Dec 29, 2021 • 8M

വാക്ക്; വാഴ്ത്താനും വീഴ്ത്താനും

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-8:14
Open in playerListen on);
Episode details
Comments

നാം സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്നവയാണ്. പലപ്പോഴും നിരുപദ്രവമെന്ന് പുറമേ തോന്നിപ്പിക്കാവുന്ന വാക്കുകൾക്ക് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകണത്തിന്റെ ആദ്യ കാലഘട്ടമെന്ന നിലയിൽക്കൂടി, കുട്ടിയായിരിക്കുമ്പോൾ ഒരു വ്യക്തി കേൾക്കുന്ന വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രോത്സാഹനം നിറഞ്ഞ വാക്കുകൾക്കൊപ്പം, മുറിപ്പെടുത്തുന്ന വാക്കുകളും ഒരു വ്യക്തി ഭാവിയിൽ ഓർക്കും. പ്രോത്സാഹനം നിറഞ്ഞ വാക്കുകൾ ഒരു വ്യക്തിയെ കൂടുതൽ മുന്നേറാനുള്ള ചാലക ശക്തിയാകുമെങ്കിൽ മുറിപ്പെടുത്തുന്ന വാക്കുകൾ ആ വ്യക്തിയുടെ ജീവിതത്തെ തന്നെ തകർക്കാൻ പര്യാപ്തമാണ്.

 ഒരു സാധാരണ കുടുംബത്തിൽ പിറന്ന കുട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ. തങ്ങൾക്കു കഴിവില്ലാതിരുന്നിട്ടു കൂടി ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലയച്ചാണ് മാതാപിതാക്കൾ ഉണ്ണികൃഷ്ണനേ പഠിപ്പിച്ചത്. തങ്ങളുടെ മകനിലൂടെ നല്ല ഒരു ഭാവി അവർ സ്വപ്നം കണ്ടു. സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഒരു ദിവസം അധ്യാപിക പുസ്തകത്തിലെ ഒരു അധ്യായം വായിക്കാൻ പറഞ്ഞു. വായിക്കുന്നതിനിടെ ഏതോ ഒരു വാക്ക് ഉച്ചരിക്കാൻ പ്രയാസപ്പെട്ടതും, ഉടൻ അധ്യാപിക ചോദിച്ചു. "നിനക്കെന്താ വിക്കുണ്ടോ?" ആ ചോദ്യം കേട്ടപ്പോൾ മുതൽ ഉണ്ണിക്കൃഷ്ണന്റെ മനസ്സിൽ മറ്റൊരു ആശങ്ക വളരാൻ തുടങ്ങി. തനിക്ക് വിക്കുണ്ടോ? തനിക്ക് വിക്ക് വരുമോ? തന്റെ സഹോദരനും വിക്കുള്ളതുകൊണ്ട് തനിക്കും വരുമോയെന്ന് അധ്യാപിക പറഞ്ഞപ്പോൾ മുതൽ ഉണ്ണികൃഷ്ണൻ ആശങ്കപ്പെടാൻ തുടങ്ങി. അതുവരെ വിക്കില്ലാത്ത, സാധാരണ പോലെ എല്ലാവരോടും സംസാരിക്കുന്ന കുട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ. എന്നാൽ, അധ്യാപിക 'നിനക്ക് വിക്കുണ്ടോ' യെന്ന് ചോദിച്ചതു മുതൽ മറ്റുള്ളവരുമായി സംസാരിക്കാൻ തന്നെ ഉണ്ണിക്കൃഷ്ണൻ ഭയന്നു.

സംസാരിക്കുമ്പോൾ തനിക്കു വിക്കു വരുമോയെന്ന് പേടിച്ച് ബസിൽ സ്കൂളിലേക്ക് യാത്ര ചെയ്യുമ്പോൾ, കണ്ടക്ടറോട് പറയാനുള്ള സ്റ്റോപ്പിന്റെ പേര് പേപ്പറിൽ എഴുതി കൈയിൽ സൂക്ഷിച്ചു.

