Dec 17, 2021 • 12M

അച്ഛൻ അറിയാൻ ഭാഗം - 25

നീലയിൽ നിന്നും മോചിപ്പിക്കാൻ

George Koshy
Comment
Share
 
1.0×
0:00
-12:26
Open in playerListen on);
Episode details
Comments

പക്വത എത്തും  മുൻപേ, അവർ പോലും അറിയാതെ ലൈംഗികകാര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന കുട്ടികളെപ്പറ്റിയാണ് കഴിഞ്ഞ ലക്കത്തിൽ നാം ചർച്ച ചെയ്തത്.  ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം മറ്റെന്നെത്തേക്കാൾ ഉപരിയായി, ഇന്ന് കുട്ടികൾക്കുള്ളത് കണ്ട് അനഭിലഷണീയമായ ഈ സ്വാധീനം ക്രമാതീതമായി  വർധിച്ചു വരികയാണ്. മാതാപിതാക്കൾ അതിനെപ്പറ്റി ഏറെ ആശങ്കാകുലരാണ് താനും. അതിന്റെ പരിഹാരത്തെപ്പറ്റിയാണ് ഇന്ന് നാം ചിന്തിക്കുന്നത്.

ഭയം വേണ്ട, ജാഗ്രത മതി

അച്ഛനും അമ്മയും പരിഭ്രാന്തരാകാതെ ഇരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. പറയാൻ എളുപ്പമാണ് എന്ന് ചിന്തിച്ചേക്കാം. എന്നാൽ സംയമനത്തോടെ പ്രശ്നത്തെ അഭിമുഖീകരിക്കുക എന്നത് തന്നെയാണ് ആദ്യമായി നാം ചെയ്യേണ്ടത്. പ്രശ്നം എത്ര ഗുരുതരമാണെങ്കിലും ശരിയായ നിലപാടുകളിലൂടെ പരിഹാരം കണ്ടെത്താനാവും എന്ന് ഉറച്ചു വിശ്വസിക്കുക.

ലൈംഗികത എന്നത് അശ്ലീലമല്ല. ഒരു വ്യക്തിയുടെ ജീവിതത്തിൽ ലൈംഗികതക്ക്  വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. ജന്മനാ തന്നെ അവന്റെ മസ്തിഷ്കത്തിൽ അത് ആഴത്തിൽ കൊത്തി വച്ചിട്ടുണ്ട്. എന്നാൽ പോർണോഗ്രാഫിയാകട്ടെ,  ഒരു കുട്ടിയുടെ തലച്ചോറിനെ തന്നെ നിശ്ചേതനമാക്കുകയും അതിന്റെ സംവേദനക്ഷമത കുറയ്ക്കുകയും  ചെയ്യും. വ്യക്തിത്വത്തെ പോലും അത് മാറ്റി മറിക്കും. ഡിലീറ്റ് ബട്ടൺ ഇല്ലാത്ത ഒരു കമ്പ്യൂട്ടർ ആണല്ലോ മനുഷ്യമസ്തിഷ്കം. ഉള്ളിൽ കടന്നു കൂടിയ വികൃതചിത്രങ്ങളും ചിന്തകളും അത്രവേഗം  തുടച്ചു മാറ്റാൻ ആവില്ല. അവ ചില അനാവശ്യ സർക്യൂട്ടുകൾ തലച്ചോറിൽ രൂപപ്പെടുത്തും. തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ  സർക്യൂട്ടുകൾ വ്യക്തിയെ സ്വാധീനിക്കുകയും ചെയ്യും.

