Jan 24 • 8M

നിങ്ങൾ റൈറ്റ് ബ്രെയിൻ ചിന്തകനാണോ ലെഫ്റ്റ് ബ്രെയിൻ ചിന്തകനാണോ? നമുക്ക് ഇവിടെ നിന്നും കണ്ടെത്താം.

Rahul Nair
Comment
Share
 
1.0×
0:00
-7:38
Open in playerListen on);
Episode details
Comments

ഞാൻ ഒരു റൈറ്റ് ബ്രെയിൻ ചിന്തകനാണ് അല്ലെങ്കിൽ ലെഫ്റ്റ് ബ്രെയിൻ ചിന്തകനാണ് എന്ന് ചിലർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? പുസ്തകങ്ങളിൽ മുതൽ ടെലിവിഷൻ പ്രോഗ്രാമുകളിൽ നിന്നുവരെ നിരവധി തവണ നിങ്ങൾ ഈ ശൈലി കേട്ടേക്കാം. ചിലപ്പോൾ നിങ്ങൾ ഇതിൽ എത് വിഭാഗത്തിൽപ്പെടുന്നു എന്ന് മനസിലാക്കാൻ ഓൺലൈൻ ടെസ്റ്റ് വരെ എടുത്തിട്ടുണ്ടാവാം.

നിങ്ങൾ ഇത് സംബന്ധിച്ചുള്ള വിവരണങ്ങളടങ്ങിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ടേക്കാം. റൈറ്റ് ബ്രെയിൻ്റെയും ലെഫ്റ്റ് ബ്രെയിൻ്റെയും പ്രത്യേക സവിശേഷതകൾ പുറത്തു കൊണ്ടുവരാനുള്ള വഴികൾ പറയുന്ന ലേഖനങ്ങളും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം.

ലെഫ്റ്റ് ബ്രെയിൻ ചിന്തകർ ഗണിത ശാസ്ത്രത്തിലും യുക്തിപരമായ കഴിവുകളിലും ശോഭിക്കുമ്പോൾ റൈറ്റ് ബ്രെയിൻ ചിന്തകർ ക്രിയാത്മകമായ മേഖലകളിൽ തിളങ്ങുമെന്നും പറയപ്പെടുന്നു.

റൈറ്റ് ബ്രെയിൻ - ലെഫ്റ്റ് ബ്രെയിൻ ചിന്തകർ എന്ന ആശയത്തിൻ്റെ ജനപ്രീതി കണക്കിലെടുത്താൽ, ഈ ആശയം മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള നിരവധി മിഥ്യാധാരണകളിൽ ഒന്നാണെന്നുള്ള സത്യം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

റൈറ്റ് ബ്രെയിൻ - ലെഫ്റ്റ് ബ്രെയിൻ സിദ്ധാന്തമനുസരിച്ച്, മസ്തിഷ്കത്തിൻ്റെ ഓരോ വശവും വ്യത്യസ്ത തരം ചിന്തകളെ നിയന്ത്രിക്കുന്നു.

ഉദാഹരണമായി, ലെഫ്റ്റ് ബ്രെയിൻ ചിന്തകനായ ഒരാളുടെ ചിന്തകൾ യുക്തിസഹവും വിശകലനപരവും വസ്തുനിഷ്ഠവുമാണെന്ന് പറയുന്നു. എന്നാൽ റൈറ്റ് ബ്രെയിൻ ചിന്തകനായ ഒരാൾ കൂടുതൽ അവബോധമുള്ളവനും ചിന്താശീലനും ആത്മനിഷ്ഠയുള്ളവനുമാണെന്ന് പറയപ്പെടുന്നു.

മനഃശാസ്ത്രത്തിൽ മസ്തിഷ്ക പ്രവർത്തനത്തിൻ്റെ പാർശ്വവൽക്കരണത്തെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തമാണ് ഇത്. മനുഷ്യ മസ്തിഷ്കത്തിൽ രണ്ട് അർദ്ധഗോളങ്ങളുണ്ട്. അവയ്ക്ക് അവയുടേതായ ജോലികളുമുണ്ട്. മസ്തിഷ്കത്തിൻ്റെ ഇരുവശങ്ങളും കോർപ്പസ് കലോസം വഴിയാണ് പരസ്പരം ആശയവിനിമയം നടത്തുന്നത്.

