Nov 29, 2021 • 6M

ചിതറിത്തെറിക്കുന്ന ചില്ലു പോലെയാകാതെ റബ്ബർ പോലെയാവുക!

Rahul Nair
Comment
Share
 
1.0×
0:00
-5:53
Open in playerListen on);
Episode details
Comments

ചിതറിത്തെറിക്കുന്ന ചില്ലു പോലെയാകാതെ റബ്ബർ പോലെയാവുക? ഇത് അത്ര കഠിനമായ വാക്യമല്ല. നിങ്ങൾ ഇതിനകം ഗ്ലാസും റബ്ബറും തമ്മിലുള്ള ഭൗതിക വ്യത്യാസങ്ങൾ കണക്കുകൂട്ടി ഇതിനെ പറ്റി ഒരു ധാരണയുണ്ടാക്കിയിട്ടുണ്ടാവും എന്ന് എനിക്ക് അറിയാം. റബ്ബർ വഴക്കമുള്ളതാണ്. എന്നാൽ ഗ്ലാസിന് ആ വഴക്കമില്ല. റബ്ബർ പെട്ടെന്ന് പൊട്ടാറില്ല. എന്നാൽ ഗ്ലാസ് പെട്ടെന്ന് പൊട്ടും. റബ്ബർ ഇലാസ്റ്റിക് ആണ്, എന്നാൽ ഗ്ലാസ് അങ്ങനെയല്ല. റബ്ബറിനും ഗ്ലാസിനും വ്യത്യസ്ത സ്വഭാവ സവിശേഷതകളാണെന്നത് വ്യക്തമാണ്. ഇവിടെ ഞാൻ റെസിലിയൻസിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. നിങ്ങൾ റെസിലിയൻസ് എന്ന വാക്ക് ജീവിതത്തിൽ പല ഘട്ടത്തിൽ ഉപദേശ രൂപത്തിൽ കേട്ടിട്ടുള്ളതാവും. റെസിലിയൻസ് ഉണ്ടാവുക എന്നത് വളരെ നല്ല കാര്യമാണ്.

ഭൗതിക ശാസ്ത്രത്തിലും എൻജിനിയറിംഗിലും റെസിലിയൻസ് എന്ന് പറയുന്നത് ബലം മൂലം വ്യത്യാസത്തിന് വിധേയമായതിനു ശേഷം പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള ഒരു വസ്തുവിൻ്റെ കഴിവാണ്. ഉദാഹരണമായി റബ്ബർ ഗ്ലാസിനേക്കാൾ റെസിലിയൻസ് കൂടിയ വസ്തുവാണ്. ഈ രീതിയിൽ ഇതിനെപ്പറ്റി ചിന്തിക്കുമ്പോൾ റെസിലിയൻസ് വഴക്കവുമായും ഇലാസ്തികതയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാവും. റെസിലിയൻസ് എന്ന പദം "മുന്നോട്ട് കുതിക്കുക" എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ റെസിലിൻസ് എന്ന വാക്കിൽ നിന്നാണ് വന്നിരിക്കുന്നത്. ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും റെസിലിയൻസ് എന്ന വാക്ക് ഒരു സമ്മർദ്ദത്തിൽ നിന്നും പരിക്കിൽ നിന്നും അസുഖത്തിൽ നിന്ന് തിരിച്ചു വരാനുള്ള ഒരാളുടെ കഴിവിനെ സൂചിപ്പിക്കുന്നു.

നിങ്ങൾ ഒരു പ്രശ്നത്തിൻ്റെ നടുവിലാണെന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ യാത്രയുടെ ഇടയ്ക്ക് വാഹനത്തിൻ്റെ ടയർ പഞ്ചറായി എന്ന ചെറിയ ഒരു പ്രശ്നമാകാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ആളുടെ വേർപാട് പോലെ വലിയ ഒരു പ്രശ്നമാകാം. ചെറുതും വലുതുമായ ഒരുപാട് പ്രതിസന്ധികൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാവാറുണ്ട്. ഇനി ഇതിനെപ്പറ്റി ചിന്തിക്കൂ. ജീവിതത്തിൽ ഉണ്ടായ ഈ പ്രതിസന്ധികളെ നേരിടാൻ നിങ്ങളെ സഹായിച്ച കരുത്ത് എന്താണ് ? ഇതെല്ലാം റെസിലിയൻസിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.

ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാത്തരം പ്രതിസന്ധികളെയും നേരിടാൻ റെസിലിയൻസ് മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്.

നമ്മൾ എപ്പോഴാണ് റെസിലിയൻസ് ഉള്ളവരാകേണ്ടത്? ഞാൻ നേരത്തെ പറഞ്ഞ പോലെ നമ്മുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ചെറുതും വലുതുമാകാം. ദിവസേന നമ്മൾ നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ മുതൽ കടുത്ത മാനസിക സമ്മർദ്ദമുഭവിക്കേണ്ടി വരുന്ന ഡിവോഴ്സ്, ജോലി നഷ്ടപ്പെടൽ, ജപ്തി, അടുപ്പമുള്ള ഒരാളുടെ മരണം, രോഗങ്ങൾ തുടങ്ങി ഏതു പ്രതിസന്ധിയിലും പതറാതെ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകണമെങ്കിൽ റെസിലിയൻസ് ഉണ്ടാവണം. അപകട സാധ്യതാ ഘടങ്ങളായി അറിയപ്പെടുന്ന ഈ ജീവിത പ്രശ്നങ്ങളെ ഗവേഷകർ പ്രധാനമായും നാലായി തരം തിരിച്ചിട്ടുണ്ട് - ബാല്യകാല പ്രശ്നങ്ങളെ തരണം ചെയ്യുക, ദൈനംദിന പ്രശ്നങ്ങളെ അഭിമുഖീകരിക്കുക, കനത്ത തിരിച്ചടിയിൽ നിന്ന് കരകയറുക, അർത്ഥപൂർണ്ണവും ലക്ഷ്യബോധമുള്ളതുമായ ജീവിതത്തിനായി ശ്രമിക്കുക. ഇതിനെ അപകടസാധ്യതാ ഘടകങ്ങളായി പരിഗണിക്കാൻ കാരണം മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാനും ചില സന്ദർഭങ്ങളിൽ ഗുരുതരമാനസിക പ്രശ്നങ്ങളിലേക്ക് ചെന്നെത്താനും ഉള്ള സാധ്യതയാണ്. ഈ അപകട സാധ്യതാഘടകങ്ങളെ നമുക്ക് ഒറ്റയ്ക്കൊറ്റക്ക് കാണാൻ സാധിക്കില്ല. വാസ്തവത്തിൽ ഓരോ ഘടകവും അടുത്തതുമായി ചേർന്ന് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവാനുള്ള സാധ്യതയുണ്ട്.

വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തുടക്കത്തിൽ തന്നെ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

റെസിലിയൻസ് അസാധാരണമായതോ അപൂർവ്വമായതോ ആയ ഒരു ഗുണമല്ല.

റസിലിയൻസ് നമ്മളിൽ എല്ലാവരിലുമുള്ള സാധാരണ സവിശേഷത തന്നെയാണെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നമ്മളിൽ എല്ലാവരിലും കുറച്ച് അളവിൽ റെസിലിയൻസ് ഉണ്ട്. എന്നാൽ നമ്മൾ മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ എത്രത്തോളം റെസിലിയൻ്റ് ആകാമോ അത്രത്തോളമല്ലെന്നും അതിനെ പറ്റി കൂടുതൽ പഠിക്കുന്നത് വഴി കൂടുതൽ റസിലിയൻസ് ആർജിച്ചെടുക്കാം എന്നുമുള്ള കാര്യമാണ്. ഇനി നമുക്ക് നേരത്തെ പറഞ്ഞ അപകടസാധ്യതാ ഘടകങ്ങളെ കുറിച്ച് നോക്കാം.