ചെളിയിൽ ചവിട്ടിയിട്ടു കാൽ കഴുകുന്നതിനേക്കാൾ ചവിട്ടാതിരിക്കുകയാണ് നല്ലത് എന്ന് പറയാറുണ്ട്. അത് ശരിയാണ്. എങ്കിലും അറിയാതെ കാല്പാദങ്ങളിൽ ചെളി പുരളാറുണ്ട്. എത്രയും വേഗം കാൽ ശുദ്ധമാക്കുക എന്നതാണ് ആവശ്യം.  അശ്ലീലചിന്തകൾ മനസ്സിൽ രൂപപ്പെടുത്തുവാൻ സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും കുട്ടിയെ ഒളിപ്പിച്ചു നിർത്തുക എന്നത് ഒരു ശാശ്വതപരിഹാരം അല്ല. കാരണം, പ്രതീക്ഷിക്കാത്ത വഴിയിലൂടെയാവും അരുതാത്ത ചിന്തകൾ അവന്റെ മനസ്സിൽ കയറി കൂടുക. അതിനെ എല്ലാം നിയന്ത്രിക്കാൻ മാതാപിതാക്കൾക്കാവില്ല.  അതാണ് സത്യം.

പോർണോഗ്രാഫി ചിന്തകൾ മനസ്സിൽ കയറി കൂടുന്നത് നഗ്നചിത്രങ്ങൾ കാണുന്നതിലൂടെ മാത്രമാകണമെന്നില്ല.  ബാല്യകാലത്തു ഇത്തരം പ്രശ്നങ്ങളിൽ കുടുങ്ങി കിടന്ന ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം  പറഞ്ഞത് അമ്പരപ്പിക്കുന്ന ഒരു കാര്യമായിരുന്നു.   മാധ്യമങ്ങളിൽ വന്ന അടിവസ്ത്രങ്ങളുടെ പരസ്യമാണ് ആദ്യമായി തന്നെ ഇത്തരം ചിന്തയിലേക്ക്   നയിച്ചതത്രെ. കൂട്ടുകാരിലൊരാൾ പറഞ്ഞ ലൈംഗിക ചുവയുള്ള തമാശകളായിരുന്നു അടുത്ത ഘട്ടം. പിന്നെ ഒരു ലൈംഗികചോദന ഉണർത്തുന്ന ഒരു ചെറുപുസ്തകം, കണ്ട ഒരു സിനിമയിലെ ചില രംഗങ്ങൾ, സ്നേഹിതർ തമ്മിലുള്ള ലൈംഗികസംഭാഷണം, ഇതൊക്കെ ആയിരുന്നു ആ ബാലനെ പിന്നീട്  വശീകരിച്ച ഉപാധികൾ. വിവിധ സ്വാഭാവികപഴുതുകളിലൂടെ അശ്ലീലത മനസ്സിൽ ചേക്കേറാം എന്നത് കൊണ്ട്, മകന്റെ കണ്ണ് മൂടി കെട്ടുക എന്നതല്ല, കാഴ്ചകളിലെ നന്മതിന്മകളെ പറ്റി അവനെ ബോധവാനാക്കുക എന്നതാണ് അച്ഛന് ചെയ്യാവുന്ന പ്രഥമകാര്യം.

മകൻ അറിയേണ്ടത്

ഒരു പോൺ ഉപഭോക്താവിന്, തന്റെ ക്രിയാത്മകമായ ചിന്താശേഷി ഏറെക്കുറെ പൂർണമായും നഷ്ടപ്പെടുന്നു എന്നതാണ് മകൻ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. തലച്ചോറിലെ ചില രാസപ്രവർത്തനം മൂലമാണത്. കൂടുതൽ സാങ്കേതിക കാര്യങ്ങളിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഓരോ തവണയും കൂടുതൽ കൂടുതൽ ഗ്രേഡ് കൂടിയത് കാണുകയും ആസ്വദിക്കുകയും ചെയ്യുവാൻ വേണ്ടി കുട്ടിയുടെ മനസ്സ് ദാഹം പ്രകടിപ്പിക്കും. പോർണോഗ്രാഫി ഒരു വ്യക്തിയെ കൂടുതൽ മുതിർന്നവനാക്കുകയല്ല, പക്വതയിലേക്കുള്ള വഴി മുടക്കുകയാണ് ചെയ്യുന്നത്.

