Jan 5 • 13M

ബിൽ ഗേറ്റ്‌സിന്റെ മക്കൾക്ക് മൊബൈൽ വിലക്ക്

4
 
1.0×
0:00
-13:27
Open in playerListen on);
Episode details
Comments

അകന്നകന്നു പോകുന്ന കൊച്ചു പെങ്ങളെ നോക്കി നിതിൻ കൈ വീശിക്കൊണ്ടിരുന്നു.. ആ കാർ ദൃഷ്ടിയിൽ നിന്നു മറയുവോളം അവൻ അവിടെത്തന്നെ നിന്നു. ഒടുവിൽ മമ്മിയുടെ കൈയും പിടിച്ച് മറ്റൊരു വീട്ടിലേക്ക്... ഒറ്റപ്പെടലിന്റെ, വേർപാടിന്റെ സങ്കടങ്ങൾ ഘനീഭവിച്ചുകിടക്കുന്ന അന്തരീക്ഷം. അവിടെ അവന്റെ പൊട്ടിച്ചിരികളും വാചാലതയും അസ്തമിച്ചു.

കുടുംബബന്ധങ്ങൾ മുറിക്കപ്പെട്ടപ്പോൾ വീതം വയ്ക്കപ്പെട്ട അവസ്ഥയിൽ രണ്ടു വീടുകളിലായ കൂടപ്പിറപ്പുകൾ. ജനനം മുതൽ ഒരുമിച്ചുണ്ടായിരുന്ന കൊച്ചുപെങ്ങൾ ഇനി കളിക്കാനും വഴക്കുകൂടാനും അവനൊപ്പമില്ല. പപ്പായ്ക്കും മമ്മിയ്ക്കും പെങ്ങൾക്കുമൊപ്പം ഒരുമിച്ചായിരുന്നു കഴിഞ്ഞ ക്രിസ്മസിന് കേക്കുമുറിച്ചത്. ഇത്തവണയും മമ്മിക്കൊപ്പം കേക്ക് മുറിച്ചെങ്കിലും ആ ആഘോഷം അവന്റെ മനസ്സിൽ സന്തോഷവും സമാധാനവും നിറച്ചില്ല. ഉള്ളിൽ വേർപാടിന്റെ വേദന മാത്രം...

സ്മാർട്ട്‌ഫോണും ടിവിയും ഇന്റർനെറ്റും ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും യൂട്യൂബുമുൾപ്പെടെയുള്ള സോഷ്യൽ മീഡിയയും മറ്റും ആളുകളുടെ സമയത്തിന്റെ ഭൂരിഭാഗവും കവർന്നപ്പോൾ നഷ്ടമായത് കുടുംബത്തിനും ബന്ധുമിത്രാദികൾക്കുമൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട സമയങ്ങൾ. ഓരോ ദിവസവും ഭക്ഷണമേശയിലും സ്വീകരണമുറിയിലും കിടപ്പുമുറിയിലുമെല്ലാമായി പരസ്പരം അന്നന്നത്തെ കാര്യങ്ങൾ ജീവിതപങ്കാളിയും മക്കളും മറ്റു കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പലയിടത്തും വാട്ട്‌സ്ആപ്പിലെയും ഫെയ്‌സ്ബുക്കിലെയും സൗഹൃദക്കൂട്ടങ്ങളിൽ പലരുടെയും ജീവിതം ഉടക്കിനിൽക്കുന്നു. ഇതിൽ പലതും ഫെയ്ക്കാവാം, തേൻ കെണികളാവാം. അവയുടെ ഭ്രമിപ്പിക്കുന്ന മാധുര്യം ആസ്വദിക്കാനുള്ള ശ്രമത്തിൽ ഭാര്യാ-ഭർതൃ ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നു. പലരും മാനസികമായി അകന്നു തുടങ്ങുന്നു. സ്‌നേഹത്തിലും ത്യാഗത്തിലുമൂന്നിയുള്ള ബന്ധങ്ങളിലെ അടുപ്പം ഇല്ലാതാകുന്നു. വിവാഹം കഴിച്ച് വർഷങ്ങളായി ജീവിതപങ്കാളിയും മക്കളുമായി കഴിയുന്നവർ പോലും വേലി ചാടുന്നു. വിവാഹമോചനത്തിലേക്കും മറ്റും അത് കൊണ്ടുചെന്നെത്തിക്കുന്നു.