അതു വരെ വിക്കില്ലാതിരുന്ന ഉണ്ണിക്കൃഷ്ണന്, അധ്യാപിക ആ ഒരു വാക്കു പറഞ്ഞതിന്റെ അടുത്ത ദിവസം തന്നെ സംസാരിക്കാൻ പ്രശ്നമനുഭവപ്പെട്ടു. അതൊരു ഭയമായി വളർന്നതും, മറ്റുള്ളവർ കളിയാക്കുമെന്ന് ഭയന്ന്, അമ്മയുടെ അടുത്ത് നിന്നും കത്തു വരെ വാങ്ങിച്ച് സ്കൂളിൽ കൊടുത്തു. ഉണ്ണിക്കൃഷ്ണനോട്‌, ചോദ്യങ്ങൾ ചോദിച്ച് അവനെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു കത്തിലെ സാരം. മറുപടി പറയുമ്പോൾ വിക്കുമോ, മറ്റുള്ളവർ കളിയാക്കുമോയെന്ന പേടിയായിരുന്നു ഈ കത്തിനു പിന്നിൽ. എന്നാൽ കത്ത് കൊടുത്തതോടെ ക്ലാസിലും അവഗണിക്കപ്പെട്ടു. പിൻബഞ്ചിലേക്ക് സ്ഥാനം മാറി. കൂട്ടുകാർ പോലും കുറഞ്ഞു. പതിയെ ക്ലാസിലും ഒറ്റപ്പെട്ടു. ആയിടയ്ക്കാണ് സ്കൂളിൽ നാടകമൽസരം നടക്കുന്നത്. എവിടെയും പിന്തള്ളപ്പെട്ടു പോകാതിരിക്കാനായി നാടകത്തിൽ തനിക്കും അഭിനയിക്കണമെന് ഉണ്ണിക്കൃഷ്ണന് തോന്നി.

അങ്ങനെ, പഴയ അധ്യാപികയ്ക്കായിരുന്നു നാടകത്തിന്റെ ചാർജ്. അധ്യാപികയോട് സംസാരിച്ചെങ്കിലും നിരുൽസാഹപ്പെടുത്തുന്ന മറുപടിയായിരുന്നു ലഭിച്ചത്. എങ്കിലും പിൻമാറാതെ, വീണ്ടും വീണ്ടും ചോദിച്ചതും ഒരു ഭടന്റെ വേഷം കൊടുത്തു. രണ്ടു വാക്കുകൾ മാത്രമായിരുന്നു ഡയലോഗ്. എന്നാൽ ഉണ്ണിക്കൃഷ്ണൻ നാടകത്തിലുണ്ടെന്നറിഞ്ഞ ആ ഹൗസിലെ മറ്റു വിദ്യാർത്ഥികൾ 'നീ ഞങ്ങളെ തോൽപ്പിക്കാൻ വന്നതാണോ'യെന്നാണ് ചോദിച്ചത്.

പക്ഷെ, രണ്ടു വാക്കേയുള്ളൂ, അത് നന്നായി അവതരിപ്പിക്കുമെന്ന് ഉറച്ച് ഉണ്ണിക്കൃഷ്ണൻ പ്രാക്ടീസ് ചെയ്തു. അവസാനം നാടകത്തിന്റെ അവസാന ദിനം വന്നെത്തി. സ്റ്റേജിലെത്തിയതും, ഡയലോഗ് പറയുന്ന സമയത്ത് വീണ്ടും ഭയം തലപൊക്കി. ഒടുവിൽ വിക്ക് പേടിച്ച് ഡയലോഗ് പറയാൻ പറ്റാത്ത അവസ്ഥയായി. നാടകം കഴിഞ്ഞതും അധ്യാപികയും മറ്റു കൂട്ടുകാരുമെല്ലാം കണക്കറ്റ് പരിഹസിച്ചു. വഴക്കു പറഞ്ഞു. അതോടെ, നേരാംവണ്ണം സംസാരിക്കാൻ പോലും കഴിയാത്ത താൻ ഇനി ജീവിച്ചിരിക്കാൻ പോലും അർഹനല്ല എന്നു തോന്നിപ്പോയി ഉണ്ണിക്കൃഷ്ണന്.

