Feb 23

നിയന്ത്രണത്തിന്‍റെ കെട്ടു പൊട്ടുമ്പോൾ

Dr Sebin S Kottaram
Comment
Share
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

ഒരിക്കല്‍ ഒരു പട്ടം ആകാശത്തേക്കു പറന്നുയരുകയായിരുന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ തന്നെ ആരോ പിന്നിലേക്ക് വലിക്കുന്നതായി തോന്നി. തിരിഞ്ഞ് നോക്കിയപ്പോള്‍ പട്ടം പറത്തുന്നയാളിന്‍റെ കൈയിലെ ചരടിന്‍റെ ബന്ധനത്തിലാണ് താനെന്ന് ആ പട്ടത്തിന് മനസ്സിലായി. തനിക്കിനിയും ഉയരത്തിലേക്ക് പറക്കണം. ലോകത്തിലെ മുഴുവന്‍ കാഴ്ചകളും ആസ്വദിക്കണം. അതിനെന്താ വഴി - പട്ടം ചിന്തിച്ചു.

ഈ നിയന്ത്രണം ഇല്ലാതാക്കുക തന്നെ. അതോടെ, അതുവഴി വന്ന കാറ്റിനൊപ്പം കൂട്ടുകൂടി പട്ടം ഒന്നുകൂടി ശക്തിയില്‍ മുകളിലേക്ക് പറന്നു. അതോടെ പട്ടത്തില്‍ ബന്ധിച്ചിരുന്ന ചരട് മുറിഞ്ഞ് അത് വീണ്ടും ഉയരത്തിലേക്ക് നീങ്ങി.

പക്ഷേ സന്തോഷം അധികസമയം നീണ്ടുനിന്നില്ല. പെട്ടെന്നു പെയ്ത മഴയില്‍ താഴേക്കിറങ്ങാന്‍ നോക്കിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയില്‍ നനഞ്ഞു കുതിര്‍ന്നു താഴെ ചെളിക്കുണ്ടിലേക്കു പതിച്ചു.

ജീവിതം ശരിയായ ദിശയില്‍ മുന്നേറാന്‍ നിയന്ത്രണം ആവശ്യമാണ്. ബാല്യം മുതല്‍ വാര്‍ധക്യം വരെ ഈ നിയന്ത്രണങ്ങള്‍ നമ്മുടെ ശരീരത്തെ, മനസിനെ, ഹൃദയത്തെ വിശുദ്ധമാക്കിനിര്‍ത്തും. നമ്മുടെ ചിന്തകളില്‍, കണ്ണുകളില്‍, പെരുമാറ്റത്തില്‍, ഭക്ഷണശീലങ്ങളില്‍, ബന്ധങ്ങളിൽ ഉള്‍പ്പെടെ നിയന്ത്രണമുണ്ടാകുമ്പോഴാണ് ആരോഗ്യവും സമാധാനവും സമ്പത്തും ദൈവാനുഗ്രഹവുമെല്ലാമുണ്ടാകുന്നത്.

ഭക്ഷണശീലങ്ങളില്‍ നിയന്ത്രണമില്ലാതെ വരുമ്പോള്‍ അനാരോഗ്യത്തിലേക്കും സ്വഭാവത്തില്‍ നിയന്ത്രണരേഖ മറികടക്കുമ്പോള്‍ സ്വന്തം വില നഷ്ടമാകലിലേക്കുമെല്ലാം അത് നയിക്കുന്നു.

നമ്മുടെ മനസിന്‍റെയും ഹൃദയത്തിന്‍റെയും നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നതാണ് ഉപവാസവും നോമ്പാചരണവും. പ്രാര്‍ത്ഥനയോടും ഭക്തിയോടും ഭക്ഷണത്തിലും ചിന്തകളിലും ശീലങ്ങളിലും പെരുമാറ്റത്തിലും നാം വിശുദ്ധി പാലിക്കുമ്പോള്‍ അത് ആത്മീയമായും ഭൗതികമായും നമ്മെ ഉത്കൃഷ്ടരാക്കും. നമുക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിലൂടെ മനസ്സിന്‍റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് ടിവി കാണുന്നതാകാം, വീഡിയോ ഗെയിം കളിക്കുന്നതാകാം, സോഷ്യല്‍ മീഡിയ ചാറ്റിംഗ് ആകാം, മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങളാകാം, അടങ്ങാത്ത ശാരീരിക താല്‍പര്യങ്ങളാകാം, പണത്തോടും പ്രശസ്തിയോടും പദവിയോടുമുള്ള അമിതമായ ആഗ്രഹവുമാകാം. എന്തുമാകട്ടെ, അവയില്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് നമ്മുടെ തന്നെ അസംതൃപ്തിക്കും തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് തിരിച്ചറിയുക. അതിനാല്‍ ആഗ്രഹങ്ങളെയും താല്‍പര്യങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ നമുക്ക് ശീലിക്കാം. അപ്പോള്‍ ജീവിതത്തില്‍ ശാന്തിയും സന്തോഷവും സംതൃപ്തിയും നിറയും.