കുട്ടികളാവട്ടെ ബാല്യം മുതൽ വിവിധ ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ കണ്ണുകളുടക്കി ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ അവരിലും പഠനത്തിലുള്ള ശ്രദ്ധയും താൽപര്യവും കുറയുന്നു. ഓർമ്മശക്തിയും ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും കുറയാനും ഇതിടയാക്കുന്നു. ഒപ്പം, മുതിർന്നവർ വീട്ടിലേക്ക് വരുമ്പോഴും ക്ലാസിൽ അധ്യാപകർ ചോദ്യം ചോദിക്കുമ്പോഴുമെല്ലാം ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും വൈമുഖ്യമുള്ള മര്യാദയില്ലാത്തവരായി, സ്വഭാവവൈകല്യമുള്ളവരായി മാറുന്നു. സ്‌ക്രീൻ അഡിക്ഷൻ എന്ന് മനശാസ്ത്രജ്ഞർ വിളിക്കുന്ന ഇന്റർനെറ്റ്, ടിവി, മൊബൈൽ ഫോൺ അഡിക്ഷനെ ഇന്ന് ചികിൽസിക്കേണ്ട മനോരോഗത്തിന്റെ പരിധിയിലാണ് ലോകാരോഗ്യസംഘടന ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനാൽ കുടുംബബന്ധങ്ങൾ ആരോഗ്യകരമാവാൻ, കുട്ടികൾ മികവുറ്റവരായി വളരാൻ ഈ അഡിക്ഷനിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്.

വിവരസാങ്കേതിക വിദ്യ അടക്കിവാഴുന്ന ലോകത്ത് അതിന്റെ ആഗോള വമ്പൻമാരായ മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ലോകത്തിലെ കോടീശ്വരൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന വ്യക്തിയുമായ ബിൽ ഗേറ്റ്‌സ്, ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഉൾപ്പെടെയുള്ള വ്യക്തികൾ അവരുടെ കുടുംബത്തിൽ വിവരസാങ്കേതികവിദ്യ സമയം കവരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവും ഭാര്യയും മക്കളും എല്ലാ ദിവസവും വൈകിട്ട് ഒരുമിച്ചിരുന്ന് പല കാര്യങ്ങളും സംസാരിച്ചുകൊണ്ടായിരിന്നു അത്താഴം കഴിച്ചിരുന്നതെന്ന് സ്റ്റീവ് ജോബ്‌സിനേക്കുറിച്ച് പുസ്തകമെഴുതിയ എഴുത്തുകാരനായ വാൾട്ടർ ഐസക്‌സൺ പറയുന്നു. ഐ പാഡും കംപ്യൂട്ടറും വീട്ടിൽ  ഉപയോഗിക്കുന്നതിലും വിവരസാങ്കേതിക വിദ്യയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ സ്റ്റീവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നു വച്ചാൽ ആരും സ്മാർട്ട്‌ഫോണിലോ ടിവിയിലോ ഐ പാഡിലോ നോക്കിക്കൊണ്ട് പരസ്പരം സംസാരിക്കാതെ സ്‌ക്രീനിൽ ദൃഷ്ടിയുറപ്പിച്ചുകൊണ്ടല്ല ഭക്ഷണം കഴിക്കേണ്ടതെന്ന് ചുരുക്കം.

സോഫ്റ്റ്വെയർ രംഗത്തെ മാസ്റ്റർ ബ്രെയിനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻമാരിൽ ഒരാളും ഏറ്റവുമധികം പണം ജീവകാരുണ്യപ്രവർത്തനത്തിനു വേണ്ടി വിനിയോഗിക്കുന്ന വ്യക്തിയുമായ ബിൽ ഗേറ്റ്‌സാവട്ടെ മക്കൾക്ക് പതിനാലു വയസ്സുവരെ മൊബൈൽ ഫോൺ പോലും കൊടുത്തിരുന്നില്ല. മാത്രമല്ല, ഭക്ഷണമേശയിൽ ഉൾപ്പെടെ സെൽ ഫോണിനെ അകറ്റിനിർത്തിയിരുന്നു. അവിടെ കുടുംബാംഗങ്ങൾ ഒരുമിച്ച് തുറന്നുസംസാരിക്കുമ്പോൾ ഒരു വില്ലനായി സെൽഫോൺ വരുന്നതിന്റെ ദൂഷ്യം ടെക് ഭീമനായ ബിൽ ഗേറ്റ്‌സ് ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു.