കലുഷിതമായ മനസ്സുമായി ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്തു വച്ച്, സൂപ്പർ ഫാസ്റ്റ് ബസിനു മുന്നിലേക്ക് ചാടി. മരിക്കുമെന്നുറച്ചു തന്നെയാണ് ചാടിയത്. പക്ഷെ, പെട്ടെന്ന് ബ്രേക്കിട്ടതിനാൽ ഒന്നും സംഭവിച്ചില്ല.

"നീയെന്താ ചാകാനിറങ്ങിയതാണോ" എന്നുള്ള ആളുകളുടെ ദേഷ്യം നിറഞ്ഞ വാക്കും കേട്ട് വീട്ടിലേക്ക്.

വരാന്തയിൽ അമ്മയുണ്ടായിരുന്നു. ഒന്നും മിണ്ടാതെ മുറിക്കുള്ളിൽ കയറി കതകടച്ചു. എങ്ങനെയും മരിക്കണം. ഈ നാണക്കേട് സഹിച്ച് ഇനി ജീവിക്കണ്ട എന്നു മനസ്സിലുറപ്പിച്ചു പറഞ്ഞു. മുറിയിൽ കിടന്ന ബെഡ്ഷീറ്റിൽ കുരുക്കുണ്ടാക്കി, ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ തീരുമാനിച്ചു. ബെഡ്ഷീറ്റെടുത്ത്, പിരിക്കുന്നതിനിടയിൽ മുറിയിൽ മുട്ടു കേട്ടു. വാതിൽ തുറന്നപ്പോൾ അമ്മയാണ്. കൈയിൽ കടുംചായയും മിക്സ്ചറുമാണ്. അത് കൈയിലേക്ക് കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.

"മോനെ, മോനെന്തോ പ്രയാസമുണ്ടെന്ന് അമ്മയ്ക്കറിയാം, മോന്റെ പ്രയാസം മനസ്സിലാക്കുന്നതിനുള്ള വിദ്യാഭ്യാസമൊന്നും അമ്മയ്ക്കില്ല. പക്ഷെ, നിന്നെ പെറ്റത് തോൽക്കാനല്ല."

കതകടച്ചു. രാത്രിയായി. വീണ്ടും ആത്മഹത്യ ചെയ്യാനുള്ള ചിന്ത മനസ്സിൽ വന്നപ്പോഴൊക്കെ അമ്മയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ, ആ തീരുമാനത്തിൽ നിന്നു പിൻമാറി. തോൽക്കാനല്ല, ജയിക്കാനാണ് ജീവിതമെന്ന് മനസ്സിലുറച്ചു.

ഇതിനിടയിൽ, ഒരു റോഡപകടത്തിൽ അച്ഛനും വിട്ടു പിരിഞ്ഞു. ഡിഗ്രി കഴിഞ്ഞതും അമ്മയുടെ അടുത്തെത്തി.  ആ സമയം ക്യാംപസ് റിക്രൂട്ട്മെന്റ് വഴി ഒരു ജോലി ശരിയായിരുന്നു.

"മോനേ, നമുക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടല്ലെ, നീ ആ ജോലിക്കു ചേരുകേലെ?"

എന്ന് അമ്മ ചോദിച്ചു.

"അമ്മേ, എനിക്ക് ഇനിയും പഠിക്കണം. പി.ജി. ചെയ്യണം. യു.കെ.യിൽ പോകണം" ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

'മോന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ ചെയ്തോ. ട്രെയിനിലൊക്കെ സൂക്ഷിച്ചു പോണം."

യു.കെ. ഉത്തരേന്ത്യയിലുള്ള സ്ഥലമാണെന്നോർത്ത് അമ്മ പറഞ്ഞു.

" അമ്മേ, യു.കെ. എന്നാൽ ഇംഗ്ലണ്ടിൽ പോകുന്ന കാര്യമാ" - ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

"മോനേ, എന്റെ കൈയിൽ ആകെയുള്ളത് ഈ വളയാ. ഇതു വിറ്റു കിട്ടുന്ന കാശ് കൊണ്ട് പോകാൻ പറ്റുമെങ്കിൽ പോയ്ക്കോ" - അമ്മ വളയൂരിക്കൊടുത്ത് കൊണ്ട് പറഞ്ഞു.

വേണ്ടമ്മേ, ഞാനല്ലാതെ ശ്രമിക്കാം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പല ബാങ്കുകളിൽ വിദ്യാഭ്യാസ വായ്പയ്ക്കായി കയറിയിറങ്ങി. ഒടുവിൽ ഒരു ബാങ്കിലെ മാനേജർ സ്വന്തം റിസ്കിൽ വായ്പ തരാൻ തയാറായി. അങ്ങനെ യു.കെ.യിലേക്ക്. മികച്ച യൂണിവേഴ്സിറ്റിയിൽ പി.ജി. പൂർത്തിയാക്കി. തുടർന്ന്, അവിടെ തന്നെ ബിസിനസ് തുടങ്ങി. നാൽപ്പതോളം ജീവനക്കാർ. വീണ്ടും തിരിച്ചടി. ബിസിനസിൽ നഷ്ടം, കടബാധ്യത. വീണ്ടും നാട്ടിലേക്ക്. നാട്ടിലെത്തി പത്തു വർഷത്തോളം ഒരു സ്ഥാപനത്തിൽ പ്രവർത്തിച്ചു. കടങ്ങളെല്ലാം കുറേശ്ശെ വീട്ടിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് സൈക്കോളജിയിൽ താൽപര്യം ജനിച്ചത്. അങ്ങനെ സൈക്കോളജിയിൽ പി.ജി. ചെയ്തു.

സൈക്കോളജിസ്റ്റായി പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് പണ്ട് പഠിച്ച സ്കൂളിൽ പ്രഭാഷണം നടത്താനായി വിളിക്കുന്നത്. പ്രഭാഷണം കഴിഞ്ഞതും സ്റ്റാഫ് റൂം എവിടെയാണെന്ന് ഉണ്ണിക്കൃഷ്ണൻ ചോദിച്ചു. അവിടെ ചെന്നതും പഴയ അധ്യാപിക ഇപ്പോഴുമുണ്ട്. സ്വയം പരിചയപ്പെടുത്തിയതും അധ്യാപികയുടെ ആദ്യ ചോദ്യം :

' ആ പഴയ വിക്ക് ഇപ്പോഴും ഉണ്ടോടാ ?'

അതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഉണ്ണിക്കൃഷ്ണൻ പറഞ്ഞു: എന്റെ ജീവിതം തകർത്തത്‌ അന്ന് നിങ്ങൾ പറഞ്ഞ വാക്കുകളാണ്. പിന്നീട് അമ്മ പറഞ്ഞ വാക്കുകളാണ് ജീവിതം തിരിച്ചു പിടിക്കാൻ എനിക്ക് പ്രേരണയായത്. ഇനി ഒരിക്കലും ഒരു വിദ്യാർത്ഥിയുടെയുമടുത്ത് നിങ്ങൾ ഇങ്ങനെ പറയരുത്."

ഇതൊരു യഥാർത്ഥ ജീവിത കഥയാണ്. എനിക്കറിയാവുന്ന ഒരു മനശാസ്ത്രജ്ഞന്റെ ജീവിതകഥ.

