Mar 28 • 5M

പ്രണയം തകർക്കുന്ന മനസ്സുകൾ...

ഭാഗം 2

 
1.0×
0:00
-5:05
Open in playerListen on);
Episode details
Comments

അവൾ ആ കുടുംബത്തിലെ മൂത്ത കുട്ടിയാണ്. അവൾക്ക് ഒരു അനിയൻ കൂടിയുണ്ട്. തന്റെ അച്ഛനും അമ്മയും അനിയനും നല്ല പോലെ വെളുത്തിട്ടാണെന്നും താൻ നിറം കുറഞ്ഞതാണെന്നുമുള്ള അപകർഷതാബോധം അവൾക്ക് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാർ തന്നോട് വേർതിരിവ് കാണിച്ചുവെന്നാണ് അവൾ സൈക്കോളജിസ്റ്റിനോട് പറഞ്ഞത്. താൻ ഒരു പെണ്ണായത് കൊണ്ട് അവർ നിരന്തരം അവഗണിക്കുമായിരുന്നുവെന്നും അവൾ വെളിപ്പെടുത്തി. ഇങ്ങനെയൊക്കെ പറയാൻ എന്താണ് കാരണമെന്ന് സൈക്കോളജിസ്റ്റ് തിരക്കി.

അവൾക്ക് ഏകദേശം പതിമൂന്ന് വയസ്സ് പ്രായം. ഒരിക്കൽ അവൾ തനിച്ചു വീട്ടിൽ ഉണ്ടായിരുന്നപ്പോൾ അമ്മയുടെ പെട്ടി പരിശോധിക്കുന്നതിനിടയിൽ അച്ഛൻ ഗൾഫിൽ ആയിരുന്ന സമയത്ത്‌ അമ്മയ്ക്ക് അയച്ചിരുന്ന കത്തുകൾ കിട്ടുന്നു. ഒരു കൗതുകത്തിൽ അവൾ കത്തുകൾ ഓരോന്നായി വായിക്കാൻ തുടങ്ങി. അതിൽ രണ്ട് കത്തുകൾ അവളുടെ ശ്രദ്ധിയിൽ പെട്ടു. ഒന്ന് അവൾ ജനിക്കുന്നതിന് മുൻപേ അയച്ചതും പിന്നെയുള്ളത് അവൾ ജനിച്ച ശേഷമുള്ളതുമായിരുന്നു. അതിൽ ആദ്യത്തെ കത്തിൽ തങ്ങൾക്ക് ഒരു ആൺകുട്ടി ജനിക്കണമെന്നാണ് ആഗ്രഹം എന്നവർ എഴുതിയിരുന്നു. ആ കുഞ്ഞിന് ഇടാനുള്ള പേരും അവർ തീരുമാനിച്ചു വെച്ചിരുന്നു. എന്നാൽ അവൾ ജനിച്ചതിന് ശേഷമുള്ള കത്തിൽ സാരമില്ല, അടുത്ത തിൽ ആൺകുട്ടി ആയിരിക്കും എന്നായിരുന്നു എഴുതിയിരുന്നത്. ആ രണ്ട് കത്തും അവളെ മാനസികമായി തളർത്തി. ഞാൻ അവർ പ്രതീക്ഷിക്കാതെ ജനിച്ച കുഞ്ഞാണെന്നും അതാണ് അവർക്ക് തന്നോട് അവഗണനയെന്നും അവൾ കരുതി.

പിന്നെ ആ കുടുംബത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൾ ആ കണ്ണിലൂടെ കാണാൻ തുടങ്ങി. ചെറുപ്പം മുതൽ അനാവശ്യ ചിന്തകളിലൂടെ കടന്നു പോയവൾ പല കാര്യങ്ങളിലും സ്വയം ഒറ്റപെട്ടു ജീവിക്കാൻ തുടങ്ങി. കാരണം താൻ വീട്ടുകാർ ആഗ്രഹിക്കാതെ ജനിച്ചവളാണ്, അവർക്ക് എന്നെ വേണ്ട എന്ന ചിന്ത അവളിൽ ഇത്തിക്കണ്ണി പോലെ പടർന്നു.

വീട്ടിൽ പല പ്രശ്നങ്ങളും അവൾ ഉണ്ടാക്കി തുടങ്ങിയപ്പോൾ അവളെ ബോർഡിങ് സ്കൂളിലേക്ക് മാറ്റി. അനിയനെ വീട്ടിൽ നിർത്തി തന്നെ മാത്രം ബോഡിങ് സ്കൂളിലേക്ക് അയച്ചതും അവളെ വീണ്ടും മനസ്സിൽ മോശം ചിന്തകളെ പാകി. ഇതിനെ തുടർന്നവൾ സ്കൂളിലും ഹോസ്റ്റലിലും മനപ്പൂർവ്വം ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയെടുത്തു. സ്കൂൾ അധികൃതർ അവളുടെ അച്ഛനെയും അമ്മയെയും വിളിപ്പിക്കുകയും അവളെ വിളിച്ചു കൊണ്ട് പോകാൻ പറയുകയും ചെയ്തു. വേറെ വഴി ഇല്ലാത്തത് കൊണ്ട് അവളെയും കൊണ്ടവർ വീട്ടിലേക്ക് തിരിച്ചു വന്നു.