സാങ്കേതിക വിദ്യ നമ്മുടെ ജീവിതം കൂടുതൽ എളുപ്പമാക്കാനുള്ള ഒരു വഴി മാത്രമാണ്. അത് നമ്മുടെ നിയന്ത്രണത്തിലാവണം, അല്ലാതെ നമ്മൾ സാങ്കേതിക വിദ്യയുടെ അടിമകളാവരുത്.

രജനീകാന്ത് നായകനായ ചിത്രമാണ് 2.0. ഇതിൽ സ്മാർട്ട് ഫോണുകളുടെ ദൂഷ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ ഇന്ന് അനേകായിരം ദേശാടനക്കിളികളുടെ നാശത്തിന് കാരണമാകുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണം, ഓരോ സീസണിലും പതിനായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ദേശാടനക്കിളികൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു ദേശത്ത് എത്തുന്നത്. കൃത്യമായി റൂട്ട് തെറ്റാതെ ഇവ ലക്ഷ്യസ്ഥാനത്തെത്തും. അന്തരീക്ഷത്തിലെ ചില തരംഗങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ സഞ്ചരിക്കുന്നത്. എന്നാൽ മൊബൈൽ ടവറുകൾ പലപ്പോഴും ഉയർന്ന ഫ്രീക്വൻസിയിൽ സെറ്റ് ചെയ്യുമ്പോൾ ഇവയുടെ സഞ്ചാരപഥം തടസ്സപ്പെടുന്നു. ലക്ഷ്യം തെറ്റി ഇവ ടവറുകളിലും മറ്റും തലയിടിച്ച് വീണു ചാകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ആണ് ഇന്ന് സ്മാർട്ട് ഫോൺ ഇൻഡസ്ട്രി. അതുകൊണ്ടു തന്നെ പല ക്രമക്കേടുകളും സ്വാധീനത്തിന്റെയും പണത്തിന്റെയും മറവിൽ മൂടിവയ്ക്കപ്പെടുന്നു.

ഒരു സയൻസ് ഫിക്ഷൻ സിനിമയായ 2.0ൽ എല്ലാവരുടെയും ഫോണുകളെല്ലാം അന്തരീക്ഷത്തിലേക്ക് പറന്നകലുന്ന കാഴ്ച കാണാൻ സാധിക്കും. സന്തതസഹചാരിയായ സ്മാർട്ട് ഫോൺ ഇല്ലാതെ ദിവസങ്ങൾ കഴിയുമ്പോൾ ഒരാൾ പറയുന്ന ഒരു ഡയലോഗുണ്ട്. "ഇപ്പോൾ ശരിക്കും ഒരു മനസമാധാനമുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവരോട് സംസാരിക്കാനും സമയം കിട്ടുന്നുണ്ട്. ഇപ്പോഴാ ഞാൻ ജീവിതം ആസ്വദിക്കുന്നത്.''

സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം അമിത റേഡിയേഷനും കാരണമാകുന്നുണ്ട്. തലവേദന അടക്കമുള്ള പ്രശ്‌നങ്ങളും മാരകരോഗങ്ങളും വരെ ഇതിന്റെ ഫലമായുണ്ടാവാം. നമ്മുടെ ശാരീരിക- മാനസിക ആരോഗ്യത്തിന് തടസ്സമാകുന്ന ഒരു ഘടകം തന്നെയാണ് സ്‌ക്രീൻ അഡിക്ഷനെന്ന് തിരിച്ചറിഞ്ഞാൽ അതിനെ നിയന്ത്രിക്കാനുള്ള വഴികളാണ് നാം ആരായേണ്ടത്.

