Oct 12, 2021 • 5M

ബന്ധങ്ങൾ വളർത്താൻ പോസിറ്റീവ് സ്ട്രോക്ക്

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-5:29
Open in playerListen on);
Episode details
Comments

സുഹൃത്തായ ഒരു വൈദികൻ പങ്കുവെച്ച അനുഭവമാണ്. അദ്ദേഹം ഓസ്ട്രേലിയയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഇടയ്ക്ക് ഇടവകാംഗങ്ങൾ വീടുകളിലേക്ക് ഭക്ഷണത്തിന് വിളിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു വീട്ടിൽ ചെന്നപ്പോൾ നല്ല കേരളീയ ശൈലിയിലുള്ള ഭക്ഷണം വീട്ടമ്മ വിളമ്പി. നാട്ടിൽ നിന്ന് കൊണ്ടുവന്ന  കുടംപുളിയൊക്കെയിട്ട മീൻകറി ജെയിംസച്ചന് ഏറേ ഇഷ്ട്ടപെട്ടു. അതായത് വളരെ നന്നായെന്ന് തുറന്ന് പറയുകയും ചെയ്തു. ഇത് കേട്ടയുടനെ ആ വീട്ടമ്മയുടെ മറുപടി. "എത്രയോ വർഷങ്ങളായി ഞാൻ പലതരത്തിലുള്ള കറികളും മറ്റും അച്ചായനുണ്ടാക്കി കൊടുക്കുന്നു പക്ഷെ ഇതുവരെ  ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ല."

അടുപ്പമുള്ളതുകൊണ്ട്, ഇക്കാര്യം ഭർത്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി

"അതിപ്പം പ്രത്യേകിച്ച് എന്ത്‌ പറയാനാ, അവളുണ്ടാക്കും ഞാനത്  കഴിക്കും."

ഒരു കൊച്ചു കുട്ടി മുതൽ വയോധികർ വരെ അഭിനന്ദനം / അംഗീകാരം / ശ്രദ്ധ  ആഗ്രഹിക്കുന്നുണ്ട്.

മറ്റുള്ളവരിൽ നിന്നു ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവും അഭിനന്ദനവും  ആ മേഖലയിലുള്ള വളർച്ചക്കും ആ വ്യക്തികളുമായുള്ള ബന്ധം കൂടുതൽ ഊഷ്‌മളമാക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ഈ അഭിനന്ദനത്തെ അഥവാ അംഗീകാരത്തെ സ്ട്രോക്ക് എന്ന പദം കൊണ്ടാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ എറിക് ബേൺ ട്രാൻസാക്ഷണൽ അനാലിസിസ്  എന്ന മനശാസ്ത്ര ശാഖയിൽ വിശേഷിപ്പിക്കുന്നത്. എല്ലാത്തരം ബന്ധങ്ങളും വളർത്താൻ വിവിധ തരം  സ്ട്രോക്കുകൾ അല്ലെങ്കിൽ അംഗീകാരങ്ങൾ ആവശ്യമാണ് .

ഒരു കുട്ടി കരയുന്നത് അതിന് ശ്രദ്ധ കിട്ടാൻ വേണ്ടിയാണ്. അപ്പോൾ ആ കുട്ടിയുടെ അടുത്ത് ചെന്ന് അമ്മ മുടിയിൽ തലോടി ഉമ്മവെയ്ക്കുമ്പോൾ അത് കുട്ടിക്ക് ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവുമാണ്.

അത്  ആ കുട്ടിയുടെ മാനസിക വ്യക്തിത്വ വളർച്ചയിൽ പോസിറ്റീവായ സ്വാധീനം ചെലുത്തുന്നു. ഇതിനെ എറിക് ബേൺ വിശേഷിപ്പിക്കുന്നത് പോസിറ്റീവ് സ്ട്രോക്ക് എന്നാണ്. അതെ സമയം കുട്ടി കിടന്ന് കരഞ്ഞാലും, തിരിഞ്ഞു നോക്കാതെ, അവഗണിക്കപ്പെട്ട് വളരുന്ന കുട്ടിക്ക് ലഭിക്കുന്നത് നെഗറ്റീവ് സ്ട്രോക്ക് ആണ്‌. അത് ആ കുട്ടിയുടെ വ്യക്തിത്വ / മാനസിക വളർച്ചയിൽ മോശമായി സ്വാധീനം ചെലുത്തുന്നു.

