ഒരിക്കൽ സൈക്കോളജിസ്റ്റിനെ കാണുവാൻ ഒരു സ്ത്രീ വരികയുണ്ടായി. അവർ ബി.എസ്.സി നഴ്സിങിന് ബാംഗ്ലൂരിൽ പഠിച്ചു കൊണ്ടിരിക്കെ അവിടെ നിന്ന് പഠിത്തം മതിയാക്കി നാട്ടിലേക്ക് പോരുന്നു. അതും പഠിക്കുന്ന മെഡിക്കൽ കോളേജിൽ യാതൊന്നും പറയാതെയാണ് അവൾ പോന്നത്. വീട്ടുകാർ കാര്യം തിരക്കിയെങ്കിലും അവൾ ഒന്നും തുറന്നു പറയാൻ തയ്യാറായില്ലാ. ഏത് നേരവും മുറിയിൽ ഒറ്റക്കിരിക്കുകയും വളരെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. വീട്ടുകാർ കാര്യം തിരക്കുന്നതിന് അനുസരിച്ച് അവൾ അമിതമായി ദേഷ്യപ്പെടാനും തുടങ്ങി. അതോടൊപ്പം അവൾ തന്റെ കൈകൾ മുറിച്ചു ചോര വരുത്തും. ഇതെല്ലാം കണ്ട് ഭയപ്പെട്ട വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവൾ സൈക്കോളജിസ്റ്റിനെ കാണുവാൻ എത്തിയത്. അവളുടെ മാനസികാവസ്ഥ അറിയാൻ സൈക്കോളജിസ്റ്റ് ശ്രമിച്ചു.
അവൾ ഒൻപതിൽ പഠിക്കുന്ന സമയം.
അവളും അവളുടെ കൂട്ടുകാരിയും കൂടി സ്കൂളിലേക്ക് പോകുന്നത്. കൂട്ടുകാരിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. അവർ തമ്മിലുളള പ്രണയനിമിഷങ്ങൾ കണ്ടു കൊണ്ടാണ് അവൾ നിരന്തരം സ്കൂളിൽ പോകുന്നതും വരുന്നതും. കൂട്ടുകാരി അവരുടെ കഥകൾ എപ്പോഴും അവളുമായി പങ്കു വയ്ക്കുമായിരുന്നു. ഇതോടെ തനിക്കും ഒരു കാമുകൻ വേണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തു. ഈ കാര്യം അറിഞ്ഞ കൂട്ടുകാരി അവളുടെ ഒരു സുഹൃത്തിനെ ഇവൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. പിന്നീട് അത് ഫോൺ വിളികളിലേക്കും തുടർന്ന് പ്രണയത്തിലേക്കും വഴി മാറുന്നു.
അവരുടെ പ്രണയം മുന്നോട്ട് പോയി കൊണ്ടിരുന്നു. ഒരു ദിവസം വയ്യാത്തതിനെ തുടർന്ന് അവൾ സ്കൂളിൽ പോയിരുന്നില്ല. ആ സമയം കാമുകൻ വിളിക്കുകയും വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ അവൻ അവളുടെ വീട്ടിലേക്ക് വരുകയും ചെയ്തു. തുടർന്ന് അവർ ശാരീരിക ബന്ധത്തിലേക്കും കടന്നു. ആ ബന്ധം പിന്നെയും കുറെ കാലം തുടർന്ന് പോയിക്കൊണ്ടിരുന്നു. പിന്നീട് കുറച്ചു നാളുകളായി അവനെ അവൾ കണ്ടില്ല. അവൻ വന്നു നിൽക്കാറുള്ള സ്ഥലങ്ങളിലും മറ്റും അവൻ ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല. ഇതോടെ അവൾക്ക് ടെൻഷനാവുന്നു. ഒടുവിൽ അവൻ ജോലി ചെയ്യുന്ന സ്റ്റുഡിയോയിൽ പോയി കാണാമെന്ന് അവൾ തീരുമാനിച്ചു.
