പ്രക്ഷുബ്ധമായ ഒരു കടൽ. ചീറിപ്പായുന്ന കൊടുങ്കാറ്റ്. ആകാശം മുട്ടെ ആഞ്ഞടിക്കുന്ന തിരമാലകൾ. കളിവള്ളം പോലെ നിയന്ത്രണം വിട്ടു തിരയിൽ ഊയലാടുന്ന ഒരു വലിയ കപ്പൽ. ദിശ കാണിക്കുന്ന കപ്പലിലെ റഡാർ സിസ്റ്റവും പ്രവർത്തനരഹിതമായി. എത്ര ഭീതിജനകമായ ഒരവസ്ഥയാണിത്.
ബാല്യകാലത്തു മതിയായ ശിക്ഷണം ലഭിക്കാതെ വളർന്നു വരുന്ന ഒരു കുട്ടിയുടെ അവസ്ഥ ഇതിനേക്കാൾ അപായകരമാണ്. ഏതുനേരവും ഒരു കപ്പൽഛേദം കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാം.
വളർന്നു വരുന്ന മക്കളുള്ള മാതാപിതാക്കൾക്കാർക്കും അവഗണിക്കാനാവാത്ത, ശിക്ഷണം എന്ന ഗൗരവതരമായ പാഠമാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. ശിക്ഷണം എന്നാൽ എന്ത്? അതിന്റെ ഗുണവും ദോഷവും എന്താണ്? ശിക്ഷണം കുട്ടിയുടെ ജീവിത വളർച്ചയെ എത്രത്തോളം സ്വാധീനിക്കുന്നു? അതെങ്ങനെ കുട്ടിയുടെ സാമൂഹിക ജീവിതത്തെ ബാധിക്കുന്നു? എന്നിത്യാദി ചില വിഷയങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
എന്താണ് ശിക്ഷണം?
മുതിർന്നു വരുമ്പോൾ കുട്ടിയിൽ അനാവശ്യ സ്വഭാവങ്ങളും തെറ്റായ പെരുമാറ്റങ്ങളും ഉരുത്തിരിഞ്ഞു വരാതിരിക്കാൻ വേണ്ടി, ചുമതലപ്പെട്ടവർ ബാല്യത്തിൽ എടുക്കുന്ന വിവിധ നടപടികളെ, ശിക്ഷണം എന്ന പദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്താം. അറിവും ശേഷിയും പകരുക എന്നതാണ് അതിന്റെ പ്രാഥമികലക്ഷ്യം. ഒരു ശിഷ്യന് നൽകുന്ന കൃത്യമായ നിർദ്ദേശങ്ങളാണ് ശിക്ഷണം എന്ന് പൊതുവെ പറയാറുണ്ട്. സവിശേഷമായ ഒരു പെരുമാറ്റച്ചട്ടം അവരെ അഭ്യസിപ്പിക്കുക എന്ന് ചുരുക്കം.
ജീവിതത്തെ ശരിയായി കരുപ്പിടിപ്പിക്കുവാൻ അനുയോജ്യമായ പ്രമാണങ്ങൾ, മാർഗ നിർദേശങ്ങൾ, പ്രതീക്ഷകൾ എന്നിവയൊക്കെ കുട്ടികളിലേക്ക് മാതാപിതാക്കൾ കൈമാറണം. ഇക്കാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുക്കേണ്ടി വന്നേക്കാം. പരിധി വിടുമ്പോൾ ശിക്ഷിക്കേണ്ടിയും വരാം. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ, അഭിലഷണീയമായ സ്വഭാവസവിശേഷതകൾ വികസിപ്പിക്കുക, അനഭിലഷണീയമായവ നിരുത്സാഹപ്പെടുത്തുക എന്നിവയൊക്കെയാണ് തന്മൂലം ആത്യന്തികമായി സാധിക്കേണ്ടത്. ചുരുക്കത്തിൽ, ശിഷ്ടകാലം മുഴുവൻ ആത്മശിക്ഷണമുള്ളവരായി ( സെല്ഫ് ഡിസിപ്ലിൻ) കുട്ടികൾ മാറണം. ഇതാണ് ശിക്ഷണത്തിന്റെ പരമമായ ലക്ഷ്യം.
മാനസികവും ശാരീരികവും ആത്മീയവുമായ നന്മക്കു ശരിയായ ശിക്ഷണം ആവശ്യമാണ്.
