Feb 14 • 5M

മനഃശാസ്ത്ര കാഴ്ചപ്പാടുകൾ - ഭാഗം 1

പ്ലേറ്റോ മുതൽ വില്യം ജയിംസ് വരെ

Rahul Nair
Comment
Share
 
1.0×
0:00
-5:05
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

'ഭൂമി പരന്നതാണ്.' ഫെർഡിനൻറ് മെഗല്ലൻ ഭൂമി ചുറ്റി സഞ്ചരിച്ച് ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുന്നതു വരെ ഈ ധാരണ നിലനിന്നു. മെഗല്ലൻ ഒരു യാഥാർത്ഥ്യത്തെയല്ല മാറ്റിമറിച്ചത് - ഭൂമി എന്നും ഉരുണ്ടത് തന്നെയായിരുന്നു. ഭൂമിയെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടിനെയാണ് അവിടെ മെഗല്ലൻ തിരുത്തിയത്. കാഴ്ചപ്പാടുകൾ വളരെ പ്രധാനമാണ്. ഒരു കാര്യത്തെ വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കിക്കാണുവാൻ ഇത് നമ്മെ സഹായിക്കുന്നു. മനശ്ശാസ്ത്രത്തിൽ ഇത് വളരെ പ്രധാനമാണ്. മനഃശാസ്ത്രത്തിൻ്റെ ചരിത്രത്തിലുടനീളം മനുഷ്യമനസിനെപ്പറ്റിയും പെരുമാറ്റങ്ങളെപ്പറ്റിയും നിരവധി ആശയങ്ങളും കാഴ്ചപ്പാടുകളും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതിൽ ചിലത് ഉപേക്ഷിക്കപ്പെട്ടെങ്കിൽ ചിലത് ഇന്നും നമ്മളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

നമ്മെയും മറ്റുള്ളവരെയും പൂർണ്ണമായും മനസിലാക്കുന്നതിന് മനഃശാസ്ത്രപരമായ കാഴ്ചപ്പാടുകളെ കൃത്യമായി വീക്ഷിക്കേണ്ടത് ആവശ്യമാണ്.

മനഃശാസ്ത്രത്തിൻ്റെ വേരുകളും മനുഷ്യമനസിനെയും പെരുമാറ്റത്തെയും പ്രതിപാദിക്കുന്ന ശാസ്ത്രമായുള്ള അതിൻ്റെ വളർച്ചയിലേക്കുള്ള വഴികളും മനസിലാക്കിയാൽ മാത്രമേ മനഃശാസ്ത്രം ഇന്നെന്താണെന്നും നാളെ അതിൽ എന്ത് മാറ്റമാണ് ഉണ്ടാവാൻ സാധ്യതയുള്ളതെന്നും അറിയാൻ സാധിക്കൂ.

മനഃശാസ്ത്രത്തിൻ്റെ ചരിത്രം എന്നു പറയുന്നത് മനുഷ്യ മനസിനെയും പെരുമാറ്റത്തെയും പറ്റിയുള്ള നമ്മുടെ ഗ്രാഹ്യത്തെ സഹായിക്കുന്ന, ഇപ്പോഴും അനാവൃതമായിക്കൊണ്ടിരിക്കുന്ന ആഖ്യാനമാണ്. പുതിയ ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്നത് അനുസരിച്ച് മാറുകയും വികസിക്കുകയും ചെയ്യുന്ന ആഖ്യാനമാണ്. മനുഷ്യൻ്റെ പെരുമാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ മനഃശാസ്ത്രജ്ഞർ നമ്മൾ എങ്ങനെ പെരുമാറുന്നു, എന്തു കൊണ്ട് പെരുമാറുന്നു എന്നതിനെയൊക്കെ സ്വാധീനിക്കുന്ന നമ്മുടെ ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവും പാരിസ്ഥിതികവുമായ ഘടകങ്ങളെപ്പറ്റി സമഗ്രമായ പഠനം നടത്താൻ താൽപ്പര്യപ്പെടുന്നു. മനഃശാസ്ത്രം എന്ന വിഷയത്തിൻ്റെ വ്യാപ്തി വിശാലമാണ്. അതിന് തത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും മാത്രമല്ല, ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വേരുകളുണ്ട്.

മനഃശാസ്ത്രം എന്ന വിഷയത്തിൻ്റെ വ്യാപ്തി, മനുഷ്യൻ്റെ പെരുമാറ്റത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് കാരണമായിട്ടുണ്ട്.

ഇന്ന് നമുക്ക് മനഃശാസ്ത്രത്തിലെ പ്രധാനപ്പെട്ട കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കാം.