മസ്തിഷ്കത്തിൻ്റെ ഇടത് അർദ്ധഗോളം ശരീരത്തിൻ്റെ വലതുവശത്തിനെയും വലത് അർദ്ധഗോളം ശരീരത്തിൻ്റെ ഇടത് വശത്തിനെയും നിയന്ത്രിക്കുന്നു. അതു കൊണ്ടാണ് മസ്തിഷ്കത്തിൻ്റെ വലത് വശത്തിന് തകരാറുണ്ടാവുമ്പോൾ ശരീരത്തിൻ്റെ ഇടത് വശത്തെ അത് ബാധിക്കുന്നത്.

അപ്പോൾ, മസ്തിഷ്കത്തിൻ്റെ ഒരു വശം പ്രത്യേക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നുണ്ടോ? ലെഫ്റ്റ് ബ്രെയിൻ - റൈറ്റ് ബ്രെയിൻ ചിന്തകർ എന്ന് വേർതിരിക്കാൻ കഴിയുമോ? മനഃശാസ്ത്രത്തിൽ നിലവിലുള്ള പല മിത്തുകളേയും പോലെ മസ്തിഷ്കത്തെപ്പറ്റിയുള്ള വികലമായതും അതിശയോക്തി കലർന്നതുമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇതും വന്നിട്ടുള്ളത്.

1981 ലെ നൊബേൽ ജേതാവായ റോജർ ഡബ്ല്യു. സ്പെറിയുടെ പ്രവർത്തനങ്ങളിൽ നിന്നാണ് റൈറ്റ് ബ്രെയിൻ - ലെഫ്റ്റ് ബ്രെയിൻ സിദ്ധാന്തം ഉടലെടുത്തത്. അപസ്മാരത്തിൻ്റെ ചികിത്സക്കായി കോർപ്പസ് കലോസം (മസ്തിഷ്കത്തിൻ്റെ അർദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗം) മുറിച്ചു മാറ്റപ്പെട്ട രോഗികളുടെ മസ്തിഷ്ക പ്രവർത്തനം അദ്ദേഹം പഠനവിധേയമാക്കി.

മസ്തിഷ്കത്തിൻ്റെ അർദ്ധഗോളങ്ങളുടെ ആശയ വിനിമയ പാത മുറിഞ്ഞപ്പോൾ രോഗികളിൽ മറ്റു ചില ലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഉദാഹരണത്തിന് തലച്ചോറിൻ്റെ വലതു വശത്ത് പ്രോസസ് ചെയ്യപ്പെടുന്ന വസ്തുക്കളുടെ പേര് പറയാൻ രോഗികൾക്ക് കഴിയാതെ വരികയും എന്നാൽ ഇടതു വശത്ത് പ്രോസസ് ചെയ്യുന്ന വസ്തുക്കളുടെ പേര് പറയാൻ കഴിയുകയും ചെയ്തു. ലഭ്യമായ ഈ വിവരങ്ങളനുസരിച്ച്, ഭാഷയെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിൻ്റെ ഇടതു ഭാഗമാണെന്ന് സ്പെറി സൂചിപ്പിച്ചു.

പൊതുവായി പറയുകയാണെങ്കിൽ ഭാഷയുടെയും യുക്തിയുടെയും ഒട്ടുമിക്ക വശങ്ങളും നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിൻ്റെ ഇടതു ഭാഗമാണ്. അതേ സമയം വലതു ഭാഗം സ്ഥലപരമായ വിവരങ്ങളെയും വിഷ്വൽ കോംപ്രിഹെൻഷനെയും നിയന്ത്രിക്കുന്നു.

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മുൻപ് പ്രതീക്ഷിച്ചതു പോലെ രണ്ടു മുഖങ്ങളുള്ളതല്ലെന്ന് പിന്നീടുള്ള ഗവേഷണങ്ങൾ തെളിയിച്ചു. ഉദാഹരണത്തിന്, ഗണിതശാസ്ത്രം പോലെയൊരു വിഷയത്തിലുള്ള പ്രാവീണ്യം അതിൻ്റെ ഏറ്റവും ഉയർച്ചയിലെത്തുന്നത് മസ്തിഷ്കത്തിൻ്റെ ഇരുഭാഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടി.

മസ്തിഷ്കത്തിൻ്റെ ഇരുവശങ്ങളും ഒരുമിച്ച് ഒട്ടനവധി ജോലികൾ ചെയ്യുന്നുണ്ടെന്നും രണ്ട് അർദ്ധഗോളങ്ങളും കോർപ്പസ് കലോസം വഴി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ന് ന്യൂറോ സയൻ്റിസ്റ്റുകൾക്ക് അറിയാവുന്ന കാര്യമാണ്.

" മസ്തിഷ്കം എത്രയൊക്കെ പാർശ്വവൽക്കരിക്കപ്പെട്ടാലും അതിൻ്റെ ഇരു വശങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. ശാസ്ത്ര എഴുത്തുകാരനായ കാൾ സിമ്മർ ഡിസ്കവർ മാഗസിനു വേണ്ടി എഴുതിയ ലേഖനത്തിൽ നിന്നുള്ള വരിയാണിത്.

ലെഫ്റ്റ് ബ്രെയിനെയും റൈറ്റ് ബ്രെയിനെയും കുറിച്ചുള്ള പോപ്പ് സൈക്കോളജി സങ്കൽപ്പം അത് തമ്മിലുള്ള തൊഴിൽ ബന്ധത്തെ വിശദീകരിക്കുന്നില്ല. ഇടത് അർദ്ധഗോളം വാക്കുകളെയും വാക്യങ്ങളെയും രൂപപ്പെടുത്തുന്ന ശബ്ദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഭാഷയെ കൈകാര്യം ചെയ്യുന്നത് ഇടതു ഭാഗം മാത്രമല്ല. വലത് അർദ്ധഗോളം ഭാഷയുടെ വൈകാരിക സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

യൂട്ടാ സർവ്വകലാശാലയിൽ 1000 ലധികം പേരുടെ മസ്തിഷ്ക പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് ഗവേഷകർ ഒരു പഠനം നടത്തി. ഓരോ വ്യക്തികളും മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തെ അപേക്ഷിച്ച് അടുത്ത ഭാഗം കൂടുതൽ ഉപയോഗിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ആ ഗവേഷണം.

ചില നിർണ്ണായക ഘട്ടങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്തിൻ്റെ പ്രവർത്തനം ഉയർന്നതാകാമെങ്കിലും പൊതുവെ തലച്ചോറിൻ്റെ ഇരുവശങ്ങളുടെയും പ്രവർത്തനങ്ങൾ ശരാശരി തുല്യമാണെന്ന് പഠനത്തിൽ കണ്ടെത്തി.

"മസ്തിഷ്കത്തിൻ്റെ ചില പ്രവർത്തനങ്ങൾ ഏതെങ്കിലുമൊരു വശത്തായിരിക്കും എന്നുള്ള കാര്യം സത്യമാണ്. ഉദാഹരണത്തിന് ഭാഷ ഇടത് വശം, ശ്രദ്ധ വലത് വശം എന്നിവ. എന്നാൽ ആളുകൾക്ക് ശക്തമായ ഇടത് വശം, ശക്തമായ വലത് വശം എന്നിങ്ങനെയില്ല." പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ ജെഫ് ആൻഡേഴ്സൺ പറയുന്നു.

റൈറ്റ് ബ്രെയിൻ - ലെഫ്റ്റ് ബ്രെയിൻ ചിന്തകർ എന്ന ആശയം പൊളിച്ചെഴുതപ്പെട്ടെങ്കിലും അതിൻ്റെ ജനപ്രീതി ഇന്നും നിലനിൽക്കുന്നു.

ലെഫ്റ്റ് ബ്രെയിൻ - റൈറ്റ് ബ്രെയിൻ ആധിപത്യ സിദ്ധാന്തമനുസരിച്ച്, മസ്തിഷ്കത്തിൻ്റെ വലതുവശം ക്രിയാത്മകവും പ്രകടനപരവുമായ ജോലികൾക്ക് മികച്ചതാണ്. മസ്തിഷ്കത്തിൻ്റെ വലതുഭാഗവുമായി ബന്ധപ്പെട്ടതെന്ന് പറയപ്പെടുന്ന കഴിവുകൾ താഴെപ്പറയുന്നു:

●       മുഖങ്ങൾ തിരിച്ചറിയുക

●       വികാരം പ്രകടിപ്പിക്കുക

●       സംഗീതാഭിരുചി

●       വികാരങ്ങൾ മനസിലാക്കുക

●       നിറങ്ങൾ മനസിലാക്കുക

●       ഭാവന ഉപയോഗിക്കുക

●       ക്രിയാത്മകമാവുക

യുക്തി, ഭാഷ, വിശകലനപരമായ ചിന്ത എന്നിങ്ങനെയുള്ള കഴിവുകൾ ആവശ്യമുള്ള ജോലികൾ മസ്തിഷ്കത്തിൻ്റെ ഇടതുവശവുമായി ബന്ധപ്പെടുത്തി പറയുന്നു. ലെഫ്റ്റ് ബ്രെയിൻ മികച്ചതാണെന്ന് പറയപ്പെടുന്ന കഴിവുകൾ.