ഇന്ന് ആ വ്യക്തി പിഎച്ച്ഡി ചെയ്യുകയാണ്. ജീവിതം ഒളിച്ചോടാനുള്ള തല്ലെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്. അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ്. അതിനാൽ തന്നെ താഴ്ത്തിക്കെട്ടുന്നതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും കളിയാക്കുന്നതും മുറിപ്പെടുത്തുന്നതുമായ വാക്കുകൾ അവരുടെ ജീവിതത്തെ തന്നെ തകർക്കാൻ പര്യാപ്തമാണെന്നോർക്കുക. ഇവിടെ അധ്യാപികയുടെ വാക്കുകൾ തകർക്കാമായിരുന്ന ഒരു കുട്ടിയുടെ ജീവിതത്തെ കൈപിടിച്ചുയർത്തിയത് അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു അമ്മയുടെ വാക്കുകളാണ്.

"നിന്നെ ഞാൻ പെറ്റത് തോൽക്കാനല്ല"

എന്ന ആ വാക്കുകൾ പരാജയത്തിന്റെ കയ്പുനീരിലും വിജയത്തിന്റെ ഊർജം പകരുന്നതായിരുന്നു. മകൻ ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും മകന്റെ ശരീരഭാഷയിൽ നിന്ന് ഭാവത്തിൽ നിന്ന് ഉള്ളിലുള്ള വിഷമം മനസ്സിലാക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞു.

മറ്റുള്ളവരെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയുമ്പോഴാണ് അവർക്ക് ആശ്വാസമേകാൻ സാധിക്കുന്നത്.

അതിനാൽ, ആശ്വാസത്തിന്റെ, പ്രോത്സാഹനത്തിന്റെ വാക്കുകൾ മക്കൾക്കു നൽകാം. അതവരുടെ ജീവിതത്തിന് കൂടുതൽ ഊർജ്ജം പകരും. പരാജയപ്പെടുമ്പോൾ തലമുടിയിൽ തലോടിക്കൊണ്ട് പറയാം.

"സാരമില്ല, ഇനിയും ശ്രമിക്കാമല്ലോ, തോൽവി ജീവിതത്തിന്റെ അവസാനമൊന്നുമല്ല."

നിങ്ങളോട് പറയാതെ സൈക്കിളും കൊണ്ടുപോയി അതിൽ നിന്ന് വീണ് മുറിവേൽക്കുമ്പോൾ അടിക്കുന്നതിനു പകരം പറയാം,

"സൂക്ഷിച്ച് ഓടിക്കണ്ടേ, തലയെങ്ങാനും പൊട്ടിയിരുന്നെങ്കിലോ?"

കൊച്ചു കൊമ്പു നേട്ടങ്ങളിൽ അഭിനന്ദിക്കാം.

"കൊള്ളാം, മിടുക്കൻ / മിടുക്കി " എന്നു പറയാം.

നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ, " വെരി ഗുഡ്, കുട്ടികളായാൽ ഇങ്ങനെ വേണം. നല്ല കരുണയുള്ള മനസാ നിന്റേത്"

എന്നൊക്കെ പറയാം.

പങ്കു വയ്ക്കുമ്പോൾ, ജീവികളോടും മറ്റുള്ളവരോടും കരുണ കാണിക്കുമ്പോൾ, മറ്റുള്ളവരെ സഹായിക്കുമ്പോൾ, കൊച്ചു കൊച്ചു സമ്മാനങ്ങൾ നേടുമ്പോൾ, നല്ല കുട്ടിയായിരിക്കുമ്പോൾ... ഒക്കെ ഇങ്ങനെ നല്ല വാക്കുകൾ കൊണ്ട് അവരെ ഉത്തേജിപ്പിക്കാം. അതവർക്ക് വലിയ ശക്തി പകരും. മുന്നേറാനുള്ള ശക്തി.