Nov 8, 2021 • 7M

ലക്ഷ്യബോധം - ഭാഗം 3

ദിശാബോധം

Rahul Nair
Comment
Share
 
1.0×
0:00
-7:05
Open in playerListen on);
Episode details
Comments

കഴിഞ്ഞ എപ്പിസോഡുകളിൽ ലക്ഷ്യബോധം എന്താണെന്നതിനെക്കുറിച്ചും അതുണ്ടാവുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചും പറഞ്ഞു. ഈ എപ്പിസോഡിൽ ലക്ഷ്യബോധത്തെക്കുറിച്ച്  കുറച്ച് കാര്യങ്ങൾ കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലക്ഷ്യബോധത്തിൻ്റെ ചില പ്രത്യേക സ്വഭാവ സവിശേഷതകളെപ്പറ്റി (ഉദാഹരണം- ദിശാബോധം) പരിശോധിക്കുകയും നിങ്ങൾ ലക്ഷ്യബോധമുള്ള ജീവിതമാണോ നയിക്കുന്നത്, കുലീനവും നികൃഷ്ടവുമായ ഉദ്ദേശങ്ങൾ തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചു വിശദീകരിക്കുകയും ലക്ഷ്യബോധത്തിൽ ധാർമ്മികതയുടെ പങ്കിനെപ്പറ്റി പരാമർശിക്കുകയും ചെയ്യാം.

പത്തൊൻപതാം നൂറ്റാണ്ടിലെ പോളിഷ് കവിയായ സിപ്രിയൻ നോർവിഡ് ഒരു മനുഷ്യൻ സന്തോഷത്തോടെ ഇരിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ വേണം. 1- ജീവിക്കുന്നതിനായി, 2-ജീവിക്കാൻ വേണ്ടി , 3- മരിക്കുന്നതിനായി. ഇതിൽ രണ്ടെണ്ണം ഇല്ലെങ്കിൽ പോലും ജീവിതം ദുരന്തമാകും. നിലനിൽപ്പിനും പ്രത്യുൽപ്പാദനത്തിലുമുപരിയായി പ്രാധാന്യമുള്ള, അർത്ഥപൂർണ്ണമായ, ലക്ഷ്യബോധമുള്ള ഒരു ജീവിതം നയിക്കാനുള്ള ആവശ്യത്തെ നമ്മൾ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

പലരും എന്നോട് ലക്ഷ്യമുണ്ടാവുന്നതും ലക്ഷ്യബോധമുണ്ടാവുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ലക്ഷ്യബോധം എന്നത് ലക്ഷ്യം എന്നതിൻ്റെ മറ്റൊരു വാക്കല്ലേ? സത്യം പറഞ്ഞാൽ ലക്ഷ്യബോധം എന്ന് പറയുന്നത് ഒരു തരത്തിൽ ലക്ഷ്യം തന്നെയാണ്. അത് തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ലക്ഷ്യബോധം എന്ന് പറയുന്നത് ലക്ഷ്യത്തേക്കാൾ കുറച്ചു കൂടെ ആഴമേറിയതും വ്യാപ്തിയുള്ളതും സ്ഥിരതയുള്ളതുമാണ്. ഉദാഹരണമായി സയൻസ് പരീക്ഷയിൽ A+ വാങ്ങിക്കുക എന്നത് ഒരു ലക്ഷ്യമാണ്, എന്നാൽ അത് ലക്ഷ്യബോധമല്ല. അതുപോലെ തന്നെ ജോലി വാങ്ങുക, കാർ വാങ്ങുക എന്നതൊക്കെ ലക്ഷ്യങ്ങളാണ്, ലക്ഷ്യബോധമല്ല. ഇതൊന്നും ലക്ഷ്യബോധമല്ല എന്നു പറയാൻ കാരണങ്ങളുണ്ട്. ഈ ലക്ഷ്യങ്ങളെല്ലാം തന്നെ മറ്റെന്തെങ്കിലും കാര്യത്തിലേക്കുള്ള മാർഗങ്ങളാണ്.ഇവയൊന്നും അതിൽ തന്നെ അവസാനിക്കുന്നില്ല. ഈ ലക്ഷ്യങ്ങൾക്കൊന്നും സ്ഥിരതയില്ല. ഇത് നേടുന്ന നിമിഷം തന്നെ ആ ലക്ഷ്യങ്ങൾ അവസാനിക്കുന്നു. നിങ്ങൾ A+ വാങ്ങുന്ന നിമിഷം, കാർ വാങ്ങുന്ന നിമിഷം ആ ലക്ഷ്യങ്ങൾ അവസാനിക്കുന്നു. പരീക്ഷയിൽ ഗ്രേഡോ, ഭൗതികപരമായ ആവശ്യങ്ങളോ, ജോലികളോ ഒന്നും തന്നെ ലക്ഷ്യബോധമല്ല.

ഒരു കാർ വാങ്ങുന്നതോ, പരീക്ഷയിൽ A+ വാങ്ങുന്നതോ ഒക്കെ നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യമാണെന്ന് നിങ്ങൾ പറയില്ലല്ലോ.

ആത്യന്തികമായ ലക്ഷ്യത്തിന് ആഴമേറിയ അർത്ഥമുണ്ട്, "അത് നിങ്ങൾ എന്തിന് അങ്ങനെ ചെയ്യുന്നു?", "ഇതു കൊണ്ട് എന്താണ് കാര്യം?" തുടങ്ങിയ ആഴമേറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.

ലക്ഷ്യബോധം ജീവിതത്തിലെ ആത്യന്തിക ലക്ഷ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ലക്ഷ്യം എന്ന് പറയുന്നത് നിങ്ങളുടെ ആത്യന്തികമായ ജീവിത ലക്ഷത്തിലേക്കെത്താൻ ഉതകുന്ന അനേകം ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്നു.

ഇതിനെപ്പറ്റി പറയുമ്പോൾ നമ്മൾ മനസിലാക്കേണ്ട മറ്റൊരു കാര്യം,  ജീവിതത്തിന്റെ അർത്ഥം തേടിയുള്ള യാത്രയിൽ ലക്ഷ്യബോധം പ്രധാന പങ്ക് വഹിക്കാമെങ്കിലും അത് വ്യക്തിപരമായ അർത്ഥങ്ങൾക്കും അപ്പുറത്താണ് എന്നതാണ്. ഇത് ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള, മറ്റുള്ളവർക്ക് വേണ്ടി അർത്ഥപൂർണ്ണമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ ഭൗതികമോ അല്ലാത്തതോ ആവാം, ബാഹ്യമോ ആന്തരികമോ ആവാം, യാഥാർത്ഥ്യപരമോ ആദർശപരമോ ആവാം. ഒരു പക്ഷേ നിങ്ങളുടെ ജീവിതലക്ഷ്യം ഈ ജീവിതത്തിൽ തന്നെ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കണമെന്നില്ല. ഉദാഹരണമായി ലോകത്തുനിന്ന് ദാരിദ്ര്യം തുടച്ചു നീക്കുക, ശാശ്വതമായ ലോക  സമാധാനം സ്ഥാപിക്കുക എന്നിവ. അത് നിങ്ങൾക്ക് പൂർണ്ണമായി നേടിയെടുക്കാൻ സാധിച്ചില്ലെങ്കിലും സാരമില്ല.  ജോർജ് ബെർണാർഡ് ഷാ പറഞ്ഞിട്ടുണ്ട് - "ഇതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം - കഠിനമെന്ന് സ്വയം മനസിലാക്കുന്ന ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതാണ്; മാലിന്യക്കൂമ്പാരത്തിലേക്ക് എടുത്തെറിയപ്പെടുന്നതിന് മുൻപ് ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ച് ക്ഷീണിതനാവുന്നതാണ്; സ്വാർത്ഥ താൽപ്പര്യങ്ങളും പരാതികളും നിറഞ്ഞ ഈ ലോകം നിങ്ങളുടെ സന്തോഷത്തിനായി സ്വയം സമർപ്പിക്കില്ല എന്ന് പരാതി പറയുന്ന ഒരു ജീവിതത്തിനു പകരം, പ്രകൃതിയുടെ തന്നെ ശക്തിയാവുന്നതാണ്. "

നിങ്ങളുടെ ചില അടിയന്തര ലക്ഷ്യങ്ങൾക്ക് പിന്നിൽ ലക്ഷ്യബോധമാണെന്ന് പറയാൻ സാധിക്കും. ഇത് തന്നെയാണ് നിങ്ങളുടെ ദൈനംദിന പെരുമാറ്റത്തെ സ്വാധീനിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റായ റോബർട്ട് എമ്മൺസ് "The Psychology of Ultimate Concerns: Motivation and Spirituality in Personality" എന്ന തന്റെ പുസ്തകത്തിൽ വലിയ ലക്ഷ്യബോധത്തിന്റെ അഭാവത്തിൽ ചെറിയ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും നിങ്ങളെ എങ്ങും എത്തിക്കില്ല. ഫലത്തിൽ നിങ്ങൾ ദിശാബോധമില്ലാത്തവരായി തീരും.

കാലം കടന്നു പോകുന്നതിനനുസരിച്ച് നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാറ്റം വരാം, പുതിയ ലക്ഷ്യങ്ങൾ നിങ്ങൾ കൂട്ടിച്ചേർക്കാം. ലക്ഷ്യബോധത്തിന്റെ സ്വഭാവം എന്തെന്നാൽ  നിങ്ങളുടെ ജീവിതലക്ഷ്യം എന്തായാലും, അത് എത്രയെണ്ണം ഉണ്ടെങ്കിലും അതിൻമേൽ പ്രവർത്തിക്കാൻ വേണ്ടത്ര സമയമെങ്കിലും നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയുകയും ആ ലക്ഷ്യത്തിലേക്ക് കുറച്ചെങ്കിലും പുരോഗതി നേടാൻ കഴിയുകയും ചെയ്യും.

കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോവുന്നത് നിങ്ങളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും ജീവിതത്തിന് അർത്ഥവും സന്തോഷവും നൽകുക മാത്രമല്ല, ജീവിതകാലം മുഴുവൻ പഠിക്കാനും കൂടുതൽ നേടിയെടുക്കാനും പ്രചോദനമാവുകയും ചെയ്യും.

ഈയൊരു ദിശാബോധം വളരെ പ്രധാനമാണ്. നമ്മൾ ശരിയായ പാതയിലാണോ, ലക്ഷ്യ ബോധത്താൽ നയിക്കപ്പെടുന്നുണ്ടോ എന്നൊക്കെ വിലയിരുത്താൻ ചിലപ്പോൾ ബുദ്ധിമുട്ട് നേരിട്ടേക്കാം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വ്യാപൃതരാവുമ്പോഴും മികവു പുലർത്താൻ കഴിയുമ്പോഴും വ്യക്തമായ ദിശാബോധം ഇല്ലാത്ത അവസ്ഥ ഉണ്ടാവാറുണ്ട്. ഒരു പ്രവൃത്തി ആസ്വദിക്കുമ്പോഴോ അതിൽ മികവു പുലർത്തുമ്പോഴോ അത് നിങ്ങളെ ജീവിതത്തിൽ കൃത്യമായി നയിക്കുമെന്ന് അർത്ഥമില്ല. നിങ്ങൾക്കായി വളരെയധികം നന്നായി പ്രവർത്തിക്കാൻ സാധിക്കുന്നുണ്ട് എന്ന് പറഞ്ഞ് അതിന് പിന്നിൽ ശക്തമായ ലക്ഷ്യബോധമുണ്ടെന്നോ നിങ്ങൾ ശരിയായ പാതയിലാണെന്നോ അർത്ഥമില്ല. എന്റെ കാര്യം പറയുകയാണെങ്കിൽ ജീവിതനിലവാരം അളക്കുന്ന രീതിയനുസരിച്ച് എന്റെ ജീവിതത്തിൽ ഞാൻ സമ്പത്തിന്റെ കാര്യത്തിലായാലും ജീവിത ശൈലിയിലായാലും വളരെ മികച്ച രീതിയിൽ മുന്നോട്ട് പോവുന്ന സന്ദർഭങ്ങളിലും എനിക്ക് കൃത്യമായ ദിശാബോധമോ എനിക്ക് എത്തേണ്ടത് എവിടെയാണെന്നതിനെക്കുറിച്ചുള്ള ബോധ്യമോ ഉണ്ടായിരുന്നില്ല. ഇതൊരു ചെറിയ പ്രശ്നമല്ല. ജീവിതം നന്നായി മുന്നോട്ടു പോവുമ്പോൾ നമ്മൾ ജീവിതത്തെ നിസ്സാരമായി കാണുകയും അതിനെപ്പറ്റി അധികം ചിന്തിക്കാൻ മറക്കുകയും ചെയ്യുന്നു. എന്നാൽ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ, വ്യക്തമായ ലക്ഷ്യബോധമില്ലാത്തതും ദിശാബോധമില്ലാത്തതും പ്രശ്നങ്ങളിൽ നിന്ന് കരകയറുന്നതിനെ പ്രതികൂലമായി ബാധിക്കും. വീഴ്ചകളിൽ നിന്ന് കരകയറണമെങ്കിൽ നമ്മൾക്ക് ശക്തമായ പ്രചോദനം വേണം. "മൂല്യവത്തായ ഒരു ലക്ഷ്യത്തിലേക്കാണോ ഞാൻ മുന്നേറുന്നത് ?". "എന്റെ ദൈനംദിന ജീവിതത്തെ പ്രചോദിപ്പിക്കാനും വ്യക്തമായ ദിശാബോധം നൽകാനും ഉതകുന്ന ലക്ഷ്യബോധം ഞാൻ കണ്ടെത്തിയിട്ടുണ്ടോ?" "എന്റെ ജീവിതലക്ഷ്യം എനിക്ക് ചുറ്റുമുള്ള ആളുകൾ മനസിലാക്കുകയും വില മതിക്കുകയും ചെയ്യുന്നുണ്ടോ ?" ഈ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിക്കുക.

നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവാനുള്ള ദിശാബോധവും നിങ്ങളെ പിന്തുണക്കാൻ ഒരു സോഷ്യൽ സപ്പോർട്ട് സിസ്റ്റവുമുണ്ടെങ്കിൽ നിങ്ങൾ ലക്ഷ്യത്തിലെത്തിച്ചേരാൻ സാധ്യതയേറുന്നു.

അടുത്ത ഭാഗത്തിൽ കുലീനവും നികൃഷ്ടവുമായ ഉദ്ദേശങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദീകരിക്കുകയും ലക്ഷ്യബോധത്തിൽ ധാർമ്മികതയുടെ പങ്കിനെപ്പറ്റി പരാമർശിക്കുകയും ചെയ്യാം.