●       ഭാഷ

●       യുക്തിചിന്ത

●       വിമർശനാത്മക ചിന്ത

●       ന്യായവാദം

●       സംഖ്യകൾ

റൈറ്റ് ബ്രെയിൻ - ലെഫ്റ്റ് ബ്രെയിൻ സിദ്ധാന്തം മിത്താണെന്ന് ഗവേഷകർ തെളിയിച്ചിട്ടും ഇപ്പോഴും ജനപ്രീതി നിലനിൽക്കുന്നു. എന്തുകൊണ്ട്? നിർഭാഗ്യവശാൽ ആ സിദ്ധാന്തം കാലഹരണപ്പെട്ട കാര്യം മിക്കവർക്കും അറിയില്ല. പോപ്പുലർ കൾച്ചറുമായി ബന്ധപ്പെട്ട് ഈ ആശയം അതിൻ്റേതായ സ്ഥാനം നേടി എന്നുള്ളതാണ് സത്യം.

മാഗസിൻ ആർട്ടിക്കിളുകളിൽ തുടങ്ങി പുസ്തകങ്ങളിലും ഓൺലൈൻ ക്വിസുകളിലും വരെ നിങ്ങളുടെ മസ്തിഷ്കത്തിൻ്റെ എതു വശമാണ് ശക്തമെന്ന് അറിഞ്ഞാൽ മനസിൻ്റെ ശക്തി നിങ്ങൾക്ക് അഴിച്ചുവിടാൻ കഴിയുമെന്ന തരത്തിലുള്ള വിവരങ്ങൾ കാണാൻ സാധിക്കും.

ചരിത്രപരമായ താൽപ്പര്യത്തോടെ വിദ്യാർത്ഥികൾക്ക് സമീപിക്കാവുന്ന ഒരു സിദ്ധാന്തമാണിത്. മസ്തിഷ്കത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ വികസിച്ചതിനെപ്പറ്റിയും ഗവേഷകർ കൂടുതൽ പഠനങ്ങൾ നടത്തുന്നതനുസരിച്ച് കാലാക്രമേണ അതിൽ വന്ന മാറ്റങ്ങളെപ്പറ്റിയുമൊക്കെ വിദ്യാർത്ഥികൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

ജനപ്രിയ മനഃശാസ്ത്രവും സെൽഫ് ഹെൽപ്പ് പുസ്തകങ്ങളും അമിതമായി സാമാന്യവൽക്കരിക്കുകയും അമിതമായി പ്രസ്താവിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ചില പ്രത്യേക മേഖലകളിൽ നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുന്നത് പഠനത്തിനായി മികച്ച വഴികൾ വികസിപ്പിക്കാൻ സഹായിക്കും. ഉദാഹരണമായി, വാക്കാലുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ എഴുതിയെടുക്കുന്നതും മികച്ച സംഘടനാ കഴിവുകൾ വികസിപ്പിക്കുന്നതും ഗുണം ചെയ്യും.

നിങ്ങൾ ഓൺലൈനിൽ കാണുന്ന ലെഫ്റ്റ് ബ്രെയിൻ - റൈറ്റ് ബ്രെയിൻ ക്വിസുകളിലൊന്നിൽ പങ്കെടുത്തു എന്ന് വിചാരിക്കുക. അത് പൂർണ്ണമായും വിനോദത്തിനു വേണ്ടിയുള്ളതാണെന്ന് മനസിലാക്കുക. അതിൻ്റെ ഫലങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ല.

നിങ്ങൾ ഒരു ലെഫ്റ്റ് ബ്രെയിൻ ചിന്തകനോ റൈറ്റ് ബ്രെയിൻ ചിന്തകനോ അല്ല. മറിച്ച് ഫുൾ ബ്രെയിൻ ചിന്തകനാണെന്ന കാര്യത്തിൽ സന്തോഷിക്കുക.