെ 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ വളരെ വേഗത്തിൽ ശ്രദ്ധിയ്ക്കും.
അമ്മയുടെ അരികിലും മടിയിലും എല്ലായപ്പോഴും കുഞ്ഞനുജനോ/അനുജത്തിയോ സ്ഥാനം പിടിയ്ക്കുന്നതോടെ അച്ഛനും അമ്മയ്ക്കും തന്നോട് സ്നേഹമില്ല, അനുജനോടോ/അനുജത്തിയോടോ മാത്രമാണ് സ്നേഹമെന്ന് പരാതിപ്പെടുകയും, അച്ഛന്റെയും അമ്മയുടെയും സമയത്തിനായി വാശി പിടിച്ചു തുടങ്ങുകയും ചെയ്യുന്നു.
ആദ്യ ഘട്ടത്തിൽ ഒരാൾ ശിശു ആയതിനാലും ആദ്യകുട്ടിയുടെ പ്രായം ഏറെ കുറവായതിനാലും റൈവൾറിയുടെ മോശം വശങ്ങൾ അധികം സംഭവിക്കാറില്ലായെങ്കിലും വിഷമവും, സങ്കടവും, പരാതികളും പരിഭവങ്ങളും, അച്ഛനും അമ്മയും എന്റെ മാത്രമാണെന്ന അവകാശവാദവും ഒക്കെ ഉണ്ടാകുന്നു.
വളർച്ചയുടെ അടുത്ത ഘട്ടങ്ങൾ
● സഹോദരൻ/സഹോദരി കൂടുതൽ പരിഗണിക്കപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു എന്ന തോന്നൽ.
ഏത് പ്രായത്തിലും സഹോദരങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തുതകളെ പട്ടികപ്പെടുത്തിയാൽ മുൻപന്തിയിൽ നിൽക്കുന്ന കാരണങ്ങളിൽ ഒന്നാണ് ഇത്. ഏത് പ്രായത്തിലും തന്റെ മൂത്തതോ ഇളയതോ ആയ സഹോദരനും സഹോദരിയും തന്നേക്കാൾ കൂടുതൽ സ്നേഹിക്കപ്പെടുകയും, പരിഗണിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയും, താൻ തഴയപ്പെടുകയും ചെയ്യുന്നു എന്ന ചിന്ത മാനസികമായി ആഴത്തിൽ മുറിവേൽപ്പിക്കുകയും, മുന്നോട്ട് ഒരുപക്ഷെ എല്ലാക്കാലത്തും പരസ്പരം വാശിയ്ക്കും, മത്സരങ്ങൾക്കും, വൈരാഗ്യത്തിനും കാരണമാകുകയും ചെയ്യുന്നു.
● ലിംഗഭേദവും വേർതിരിവും
നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ലിംഗവ്യത്യാസത്തിന്റെ പേരിൽ മാതാപിതാക്കളാലും പ്രിയപ്പെട്ടവരാലും കുട്ടികൾ പലപ്പോഴും തരം തിരിക്കപ്പെടുന്നു എന്നത് യാഥാർഥ്യം ആണ്. അതുകൊണ്ട് തന്നെ മാറ്റി നിർത്തപ്പെടുന്നു എന്ന ചിന്തയും സിബ്ലിങ്ങ് റൈവൾറിയെ വളർത്തുന്നതിന് വളമാകാറുണ്ട്. പ്രത്യേകിച്ചും മൂത്തസഹോദരന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ആധികാരികമായ പ്രവൃത്തികൾ കൗമാരപ്രായത്തിൽ സഹോദരിമാരെ ഏറെ വേദനിപ്പിക്കുകയും, സിബ്ലിങ്ങ് റൈവൾറിയെ വളർത്തുകയും ചെയ്യാറുണ്ട്.
സഹോദരൻ കൂടുതൽ ലാളിക്കപ്പെടുകയും പെൺകുട്ടിയായ താൻ എല്ലായിടത്തും മാറ്റി നിർത്തപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും, ഒഴിവാക്കപ്പെടുകയുമാണെന്ന ചിന്ത കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകുന്നതിലൂടെ സിബ്ലിങ് റൈവൾറിയും കൂടുതൽ മോശമായി തന്നെ മുന്നോട്ട് പോകുന്നത് കാണാം.
കഴിഞ്ഞ ഭാഗത്ത് മാതാപിതാക്കൾ ഉപയോഗിച്ചുവരുന്ന, കാലാകാലങ്ങളായി കൈമാറ്റം ചെയ്തുവന്ന, ചില വാചകങ്ങളെ കുറിച്ച് പരാമർശിക്കപ്പെട്ടതുപോലെ, ഇവിടെ സഹോദരന് ലഭിക്കുന്ന മുൻതൂക്കങ്ങളും പരിധിയിൽക്കവിഞ്ഞ പരിഗണനയും മുൻതലമുറയിൽ നിന്നും തന്നെ മാതാപിതാക്കളിലേക്ക് വന്നുചേർന്നവയാകുന്നു. കണ്ടും, കേട്ടും, അനുഭവിച്ചും വളർന്നത് പലപ്പോഴും അവരും പ്രാവർത്തികമാക്കുന്നു. അതിനപ്പുറത്തേക്ക് ഈ വിഷയത്തിൽ ആഴത്തിലുള്ള ചിന്തയും വരുത്തേണ്ട മാറ്റങ്ങളുടെ പ്രാധാന്യവും തിരിച്ചറിയാതെ പോകുകയും ചെയ്യുന്നു.