പെരുമാറ്റത്തിലും മനോഭാവത്തിലുമെല്ലാം, ഇങ്ങനെ അവഗണിക്കപ്പെട്ട് വളരുന്ന കുട്ടികളിൽ തെറ്റായ സ്വാധീനം നിറയുന്നത് ഭാവിയിൽ കാണാൻ സാധിക്കും.

ജർമ്മൻ നാസി സ്വേഛാദിപതിയായ അഡോൾഫ് ഹിറ്റ്ലർ ഇങ്ങനെ രണ്ടാനമ്മയിൽ നിന്നും പിതാവിൽ നിന്നും അവഗണനയും കർക്കശനിലപാടുകളും കണ്ടു വളർന്ന വ്യക്തിയാണ്.

ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്നുള്ള അംഗീകാരം ആഗ്രഹിക്കുന്നുണ്ട്. ഈ അംഗീകാരം ഒട്ടും ലഭിക്കാതെ അവഗണിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ മാനസിക നിലയെയും പെരുമാറ്റത്തെയും തന്നെ ബാധിക്കുന്നു. ഒരു കുട്ടിയുടെ കാര്യത്തിൽ വാക്കുകൾ കൊണ്ടും, ഭാവം കൊണ്ടും, സ്പർശനം കൊണ്ടും ആ കുട്ടിക്ക് ലഭിക്കുന്ന അംഗീകാരങ്ങളാണ് നല്ലൊരു വ്യക്തിത്വം രൂപീകരിക്കാൻ ആ കുട്ടിക്ക് തുണയാകുന്നത്. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് ഉച്ചിയിൽ തലോടുക, മൂർദ്ധാവിൽ ചുംബിക്കുക, ആലിംഗനം ചെയ്യുക, തലയിൽ കൈവെച്ച് അനുഗ്രഹിക്കുക, എന്നിവയൊക്കെ ഇത്തരത്തിൽ സ്പർശനപരമായുള്ള പോസിറ്റീവ് സ്‌ട്രോക്കുകളാണ്. അതേസമയം, പ്രോത്സാഹനം നിറഞ്ഞ നല്ല വാക്കുകൾ, അഭിനന്ദനങ്ങൾ എന്നിവയൊക്കെ പോസിറ്റീവ് മെന്റൽ സ്‌ട്രോക്കുകളാണ്.

പൊതുവെ ഓർഫനേജുകളിൽ വളരുന്ന കുട്ടികൾക്ക് പോസിറ്റീവ് സ്‌ട്രോക്കുകളുടെ കുറവുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറുപ്രായത്തിൽ കുടുംബാംഗങ്ങളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ ഉള്ള നല്ലവാക്കുകളും ഭാവവും സ്പർശനവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ, വളരുമ്പോൾ ഇതിനൊപ്പം സാമൂഹിക അംഗീകാരവും ഒരു വ്യക്തി ആഗ്രഹിക്കുന്നു.

പ്രോത്സാഹനമേകുന്ന നോട്ടം, വാക്ക്, ഭാവം, എല്ലാം ഇത്തരത്തിൽ പോസിറ്റീവ് സ്‌ട്രോക്കുകളാണ്.

ഓരോ വ്യക്തിയും, അവർ അംഗീകാരം ആഗ്രഹിക്കുന്ന മേഖലകൾ വ്യത്യസ്തമായിരിക്കും.