ബന്ധങ്ങളെ വിജയകരമായി മുന്നോട്ടു നയിക്കുവാൻ ഇങ്ങനെയുള്ളവർക്കു കഴിയാതെ വരുന്നതാണ് മറ്റൊരു പ്രശ്നം. ഭാവിയിൽ ആരോഗ്യപരമായ ഒരു കുടുംബ ജീവിതം ഉണ്ടാകുന്നതിനു പോലും ഇത് തടസ്സമാകാം.

സ്വാഭാവിക ലൈംഗികചോദനകളുടെ മേൽ പോൺചിന്തകൾ നിയന്ത്രണം ഏർപ്പെടുത്തുകയും അസ്വാഭാവികലൈംഗീകതകളിലേക്കു നീങ്ങുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. ആത്മാർത്ഥമായ സ്നേഹബന്ധങ്ങൾ സൃഷ്ടിക്കുന്നതിന് പകരം, പോൺ ഉപഭോക്താവിന്റെ മനസ്സിൽ ഒരു ഉപഭോഗസംസ്കാരമാണ് ഉടലെടുക്കുന്നത്. 

സ്നേഹം പങ്കുവയ്ക്കുവാൻ ഒരു ഉത്തമഅവസരം എന്നതിലുപരി, ലൈംഗികത ഒരു അവകാശമായി തെറ്റിദ്ധരിക്കപ്പെടാം. തന്മൂലം അമൂല്യമായ ഈ ഈശ്വരദാനത്തെ പറ്റി നന്ദി ഇല്ലാത്തവരാകുകയും, വല്ലാത്ത അസംതൃപ്തി ഉണ്ടാകുകയും ചെയ്യും. താരതമ്യം ചെയ്യുക, അവകാശം പ്രകടിപ്പിക്കുക  എന്നിത്യാദി കാര്യങ്ങളിലേക്ക് തിരിയാനും ഇടയുണ്ട്. 

നേരത്തെ സൂചിപ്പിച്ച ചെറുപ്പക്കാരന്റെ കഥ അല്പം കൂടെ പറയേണ്ടതുണ്ട്. സുന്ദരികളായ സ്ത്രീകളോട് തനിക്കുള്ള അത്യാസക്തി ക്രമേണ വർധിച്ചു കൊണ്ടേയിരുന്നു. എന്നാൽ വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ അയാൾക്ക്‌ ആരിലും സംതൃപ്തി ലഭിച്ചില്ല. മനസ്സ് ഒരിടത്തും ഉറച്ചു നിൽക്കുന്നുമില്ല. ആധ്യാത്മികകാര്യങ്ങളുമായും മറ്റു  മനുഷ്യരുമായും ഉള്ള  എല്ലാത്തരം ബന്ധങ്ങളിൽ നിന്നും അയാൾ അകന്നു പോയി.  അപ്പോഴാണ് താൻ പോർണോഗ്രഫിയുടെ ഉരുക്കു മുഷ്ടികളിൽ കുടുങ്ങി ഇരിക്കുകയാണെന്നു അയാൾ തിരിച്ചറിഞ്ഞത്. എന്നാൽ ഒരു ചിന്ത  അയാളുടെ കണ്ണ് തുറന്നു. ഒരു പക്ഷെ  താൻ അന്യസ്ത്രീകളെ  കാണുന്നത്  പോലെയാണ്  മറ്റുള്ളവർ  തന്റെ  അമ്മയെയും  സഹോദരിയെയും  കാണുന്നതെങ്കിലോ? ആ  ചിന്ത  തനിക്കു ഉൾകൊള്ളാവുന്നതിലും  അപ്പുറത്തായിരുന്നു. ആ  യുവാവിന്റെ  ജീവിതത്തിൽ ആ ചിന്ത  ഒരു വഴിത്തിരിവായി  തീർന്നു.  സ്വയനിയന്ത്രണം പാലിച്ചു കൊണ്ട് തന്നെ അന്യവ്യക്തികളെ സ്നേഹിക്കുന്നതിനെപറ്റിയും   കരുതുന്നതിനെപറ്റിയും   പിന്നീട് അയാൾ ക്രമേണ പഠിച്ചു.  ആത്മനിയന്ത്രണം പുലർത്തുന്നതാണ്  ശരിയായ പുരുഷത്വം എന്നും അയാൾ   മനസ്സിലാക്കി. 

