Feb 28 • 5M

മനഃശാസ്ത്ര കാഴ്ചപ്പാടുകൾ ഭാഗം - 3

സിഗ്മണ്ട് ഫ്രോയ്ഡ് മുതൽ സ്കിന്നർ വരെ

Rahul Nair
Comment
Share
 
1.0×
0:00
-4:40
Open in playerListen on);
Episode details
Comments

Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ഇന്നത്തെ ഭാഗത്തിൽ നമുക്ക് സിഗ്മണ്ട് ഫ്രോയ്ഡ് മുതൽ സ്കിന്നർ വരെയുള്ളവരുടെ മനഃശാസ്ത്രകാഴ്ചപ്പാടുകൾ പരിചയപ്പെടാം.

സൈക്കോ അനാലിസിസിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡിന്റെ പ്രവർത്തനങ്ങളെ നമുക്കു സൈക്കോഡിനാമിക് കാഴ്ചപ്പാടുകളുമായി ചേർത്തു വായിക്കാം. ഈ കാഴ്ചപ്പാടിലൂടെ അബോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കുട്ടികളിലെ ഏറ്റവും പ്രധാനപ്പെട്ട വളർച്ചാകാലഘട്ടമായ 3 മുതൽ 5 വയസ് വരെയുള്ള സമയത്ത്‌ രൂപപ്പെടുന്ന പ്രചോദനങ്ങളെ വിലയിരുത്തി പെരുമാറ്റത്തിന്റെ കാരണങ്ങളെ മനസിലാക്കാൻ ശ്രമങ്ങൾ നടത്തി.

19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ യുവ ഫിസിഷ്യനായിരുന്ന ഫ്രോയ്ഡ് പ്രത്യേകിച്ചു മെഡിക്കൽ കാരണങ്ങളൊന്നുമില്ലാതെ പലതരം ശാരീരിക ലക്ഷണങ്ങളോടെ എത്തിയ നിരവധി രോഗികളെ പരിശോധിച്ചു. അതുപോലെ തന്നെ പല തരത്തിലുള്ള ഭയങ്ങൾ ഉള്ള രോഗികളെയും അദ്ദേഹം ചികിത്സിച്ചു. കൃത്യമായ മെഡിക്കൽ വിശദീകരണത്തിന്റെ അഭാവത്തിൽ ഈ പ്രശ്‌നങ്ങൾ മാനസികപരമായിരിക്കുമെന്നും തിരിച്ചറിയപ്പെടാതെ മറഞ്ഞിരിക്കുകയായിരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

രോഗികൾ അവരുടെ ചിന്തകളെ വാക്കുകൾ കൊണ്ട് വിവരിക്കേണ്ടി വരുന്ന ഫ്രീ അസോസിയേഷൻ എന്ന രീതിയാണ് ഫ്രോയ്ഡ് ഉപയോഗിച്ചത്. പിന്നീട് അദ്ദേഹം അബോധാവസ്ഥയിലുള്ള മാനസിക ശക്തികളുടെ പരിശോധന ഉൾപ്പെടുന്ന സൈക്കോ അനാലിസിസ് എന്ന ചികിത്സാ രീതി വികസിപ്പിച്ചു.

കുട്ടിക്കാലത്ത് നമ്മുടെ ഉള്ളിലുള്ള ലൈംഗികവും അക്രമണാത്മകവുമായ ചോദനകൾ അടിച്ചമർത്തപ്പെടുകയും പിന്നീട് അത് തിരിച്ചറിയുമ്പോൾ ഭയവും ഉത്കണ്ഠയും ഉണ്ടാവാറുണ്ടെന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. ഫ്രോയ്ഡിൻ്റെ അഭിപ്രായത്തിൽ ഉത്കണ്ഠയെ നേരിടാൻ സഹായിക്കുന്ന മനഃശാസ്ത്രപരമായ പ്രതിരോധസംവിധാനങ്ങൾ വികസിപ്പിക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

ഫ്രോയ്ഡ് മനുഷ്യമനഃശാസ്ത്രത്തിലെ മഹത്തായ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയും പിന്നീട് വന്ന മേലനീ ക്ലെയിൻ ഉൾപ്പെടെ നിരവധി പേർ വിപുലീകരിക്കുകയും ചെയ്‌തു. ഡെവലപ്‌മെന്റൽ സൈക്കോളജിയിൽ ക്ലെയിന്റെ സംഭാവന പ്ലേ തെറാപ്പിയുടെ രൂപത്തിൽ ഇന്നും നമ്മുടെ മുൻപിൽ ഉണ്ട്.