ആപ്പിളിന്റെ സിഇഒ ടിം കുക്കിന് മക്കളില്ല. പക്ഷെ 13 വയസ്സുള്ള തന്റെ അനന്തരവൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ടിം വിലക്കിയിട്ടുണ്ട്. കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം 2011ൽ പ്രതിദിനം ശരാശരി അഞ്ചു മിനിട്ടായിരുന്നെങ്കിൽ ഇന്ന് 2018ൽ അത് ഒരു മണിക്കൂറിൽ അധികമായി ഉയർന്നിട്ടുണ്ടെന്ന് അടുത്ത കാലത്ത് അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ തെളിയുന്നു. കേരളത്തിലും ഈ നിരക്കിൽ വലിയ വ്യത്യാസം കാണില്ല. കാരണം, സ്മാർട്ട് ഫോണിലെ വിഡിയോ ഗെയിംസ്, മൊബൈൽ ടിവി, നെറ്റ് ഫ്‌ളിക്‌സ് അടക്കം സിനിമ കാണിക്കുന്ന ആപ്ലിക്കേഷനുകൾ, ജിയോ, ഐഡിയ അടക്കം മൊബൈൽ സർവീസ് ദാതാക്കളുടെ ആപ്ലിക്കേഷനിലെ സിനിമ ഉൾപ്പെടെയുള്ള വിനോദപരിപാടികൾ, യൂ ട്യൂബ് വിഡിയോകൾ, വാട്ട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക്, ടെലിവിഷൻ എന്നിവയെല്ലാമായി സ്‌കൂളിൽ നിന്നു വന്നാലുടനെ കാപ്പിപോലും കുടിക്കാതെ തുറിച്ച കണ്ണുകളുമായി നോക്കിയിരിക്കുന്ന കുട്ടികൾ കേരളത്തിലും വളരെ ഏറെയാണ്.

സാങ്കേതിക വിദ്യയുടെ അമിത ഉപയോഗം കുട്ടികളുടെ ശരിയായ രീതിയിലുള്ള മാനസിക-ശാരീരിക വളർച്ചയെ നിഷേധാത്കമായി ബാധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അമിത വണ്ണം, ഓർമ്മക്കുറവ്, പഠനത്തിലും വായനയിലും മറ്റും ശ്രദ്ധിക്കാനുള്ള ശേഷിക്കുറവ്, ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരുമായി ഇടപഴകാനുള്ള വിമുഖത എന്നിവയൊക്കെ ഇതിന്റെ ഫലമായുണ്ടാകാം.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരുകയാണ്. മുൻപ് നേരിട്ടുള്ള ചർച്ചകളിൽ വിളമ്പിയിരുന്ന വിഷയങ്ങൾ പലതും ഇന്ന് സോഷ്യൽ മീഡിയാ ചർച്ചകളിലെ വിഭവങ്ങളാണ്. ഓരോരുത്തരുടെയും താൽപര്യത്തിനും മുൻവിധിക്കും അനുസരിച്ച് അതിന് എരിവും  പുളിയും ചേർക്കുമ്പോൾ ചർച്ചകൾക്ക് ആസ്വാദ്യത ഏറുന്നു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള വേദി ഒരുക്കുമ്പോൾ തന്നെ എന്തും പറയാനുള്ള വേദിയായി സോഷ്യൽ മീഡിയ മാറുകയാണോ? ഊഹാപോഹങ്ങളുടെയും മുറി അറിവിന്റെയും പശ്ചാത്തലത്തിൽ ലോകത്തിനു കീഴിലുള്ള ഏതുവിഷയത്തെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ സത്യം വളച്ചൊ ടിക്കപ്പെടുകയോ അസത്യം സത്യമായി പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നു.  തെറ്റായ വാർത്തകൾ ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കാനുള്ള ആയുധമായി സോഷ്യൽ മീഡിയ മാറുന്നു.

അടുത്തകാലത്ത് കോഴിക്കോട് മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കത്തിൽപറയുന്നത് ചിക്കൻ കഴിച്ചാൽ നിപ്പ വൈറസ് പിടിപെടാൻ സാധ്യത എന്നായിരുന്നു. ഇത് തന്റെ സീലും പേരും ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയ രേഖയാണെന്നു വ്യക്തമാക്കി തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ തന്നെ രംഗത്തുവന്നിരുന്നു.

മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയും ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുമുള്ളപ്പോൾ സോഷ്യൽ മീഡിയായിലെ പോസ്റ്റുകളുടെ ഉള്ളടക്കം സ്‌ക്രീൻ ചെയ്യാനോ നിയന്ത്രിക്കാനോ നിലവിൽ സംവിധാനങ്ങളൊന്നുമില്ല.