ഒരു പെൺകുട്ടി പങ്കുവച്ച അനുഭവം: "തീരെ ചെറിയ പ്രായത്തിലെ കാര്യങ്ങളൊന്നും എനിക്കത്ര ഓർമ്മയില്ല. പക്ഷെ ഞാൻ എട്ടിലോ, ഒൻപതിലോ ഒക്കെ പഠിക്കുമ്പോൾ എന്റെ ജീവിതത്തിൽ കുറേ സങ്കടങ്ങൾ ഉണ്ടായിരുന്നു. അച്ഛനുമമ്മയും ആ സമയങ്ങളിൽ എന്നെ തീരെ കൺസിഡർ ചെയ്തിട്ടില്ല. ചേട്ടൻ എന്ത് പറയുന്നോ അതുപോലെ ഞാൻ അനുസരിക്കണം. ചേട്ടൻ അന്ന് പ്ലസ് ടു വിന് പഠിയ്ക്കുവാണ്. എന്റെ എല്ലാ കാര്യങ്ങളിലും ചേട്ടൻ അനാവശ്യമായി ഇടപെടും. ഒരു ദിവസം പെട്ടെന്ന് വന്ന് ക്ലാസ്സിലെ ആ കുട്ടിയോട് മിണ്ടാൻ പാടില്ല, ട്യൂഷൻ സെന്ററിലെ ആരോടും മിണ്ടാതെ ക്ലാസ്സ് കഴിഞ്ഞ് തിരികെ വരണം എന്നൊക്കെ പറയും. മിക്കപ്പോഴും എന്നെ അടിയ്ക്കും. പക്ഷെ അതിനേക്കാളേറെ അമ്മയുടെ മറുപടി ആകും എന്നെ വേദനിപ്പിക്കുക,
“അവൻ നിന്നെ അടിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം കാണും. അവൻ പറയുന്നതെന്തായാലും നീ അത് പോലെയങ്ങ് അനുസരിച്ചാൽ മതി. കൂടുതൽ ന്യായമൊന്നും പറയണ്ട.“ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല.
ചിലപ്പോഴൊക്കെ സ്കൂൾ വിട്ട് വരുമ്പോൾ ചേട്ടൻ ഡെയിനിങ് ടേബിളിലിരുന്ന് പലഹാരങ്ങൾ കഴിക്കുന്നുണ്ടാവാം. കൊഴുക്കട്ടയൊക്കെ ചേട്ടൻ തിന്നുന്ന കാണുമ്പോൾ കൊതി വരും. ഞാൻ എടുക്കാൻ ചെല്ലുമ്പോൾ അവിടെ പാത്രത്തിൽ ഒന്നും കാണില്ല. ചോദിച്ചാൽ അമ്മ പറയും- അതൊക്കെ അവൻ കഴിച്ചു, നിനക്ക് വേണമെങ്കിൽ ചോറെടുത്തുണ്ണാൻ..."
ഓരോന്നും എണ്ണിയെണ്ണി പങ്കുവയ്ക്കവെ ആ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ഒരുപക്ഷെ പല പെൺകുട്ടികൾക്കും ഈ വിഷയത്തിൽ ഒരു നൂറ് കഥകൾ പറയാനുണ്ടായിരിക്കാം.
● ഒരേ ജൻഡറിൽ (ഒരേ ലിംഗത്തിൽ) അടുത്ത പ്രായങ്ങളിലുള്ള സഹോദരങ്ങളുടെ ഒരേ ആവശ്യങ്ങൾ
ഏകദേശം ഒരേ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികളുടെ ഇഷ്ടങ്ങളും, ആവശ്യങ്ങളും, ആഗ്രഹങ്ങളുമൊക്കെ ഭൂരിഭാഗം അവസരങ്ങളിലും ഒന്നുപോലെ തന്നെ ആയിരിക്കും. അതുകൊണ്ട് തന്നെ അവർ ഒരേ വസ്തുക്കൾക്കും, കളിപ്പാട്ടങ്ങൾക്കും, ഭക്ഷണങ്ങൾക്കും, വസ്ത്രങ്ങൾക്കും വേണ്ടി തമ്മിൽ വഴക്കിടുന്ന സാഹചര്യങ്ങളും ഏറെയാണ്.
ഓരോ വഴക്കിലും ശാരീരികവും മാനസികവുമായ വിഷമങ്ങളിലൂടെ രണ്ടാളും മുറിവേൽക്കപ്പെടുന്നു. തുടർന്ന് കൃത്യമായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ, മനസ്സിൽ സൂക്ഷിക്കപ്പെടുന്ന വാശിയോടും ശത്രുതയോടുമൊപ്പം അടുത്ത തലങ്ങളിലേക്കും, ദീർഘാകാല റൈവൾറിയിലേക്കും ചെന്നെത്തുകയും ചെയ്യുന്നു.
തുടരും…