മഹാജ്ഞാനിയായ ശലോമോൻ പറഞ്ഞത്, "വടിയെ സ്നേഹിക്കുന്നവൻ മകനെ വെറുക്കുന്നു" എന്നാണ്. തല്ലിയും ചൊല്ലിയും വളർത്തണമെന്നു പഴമക്കാരും പറയാറുണ്ട്. 1664ൽ സാമുവേൽ ബട്ലർ എഴുതിയ ഒരു കാവ്യാംശം, പലരും വേദവാക്യം പോലെ ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ട്, "Spare the rod and spoil the child."
എന്നാൽ ചൂരൽവടികൾ വീടുകളിൽ നിന്നും, സ്കൂളുകളിൽ നിന്നും ഏറെക്കുറെ അപ്രത്യക്ഷമായി കഴിഞ്ഞു. മക്കളെ ആണെങ്കിലും, എങ്ങാനും അടിച്ചാൽ, ശിശു സംരക്ഷണ സമിതി അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള കാലവുമാണിത്. ഈ പശ്ചാത്തലത്തിൽ, എങ്ങനെയാണു കുട്ടിക്ക് ശിക്ഷയും ശിക്ഷണവും നൽകേണ്ടത് എന്ന വിഷയമാണ് ഇന്ന് നാം ചിന്തിക്കുന്നത്.
ശിക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് എങ്ങനെ ശിക്ഷിക്കണം എന്നത്. കുട്ടിയെ നന്മയിലേക്ക് നയിക്കാനും സ്വയനിയന്ത്രണം അഭ്യസിപ്പിക്കാനുമുള്ള ഒരു പരിശീലനരീതി മാത്രമാണ് ശിക്ഷകൾ. അപ്പോൾ തന്നെ, അവന്റെ നേരെ ഒരു വ്യാഘ്രത്തെ പോലെ സംയമനം വിട്ടു പാഞ്ഞു ചെല്ലുകയോ അലറി വിളിക്കുകയോ ചെയ്യുന്നതല്ല ശരിയായ ശിക്ഷാരീതി എന്ന്, നമ്മൾ ആദ്യമേ മനസിലാക്കുകയും വേണം.
മനുഷ്യർ എന്ന നിലയിൽ മക്കളുടെ തെറ്റായ പെരുമാറ്റം കണ്ട് അച്ഛനും അമ്മയും നിരാശരാകുകയും കോപിക്കുകയും ചെയ്യുന്നത് തികച്ചും സ്വാഭാവികമാണ്. അത്തരം സാഹചര്യത്തിൽ, പെട്ടെന്ന് പ്രതികരിക്കാതെ മനസ്സ് ശാന്തമാകുവാൻ തെല്ലു സമയം, സ്വയം അനുവദിക്കുകയാണ് ഉചിതം. പിടിവിട്ടുപോയ മനോനിലയെ പൂർവസ്ഥിതിയിലേക്ക് കൊണ്ട് വന്നിട്ട് വേണം ശിക്ഷയെ കുറിച്ച് ചിന്തിക്കുവാൻ. അല്ലെങ്കിൽ വിവേകം ആയിരിക്കില്ല, വികാരം ആയിരിക്കും, കുട്ടിക്ക് നൽകുന്ന ശിക്ഷയുടെ ആധാരം. മനസംയമനം കൈവരിച്ചു കഴിയുമ്പോൾ ശാന്തമായി കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുവാനും ആവശ്യമായ ശിക്ഷ നൽകുവാനും സാധിക്കും.
എന്തെങ്കിലും ശിക്ഷകൾ കൊടുക്കുന്നതിനു മുൻപേ അച്ഛന്മാർ പരിഗണിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ശിക്ഷ എന്നത് എപ്പോഴും ശാരീരികശിക്ഷ തന്നെ ആകണമെന്ന് നിർബന്ധമില്ല. മനസ്സിനോ ശരീരത്തിനോ വേദനയുണ്ടാക്കുന്ന സംഗതികളെല്ലാം ശിക്ഷകൾ തന്നെയാണ്.
കുട്ടിക്ക് ന്യായമായി ലഭിക്കേണ്ട ചില കാര്യങ്ങൾ നിഷേധിക്കുന്നതോ, അർഹമായത് കൊടുക്കാതിരിക്കുന്നതോ ഒക്കെ ശിക്ഷയുടെ പരിധിയിൽ വരുന്നതാണ്.
