Dec 6, 2021 • 4M

റെസിലിയൻസ് ഭാഗം 2

കഴിഞ്ഞ ഭാഗത്തിൽ റെസിലിയൻസിനെക്കുറിച്ചും അപകട സാധ്യതാ ഘടകങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്തു. ഇന്ന് നമുക്ക് റെസിലിയൻസിനെക്കുറിച്ച് ആഴത്തിൽ പഠിക്കാം.

1
 
1.0×
0:00
-4:05
Open in playerListen on);
Episode details
Comments

റെസിലിയൻസ് എന്നത് ഒരൊറ്റ കാര്യമല്ല. ദീർഘമായ പ്രത്യാഘാതങ്ങൾ അനുഭവിക്കാതെ തന്നെ പ്രതികൂലാവസ്ഥയോട് പൊരുത്തപ്പെടാനും പ്രശ്നങ്ങൾ തരണം ചെയ്യാനും സഹായിക്കുന്ന പ്രവർത്തനങ്ങൾ, ചിന്താരീതികൾ എന്നിവയുടെ കൂട്ടത്തിനെയാണ് റെസിലിയൻസ് എന്ന് പറയുന്നത്. ഈ മേഖലയിലെ ഗവേഷകർ റെസിലിയൻസിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്: പ്രാധാന്യമുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ നിർവചിക്കുകയാണെങ്കിൽ റെസിലിയൻസ് പോസിറ്റീവായ ഒരു പൊരുത്തപ്പെടലാണ്. ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള അനുഭവങ്ങൾ നേരിടുമ്പോഴോ നേരിട്ടു കഴിഞ്ഞോ അതുമായി പൊരുത്തപ്പെടാനുള്ള കഴിവും അതിന് നിങ്ങൾ സ്വീകരിക്കുന്ന പ്രവൃത്തികൾ എന്നിവയാണ് റെസിലിയൻസ് കൊണ്ട് സൂചിപ്പിക്കുന്നത്. സങ്കീർണ്ണമായി തോന്നുന്നുണ്ട് അല്ലെ? ലളിതമായി പറഞ്ഞാൽ നമ്മുടെ ജീവിതത്തിലെ സമ്മർദ്ദഘട്ടങ്ങളെയും തുടർന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെയും നേരിടാനുള്ള നമ്മുടെ കഴിവിനെയാണ് റെസിലിയൻസ് എന്ന് പറയുന്നത്.

നമ്മൾ റെസിലിയൻ്റായിരിക്കുമ്പോൾ, സാധാരണയായ പ്രശ്ന പരിഹാരത്തിനുള്ള കഴിവുകൾ, ദൃഢനിശ്ചയം, അതു പോലെ തന്നെ നമ്മുടെ വികാരവിചാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉപയോഗിക്കുന്നു. റെസിലിയൻസ് കെട്ടിപ്പടുക്കുന്നതിനായി നിരവധി വഴികളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വാല്യൂസ് ക്ലാരിഫിക്കേഷൻ എന്ന സമീപനം. വെല്ലുവിളികളുടെയും തിരിച്ചടികളുടെയും മുന്നിൽ നിങ്ങളുടെ  മൂല്യങ്ങൾക്കനുസൃതമായ ജീവിതം നയിക്കാൻ പ്രതിജ്ഞാബദ്ധരായി തുടരുന്നതനുസരിച്ചാണ് ഈ സമീപനത്തിൽ നിങ്ങൾ നിങ്ങളുടെ റെസിലിയൻസിനെ നിർവചിക്കുന്നത്.

റെസിലിയൻസ് കെട്ടിപ്പടുക്കുന്നതിനുള്ള പരമ്പരാഗത സമീപനത്തിൻ്റെ ആത്യന്തിക ലക്ഷ്യം ഉത്കണ്ഠയും വിഷാദവും കുറയ്ക്കുക എന്നതാണെങ്കിൽ വാല്യൂസ് ക്ലാരിഫിക്കേഷൻ രീതിയിൽ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുക എന്നത് മൂല്യബോധമുള്ള ഒരു ജീവിതത്തിലേക്കുള്ള മാർഗം മാത്രമാണ്.