അവൾ നേരെ സ്റ്റുഡിയോയിലേക്ക് ചെല്ലുന്നു. എന്നാൽ അവിടെ അവൻ ഉണ്ടായിരുന്നില്ല. അവന്റെ സുഹൃത്തുക്കൾ മാത്രമാണ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നത്. കുറച്ചു നേരം കാത്തിരിക്കാൻ അവർ അവളോട് പറയുന്നു. എന്ത് വന്നാലും അവനെ കണ്ടിട്ടെ പോകൂ എന്ന് കരുതിയ അവൾ അവിടെ കാത്തിരുന്നു. ആ സമയം
സുഹൃത്തുക്കൾ അവൾക്ക് കുടിക്കാൻ ജ്യൂസ് കൊടുക്കുന്നു. അതിൽ ഉറക്കി കിടത്താനുള്ള മരുന്നവർ ചേർത്തിരുന്നു. എന്നാൽ അത് അറിയാതെ അവൾ ജ്യൂസ് കുടിക്കുകയും ബോധമില്ലാതെയാവുകയും ചെയ്തു. ഇതോടെ ആ സുഹൃത്തുക്കൾ ചേർന്ന് അവളെ ശാരീരികമായി പീഡിപ്പിക്കുന്നു. ഇതവളുടെ മാനസികനിലയെ സാരമായി ബാധിച്ചു. ആരോടും ഈ കാര്യം തുറന്ന് പറയാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല. അവളുടെ കാമുകൻ അവളെ കാണാൻ വന്നുവെങ്കിലും ഈ കാര്യം ചോദിക്കാനോ അറിഞ്ഞ ഭാവം കാണിക്കുകയോ ചെയ്തില്ല. എന്നാലും അവൻ തന്റെ കൂടെ ഉണ്ടല്ലോ എന്ന ഒരു സമാധാനം അവൾക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് അവൾ പിന്നീട് ജീവിച്ചത്.
ആ ഒരു ബലത്തിലാണ് പ്ലസ് ടു കഴിഞ്ഞിട്ടും അവൾ ബി.എസ്.സി പഠിക്കാൻ ബാംഗ്ലൂരിൽ പോയത്. അവിടെയവൾ പഠനം നടന്നു കൊണ്ടിരിക്കെ കാമുകന്റെ സ്വഭാവം മാറാൻ തുടങ്ങി. അവൾ ഫോൺ വിളിച്ചാൽ അവൻ എടുക്കാതെയായി. ഇനി എടുത്താൽ തന്നെ നമ്മുടെ ഈ ബന്ധം ശരിയാവില്ലാന്ന് പറഞ്ഞു അവളെ ഒഴിവാക്കാനും തുടങ്ങി. അവൻ ഉണ്ടെന്ന പ്രതീക്ഷയിലാണ് അവൾ ഇത്ര കാലം ജീവിച്ചത്. പെട്ടെന്ന് അവൻ ഒഴിവാക്കിയപ്പോൾ അതവളെ മാനസികമായി തളർത്തി. അങ്ങനെയാണ് കാര്യങ്ങൾ നേരിട്ടറിയാൻ വേണ്ടിയവൾ ബാംഗ്ലൂരിൽ നിന്നും പഠിപ്പ് അവസാനിപ്പിച്ചിട്ട് നാട്ടിലേക്ക് വന്നത്. ഇവിടെ വന്നിട്ടും അവനുമായി ബന്ധപ്പെടാൻ അവൾക്ക് സാധിച്ചില്ല. അതവളെ കൂടുതൽ മാനസിക വിഷമത്തിലേക്ക് നയിച്ചു. മാത്രമല്ല, അന്ന് താൻ നേരിട്ട പീഡനത്തെ കുറിച്ചു ഓർക്കുകയും അവരിൽ ആരെയോ വഴിയിൽ വെച്ചു കാണുകയും ചെയ്തതോടെ അവൾ കൂടുതൽ ഭയപ്പെടാനും തുടങ്ങി. പഴയ കാര്യങ്ങൾ അവളുടെയുള്ളിൽ നിരന്തരം ഉയർന്ന് വരുകയും പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്തു. ഈ ഒരു അവസ്ഥയെ 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ' എന്ന് പറയുന്നു. ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് അവൾ കൂടുതൽ വയലന്റ് ആവുകയും കൈകൾ മുറിക്കുകയും ചെയ്യുന്നത്. അവളൂടെ വീട്ടുകാർക്ക് ഇതൊന്നും അറിയില്ലായിരുന്നു. തങ്ങളുടെ മകൾ പഠിപ്പ് നിർത്തി വന്നുവെന്ന് മാത്രമേ അവർക്ക് അറിയൂ. അവളെ കുറിച്ചു കൂടുതൽ അറിയാൻ സൈക്കോളജിസ്റ്റ് ശ്രമിച്ചു, അവളുടെ മനസ്സിനെ താളം തെറ്റിച്ച മറ്റൊരു കാര്യം കൂടി അവൾ വെളിപ്പെടുത്തി. അത് അടുത്ത ഭാഗത്തിൽ നമുക്ക് അറിയാം....!