Nov 15, 2021 • 5M

ലക്ഷ്യബോധം ഭാഗം - 4

മഹത്തായതും നികൃഷ്ടവുമായ ഉദ്ദേശങ്ങൾ, ലക്ഷ്യബോധത്തിൽ ധാർമ്മികതയുടെ പങ്ക്

Rahul Nair
Comment
Share
 
1.0×
0:00
-4:47
Open in playerListen on);
Episode details
Comments

കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ദിശാബോധത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്. ഇന്ന് നമുക്ക് മഹത്തായതും നികൃഷ്ടവുമായ ഉദ്ദേശങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിക്കുകയും ലക്ഷ്യബോധത്തിൽ ധാർമ്മികതയുടെ പങ്കിനെപ്പറ്റി പരാമർശിക്കുകയും ചെയ്യാം.

നമ്മുടെ ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി കഴിഞ്ഞ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷ്യബോധം മോശവും തിന്മയേറിയതുമാണെങ്കിലോ? എന്നോട് പലപ്പോഴും പലരും ചോദിക്കുന്ന നല്ല ഒരു ചോദ്യമാണത്. ചരിത്ര പുസ്തകങ്ങളിലൂടെ കണ്ണോടിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ഒരു വാർത്താ ചാനൽ കാണുമ്പോൾ മനുഷ്യൻ തിന്മയുള്ള ലക്ഷ്യബോധത്താൽ ചെയ്തു വെച്ച നികൃഷ്ടമായ കാര്യങ്ങളെപ്പറ്റി നമുക്ക് മനസിലാക്കാൻ സാധിക്കും. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാൽ മഹത്തായ ഉദ്ദേശങ്ങളെന്ന പേരിൽ ചെയ്ത് വെച്ച നികൃഷ്ടമായ കാര്യങ്ങൾ.

ചരിത്രത്തിലുടനീളം സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ മഹത്തായ ഉദ്ദേശങ്ങളെന്ന പേരിൽ ധാരാളം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്യബോധം മഹത്തരമാകണമെങ്കിൽ 'എന്തിന്' എന്നത് പോലെ തന്നെ പ്രധാനമാണ് 'എങ്ങനെ' എന്നതും. 'എന്തിന്', 'എങ്ങനെ' എന്നിങ്ങനെ രണ്ട് ചോദ്യങ്ങളും ശക്തമായ ധാർമ്മിക ബോധത്താൽ നയിക്കപ്പെടണം. മഹത്തരമായ ലക്ഷ്യബോധം കണ്ടെത്തുന്നതും അതിനു വേണ്ടി സ്വയം അർപ്പിക്കുന്നതും പോലെ തന്നെ പ്രധാനമാണ് അത് മാന്യമായ രീതിയിൽ ചെയ്യുന്നതും എന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നു. മാർഗങ്ങളും ലക്ഷ്യങ്ങളും ശ്രേഷ്ഠമാണോ എന്ന കാര്യം വിശകലനം ചെയ്താൽ ഉദാത്തവും നികൃഷ്ടവുമായ ലക്ഷ്യബോധങ്ങൾ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസിലാക്കാം. ഉദാഹരണം പറഞ്ഞാൽ, ലോകത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാനായി പാവപ്പെട്ട മനുഷ്യരെ കൊന്നു തള്ളുന്നത് മഹത്തായ പ്രവൃത്തിയല്ല, മറിച്ച് നികൃഷ്ടവും പൈശാചികവുമായ പ്രവൃത്തിയാണ്.

ലക്ഷ്യബോധത്തെക്കുറിച്ചുള്ള എൻ്റെ നിരീക്ഷണങ്ങളിൽ നിന്നും വായനകളിൽ നിന്നും ഈ വിഷയത്തിലെ എൻ്റെ തന്നെ പ്രതിഫലനങ്ങളിൽ നിന്നും പറയുകയാണെങ്കിൽ പോസിറ്റീവായതും സാമൂഹികവുമായ ലക്ഷ്യബോധത്തിന് മാത്രമേ ശാശ്വതമായ പ്രചോദനവും പ്രേരണയും പ്രതിരോധവും നൽകാൻ കഴിയൂ. അർത്ഥപൂർണ്ണമായ ജീവിതത്തിൻ്റെ സവിശേഷതകളാണിവ. സോഷ്യൽ സൈക്കോളജിസ്റ്റ് ജോനഥൻ ഹയിറ്റ് തൻ്റെ പുസ്തകമായ The Happiness Hypothesis: Finding Modern Truth in Ancient Wisdom ത്തിൽ പറയുന്നതനുസരിച്ച്, നമ്മൾ മറ്റുള്ളവരോട് ദയയോടെയും സഹാനുഭൂതിയോടെയും പെരുമാറുമ്പോൾ നമുക്ക് ധാർമ്മികമായ ഒരു ഉയർച്ച അനുഭവിക്കാൻ കഴിയുന്നു.