മനസും ശരീരവും എന്ന സമസ്യക്ക്  മനഃശാസ്ത്രത്തിൽ വളരെയേറെ കാലപ്പഴക്കമുണ്ട്. പ്രാചീന ചിന്തകർ ചോദിച്ച ചോദ്യമിതാണ്: മനസ് ശരീരത്തിന്റെ ഭാഗമാണോ അതോ പ്രത്യേകം ഒരു ഘടകം ആണോ? ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോ (427-347 BCE) ശാസ്ത്രത്തിന്റെ വലിയ ഒരു ആരാധകൻ ആയിരുന്നില്ല. അറിവുകൾ നേടിയെടുക്കുന്നത് ചിന്തിക്കുന്നതിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്ലേറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടിൽ (384-322 BCE) മനസും ശരീരവും തമ്മിൽ അഗാധമായ ബന്ധം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. മാനസികക്ഷേമം ശരീരത്തെയും മനസിനെയും ഒരുപോലെ ആശ്രയിച്ചിരിക്കുന്നു എന്ന ആശയം ഉൾപ്പെടെ നിരവധി സംഭാവനകൾ അരിസ്റ്റോട്ടിൽ മനഃശാസ്ത്രത്തിന് നൽകിയിട്ടുണ്ട്. ആദ്യകാലത്ത് ഗ്രീക്കുകാർ വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനും ശാസ്ത്രജ്ഞനുമായ റെനെ ഡെയ്കാർട്ട് (1596-1650) മനസ് - ശരീരം എന്ന സംവാദം പുനരാരംഭിക്കുന്നതു വരെ പിന്നീട് മനഃശാസ്ത്രത്തിലും തത്വചിന്തയിലും കാര്യമായ മുന്നേറ്റം ഉണ്ടായിരുന്നില്ല. ശരീരം ഒരു ഭൗതിക സത്തയാണെന്നും അത് ഭൗതിക നിയമങ്ങൾക്ക് വിധേയമാണെന്നും ഡെയ്കാർട്ട് അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ മനസിനെ ശാസ്ത്രരീതികൾ ഉപയോഗിച്ച് വിശകലനം ചെയ്യാൻ സാധിക്കില്ല എന്നും അതിനാൽ മനഃശാസ്ത്രം ശാസ്ത്രമല്ല എന്നും അദ്ദേഹം പറഞ്ഞു.

റാഷണലിസം അഥവാ യുക്തിവാദം എന്ന ആശയത്തിന് ഡെയ്ക്കാർട്ടിന്റെ പ്രവർത്തനങ്ങൾ ഒരുപാട് സംഭാവനകൾ നൽകി. യുക്തിയിലൂടെ സത്യത്തെ പിന്തുടരുക എന്നതായിരുന്നു യുക്തിവാദത്തിൻ്റെ പ്രധാന ലക്ഷ്യം. മനസും ശരീരവും വെവ്വേറെ അസ്തിത്വങ്ങളാണെന്നും അവയെ അങ്ങനെ തന്നെ പരിഗണിക്കണമെന്നും ഡെയ്ക്കാർട്ട് വിശ്വസിച്ചു. ഇതിനെയാണ് കാർട്ടേഷൻ ഡ്യുയലിസം എന്നറിയപ്പെടുന്നത്. ഇങ്ങനെ ഡ്യുയലിസത്തിൽ വിശ്വസിച്ചിരുന്നെങ്കിലും മനസും ശരീരവും പരസ്പരം ഇടപഴകുന്നുണ്ടെന്നും ഡെയ്കാർട്ട് അഭിപ്രായപ്പെട്ടു. ഈ ആശയം ആധുനിക മനഃശാസ്ത്രത്തിൻ്റെ വികാസത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഡെയ്ക്കാർട്ടിന്റെ ഡ്യുവലിസം എന്ന ആശയത്തെ വികസിപ്പിച്ച് ജർമ്മൻ ശാസ്ത്രജ്ഞരായ എർണസ്റ്റ് വെബറും (1795-1878) ഗുസ്താവ് ഫെഷ്നറും (1801-1887) 1800 കളുടെ മധ്യത്തിൽ മനസും ശരീരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുകയും സൈക്കോഫിസിക്സ് എന്ന പഠനശാഖയ്ക്ക് തുടക്കമിടുകയും ചെയ്തു. മാനസികമായ അനുഭവങ്ങൾ ശാരീരികമായ ഉത്തേജനങ്ങളെ എങ്ങനെ ആശ്രയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് സൈക്കോഫിസിക്സ്. പതിയെ ഡെയ്ക്കാർട്ടിൻ്റെ റാഷണലിസത്തിൻ്റെ സ്ഥാനത്ത് എംപിരിസിസം അഥവാ അനുഭവവാദം വന്നു. അതായത് യുക്തിയിലൂടെ സത്യത്തെ തിരയുന്നതിന് പകരം അനുഭവത്തിലൂടെയും നിരീക്ഷണങ്ങളിലൂടെയും സത്യത്തെ അന്വേഷിക്കാൻ തുടങ്ങി.

ഇന്ന് നമ്മൾ തുടക്കക്കാലത്തുണ്ടായിരുന്ന മനഃശാസ്ത്രത്തിലെ കാഴ്ചപ്പാടുകളെപ്പറ്റി വിവരിക്കുകയും കാലക്രമേണ അതിൽ വന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുകയും ചെയ്തു. അടുത്ത ഭാഗത്തിൽ മനഃശാസ്ത്രത്തിലുണ്ടായ മറ്റ് പ്രധാന കാഴ്ചപ്പാടുകളെപ്പറ്റി നമുക്ക് പറയാം.