സുഭാഷിന്റെ കുടുംബം എല്ലാ വർഷവും ഒരാഴ്ച ദീർഘിക്കുന്ന വിനോദയാത്ര നടത്താറുണ്ട്. മനു അവരുടെ ഏകമകനാണ്. എന്നാൽ ഒരു തവണ മനു മനഃപൂർവമായി ചില അരുതുകളിൽ ഏർപ്പെട്ടപ്പോൾ, ശിക്ഷ എന്ന നിലയിൽ, ആ വർഷത്തെ വിനോദയാത്ര സുഭാഷ് റദ്ദാക്കി. അവൻ ചെയ്ത തെറ്റിന്റെ ശിക്ഷയാണതെന്നു മനുവിനെ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കാര്യത്തിന്റെ നിജസ്ഥിതി തിരിച്ചറിഞ്ഞ മനു പിന്നീട് അതിനു പരിഹാരം ഉണ്ടാക്കിയപ്പോൾ,ആ വർഷത്തെ വിനോദയാത്ര, ഒരു വാരാന്ത്യയാത്രയിൽ മിതപ്പെടുത്തി നടത്തുകയും ചെയ്തു.
സുശീലിന്റെ കഥ മറ്റൊരു ഉദാഹരണമാണ്. അവന്റെ അച്ഛൻ ഒരു പുതിയ മോഡൽ സൈക്കിൾ സുശീലിന് വാഗ്ദാനം ചെയ്തിരുന്നു. അതിനു ചില വ്യവസ്ഥകളും വച്ചിരുന്നു. എന്നാൽ സുശീൽ ആ വ്യവസ്ഥകൾ ലംഘിച്ചപ്പോൾ അച്ഛൻ വാഗ്ദാനം നിരസിച്ചു. അതും ഒരു ശിക്ഷ ആയിരുന്നു. ഇതെല്ലം ചിലപ്പോൾ ശാരീരിക ശിക്ഷയേക്കാൾ ഗുരുതരമായ ശിക്ഷയായി കുട്ടിക്ക് അനുഭവപെട്ടു എന്ന് വരാം.
ഇനി ശാരീരികശിക്ഷയെ പറ്റി
കുട്ടി എന്ത് തെറ്റ് ചെയ്താലും അടിക്കരുതെന്നാണോ പറയുന്നത്? അല്ലേയല്ല. ഇക്കാര്യത്തിൽ, വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ബാലമനശ്ശാസ്ത്രജ്ഞന്മാർക്കുള്ളത്. ഒരു കാരണവശാലും അടിക്കുവാൻ പാടില്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ, വളരെ അത്യാവശ്യ ഘട്ടത്തിൽ കുട്ടിക്ക് ശാരീരിക ശിക്ഷകൾ നൽകാം എന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും പൊതുവെയുള്ള ചിന്താഗതി. പക്ഷെ അത് ഒരു കാരണവശാലും കുട്ടിയിൽ ശാരീരികമായോ മാനസികമായോ സ്ഥായിയായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാവരുത് എന്ന് മാത്രം.
ശരിയായ രീതികളിൽ കൂടെ സമർത്ഥമായി പരിശീലനം നൽകിയാൽ ശാരീരീരികശിക്ഷയുടെ ആവശ്യം പൊതുവെ കുറഞ്ഞിരിക്കും. എന്നാൽ കായികശിക്ഷകൾ നൽകേണ്ട അനിവാര്യസാഹചര്യം ഉണ്ടായാൽ അത് ചെയ്യുക തന്നെ വേണം. വളരെ ശ്രദ്ധയോടെ വേണം അത് ചെയ്യുവാൻ എന്ന് വിസ്മരിക്കരുത്.
ചെവിക്കു പിടിച്ചു തിരിക്കുക, ചർമത്തിൽ നുള്ളുക, തലക്കിട്ടടിക്കുക, ചെകിട്ടത്തടിക്കുക എന്നിത്യാദി ശിക്ഷകൾ പൂർണമായും വർജ്ജിക്കേണ്ടത് തന്നെയാണ്.
അടിച്ചതെന്തിന്?
കുട്ടിയുടെ പെരുമാറ്റത്തിൽ വൈകല്യങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ശിക്ഷിക്കുന്നത്. എന്നാൽ പലപ്പോഴും കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥനായ പിതാവിന്റെ വികാര പ്രകടനമായി അത് തീരാറുണ്ട്. അപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമായി ശിക്ഷകൾ തീരുകയും ചെയ്യും.
ഞാൻ സാക്ഷ്യം വഹിച്ച ഒരു സംഭവം ഓർമയിൽ ഉണ്ട്. മാത്യൂസ് സർ ഒരു പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ആണ് ( പേര് സാങ്കല്പികം ). ഒന്നാം ക്ലാസ്സിലെ കുട്ടി എന്തോ അനുസരണക്കേടു കാണിച്ചു. പിന്നെ അടിയുടെ പൂരം ആയിരുന്നു. ഒരു തടി സ്കെയിൽ ആയിരുന്നു സാറിന്റെ ആയുധം. പിറ്റേന്ന് രാവിലെ കുട്ടിയുടെ അച്ഛൻ പരാതിയുമായി സ്കൂളിൽ വന്നു. അഞ്ചു വയസ്സുകാരന്റെ പുറം മുഴുവൻ അപ്പോഴും അടിയുടെ പാട് തിണർത്തു കിടക്കുന്നുണ്ടായിരുന്നു. അച്ഛൻ കുട്ടിയുടെ ഉടുപ്പൂരി കാണിച്ചു.