ഫ്രോയ്ഡിന്റെ ആശയങ്ങൾ സ്വപ്നങ്ങളുടെ വിശകലനത്തിനും ഓർമ്മശക്തിയുടെയും മാനസികവൈകല്യങ്ങളുടെയും ഔപചാരിക പഠനത്തിനും സഹായകമായിട്ടുണ്ട്.

ഫ്രോയ്ഡിന്റെ പല സിദ്ധാന്തങ്ങളും സമകാലിക മനഃശാസ്ത്രം നിരസിച്ചിട്ടുണ്ടെങ്കിലും അബോധാവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും അബോധ ചിന്തകൾ വഴി പെരുമാറ്റം നിർണ്ണയിക്കാം എന്ന ആശയവും ആധുനിക മനഃശാസ്ത്രത്തിൽ ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ബിഹേവിയറിസ്റ്റ് കാഴ്‌ചപ്പാട്‌ നമ്മുടെ പെരുമാറ്റത്തിൽ പരിസ്ഥിതിയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നു. മനഃശാസ്ത്രം ആത്മനിഷ്ഠവും അശാസ്ത്രീയവുമായി മാറുകയാണെന്ന് ബിഹേവിയറിസ്റ്റുകൾ ആശങ്കപ്പെട്ടിരുന്നു.

1910കളിൽ ജോൺ ബി വാട്സൺ നിലവിലുണ്ടായിരുന്ന സ്ട്രക്ചറിലസ്റ്റ്, ഫംഗ്ഷണലിസ്റ്റ്, സൈക്കോഡൈനാമിക്ക് സമീപനങ്ങളെ എല്ലാം എതിർത്തു. പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന പെരുമാറ്റങ്ങൾ മാത്രമാണ് മനഃശാസ്ത്രം വിശകലനം ചെയ്യേണ്ടതെന്ന് വാട്സൺ വിശ്വസിച്ചു.

ബിഹേവിയറിസ്റ്റ് കാഴ്ചപ്പാട് വികസിപ്പിക്കുന്നതിൽ ബി.എഫ്.സ്കിന്നർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ശിക്ഷണത്തിലൂടെയും ബലപ്പെടുത്തലിലൂടെയും പെരുമാറ്റത്തെ എങ്ങനെ മാറ്റിയെടുക്കാം എന്ന് മനസിലാക്കുന്നതിനായി അദ്ദേഹം എലികളിൽ പരീക്ഷണം നടത്തി. പ്രകടമായ പെരുമാറ്റത്തിനപ്പുറം അതിൻ്റെ ഫലങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

സ്കിന്നറിൻ്റെ സമീപനം റാഡിക്കൽ ബിഹേവിയറിസം എന്ന് അറിയപ്പെട്ടു. പരിസ്ഥിതിയുപയോഗിച്ച് പെരുമാറ്റത്തെ ഫലപ്രദമായ രീതിയിൽ സമൂഹത്തിന് മാറ്റിയെടുക്കാൻ കഴിയും എന്ന് ഈ സമീപനത്തിലൂടെ സ്കിന്നർ അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ഘടകങ്ങൾ ഉപയോഗിച്ച് പോസിറ്റീവ് പെരുമാറ്റങ്ങൾ കൂട്ടുകയും നെഗറ്റീവ് പെരുമാറ്റങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ബിഹേവിയർ മോഡിഫിക്കേഷൻ എന്ന പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമീപനം ആണ് ബിഹേവിയറിസം.

1950കളിൽ സ്കിന്നർ പ്രോഗ്രാംഡ് ലേർണിംഗ് എന്ന ആശയം വികസിപ്പിച്ചു. 1960കളിൽ പഠനത്തെ കുറിച്ചുള്ള ഗവേഷണങ്ങളിൽ സൈക്കോഡൈനാമിക് കാഴ്ചപ്പാടിനെ വെല്ലുവിളിച്ചു കൊണ്ട് ബിഹേവിയറിസത്തിന്റെ ആധിപത്യം ആയിരുന്നു.