ആസ്വദിക്കാൻ പുതിയ മേച്ചിൽപുറങ്ങൾ

സോഷ്യൽ മീഡിയാകളിൽ ചാറ്റിംഗും രാത്രി വൈകുവോളം സമയം ചെലവഴിക്കുന്ന വിവാഹിതർ വഴിമാറി സഞ്ചരിക്കുന്നത് ഒരു പക്ഷെ ദൂരെയുള്ള പങ്കാളിയെ വഞ്ചിച്ചുകൊണ്ടായിരിക്കും. തേൻ പുരട്ടിയുള്ള പുതിയ കാമുകന്റെ /കാമുകിയുടെ വാക്കുകളിൽ മയങ്ങിവീഴുമ്പോൾ തകർന്നു വീഴുന്നത് കുടുംബബന്ധം കൂടിയാവാം. അത് ചിലപ്പോൾ വിവാഹമോചനത്തിലാവും കലാശിക്കുക. ജീവിതപങ്കാളിയേയും മക്കളെയും ഉപേക്ഷിച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തിയുമായി ഒളിച്ചോടുന്ന സംഭവങ്ങൾ ഇന്ന് വാർത്തയാകുന്നു. താൽക്കാലിക ഭ്രമം മാറുമ്പോൾ ആർക്കൊപ്പം പോയോ അവരാൽ തന്നെ തിരസ്‌കരിക്കപ്പെട്ട അവസ്ഥയിലായ പലരുടെയും ജീവിതം ഇത്തരം കെണികളിൽ കുരുങ്ങുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്.

അശ്ലീലതയുടെ അതിപ്രസരം കലർന്ന മെസേജുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെയോ ഫോണിലൂടെയോ പരിചയപ്പെട്ട വ്യക്തിയെ വിശ്വസിച്ച് അയക്കുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെട്ട് പെൺവാണിഭസംഘത്തിന് തന്നെ ഇരയായി മാറിയ സ്ത്രീകളുടെ കഥകളും ഇന്ന് ഒട്ടേറെ പുറത്തുവരുന്നുണ്ട്. ചിലർ അപമാനം ഭയന്ന് പുറത്തുപറയാതെ അവരുടെ തന്നെ ഭീഷണിക്കു വഴങ്ങി സ്വന്തം ജീവിതം തന്നെ നശിപ്പിക്കുന്നു. മറ്റു ചിലരാവട്ടെ ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താൻ ജീവിതപങ്കാളിയോടും കുടുംബാംഗങ്ങളോടും സംസാരിച്ച് നിയമപരമായി ഇത്തരക്കാർക്കെതിരെ രംഗത്തുവരുന്നു. അവർക്ക് തക്ക ശിക്ഷ ഉറപ്പാക്കുന്നു. മറ്റു ചിലരാവട്ടെ ഒടുവിൽ ആത്മഹത്യ തിരഞ്ഞെടുക്കുന്നു. അതിനാൽ, മനസ്സിലാക്കുക, നമ്മുടെ മൊബൈൽ ഫോണിൽ ഒരു കൈവിരൽത്തുമ്പിൽ ലഭ്യമാകുന്ന സോഷ്യൽ മീഡിയ പലപ്പോഴും അനേകം കപടതകളാൽ മൂടിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു ലോകമാണ്. അവിടെ പലരും അവരുടെ യഥാർത്ഥ വ്യക്തിത്വവും സ്വഭാവവും പശ്ചാത്തലവും ഫോട്ടോയും ഐഡന്റിന്റിയുമെല്ലാം മറച്ചുവച്ചുകൊണ്ട് സജീവമാകുന്ന വ്യക്തികളായിരിക്കാം. (ഫെയ്ക്ക് ഐഡി). അതിനാൽ, സോഷ്യൽ മീഡിയയെ സ്വന്തം കുടുംബം പോലെ എന്തും പങ്കുവയ്ക്കാനും തുറന്നു കാട്ടാനുമുള്ള ഇടമായി കാണാതെ നിയന്ത്രണങ്ങൾ വയ്ക്കുക. ജീവിതത്തിൽ എല്ലാക്കാലവും നിങ്ങളോടൊപ്പമുണ്ടാകുന്നതും നിങ്ങളെ സ്‌നേഹിക്കുന്നതും പോരായ്മകൾ പലതുമുണ്ടെങ്കിലും നിങ്ങളുടെ കുടുംബാംഗങ്ങളായിരിക്കുമെന്ന് തിരിച്ചറിയുക.