സ്വയം നിയന്ത്രിക്കുക, അന്യരെ ബഹുമാനിക്കുക, സ്നേഹിതരുമായി സഹകരിക്കുക തുടങ്ങിയ ജീവിതഗന്ധിയായ വിഷയങ്ങളിൽ ശരിയായ നിലപാടെടുക്കുവാൻ ശിക്ഷണം ആവശ്യമാണ്. ശരിയായ ശിക്ഷണം ലഭിക്കാത്ത കുട്ടി അസന്തുഷ്ടനും മുൻകോപിയുമൊക്കെ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവർക്ക് ഇത്തരം കുട്ടികൾ ഒരു തലവേദന ആയി തീർന്നേക്കാം. അവർക്കു സുഹൃത്തുക്കളെ സമ്പാദിക്കാനും ബുദ്ധിമുട്ടാകും.
ശിക്ഷണത്തിനു വിമുഖത കാട്ടുന്നവർ
അങ്ങനെയും ചില മാതാപിതാക്കളുണ്ട്. മക്കൾക്ക് ശിക്ഷണം നല്കാൻ തല്പരരല്ലാത്തവർ. അതിനു പല കാരണങ്ങളുണ്ടാവാം. കുട്ടികളെ നിയന്ത്രിക്കാൻ ചെല്ലുമ്പോൾ അവർ ദേഷ്യപ്പെടാം എന്നതിനാൽ അവരുമായി ഒരു കലഹത്തിൽ ഏർപ്പെടുവാൻ ചില മാതാപിതാക്കൾക്ക് താല്പര്യമില്ല. പക്ഷെ അത്തരം ഒരു ഒളിച്ചോട്ടം ആശ്വാസ്യമല്ല.
ശിക്ഷണത്തിന് ആവശ്യമായ സമയവും ഊർജവും വേർതിരിക്കാൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നമായി പറയാറുള്ളത്.
ഗോപന്റെയും സിത്താരയുടെയും കഥ കേൾക്കുക. സിത്താരയും മക്കളും നാട്ടിലാണ്. ഭർത്താവു ഗോപൻ പ്രവാസിയും. വല്ലപ്പോഴും ഒന്ന് നാട്ടിൽ വരുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞു കുട്ടികളെ പ്രകോപിക്കേണ്ട എന്നാണ് ഗോപന്റെ തീരുമാനം. ഭർത്താവു കൂടെയില്ലാത്തപ്പോൾ സിത്താരക്ക് മക്കളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് അവരും മുഖം കറുത്തൊന്നും കുട്ടികളോട് പറയില്ല. മാത്രമല്ല, അവരുടെ ആവശ്യങ്ങളെല്ലാം, പറഞ്ഞു തീരും മുൻപേ സാധിച്ചു കൊടുക്കുകയും ചെയ്യും. അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടെതെന്നാണ് ഗോപന്റെയും സിത്താരയുടെയും ചിന്ത.
ഇനിയും ചില പിതാക്കന്മാരാകട്ടെ, അവരുടെ ബാല്യത്തിൽ ലഭിച്ച തിക്തമായ ശിക്ഷണത്തിന്റെ ദുരനുഭവങ്ങളാൽ വേട്ടയാടപ്പെടുന്നവരാവാം. അതുകൊണ്ട് തന്നെ, തങ്ങളുടെ മക്കൾക്ക് ഈ ദുർഗതി ഉണ്ടാകരുതെന്ന് കരുതി, അവരെ ചരടില്ലാത്ത പട്ടത്തെ പോലെ ആകാശത്തിലേക്കു പറത്തി വിടാൻ തയ്യാറാകും.
അലക്സിന്റെ അനുഭവം അതായിരുന്നു. തന്റെ പിതാവ് എന്ത് തെറ്റ് കണ്ടാലും അലക്സിനെ ബെൽറ്റെടുത്തു അടിക്കുമായിരുന്നു. ശരീരത്തിലെ അടിയുടെ പാടുകൾ മറ്റുള്ളവരെ കാണിക്കുവാൻ മടിയുള്ളതു കൊണ്ട് അലക്സ് ആരുമായും കൂട്ടുകൂടാൻ പോകുമായിരുന്നില്ല. അങ്ങനെ ഒരു അന്തർമുഖനായാണ് അലക്സ് വളർന്നു വന്നത്. തന്റെ മകൻ അശ്വിന് അതുകൊണ്ട് തന്നെ അലക്സ് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. അശ്വിൻ അപഥസഞ്ചാരി ആയിതീരുകയും ചെയ്തു. അവന്റെ വിവാഹജീവിതത്തിന്റെ മൂന്നാം വർഷത്തിൽ തന്നെ വിവാഹമോചനവും നേടി. ഇന്ന് അശ്വിൻ കടുത്ത മദ്യപാനി ആണ്. പിതാവിന്റെ ഒരു തെറ്റിദ്ധാരണയുടെ ദുരന്തം.