ആ സമയത്തൊക്കെ സ്കൂളിൽ പോവാൻ അവൾ മടി കാണിച്ചിരുന്നു. ഓരോ നുണകൾ പറഞ്ഞിട്ട് പോകാതെയിരിക്കും. ഒരിക്കൽ ചെവി വേദന വന്നതിനെ തുടർന്ന് അവൾ കരയുകയുണ്ടായി. എന്നാൽ സ്കൂളിൽ പോവാതെയിരിക്കാൻ കാണിക്കുന്ന കള്ളത്തരമെന്ന് മാതാപിതാക്കൾ കാര്യമാക്കിയില്ല. അവളെ സ്കൂളിൽ പറഞ്ഞു വിട്ടു. വൈകീട്ട് ശക്തമായ ചെവി വേദനയോടെയാണ് അവൾ മടങ്ങി വന്നത്. തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണി അവൾ പറഞ്ഞത് സത്യമാണെന്ന് അച്ഛനും അമ്മയും അറിയുന്നത്. ഇതെല്ലാം തന്നെ വീട്ടുകാർ അവഗണിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് അവൾ കരുതി.

തന്നോട് പരിഗണന കാണിക്കുന്ന ആരെയും അവൾ അമിതമായി സ്നേഹിക്കാനും വിശ്വസിക്കാനും തുടങ്ങി. ആ ഒരൊറ്റ കാരണമാണ് അവൾ ഒരു പ്രണയബന്ധത്തിൽ ഇത്രമേൽ ആഴത്തിലാവാൻ കാരണം. തന്റെ കാമുകനിപ്പോൾ തന്നെ പരിഗണിക്കുന്നില്ല എന്ന തോന്നൽ അവളിൽ ഭയമുളവാക്കി തീർത്തു. പിന്നീട് തന്നെ പരിഗണിക്കുന്ന ആരോടും ബന്ധം സ്ഥാപിക്കാൻ അവൾ ശ്രമിച്ചു. അത് അതിരുവിട്ട ലൈംഗിക ബന്ധങ്ങളിലേക്കും വഴി വെച്ചു. അത്തരം ബന്ധങ്ങളും മറ്റും അവളെ ശാരീരികമായും മാനസികമായും തളർത്തി. അവൾക്ക് ഇതിൽ നിന്നെല്ലാം മോചനം വേണമെന്ന് സ്വയം തോന്നലുണ്ടായി. സൈക്കോളജിസ്റ്റ് അവൾക്ക് വേണ്ട കൃത്യമായ ട്രീറ്റ്‌മെന്റ് നൽകുകയും അവളുടെ മാനസികാവസ്ഥയ്ക്ക് മാറ്റം വരുത്തുകയും ഉണ്ടായി. തുടർന്ന് അവൾ തന്റെ പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്‍തു. തകർന്ന് പോയ ജീവതത്തിൽ നിന്നും ശക്തമായ തിരിച്ചു വരവാണ് അവൾ നടത്തിയത്. കാമുകനിൽ നിന്നുണ്ടായ ദുരനുഭവവും മാതാപിതാക്കളുടെ അവഗണനയുമാണ് അവളെ ഇത്തരം മാനസികാവസ്ഥയിലേക്ക് നയിച്ചത്.

ഒരു പ്രണയം ബ്രേക്ക് അപ്പ് ആയാൽ അത് അംഗീകരിക്കാനുളള മനസാണ് നാം ഓരോരുത്തർക്കും ആദ്യം വേണ്ടത്. പ്രണയമെന്നത് നമ്മുടെ ജീവിതം മറ്റൊരാളെ ആശ്രയിച്ച് ജീവിക്കണം എന്ന ഒരു അർത്ഥവും എവിടെയും നിലനിൽക്കുന്നില്ല. പക്ഷെ പലപ്പോഴും അത്തരം സാഹചര്യങ്ങളിലേക്ക് വഴി മാറുമ്പോഴാണ് മാനസിക തകർച്ചകൾ ഉണ്ടാകുന്നത്. തകരുന്ന മനസ്സിനെ തിരിച്ചു പിടിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വം ആണെന്ന് സ്വയം തിരിച്ചറിയണം. ജീവിതം മനോഹരവും അർത്ഥപൂർണ്ണമവുമാക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്.

Read Huddle in the new Substack app
Now available for iOS

A guest post by
Content writer