Dec 7, 2021 • 7M

ആത്മാഭിമാനം

"നിങ്ങൾ സമുദ്രത്തിലെ ഒരു തുള്ളിയല്ല, ഒരു തുള്ളിയിലെ മുഴുവൻ സമുദ്രവുമാണ് "

Cini Padmanabhan
Comment
Share
 
1.0×
0:00
-6:49
Open in playerListen on);
Episode details
Comments

പതിനഞ്ചു വയസുകാരിയായ മകൾ വാടിയ മുഖവുമായി വീട്ടിൽ വന്ന ദിവസം ഞാനോർക്കുന്നു. ജീവിതത്തിൽ മുന്നോട്ടേക്ക് പോവാനായി ഒന്നും തന്നെയില്ലാതെ, യാതൊരു ദിശാബോധവുമില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. അതിന് കാരണം? ക്ലാസിൽ അധ്യാപിക വിദ്യാർത്ഥികളുടെ ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചു. അവൾ ഹ്യുമാനിറ്റിസിൽ തുടർപഠനം നടത്തണം എന്നു പറഞ്ഞപ്പോൾ അധ്യാപികയും മറ്റ് കുട്ടികളും അവളെ പുച്ഛത്തോടെയാണ് നോക്കിയത്. പഠനത്തിൽ അവൾ മികവു പുലർത്തിയിരുന്നെങ്കിലും വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകൾ അവളുടെയത്ര കഴിവുള്ള കുട്ടികൾക്ക് യോജിച്ചതല്ല എന്നായിരുന്നു ഉയർന്ന വിമർശനം. അത് അവളുടെ ആത്മാഭിമാനത്തിൽ ഏൽപ്പിച്ച ക്ഷതം വളരെ വലുതായിരുന്നു. ഉപദേശങ്ങളോ ആശ്വാസവാക്കുകളോ ഒന്നും അവളെ സഹായിച്ചില്ല.

അങ്ങനെയിരിക്കെയാണ് ഒരു ഗിഫ്റ്റ് സ്റ്റോറിൽ വെച്ച് ഞാൻ ആ ഫോട്ടോ ഫ്രെയിം കാണുന്നത്. ഞാൻ അത് വാങ്ങി മകളുടെ ബെഡ്റൂമിൽ അവൾ കണ്ണു തുറക്കുമ്പോൾ കാണുന്ന രീതിയിൽ തൂക്കി.

അത് അവളെ സഹായിച്ചോ എന്ന് ചോദിച്ചാൽ... തീർച്ചയായും... പിന്നീടൊരിക്കലും അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇന്നവൾ വിഖ്യാതമായ ഒരു സർവകലാശാലയിൽ ഹ്യുമാനിറ്റീസിൽ ബിരുദവിദ്യാർത്ഥിനിയാണ്.

ഒരു വ്യക്തി തൻ്റെ ജീവിതത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പുകൾ, അത് വ്യക്തിപരമായാലും ഔദ്യോഗികപരമായാലും സാമൂഹികമായാലും അതിൽ ആത്മാഭിമാനം പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ ആത്മാഭിമാനമുള്ള വ്യക്തിക്ക് സന്തോഷമുള്ള ജീവിതം നയിക്കാൻ സാധിക്കുന്നു. അങ്ങനെയുള്ള വ്യക്തികൾക്ക് തൻ്റെ കഴിവുകളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാവും. അവരുടെ പ്രതീക്ഷകൾ യാഥാർത്യത്തിൽ ഊന്നിയതാവും. അങ്ങനെയുള്ള വ്യക്തികൾക്ക് സ്വയവും മറ്റുള്ളവരുമായും ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സാധിക്കുന്നു. ഇതെല്ലാം തന്നെ ഒരു വ്യക്തിയുടെ ക്ഷേമത്തിൽ പ്രധാന പങ്കു വഹിക്കുന്നു.

എന്നാൽ തൻ്റെ കഴിവുകളിൽ സംശയം ഉണ്ടാവുക, മറ്റെല്ലാവരും തന്നെക്കാൾ മികച്ചവരാണെന്ന ചിന്ത ഉണ്ടാവുക, ഒരു ജോലി ചെയ്ത് തീർക്കാനുള്ള കഴിവ് തനിക്ക് ഇല്ല എന്ന് വിചാരിക്കുക - ഇതെല്ലാം തന്നെ കുറഞ്ഞ ആത്മാഭിമാനത്തിൻ്റെ ലക്ഷണങ്ങളാണ്. ഞാൻ ചെറിയ ഒരു കഥ പറയാം.