ആത്മസംയമനം പാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരന്തരമായ പരിശീലനം അതിനു ആവശ്യമാണ് എന്ന് തനിക്കു  ബോധ്യമായി. 

പരിചയപ്പെടുന്ന സ്ത്രീകളെ ബഹുമാനത്തോടെ കാണാൻ മുതിരുകയും ബന്ധങ്ങളിൽ സത്യസന്ധത പുലർത്താൻ തുനിയുകയും ചെയ്തപ്പോൾ കാര്യങ്ങൾക്കു പ്രകടമായ മാറ്റം വന്നു.

ഏകാന്ത നേരങ്ങളിൽ വീണ്ടും അയാൾക്ക്‌  ചില വശീകരണങ്ങൾ ഉണ്ടായി. പക്ഷെ നല്ല സൗഹൃദങ്ങൾ ഊട്ടി ഉറപ്പിച്ചതിലൂടെ അതിനും പരിഹാരം കണ്ടെത്തി. 

 2017ൽ നോർത്ത് അമേരിക്കൻ ജേർണൽ ഓഫ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷകരുടെ ഒരു പഠനം ഉണ്ട്. മാതാപിതാക്കളോട് അടുത്ത സ്നേഹബന്ധം പുലർത്തുന്നവർ, ആധ്യാത്മിക കാര്യങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവർ എന്നീ രണ്ട് വിഭാഗങ്ങളിൽപ്പെടുന്നവർ, ഇത്തരം ഡിജിറ്റൽ പോർണോഗ്രഫിക്ക്‌ താരതമ്യേന അടിമയാകാറില്ല എന്നതായിരുന്നു ആ പഠനം. പൊതുവെ പറഞ്ഞാൽ ബാല്യത്തിന്റെ അവസാനഘട്ടത്തിൽ തന്നെ ഇന്ന് കുട്ടികൾ  പോർണോഗ്രഫിയിൽ അടിപ്പെട്ട് പോകുന്നതായിട്ടാണ് കാണുന്നത്. ക്രമേണ അമിതമായ ലൈംഗികാസക്തയിൽ അവർ മുഴുകിപ്പോകുന്നു. തങ്ങൾ ഗുരുതരമായ ഒരു പ്രശ്നത്തിൽ കുടുങ്ങി ഇരിക്കുകയാണ് എന്ന് മിക്ക കുട്ടികൾക്കും അറിയാം. തങ്ങൾ പതിച്ചിരിക്കുന്ന കുഴിയുടെ ആഴത്തെപ്പറ്റി അവർ ബോധവാന്മാർ ആണ്. പക്ഷെ ഈ കുടുക്കിൽ നിന്നും പുറത്തുവരാൻ അവർക്കു അറിയില്ല.   നിസ്സഹായതയോടെ  അതിൽ തന്നെ കിടന്നു ഉരുളുകയുമാണ്.

പരിഹാരം എന്ത്?

ഇവിടെയാണ്, തന്നെ സ്നേഹിക്കുന്ന, തന്നെ കരുതുന്ന, തന്നെ സഹായിക്കാൻ മനസ്സും കഴിവുമുള്ള മാതാപിതാക്കളുടെ സാന്നിധ്യത്തിന്റെ പ്രസക്തി കുട്ടി വിലമതിക്കുന്നതു.  തന്നെ സ്നേഹത്തോടെ മനസ്സിലാക്കുകയും  ആശ്വസിപ്പിക്കുകയും മോചനമാർഗം പറഞ്ഞു തരികയും ചെയ്യുന്ന മാതാപിതാക്കളെ കുട്ടി പ്രതീക്ഷിക്കുന്നുണ്ട്.   അതുകൊണ്ട് സ്ഥിതി എത്ര വഷളാണെങ്കിലും, കോപത്തിന് ഇടം കൊടുക്കാതെ സൗഹാർദ്ദപൂർവം കുട്ടിയെ അഭിമുഖീകരിക്കുവാൻ മാതാപിതാക്കൾ തയ്യാറാകണം.