ശിക്ഷണം എന്നത് കുട്ടികളുമായി ഏറ്റുമുട്ടുന്നതല്ല. കോപിച്ചു പൊട്ടിത്തെറിക്കുന്നതുമല്ല. ശരിയായ ശിശുശിക്ഷണം എന്നത് കുട്ടിയുടെ ജീവിതത്തിന്റെ സ്റ്റിയറിംഗ് വീലിൽ മനപ്പൂർവ്വമായി കയറി പിടിച്ചു തിരിക്കുന്നതുമല്ല. ശരിയായ ദിശാബോധം നൽകുന്നതാണ്. സ്വന്തം വണ്ടി വഴി തെറ്റാതെ ഓടിക്കാൻ അവരെ പഠിപ്പിക്കുന്നതാണ്.
തെറ്റ് ചെയ്യുമ്പോൾ ശിക്ഷിക്കുന്നതല്ല ശിക്ഷണം, കൃത്യമായ അതിരുകൾ ചൂണ്ടി കാണിച്ചു കൊടുക്കുന്നതും അത് തെറ്റിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പ് നൽകുന്നതും ആണ്. സ്വയം നിയന്ത്രിക്കാൻ അവരെ പരിശീലിപ്പിക്കുന്നതാണ്. തന്റെ കുടുംബത്തിലോ സമൂഹത്തിലോ ഉള്ള ഒരാളെയോ, അവർ നൽകുന്ന ശിക്ഷയെയോ ഭയക്കുന്നത് കൊണ്ടാവരുത്, മറിച്ചു, സമൂഹത്തിൽ ഒരു നല്ല പൗരൻ ആകുവാൻ ആഗ്രഹിക്കുന്നത് കൊണ്ടാവണം കുട്ടി സ്വയം നിയന്ത്രിക്കുന്നത്.
ശിക്ഷണം ഇല്ലാതെ വരുമ്പോൾ
ശരിയായ ശിക്ഷണം ബാല്യത്തിൽ നൽകാതിരിക്കുന്നത്, കണ്ണും പൂട്ടി വാഹനം ഓടിക്കുന്നതിനു കുട്ടിയെ പ്രേരിപ്പിക്കുന്നതിനു തുല്യമാണ്. കുട്ടിക്ക് പോകാവുന്ന അതിർത്തി അവൻ അറിയാതിരിക്കുന്നതു വളരെ വലിയ അപകടമാണ്. ഈ അറിവില്ലായ്മ അവനെ പല ആപത്തിലേക്കും നയിക്കും.
• അവർ നിഷേധാത്മകമായ പെരുമാറ്റത്തിൽ ഏർപ്പെടും. മറ്റുള്ളവർക്കും അവർക്കു തന്നെയും അത് അപകടമായി തീരും.
• അസന്തുഷ്ടരായിത്തീരും.
•സ്വാർത്ഥരാകും, അപ്രിയ സൗഹൃദങ്ങളിലേക്കു വഴുതി വീഴും.
•മനോനിയന്ത്രണം ഇല്ലാത്തവരായി തീരും.
•സഹാനുഭൂതി, പങ്കുവെക്കൽ തുടങ്ങിയ സാമൂഹികപരിചയങ്ങൾ ഇല്ലാത്തവരായി തീരും
• തെറ്റും തമ്മിൽ വ്യവച്ഛേദിക്കാനുള്ള കഴിവ് ഇല്ലാതെ പോകും.
• അധികാര സ്ഥാനത്തുള്ളവരെയും അനുസരിക്കാതെയും അംഗീകരിക്കാതെയും വളരും.
ശരിയായ ശിക്ഷണം നൽകിയാൽ
•ശരിയായി ആസൂത്രണം ചെയ്ത ശിക്ഷണം കുട്ടിക്ക് സ്നേഹത്തിൽ ചാലിച്ചു നൽകിയാൽ അത് സമൂഹത്തിനു നൽകുന്ന ഒരു മികച്ച സംഭാവന ആയിരിക്കും.
• സമൂഹത്തിനു നന്മ ചെയ്യുന്നതിൽ തല്പരരാകു.
•വീട്ടിലും സ്കൂളിലും പൊതുവേദികളിലും അന്യർക്ക് അസ്വമായി അവർ തീരും.