നമുക്ക് ഇഷ്ടപ്പെടുന്നതാണെങ്കിലും അല്ലെങ്കിലും ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. എന്നാൽ നമ്മൾ ഓരോ അനുഭവങ്ങൾ മനഃപൂർവ്വം ഒഴിവാക്കി എല്ലാം ശരിയായി മാത്രമേ സംഭവിക്കാവൂ എന്ന് ചിന്തിച്ച് ഇരിക്കുകയാണെങ്കിൽ  ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളോട് പൊരുത്തപ്പെടാനും, തിരിച്ചടികളിൽ നിന്ന് തിരിച്ചെത്താനും മാറ്റങ്ങളെ അംഗീകരിക്കാനും ബുദ്ധിമുട്ടായിരിക്കും.  റെസിലിയൻസ് മെച്ചപ്പെടുത്തേണ്ടതെങ്ങനെയെന്ന് നമുക്ക് പഠിക്കാൻ കഴിയും. ജാപ്പനീസ് ഡാരുമ പാവകളെ കണ്ടിട്ടില്ലെ. അവയുടെ അടിവശം വട്ടത്തിലായിരിക്കും. അവയെ എങ്ങനെയൊക്കെ തട്ടിയാലും ഉടൻ തന്നെ പഴയ രൂപത്തിലെത്തും. നിങ്ങൾ ആ പാവയെ എത്ര നേരത്തേക്ക് പിടിച്ചു വെച്ചാലും നമ്മൾ കൈയ്യെടുക്കുന്ന നിമിഷം അത് പഴയ രൂപത്തിലേക്ക് തന്നെ എത്തും. ഈ റെസിലിയൻസാണ് നമ്മൾ എല്ലാവരും കൈവരിക്കേണ്ടത്. ഗംഗാനദിയുടെയും മഹർഷിയുടെയും ഒരു കഥ എനിക്ക് ഓർമ്മ വരുന്നു. ഹിമാലയത്തിൽ നിന്ന് ഗംഗ ഒഴുകി വരുമ്പോൾ അവിടെ നിന്നും വലിയ മരങ്ങളെ കടപുഴക്കി ജലത്തിൻ്റെ കൂടെ സമതലത്തിലെത്തിക്കുന്നു.  ഇത് ശ്രദ്ധയിൽപ്പെട്ട മഹർഷി നദിയോട് ചോദിച്ചു, "അല്ലയോ മഹാനദി ഗംഗേ, നീ എന്തുകൊണ്ടാണ് ഒഴുകി വരുന്ന വഴിയിൽ വലിയ പൈൻ മരങ്ങളെ മാത്രം പിഴുതെറിയുകയും എന്നാൽ വില്ലോ മരങ്ങളെയും ചൂരൽ മരങ്ങളെയും നീളം കൂടിയ പുൽച്ചെടികളെയും നശിപ്പിക്കാതിരിക്കുകയും ചെയ്യുന്നത്?" അത് കേട്ട ഗംഗ മറുപടി നൽകി, "പൈൻ മരങ്ങൾക്ക് വളയാനുള്ള കഴിവില്ല. അവ എൻ്റെ വഴിയിൽ തടസം സൃഷ്ടിക്കുമ്പോൾ അവയെ ഞാൻ പിഴുതെടുത്ത് എൻ്റെയൊപ്പം സമുദ്രത്തിലേക്ക് കൊണ്ടു പോകുന്നു. എന്നാൽ വില്ലോ മരങ്ങളും ചൂരൽമരങ്ങളും പുൽച്ചെടികളും ഞാൻ ഒഴുകിയെത്തുമ്പോൾ വളയുകയും ഞാൻ തടസങ്ങളില്ലാതെ ഒഴുകി വരികയും ചെയ്യും. അതാണ് ഞാൻ അവയെ ഒന്നും ചെയ്യാത്തത്." നമ്മുടെ ജീവിതവും ഒരു നദി പോലെ ഒഴുകുകയാണ്. നമ്മൾ റെസിലിയൻ്റായിരിക്കുമ്പോൾ ഒഴുക്കിനനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ കഴിയും. എന്നാൽ മറിച്ചാണെങ്കിൽ നമ്മൾ പിഴുതെറിയപ്പെടാനുള്ള സാധ്യത കൂടുതലാണ്.