നമ്മൾ സന്തോഷമില്ലായ്മയുടെയും അരക്ഷിതാവസ്ഥയുടെയും ഉത്കണ്ഠയുടെയുമൊക്കെ കാരണങ്ങൾ തേടി പോവുമ്പോൾ പലപ്പോഴും കുട്ടിക്കാലത്തുണ്ടായ അനുഭവത്തിലേക്കായിരിക്കും ചെന്നെത്തുക. ബാല്യകാലത്തുണ്ടായ, തിരിച്ചറിയപ്പെടാതെ പോയ മുറിവുകൾ. മാനസിക- ശാരീരിക പീഡനങ്ങൾ, കടുത്ത ദാരിദ്ര്യം, തകർന്നു പോയ ബന്ധങ്ങൾ തുടങ്ങി കുട്ടിക്കാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങൾ ഭാവിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. അത്തരം പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും അത്തരം ഘട്ടങ്ങളിൽ തളരാതെ മുന്നോട്ട് പോവാനും നമ്മളിൽ ഉള്ള റെസിലിയൻസ് സഹായിക്കുന്നു.

മറ്റു വ്യക്തികളുമായുള്ള തർക്കങ്ങളും ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകളും നമ്മൾ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ്. നമ്മൾ അറിഞ്ഞോ അറിയാതെയോ ഈ പ്രശ്നങ്ങളൊക്കെ തരണം ചെയ്യാൻ റെസിലിയൻസ് തന്നെയാണ് ഉപയോഗിക്കുന്നത്.

നമ്മുടെ ജീവിതത്തിലുടനീളം കടുത്ത മാനസിക സമ്മർദ്ദം നൽകുന്ന റിലേഷൻഷിപ്പ് ബ്രേക്ക് അപ്പുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, ഉറ്റവരുടെ മരണങ്ങൾ, മാരകരോഗങ്ങൾ മുതൽ പ്രകൃതി ദുരന്തങ്ങളും തീവ്രവാദവും വരെ ഉണ്ടാവാറുണ്ട്. നമ്മുടെ റെസിലിയൻസ് അഥവാ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലമാണ് അത്. റെസിലിയൻസ് എത്ര കൂടുതലുണ്ടോ അത്രയും നന്നായി ഇത്തരം സന്ദർഭങ്ങളെ തരണം ചെയ്യാൻ സാധിക്കും.

നമ്മുടെ ജീവിതത്തിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും, വളരാനുമൊക്കെയുള്ള പുതിയ അവസരങ്ങൾക്കായി കംഫർട്ട് സോണിൽ നിന്ന് നമ്മൾ അറിഞ്ഞു കൊണ്ട് പുറത്തു വരാറുണ്ട്. ഇത് ഒരുപാട് വെല്ലുവിളികളും സമ്മർദ്ദവും നിറഞ്ഞ സമയമായതിന്നാൽ റെസിലിയൻസ് നമുക്ക് ആവശ്യമാണ്.

റെസിലിയൻ്റ് ആവുക എന്ന് പറഞ്ഞാൽ വികാരങ്ങളും ഉത്കണ്ഠകളുമൊക്കെ ഒഴിവാക്കുക എന്നതല്ല, മറിച്ച് അത് അംഗീകരിക്കുകയും മനസിലാക്കുകയും തൻ്റെ ലക്ഷ്യത്തിനായി മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ്. ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ റെസിലിയൻസിനെ നമ്മൾ രോഗശാന്തി സമീപനത്തേക്കാൾ ഒരു പ്രതിരോധ സമീപനമായാണ് കണക്കാക്കുന്നത്. അതായത് റെസിലിയൻസ് മെച്ചപ്പെടുത്തുന്നത് സമ്മർദ്ദമുണ്ടാവാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ട് അതിൻ്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. .