• ആത്മധൈര്യം വർധിക്കും.
• ആശയങ്ങളും അനുഭവങ്ങളും മാതാപിതാക്കൾ കേൾക്കുമെന്നും, തെറ്റ് ചെയ്താലും അവർ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും കുട്ടികൾ തിരിച്ചറിയും.
•നല്ല സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർ മനഃപൂർവം ശ്രമിക്കും.
• ആത്മനിയന്ത്രണവും സ്വയപര്യാപ്തതയും.
•തങ്ങൾ ചെയ്യുന്ന തെറ്റുകൾക്ക് കണക്കു കൊടുക്കേണ്ടി വരും എന്ന ബോധ്യം ഉണ്ടാകും.
•ശിക്ഷയെ ഭയക്കുന്നതിനാലല്ല, നന്മ ചെയ്യാൻ താല്പര്യമുള്ളതിനാൽ നന്മ ചെയ്യും എന്ന് അവർ തീരുമാനിക്കും.
ശിക്ഷണത്തിനു മുൻപ് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടെ സൂചിപ്പിക്കാം.
1. കുട്ടി ഏർപ്പെടുന്ന കാര്യങ്ങളിൽ, അവനു പോകാവുന്ന ദൂരം ആദ്യം കൃത്യമായി അടയാളപ്പെടുത്തി കൊടുക്കുക. എന്ന് വച്ചാൽ, ചെയ്യുവാൻ അനുവാദമുള്ള കാര്യങ്ങൾ, ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ എന്നിവയൊക്കെ വളരെ കൃത്യമായി, വളരെ ശാന്തമായി പറഞ്ഞു കൊടുക്കുക. ഒരു കാര്യം ചെയ്യുന്നത് ശരിയോ തെറ്റോ എന്ന ആശയക്കുഴപ്പം കുട്ടിക്ക് ഉണ്ടാകരുത്. പരിധി ഏതാണെന്നു അറിയുമ്പോൾ മാത്രമേ അത് ലംഘിക്കാതിരിക്കുന്നതിനെ പറ്റി കുട്ടി ബോധവാനാകുകയുള്ളു. ശരിയായ മാതൃക കാണിച്ചു കൊടുക്കുവാനും മുതിർന്നവർ മറക്കരുത്.
2. അതിരുകൾ ലംഘിക്കുന്നത്, അരുതാത്തതു ചെയ്യ ന്നത് ശിക്ഷാർഹമാണ് എന്നത്, കുട്ടി മനസ്സിലാക്കേണ്ട അടുത്ത കാര്യമാണ്. അന്യർക്ക് ദോഷത്തിനു കാരണമാകുന്നില്ലെങ്കിൽ ഒരു കാര്യം ചെയ്യുന്നതിൽ തെറ്റില്ല എന്നൊരു പുതിയ വ്യാഖ്യാനം ഉണ്ട്. ആർക്കും ദോഷം ഉണ്ടാക്കിയില്ലെങ്കിൽ പോലും, താൻ ചെയ്യാൻ പാടില്ല എന്ന് സമൂഹം പറയുന്ന കാര്യത്തിന് മുതിരരുത് എന്ന് കുട്ടി തിരിച്ചറിയണം. പരീക്ഷക്ക് കോപ്പി അടിക്കുന്നത് ഒരു പക്ഷെ മറ്റൊരാൾക്ക് ദോഷകാരണമായില്ലെന്നു വരാം. പക്ഷെ അത് അനുവദനീയമായ കാര്യമല്ല. തെറ്റ് തന്നെയാണ്. രണ്ട് പേർ പരസ്പരം അംഗീകരിച്ചു കൊണ്ടാണെങ്കിൽ ഏതു കാര്യത്തിലും ഏർപ്പെടാം, അത് തെറ്റല്ല എന്നും ചിലർ വാദിക്കാറുണ്ട്. പക്ഷെ ആ ധാരണയും ശരിയല്ല. എത്രപേർ അംഗീകരിച്ചിട്ടുണ്ടെങ്കിലും, പൊതുസമൂഹത്തിന്റെ സുഗമമായ നടത്തിപ്പിന് അസ്വീകാര്യമായതെല്ലാം തെറ്റ് തന്നെയാണ്.