ഒരു വീട്ടമ്മ അവർ പാചകം ചെയ്യുന്ന കറിയെക്കുറിച്ചായിരിക്കാം, അല്ലെങ്കിൽ വീട് ഭംഗിയായി അലങ്കരിച്ചതിനെക്കുറിച്ചായിരിക്കാം ചിലപ്പോൾ അംഗീകാരം പ്രതീക്ഷിക്കുന്നത്. ഒരു കലാകാരൻ ആ വ്യക്തി അഭിനയിച്ച വേഷത്തെക്കുറിച്ചുള്ള പോസിറ്റീവ് കമന്റായിരിക്കാം പ്രതീക്ഷിക്കുന്നത്. ഒരു അധ്യാപിക, താൻ എടുത്ത ക്ലാസ് കുട്ടികൾക്കെല്ലാം നന്നായി മനസ്സിലായെന്നും ഇഷ്ടപ്പെട്ടെന്നും കേൾക്കുന്നത് അവരിൽ സന്തോഷം നിറയ്ക്കും.

മറ്റുള്ളവർ ചെയ്യുന്ന ഏതൊരു നല്ല കാര്യത്തെയും പ്രശംസിക്കുന്നതിനെ 'പോസിറ്റീവ് കണ്ടീഷണൽ സ്ട്രോക്' എന്ന് എറിക് ബേൺ വിശേഷിപ്പിക്കുന്നു.

ജോലിയിൽ, പഠനരംഗത്ത്, കുടുംബജീവിതത്തിൽ എല്ലാം ഇങ്ങനെ 'പോസിറ്റീവ് കണ്ടീഷണൽ സ്ട്രോക്' നൽകുന്നത് വ്യക്തിബന്ധങ്ങളും ഉത്പാദനക്ഷമതയും ഉയർത്തും.

ഒരാളോടുള്ള സ്‌നേഹം, അല്ലെങ്കിൽ ഒരാളിലെ നല്ല കാര്യങ്ങൾ, ഉപാധികളില്ലാതെ പറഞ്ഞ് അഭിനന്ദിക്കുന്നതാണ് 'പോസിറ്റീവ് അൺകണ്ടീഷണൽ സ്ട്രോക്'. ഉദാഹരണം: 'നീ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നല്ലോ', 'ഐ ലവ് യൂ', തുടങ്ങിയ വാക്കുകൾ. അതേസമയം ഒരു കാരണവും പറയാതെയുള്ള നിഷേധാത്മകമായ പ്രതികരണമാണ് അൺകണ്ടീഷണൽ നെഗറ്റീവ് സ്ട്രോക്. ഒരു കാര്യവും പറയാതെ ദേഷ്യം പ്രകടിപ്പിക്കുക, കുത്തുവാക്കുകൾ പറയുക, വെറുപ്പ് നിറഞ്ഞ ഭാവത്തോടെ നോക്കുക തുടങ്ങിയവ.       

ഇത് ബന്ധങ്ങൾ അകലാൻ ഇടയാക്കും. ആദ്യം നല്ലത് പറഞ്ഞ ശേഷം പിന്നീട് താഴ്ത്തിക്കെട്ടി പറയുന്നതാണ് 'കൗണ്ടർഫീറ്റ്  സ്‌ട്രോക്ക്'. ഉദാഹരണത്തിന്, 'ഷർട്ട് കണ്ടിട്ട് നല്ല ഭംഗിയുണ്ടല്ലോ, പക്ഷെ ലോ ക്വാളിറ്റിയാണെന്ന് തോന്നുന്നു' എന്ന വാചകം. ഇവിടെയും പറയുന്നയാൾക്ക് ഫീൽ ചെയ്യില്ലെങ്കിലും, കേൾക്കുന്നയാൾ ആദ്യം സന്തോഷിക്കുമെങ്കിലും, രണ്ടാമത്തെ വാചകം കേൾക്കുന്നതോടെ മനസ്സ് വാടും. അതിനാൽ ശരിയായ രീതിയിൽ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ശ്രദ്ധയും അഭിനന്ദനവും അംഗീകാരവും നൽകുക. അവിടെ ബന്ധങ്ങൾ തളിർക്കും. സന്തോഷം നിറയും.