" ഒരു യുവാവിന് ജോലിയിൽ സ്ഥാനക്കയറ്റവും പുതിയ ഓഫീസും നൽകി. എന്നാൽ അത് ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം കക്ഷി തൻ്റെ പുതിയ ഓഫീസിലിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടി. ഈ ഓഫീസിലെ തൻ്റെ പ്രാധാന്യവും തിരക്കും കാണിക്കാൻ അയാൾ ഫോണെടുത്തതിന് ശേഷം പുറത്തു നിന്ന ആളിനോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. അകത്തേക്ക് വന്നയാൾ യുവാവിന് വേണ്ടി കാത്തു നിന്നു. ആ സമയമത്രയും യുവാവ് ഫോണിൽ കാര്യമായി സംസാരിക്കുന്നതായി ഭാവിച്ചു. എന്നിട്ട് "പ്രശ്നമൊന്നുമില്ല, ഞാൻ നോക്കിക്കോളാം" എന്ന് പറഞ്ഞ് ഫോൺ വെച്ചു. എന്നിട്ട് വന്നയാളിനോട് എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ചു. "സാർ, ഞാൻ ഇവിടുത്തെ ഫോൺ ശരിയാക്കാൻ വന്നതാണ് " ,അയാൾ ശാന്തതയോടെ പറഞ്ഞു. "

ഈ കഥ നമ്മളോട് എന്താണ് പറയുന്നത്? ആ യുവാവ് ആത്മാഭിമാനം ഉള്ളയാളാണോ?

ആത്മാഭിമാനം കുറഞ്ഞ വ്യക്തിക്ക് പതിവായി ഉത്കണ്ഠ അനുഭവപ്പെടുകയും അനാവശ്യമായി ആത്മവിമർശനം ചെയ്യുകയും അത് നെഗറ്റീവ് ചിന്തകളിലേക്കും, തൃപ്തിയില്ലായ്മയിലേക്കും ഭാവി ലക്ഷ്യങ്ങൾ പിന്തുടരാൻ വിമുഖത കാണിക്കുന്നതിലേക്കും നയിക്കുന്നു. ഇങ്ങനെയുള്ളവർ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പരാജയപ്പെടുകയും അത് ജീവിതത്തിൻ്റെ തുലനാവസ്ഥയെത്തന്നെ ബാധിക്കുകയും ചെയ്യുന്നു.

നമുക്ക് നമ്മളെക്കുറിച്ച് എന്താണ് തോന്നുന്നത് അതാണ് ആത്മാഭിമാനം എന്ന് പറയുന്നത്.

സ്വന്തം രൂപത്തിലും കഴിവുകളിലും സന്തുഷ്ടനല്ലാതെ കൂടുതൽ ഭംഗിയും കഴിവും തേടിപ്പോയ കാക്കയുടെ കഥ നമുക്കെല്ലാവർക്കും അറിയാം. പൂവൻ കോഴിയിൽ നിന്ന് കോഴിപ്പൂവും മയിലിൽ നിന്ന് മനോഹരമായ പീലികളും ഞാറപ്പക്ഷിയിൽ നിന്ന് ചുണ്ടും കൊക്കിൽ നിന്ന് നീളമുള്ള കാലുകളും കാക്കയ്ക്ക് ലഭിച്ചു. ആ കാക്കയുടെ രൂപം ഒന്ന് ചിന്തിച്ചു നോക്കൂ.

പുഴയിൽ  തൻ്റെ  പുതിയ രൂപത്തിൻ്റെ പ്രതിബിംബവും നോക്കി സന്തോഷിച്ചിരിക്കുമ്പോഴാണ് ഇര പിടിക്കാനായി ചെന്നായ വരുന്നത്. ബാക്കിയുള്ള മൃഗങ്ങളും പക്ഷികളും അവിടെ നിന്ന് രക്ഷപെട്ടപ്പോൾ കാക്കയ്ക്ക് നിന്നിടത്തു നിന്ന് അനങ്ങാൻ കഴിഞ്ഞില്ല. ഓടാനോ പറക്കാനോ കഴിയാതിരുന്ന കാക്കയെ ചെന്നായ ആഹാരമാക്കി.