'എനിക്കൊരു തലവേദന വന്നപ്പോൾ വാട്ട്‌സ് ആപ്പിലെ ഫ്രണ്ട് എത്ര കെയറിംഗായിട്ടാ എന്നോടു സംസാരിച്ചത്. എന്റെ ജീവിതപങ്കാളിയോട് പറഞ്ഞപ്പോൾ ങ്ഹാ, എന്നൊരു മൂളൽ മാത്രമായിരുന്നു മറുപടി'യെന്ന് പറഞ്ഞത് കൗൺസിലിംഗിനു വിളിച്ച ഒരു വീട്ടമ്മയാണ്.

ഓർക്കുക, സ്വന്തം കാപട്യം മറച്ചുകൊണ്ട്, ആ വ്യക്തിയെ നിങ്ങൾ വിശ്വാസിക്കുകയും സ്‌നേഹിക്കുകയും ആ വ്യക്തി പറയുന്നത് കേൾക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടുവരാൻ നിങ്ങളുടെ മുന്നിൽ മനോഹരമായി നിങ്ങൾക്കിഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കാനും പെരുമാറാനും കപടവ്യക്തിത്വത്തിനുടമകളായ പലർക്കും സാധിക്കും. ജോലിയിലെയും ബിസിനസിലെയും പൊതുരംഗത്തെയുമൊക്കെ ടെൻഷനും മറ്റുമൊക്കെയായി നിങ്ങളോട് വളരെ റൊമാന്റിക് ആയും കെയറിംഗ് ആയും സംസാരിക്കാൻ ജീവിതപങ്കാളിക്ക് എപ്പോഴും കഴിയാത്തതിന്റെ അർത്ഥം സ്‌നേഹക്കുറവാകണമെന്നില്ല. എന്നുവച്ച് സ്‌നേഹം പ്രകടിപ്പിക്കേണ്ടതില്ല എന്നല്ല. ചില സാഹചര്യങ്ങളിൽ പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറാതെ വരുമ്പോൾ നിരാശപ്പെട്ട് ചില്ല മാറി കൂടുകൂട്ടാൻ പോകരുതെന്ന് മാത്രം. ഒപ്പം, ജീവിതപങ്കാളിയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടും ആത്മാർത്ഥമായും സത്യസന്ധമായും പെരുമാറുക. പബ്ലിക് റിലേഷൻസ് തിയറികൾ പ്രാവർത്തികമാക്കി പുറമേ ഒരു കൃത്രിമ ബന്ധം സൃഷ്ടിക്കുന്നവരെ ആളുകൾ എളുപ്പത്തിൽ തിരിച്ചറിയും. തിരസ്‌കരിക്കും. ആത്മാർത്ഥമായി, ഉള്ളിൽ നിന്നു വരുന്ന വാക്കുകൾ കൊണ്ട് ആളുകളുമായി സംസാരിച്ചു ശീലിക്കുക. ഇത് വ്യക്തി ബന്ധങ്ങൾ സുദൃഢമാക്കാൻ സഹായിക്കും. അതല്ലായെങ്കിൽ നിങ്ങളെ ഒരു ഫ്രോഡായി സമൂഹം കരുതും. കുടുംബത്തിലും സമൂഹത്തിലും നിങ്ങൾക്ക് വില കിട്ടില്ല.

കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴും വീട്ടിലും ആഘോഷവേളകളിലും ഫോണിൽ തുടർച്ചയായി സംസാരിക്കുന്നത് ഒഴിവാക്കുക. അത് ഒപ്പമുള്ളവരെ അപമാനിക്കുന്നതിനും അവരുടെ സാന്നിധ്യത്തിന് നിങ്ങൾ വിലകൊടുക്കുന്നില്ലെന്ന സൂചനയുമാണ്.

അതിനാൽ പുതിയ വർഷത്തിൽ നാം മാറ്റേണ്ട ശീലങ്ങളിൽ ഒന്നാമത്തേതായി സ്മാർട്ട്‌ഫോൺ അഡിക്ഷനെ നമുക്ക് മാറ്റാം. അതു വഴി ഒട്ടേറെ കുടുംബങ്ങളിലേക്ക് സന്തോഷവും സമാധാനവും കടന്നുവരട്ടെ. ബന്ധങ്ങൾ മുറിയാതിരിക്കട്ടെ, മക്കൾ ശരിയായ വഴിയിലൂടെ വളരട്ടെ.