"എന്തിനാ സാറെ എന്റെ മോനെ ഇങ്ങനെ അടിച്ചത്?" അച്ഛൻ ചോദിച്ചു.
"അവൻ മറ്റു കുട്ടികളുമായി വഴക്കുണ്ടാക്കിയതിന്," സാറിന്റെ മറുപടി.
"സാറ് ആവശ്യമെങ്കിൽ മോനെ അടിച്ചോ. വിരോധമില്ല. പക്ഷെ ഒരു വടി എടുത്തു അവന്റെ കൈയിൽ അടിച്ചു കൂടായിരുന്നോ? കാളയെ തല്ലുന്നത് പോലെ ഇങ്ങനെ തല്ലണമായിരുന്നോ?" അച്ഛന്റെ ചോദ്യം വീണ്ടും.
സാറിന്റെ മറുപടി വിചിത്രം ആയിരുന്നു, "വടി ഒക്കെ തപ്പി എടുത്തു വരുമ്പോഴേക്കും എന്റെ ദേഷ്യം കെട്ടടങ്ങി പോകും. അതുകൊണ്ടാണ് കിട്ടിയത് കൊണ്ട് തല്ലിയത്."
ഇവിടെ ഒരു ചോദ്യം. എന്തിനാണ് സാറ് കുട്ടിയെ തല്ലിയത്?
അത് കുട്ടി ചെയ്ത തെറ്റിന്റെ ശിക്ഷ ആയിരുന്നില്ല. സാറിന്റെ ദേഷ്യത്തിന് ഒരു നിർഗമനമാർഗം ആയിരുന്നു ആ ശിക്ഷ. ഇതിനെ ശിക്ഷ എന്ന് വിളിക്കാൻ പാടില്ല. പീഡനം എന്ന വിഭാഗത്തിലാണ് ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത്. ഇതുമൂലം കുട്ടിയുടെ സ്വഭാവസംരക്ഷണം സംഭവിക്കുകയില്ല. മറിച്ചു അവൻ കൂടുതൽ വിനാശകാരിയാകാനേ അത് സഹായകരമാകുകയുള്ളു. ശരിയല്ലാത്ത രീതിയിൽ ശാരീരികശിക്ഷക്ക് വിധേയരാകുന്ന പല കുട്ടികളുടെയും മാനസികാവസ്ഥ, ശാരീരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടവരുടേതിന് തുല്യമായി തീരാറുണ്ട് എന്നും നാം വിസ്മരിക്കരുത്. ശാരീരികശിക്ഷകളിലെ മറ്റു ചില അപകടങ്ങൾ കൂടെ ശ്രദ്ധിക്കുക.
ഒരു തെറ്റിന് തട ആയോ, ചെയ്ത തെറ്റിന്റെ ശിക്ഷയായോ, ശാരീരികശിക്ഷ നൽകുമ്പോൾ കുട്ടിക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. തനിക്കു ലഭിച്ച ശിക്ഷയെ, ശിക്ഷ ആയിട്ടാവണമെന്നില്ല കുട്ടി പരിഗണിക്കുന്നത്. ഉപദ്രവമായിട്ടോ പീഡ ആയിട്ടോ അവൻ അത് കരുതും. തന്മൂലം, പ്രശ്നം ഉണ്ടാകുമ്പോളൊക്കെയും വയലൻസ് ( അടി ) കൊണ്ട് അതിനു പരിഹാരം കണ്ടെത്താം എന്ന് ഒരു ചിന്ത കുട്ടിയുടെ മനസ്സിൽ രൂഢമൂലമാകും.
‘പ്രശ്നമുണ്ടായോ, അടിച്ചു തീർക്കാം’ എന്ന ചിന്ത. കാരണം, കുട്ടിയുടെ ഏറ്റവും വലിയ മാതൃക മാതാപിതാക്കൾ തന്നെയാണല്ലോ. ഗുണമായാലും ദോഷമായാലും അവരിൽ നിന്നാണല്ലോ കുട്ടി ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഇവിടെ അച്ഛൻ അടിച്ചാണല്ലോ പ്രശ്നം പരിഹരിച്ചത്. തനിക്കും ഭാവിയിൽ ഇത് തന്നെ ചെയ്യാം. ഇങ്ങനെ ഒരു ചിന്ത മനസ്സിൽ കടന്നു കൂടിയാൽ അത് അപകടമാണ്.