തിന്മ അല്ലെങ്കിൽ നിന്ദ്യമായ ലക്ഷ്യബോധം കുറച്ചു കാലത്തേക്ക് നമ്മുടെ മനസിനെ പിടിച്ചുകെട്ടിയേക്കാം ( നാസി പാർട്ടിയിൽ ഉൾപ്പെട്ട  എല്ലാ ആൾക്കാരെയും പറ്റി ചിന്തിക്കുക), എന്നാൽ ഇവ പതിയെ ഇല്ലാതെയാവും. വളർന്നു വരുന്ന സംശയങ്ങളും അനിശ്ചിതാവസ്ഥയും കാരണമോ അല്ലെങ്കിൽ സ്വയം നാശക പ്രവർത്തനങ്ങളിലൂടെയോ ആയിരിക്കാം അവ ഇല്ലാതെയാകുന്നത്. ജോനഥൻ ഹയിറ്റിൻ്റെ അഭിപ്രായത്തിൽ നമ്മൾ മനുഷ്യത്വരഹിതമായി പ്രവർത്തിക്കുമ്പോൾ, ധാർമ്മികമായ മൂല്യബോധത്തിനെതിരെ പ്രവർത്തിക്കുമ്പോൾ നമുക്ക് ധാർമ്മികമായി അറപ്പ് അനുഭവപ്പെടും.

ഉദാത്തമായ ലക്ഷ്യബോധം മറ്റുള്ളവരുടെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു.  സത്യസന്ധത, ബഹുമാനം തുടങ്ങിയ ധാർമ്മിക മൂല്യങ്ങളിലൂന്നിക്കൊണ്ടാണ് അവ ജീവിതത്തിൽ പിന്തുടരുന്നത്. സ്വയം മഹത്വവൽക്കരിക്കുന്നതിന് പകരം വിനയത്തോടെയാണ് ലക്ഷ്യം നേടിയെടുക്കുന്നത്. എന്നാൽ നികൃഷ്ടമായ ലക്ഷ്യബോധങ്ങൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന് കാരണമാകുന്നു. ചതി, ധിക്കാരം തുടങ്ങിയവയിലൂടെയാണ് ഇവയെ പിന്തുടരുന്നത്. ഇത്തരം ലക്ഷ്യബോധം അഹങ്കാരം, ധാർഷ്ട്യം എന്നിവ പ്രതിഫലിപ്പിക്കുന്നു.

ഈ അധ്യായത്തിൽ ഞാൻ പല തവണ ധാർമ്മികത എന്ന വാക്ക് ആവർത്തിച്ചതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. ധാർമ്മികതയും നിങ്ങളുടെ ലക്ഷ്യബോധവും തമ്മിൽ ബന്ധമുണ്ട്. ധാർമ്മികത സാധാരണയായി ജനങ്ങൾ, സമൂഹം, വ്യക്തിപരമെന്നതിനപ്പുറമുള്ള ലോകം എന്നിവയ്ക്ക് ആനുകൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ, ഉദ്ദേശങ്ങൾ, വികാരങ്ങൾ, വിലയിരുത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രവർത്തനങ്ങളുടെ മാർഗങ്ങളും ലക്ഷ്യങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. നിങ്ങൾ എന്തു ചെയ്യുന്നു എന്നത് മാത്രമല്ല എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാണ്. ലക്ഷ്യബോധം നിങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പ്രചോദനമായി നിലനിൽക്കണമെങ്കിൽ അതിനു പിന്നിൽ ശക്തമായ ധാർമ്മിക ബോധം ഉണ്ടാവണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ലക്ഷ്യബോധമുള്ള ജീവിതം നയിക്കുന്നത് ധാർമ്മികമായ പ്രതിബദ്ധത കൂടിയാണ്. നമുക്ക് ഇനി വരുന്ന ഭാഗങ്ങളിൽ ഇതിനെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാം.