Oct 18, 2021 • 8M

ലക്ഷ്യബോധം - ഭാഗം 2

ജീവിതത്തിൽ ലക്ഷ്യബോധത്തിന്റെ പ്രസക്തി

Rahul Nair
Comment
Share
 
1.0×
0:00
-8:08
Open in playerListen on);
Episode details
Comments

സ്വാഭാവിക സത്യങ്ങൾ കണ്ടെത്തുന്നതിൽ പ്രതിജ്ഞാബദ്ധരായ ശാസ്ത്രജ്ഞരും,  സൗന്ദര്യത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരായ കലാകാരന്മാരും മിക്കപ്പോഴും ഏറ്റവും സന്തോഷിക്കുന്നത്, ഒരു ബുദ്ധിമുട്ടുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ മധ്യത്തിലാണ്.

ഉദാത്തമായ ഒരു ലക്ഷ്യം പിന്തുടരുന്നത്, ഇത്തരത്തിലുള്ള കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നതിന് പ്രധാന ഉദാഹരണമാണ്. ശ്രേഷ്ഠമായ ലക്ഷ്യം, വ്യക്തിയെ ലോകത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുന്നു. മനശാസ്ത്രജ്ഞനായ ഡാൻ മക് ആഡംസ്, ഇത്തരത്തിൽ ലോകത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ആളുകളെപ്പറ്റി പഠിച്ചിട്ടുണ്ട്. അദ്ദേഹം അവരെ ജനറേറ്റീവ് അഡൾട്ട്സ് എന്ന് വിളിച്ചു. മക് ആഡംസ് പറയുന്നതനുസരിച്ച് ജനറേറ്റീവ് അഡൾട്ട്സ് അവരുടെ ജോലിയോടും അവരുടെ രക്ഷാകർതൃ മനോഭാവത്തോടും ചെറുപ്പക്കാർക്ക് മാർഗനിർദേശം നൽകുന്നതിനോടും വളരെ അർപ്പണബോധമുള്ളവരാണ്.

ഇങ്ങനെയുള്ളവർ പാരമ്പര്യം നിലനിർത്തുന്നതോടൊപ്പം തന്നെ ഭാവിതലമുറയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.  മറ്റൊരു രീതിയിൽ പറഞ്ഞാൽ വളരെ ശ്രേഷ്ഠമായ ലക്ഷ്യബോധമുള്ളവരായി നമുക്ക് ഇവരെ നിർവചിക്കാം.

മക് ആഡംസിന്റെ ഗവേഷണം കാണിക്കുന്നത് ജനറേറ്റീവ് അഡൾട്ട്സ് മറ്റുള്ളവരേക്കാൾ ആരോഗ്യമുള്ളവരും ജീവിതത്തിൽ തൃപ്തരുമാണ് എന്നാണ്.

ഇങ്ങനെയുള്ളവർ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ സാധ്യതയുണ്ട്. കുടുംബങ്ങൾ, പള്ളികൾ, രാഷ്ട്രീയ ഗ്രൂപ്പുകൾ എന്നിവയുമായി അവർ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

അവർ ലോകത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നതു കൊണ്ട് തങ്ങളുടെപ്രവർത്തനങ്ങൾ ജനക്ഷേമത്തിന് കൂടുതൽ ഫലപ്രദമാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അവർ പരാജയത്തിൽ തളർന്ന് പോകാതെ അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും താൽക്കാലിക തിരിച്ചടികൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

ജീവിതത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആരോഗ്യകരമായ കാഴ്ചപ്പാട് ക്ഷേമബോധത്തോടൊപ്പം വ്യക്തിപരമായ വിജയത്തിനുള്ള വ്യവസ്ഥകളും സജ്ജമാക്കുന്നു.

വാസ്തവത്തിൽ, മികച്ച നേട്ടങ്ങളുടെ പേരിൽ ആഘോഷിക്കപ്പെട്ടവർ, പൊതുജനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവരുടെ പ്രവർത്തനങ്ങൾക്ക് വ്യക്തിതാൽപ്പര്യങ്ങൾക്കപ്പുറം ആഴത്തിലുള്ള അർത്ഥം നൽകിയിട്ടുണ്ടെന്ന് ഇത്തരത്തിലുള്ളആളുകളിലുള്ള പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കുട്ടികളിൽ പോലും നമുക്ക് ലക്ഷ്യബോധത്തിൻ്റെ ശക്തി കണ്ടെത്താൻ കഴിയും. സൈക്കോളജിസ്റ്റ് ബോണി ബെനാർഡ്, ചില കുട്ടികൾക്ക് കടുത്ത മാനസിക ആഘാതങ്ങളിൽ നിന്നും പ്രതികൂല സാഹചര്യങ്ങളിൽ നിന്നും തിരിച്ചുവരാൻ കഴിയുമെന്ന്  തെളിയിച്ചിട്ടുണ്ട്.

ബെനാർഡിന്റെ ഗവേഷണങ്ങൾ പ്രകാരം, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോട് ചെറുത്തു നിൽക്കുന്ന കുട്ടികളിൽ നാല് പ്രധാന സ്വഭാവസവിശേഷതകൾ ഉണ്ട്:

1. ലക്ഷ്യബോധം (വർത്തമാനകാലത്തിനപ്പുറം ഭാവിയിലെ ലക്ഷ്യത്തിലേക്ക് പടർന്നു കിടക്കുന്നു)

2. സ്വതന്ത്ര ബോധം.

3.  സാമൂഹിക പാടവം

4. പ്രശ്ന പരിഹാരത്തിനുള്ള കഴിവുകൾ.

ഈ നാലിൽ, ഞാൻ ഏറ്റവും പ്രധാനമായി കരുതുന്നത് ലക്ഷ്യബോധമാണ്. കാരണം ഇത് മറ്റു സവിശേഷതകളേക്കാൾ, എല്ലാവർക്കും പ്രചോദനം നൽകുന്നു.

ലക്ഷ്യബോധം കാലാകാലങ്ങളിൽ ഓരോ ചെറുപ്പക്കാരുടെയും ഉളളിൽ ഉയർന്നുവരുന്ന വിനാശകരമായ പ്രവണതകൾ ഇല്ലാതാക്കി അവരുടെ ജീവിതത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാവുന്ന സമയത്ത് ന്യൂറോണൽ ശേഷിയിൽ പെട്ടെന്നുണ്ടാവുന്ന വർദ്ധന, വൈജ്ഞാനികവും വൈകാരികവുമായ സംവിധാനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശ്രദ്ധ പിടിച്ചുപറ്റുന്ന എന്തിലേക്കും അവരുടെ ഊർജ്ജം പ്രസരിക്കുന്നു. ഇത്  ചിലപ്പോൾ അങ്ങേയറ്റം അപകടകരമായ പെരുമാറ്റത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെയാകാം കൗമാരത്തിന്റെ കാലഘട്ടം

അവരവർക്കും മറ്റുള്ളവർക്കും അപകടകരമാവുന്നത്. എന്നിരുന്നാലും, നിയന്ത്രിക്കാൻ കഴിയാത്ത ഈ വികാരങ്ങളും അശ്രദ്ധമായ പെരുമാറ്റവും സൃഷ്ടിക്കുന്ന അതേ ന്യൂറോണൽ വളർച്ചയ്ക്ക്, ഒരു ചെറുപ്പക്കാരന്റെ വ്യക്തിപരമായ ന്യായവിധിയും ന്യായീകരണ ശേഷിയും മെച്ചപ്പെടുത്താനും കഴിയും.

കൗമാരത്തിന്റെ ആദ്യകാലത്തുള്ള തലച്ചോറിന്റെ വളർച്ച അവരുടെ താൽപ്പര്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും ഈ താൽപ്പര്യങ്ങളെ നോക്കിക്കാണുന്ന രീതി കൂടുതൽ ഗൗരവതരമാകാൻ കാരണമാവുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ സംഗീതോപകരണങ്ങൾ വായിക്കുന്ന അതേ ആവേശത്തോടെ മദ്യപിച്ച് വാഹനമോടിക്കുകയും ചെയ്യും. ചോദ്യം ഇതാണ്: ഏത് പാതയാണ് ഒരു

കൗമാരക്കാരൻ തിരഞ്ഞെടുക്കുക?

നല്ല സമയങ്ങളിൽ സന്തോഷവും പ്രയാസകരമായ സമയങ്ങളിൽ ചെറുത്തു നിൽപ്പിനുള്ള ശക്തിയും ലക്ഷ്യബോധം നൽകുന്നു. ഇത് ജീവിതത്തിലുടനീളം സംഭവിക്കുന്നു. 

കൗമാരത്തേയും അവിടെ നിന്ന് യൗവ്വനത്തിലേക്കുള്ള വളർച്ചാകാലഘട്ടത്തെയും ലക്ഷ്യബോധം സ്വാധീനിക്കുന്നുണ്ട്.

 എന്നാൽ, ലക്ഷ്യബോധമുള്ള യുവാക്കൾ അപകട സാധ്യതകൾ ഒഴിവാക്കുകയും, സ്വയം നശിപ്പിക്കുന്ന പ്രേരണകളെ അതിജീവിക്കുകയും, പ്രകടമായ പോസിറ്റീവ് മനോഭാവത്തോടെ, ലോകത്തെ കുറിച്ച് പഠിക്കാനുള്ള ഉത്സാഹം കാണിക്കുകയും ചെയ്യുന്നു.

ലക്ഷ്യബോധം നമ്മെ പ്രവർത്തനങ്ങളിൽ മുഴുകാൻ സഹായിക്കുകയും അത് വ്യക്തിപരമായ സംതൃപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. നമുക്ക് ലക്ഷ്യബോധമുണ്ടാകുമ്പോൾ, നമ്മൾ നമ്മളെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് നിർത്തി, പകരം നമ്മളുടെ ജോലി അല്ലെങ്കിൽ തൽസമയം പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ ആകൃഷ്ടരായിത്തീരുന്നു.

നമ്മൾ പ്രശ്നങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുമ്പോൾ, അത് മറികടക്കാനായി നമ്മൾ മാനസികവും ശാരീരികവുമായി പ്രയത്നിക്കുമ്പോൾ  നമുക്കുണ്ടെന്ന് കരുതാതെയിരുന്ന പല കഴിവുകളും നാം കണ്ടെത്തുന്നു. നമ്മുടെ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ നമുക്ക് ഒരു ആവേശം അനുഭവപ്പെടുകയും സമയത്തെപ്പറ്റി മറക്കുകയും ചെയ്യുന്നു. ഓരോ ദിവസവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ആശങ്കകളും നമ്മളെ തളച്ചിടില്ല. അത്തരമൊരു അവസ്ഥയേ മനശാസ്ത്രജ്ഞനായ മിഹായി ചിക്സൻ്റ്മിഹായി  "ഫ്ളോ" എന്ന് വിളിക്കുന്നു.

ലക്ഷ്യബോധമുള്ള ജോലികൾ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. പക്ഷേ അവ നമുക്ക് ആഴത്തിലുള്ള സംതൃപ്തി, ക്ഷേമം, ഉത്സാഹം തുടങ്ങിയവ നൽകുന്നു.

വിരോധാഭാസം എന്തെന്നാൽ വ്യക്തിപരമായ ചിന്തകളില്ലാതെ, ഒരു ഉദ്ദേശ്യത്തിന്റെ സഫലീകരണത്തിനായി പലപ്പോഴും, നിസ്വാർത്ഥമായി കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് സന്തോഷം ലഭിക്കുമെന്നത് ഉറപ്പാണ്.

എന്നാൽ അത്ര സംതൃപ്തിയും സന്തോഷവും ഒരിക്കലും, മനപൂർവ്വം സന്തോഷം സൃഷ്ടിച്ചെടുക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് കിട്ടുകയില്ല. അതിൻ്റെ അവസാനം ശൂന്യതയും നീരസവുമായിരിക്കും നിങ്ങൾക്ക് അനുഭവപ്പെടുക. കാരണം അർത്ഥമുള്ള ഒരു ജീവിതം നയിക്കുക എന്നത് മനുഷ്യവംശത്തിൻ്റെ ഏറ്റവും അദമ്യമായ ആഗ്രഹമാണ്.  എന്തിനധികം പറയുന്നു, സ്വാർത്ഥതയെന്നത് വൈകാരികമായി അസ്ഥിരപ്പെടുത്തുന്ന ഒന്നാണ്.

ശ്രേഷ്ഠമായ ലക്ഷ്യത്തിൽ സ്വയം സമർപ്പിക്കുന്നത്, വൈകാരിക സ്ഥിരത സൃഷ്ടിക്കുകയും ജീവിതത്തിൽ സ്ഥിരതയോടെ മുന്നോട്ട് പോകാൻ സാധിക്കുകയും ചെയ്യുന്നു.

 ലക്ഷ്യബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെങ്കിലും, അത് യാഥാർത്ഥ്യമാക്കാൻ നമുക്ക് രണ്ട് കാര്യങ്ങൾ ആവശ്യമാണ്:

ധൈര്യവും ഭാവനയും. ഒന്നാമതായി, ലക്ഷ്യബോധം വികസിപ്പിക്കുന്നത് ധൈര്യപൂർവ്വമുള്ള ഒരു പ്രവൃത്തിയാണ്. വലിയ വെല്ലുവിളികളെ നേരിടാൻ നമുക്ക് ധൈര്യം ആവശ്യമാണ്. ധൈര്യം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ കഴിവുകളെ ഉപയോഗിക്കാനും സ്വയം വിശ്വസിക്കാനും സാധിക്കുകയുള്ളൂ. തോൽവികളെ നേരിടണമെങ്കിലും ധൈര്യം ആവശ്യമാണ്. തിരിച്ചടികളിൽ പതറാതെ വീണ്ടും വീണ്ടും ശ്രമിക്കണമെങ്കിൽ ധൈര്യമുണ്ടാവണം.

ധൈര്യത്തോടൊപ്പം ഭാവനയും നമുക്ക് ആവശ്യമാണ്. നല്ല ഒരു നാളെ സങ്കൽപ്പിക്കുകയും അതിൽ നമ്മെ കാണുവാനും കഴിയണം.

തൊഴിൽപരമായി ഈ ധൈര്യത്തിൻ്റെയും ഭാവനയുടെയും പ്രയോഗം എൻ്റെ ജീവിതം അർത്ഥപൂർണ്ണമാക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ലക്ഷ്യബോധത്തോടെയുള്ള ഒരു ജീവിതം നയിക്കാൻ ഈ ധൈര്യവും ഭാവനയും തുടർന്നും എൻ്റെ ജീവിതത്തിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. തൊഴിൽപരമായ ധൈര്യവും ഭാവനയും ജോലിയുമായോ കരിയറുമായോ, പ്രശസ്തിയുമായോ, ഭാഗ്യവുമായോ, എന്തിനേറെപ്പറയുന്നു അഭിനിവേശവുമായോ മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്തുന്നതിനും പിന്തുടരുന്നതിനുമാണ്.

 അത് നമ്മുടെ ദൈനംദിന ജോലിയിൽ നമ്മുടെ ജീവിത ലക്ഷൃം പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ്. അത് നമ്മൾ ആരാണെന്നത് ആഴത്തിൽ മനസ്സിലാക്കുന്നതിനെക്കുറിച്ചാണ്.

 വ്യക്തതയും പ്രതിബദ്ധതയുമാണത്-

നമ്മളിൽ തന്നെ ഒതുങ്ങി നിൽക്കാതെ അതിനുമപ്പുറം പോകാനുള്ള പ്രതിബദ്ധത മാത്രമല്ല നിരാശാപൂർണ്ണമായ ജീവിതം നയിക്കാതെയിരിക്കാനുമാണ് ആ പ്രതിബദ്ധത.

ഞാൻ എന്റെ ജീവിതപാതയിലൂടെ മുന്നോട്ട് പോകുമ്പോൾ, എല്ലാവരേയും ധൈര്യത്തിന്റെയും ഭാവനയുടെയും ലക്ഷ്യബോധത്തിന്റെയും ജീവിതം നയിക്കാൻ ഞാൻ ക്ഷണിക്കുന്നു.