എന്താണ് അവനെ മഥിക്കുന്ന പ്രശ്നം? എന്തൊക്കെയാണ് അവനെ അപഥസഞ്ചാരത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ? എങ്ങോട്ടേക്കാണ് അവൻ ഓടുന്നത് ?  ഇക്കാര്യങ്ങളൊക്കെ  വ്യക്തമായി മനസ്സിലാക്കാൻ ശ്രമിക്കണം.  അവൻ  മാനസിക തകർച്ച നേരിടുന്നുണ്ടോ? സുഹൃത്തുക്കളുടെ അമിത സമ്മർദ്ദത്തിന് വിധേയനാകുന്നുണ്ടോ ? വല്ലാത്ത കൗതുകം ഉള്ളവനാണോ എന്നിത്യാദി കാര്യങ്ങളും മനസ്സിലാക്കണം. 

കുട്ടിക്ക് വിശ്വസനീയവും ആശ്രയിക്കത്തക്കതുമായ  ഒരു സ്രോതസ്സിൽ നിന്നും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കപ്പെടുമ്പോൾ അത് അവനു കൂടുതൽ സ്വീകാര്യമാകും.

ഏതു സാഹചര്യത്തിലും   അവനെ പിന്തുണക്കുന്ന ഒരു സംവിധാനം ഉണ്ടാകുക എന്നതാണ് അത്യന്താപേക്ഷിതം. മാതാപിതാക്കൾ, വിശാലകുടുംബം, ഉറ്റ സുഹൃത്തുക്കൾ,  അധ്യാപകർ എന്നിവർക്കൊക്കെ ഈ ദൗത്യം ഏറ്റെടുക്കാവുന്നതാണ്. സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും നിങ്ങൾ അവരെ വളരെ സ്നേഹിക്കുന്നു എന്ന ഉറപ്പു നൽകുക. അതാണ്  ആദ്യത്തെ പടി. കുട്ടികളിൽ ഇങ്ങനെ ഒരു വിശ്വാസം വെച്ച് കൊടുക്കുവാൻ കഴിഞ്ഞാൽ നാം പകുതി ജയിച്ചു എന്ന് പറയാം.

കുട്ടിയിൽ എങ്ങനെ ഈ വിശ്വാസം രൂഢമൂലമാക്കുവാൻ കഴിയും? കുടുംബമായി നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ആ വഴിക്കുള്ള ഒരു മാർഗമാണ്. ശ്രദ്ധ പിടിച്ചെടുക്കുന്ന എല്ലാ കാര്യങ്ങളും മാറ്റി വച്ച് ഒരുമിച്ചൊരു യാത്ര ആവാം. ക്യാരംസ് പോലെ ഒരുമിച്ചൊരു കളി, ഒരുമിച്ചുള്ള ആഹാരം, കഥ പറച്ചിലുകൾ ഒക്കെ ആവാം. വീടിനു പ്രയോജനകരമായ ചില പ്രൊജെക്ടുകൾ ഒരുമിച്ചു ചെയ്യുന്നതുമാവാം  ( വീട് പെയ്ന്റ് ചെയ്യുന്നതോ പൂന്തോട്ടം വെച്ച് പിടിപ്പിക്കുന്നതോ കൃഷി ചെയ്യുന്നതോ ഒക്കെ ആകാവുന്നതേയുള്ളൂ ). 

ഇങ്ങനെ ഒരു ഉറ്റ ബന്ധം സൃഷ്ടിക്കുക എന്നത് ആദ്യ ചുവടു മാത്രമാണ്. ഇനി എന്താണ് ചെയ്യാനുള്ളത്?  ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമായതിനാൽ അടുത്ത ആഴ്ച കൂടെ നമുക്കിത് ചർച്ച ചെയ്യാം.

( ശേഷം അടുത്ത ലക്കത്തിൽ )