ഇവിടെ കാക്ക തൻ്റെ ആത്മാഭിമാനം വർദ്ധിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷെ അതിന് തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു.

നമുക്ക് ആത്മാഭിമാനം മെച്ചപ്പെടുത്താൻ കഴിയുമോ എന്നു ചോദിച്ചാൽ തീർച്ചയായും കഴിയും എന്ന് തന്നെയാണ് ഉത്തരം. അതിന് മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം പരിശ്രമിക്കണം.

ആത്മാഭിമാനം മെച്ചപ്പെടുത്താനുള്ള വഴികൾ

1) നെഗറ്റീവായി സ്വയം സംസാരിക്കാതിരിക്കുക.

2) നിങ്ങളുടെ പോസിറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

3) താരതമ്യങ്ങൾ അവസാനിപ്പിക്കുക.

4) തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ പഠിക്കുക.

5) എല്ലാ അഭിനന്ദനങ്ങളും "നന്ദി" പറഞ്ഞു കൊണ്ട് സ്വീകരിക്കുക.

6) നിങ്ങൾക്കായി സ്വയം വെല്ലുവിളികൾ ഉയർത്തുക - ചെറിയ ചെറിയ വിജയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

7) നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളുമായ് സമയം ചെലവിടുക.

ആത്മാഭിമാനക്കുറവിനെ നേരിടാൻ ഏറ്റവും കൂടുതൽ ജനപ്രിയമായ മാർഗം അഫിർമേഷനുകളുടെ ഉപയോഗമാണ്.

* ഞാൻ എന്ന വാക്കിൽ ആരംഭിക്കുന്ന ചെറിയ വാക്യങ്ങളെയാണ് ഇംഗ്ലീഷിൽ അഫിർമേഷൻ എന്ന് പറയുന്നത്. നമ്മൾ നമ്മോട് തന്നെ ചെയ്യുന്ന ഒരു ദൃഢപ്രതിജ്ഞ എന്നു പറയാം.

* അഫിർമേഷനുകൾ എപ്പോഴും പോസിറ്റീവും വർത്തമാനകാലത്തിൽ നിൽക്കുന്നതുമാണ്.

* അഫിർമേഷനുകളിൽ ഒരു വികാരം പ്രതിധ്വനിക്കുന്നുണ്ട്.

ഒരു ദിവസം പല തവണ അഫിർമേഷനുകൾ നിങ്ങളോട് തന്നെ പറയുക. രാവിലെ ഉണർന്നാൽ ഉടനെ കണ്ണാടിയുടെ മുന്നിൽ നിന്ന് ചെയ്യുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ ചെയ്യുക. മറക്കാതിരിക്കാനായി ഫോണിൽ റിമൈൻഡർ വെക്കുക. നിങ്ങളുടെ കുറച്ചു കൂട്ടുകാരെ ഒരുമിച്ച് കൂട്ടി, നിങ്ങളുടെ അഫിർമേഷൻ അവർക്കും നൽകുക. എന്നിട്ട് അത് ഒരുമിച്ച് പറയുക. ആ വാക്കുകൾ നിങ്ങളുടെ ഉള്ളിൽ പ്രതിധ്വനിക്കുന്നത് വളരെയേറെ ഫലപ്രദമാണ്. പോസിറ്റീവ് അഫിർമേഷൻ വഴി നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള ആപ്പുകൾ ഇന്ന് നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നത് നിങ്ങളെ ഒരു പക്ഷെ അത്ഭുതപ്പെടുത്തിയേക്കാം.

ആത്മാഭിമാനം വർദ്ധിപ്പിച്ചാൽ മാത്രമേ നമ്മുടെ ഉള്ളിലെ സൗന്ദര്യം നമുക്ക് കാണാനും അതുവഴി മറ്റുള്ളവരുടെ സൗന്ദര്യം നമുക്ക് തിരിച്ചറിയാനും സാധിക്കുകയുള്ളൂ.

പലപ്പോഴും നമ്മെ പിന്നോട്ട് വലിക്കുന്നത് നമ്മൾ ആരാണ് എന്ന ചിന്തയിലുപരി, നമ്മൾ ആരല്ല എന്ന ചിന്തയാണ്.