3. അറിയാതെയോ അറിഞ്ഞു കൊണ്ടോ പരിധികൾ ലംഘിക്കുമ്പോൾ തീർച്ചയായും അതിനു ഭവിഷ്യത്തുകൾ ഉണ്ടാവും / ശിക്ഷ കിട്ടും എന്ന കാര്യമാണ് കുട്ടി പഠിക്കേണ്ട അടുത്ത പാഠം. ഉദാഹരണത്തിന്, കളിച്ചു കഴിഞ്ഞു കളിപ്പാട്ടങ്ങൾ എടുത്തു അടുക്കി വച്ചില്ലെങ്കിൽ അന്നത്തെ ദിവസം കളിയ്ക്കാൻ അവ വീണ്ടും തരില്ലെന്ന് അച്ഛൻ മകന് താക്കീതു നൽകണം. അത് അനുസരിച്ചില്ലെങ്കിൽ അങ്ങനെ തന്നെ ചെയ്യുകയും വേണം. ഏതാനും മിനുറ്റുകൾക്കകം കളിപ്പാട്ടങ്ങൾ തിരികെ കൊടുക്കുകയും അരുതു. അപ്പോൾ തന്നെ ആഹാരം പോലെ കുട്ടിക്ക് അനിവാര്യമായ കാര്യങ്ങൾ നിരോധിക്കുകയുമരുത്. തെറ്റിന് ശിക്ഷ എന്നത് തികച്ചും പ്രകൃതി നിയമമാണ്. ആ പ്രകൃതി നിയമം ഒരാളുടെ കാര്യത്തിൽ മാറ്റിവെക്കാൻ ആവില്ല. ശിക്ഷ അനിവാര്യമാണ് . ഇതാണ് അച്ഛൻ മകനെ പഠിപ്പിക്കേണ്ടത്.
4. കുട്ടികൾക്ക് പറയാനുള്ളതു കേൾക്കുവാൻ തയ്യാറാകണം. അത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു പക്ഷെ മാതാപിതാക്കൾക്ക് മനസ്സിലാകാത്ത ചില സാഹചര്യങ്ങൾ ഉണ്ടാവാം. അത് കുട്ടികൾ അവരുടെ ഭാഷയിൽ വിശദീകരിക്കട്ടെ. അതിനു ശേഷം വേണം ശിക്ഷ അന്തിമമായി തീരുമാനിക്കുന്നത്.
5. ചെയ്ത തെറ്റിനെ കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്തുകയും, അതിന്റെ ശിക്ഷയാണ് കിട്ടുന്നതെന്നു വ്യക്തമാക്കുകയും ചെയ്യുകയാണ് അടുത്ത പടി. എന്തിനാണ് ശിക്ഷിക്കുന്നത് എന്ന്, കുട്ടിക്ക് അറിവില്ലാതിരിക്കരുത്. ലഭിക്കുന്ന ശിക്ഷ എന്താണെങ്കിലും, അത് ന്യായമാണ് എന്ന് അവനു മനസ്സിലാക്കണം. അല്ലാതെ അച്ഛന്റെയോ അധ്യാപകന്റെയോ ദേഷ്യം തീർക്കാനുള്ള ഒരു അവസരം ആകരുത് അത്.
6. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ ആത്മാർഥമായി അഭിനന്ദിക്കുക. 'അച്ഛൻ പറഞ്ഞത് പോലെ ആ കളിപ്പാട്ടമെല്ലാം അടുത്ത് അടുക്കി വച്ചല്ലോ, മിടുക്കൻ' എന്നിങ്ങനെ എടുത്തു പറഞ്ഞു വേണം അഭിനന്ദിക്കുവാൻ. തെറ്റിന് ശിക്ഷയും, ശരിക്കു അഭിനന്ദനവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആയിരിക്കണം.
7. ശിക്ഷണ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, പ്രതിസന്ധികൾ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കുക. അവയെ നേരിടുവാൻ തയ്യാറെടുക്കുകയും ചെയ്യുക.
ചുരുക്കത്തിൽ ശിക്ഷണം എന്നത്, ഭവിഷ്യത്തുകളെ കുറിച്ച് കുട്ടിയെ ബോധവാനാക്കുക എന്നതിലുപരി, ഉത്തരവാദിത്തമുള്ള പൗരന്മാരായി അവരെ വാർത്തെടുക്കുക എന്നതാണ്. അക്കാര്യത്തിൽ ഒട്ടും ഉപേക്ഷ പാടില്ലെന്നുള്ള ബോധ്യം ഒരു കുടുംബനാഥനുണ്ടാവേണ്ടത് ആവശ്യമാണ്.
ശിക്ഷണത്തിനു പല രീതികളുണ്ട്. അവയെ പറ്റി അടുത്ത ലക്കത്തിൽ ചിന്തിക്കാം