Mar 29 • 6M

പോണോഗ്രഫി ഒ.സി.ഡി യായി മാറുമോ..?

Nithin raj vv
Comment
Share
 
1.0×
0:00
-5:59
Open in playerListen on);
Episode details
Comments

പോണോഗ്രഫിയിൽ അടങ്ങാത്ത ആസക്തിയാണ് അമലിന്. നിരന്തരം ഇത്തരം വീഡിയോകൾ കാണുന്നത് അവന്റെ പതിവാണ്. എന്നാൽ ഈയിടെയായി അവന് സ്വയം കുറ്റബോധം തോന്നാൻ തുടങ്ങിയിരിക്കുന്നു. താൻ ചെയ്യുന്നത് വലിയൊരു തെറ്റാണെന്ന ചിന്ത അവന്റെ മനസ്സിനെ തളർത്തികൊണ്ടിരുന്നു. ഒരിക്കൽ പള്ളിയിൽ വെച്ചു പ്രാർത്ഥിക്കുന്നതിനടയിൽ അവന്റെ മനസ്സിലേക്ക് ലൈംഗിക ചിന്തകൾ കടന്നു വന്നതോടെയാണ് മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്.

"വിശുദ്ധമായ ഒരിടത്ത് വെച്ച് തനിക്ക് അശുദ്ധ ചിന്തകൾ കടന്നു വരുന്നുവെന്നാണ് " അമൽ മനഃശാസ്‌ത്രജ്ഞനോട് പറഞ്ഞത്. അതവന്റെ മനസ്സിൽ ഒരു മുറിവുണ്ടാക്കി. അതൊരു പേടിയായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. കാരണം താൻ ദൈവത്തെ നിന്ദിച്ചുവെന്ന് അമൽ കരുതി. ദൈവകോപം തനിക്കും തന്റെ കുടുംബത്തിനും വന്നു ചേരുമോ എന്നും ഭയപ്പെട്ടു. എന്നാലും തനിക്ക് പോണോഗ്രാഫി കാണാതെയിരിക്കാനും സ്വയംഭോഗം ചെയ്യാതെ ഇരിക്കാനും കഴിയാത്ത അവസ്ഥയിലേക്കവൻ എത്തി കഴിഞ്ഞിരുന്നു. അതോടെ നിരന്തരമായ കുറ്റബോധം അവനെ വേട്ടയാടാനും തുടങ്ങി. തുടർന്ന് അമൽ Obsessive Compulsive Disorder ( OCD ) എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതൊരു അമലിന്റെ മാത്രം ജീവിതമല്ല, ഒരുപാട് പേർ ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

കഴിഞ്ഞ ദിവസം തന്നെ കാണാൻ വന്നൊരാളെ കുറിച്ച് സൈക്കോളജിസ്റ്റ് സംസാരിക്കുന്നു. അവന്റെ പേര് അരുൺ എന്നാണ്. പണ്ട് സ്വയഭോഗം നിരന്തരമായിട്ടവൻ സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നു. അതിൽ വളരെയധികം കുറ്റബോധം തോന്നി പതിയെ ഒ.സി.ഡിയായി മാറി. ഇതോടെ തന്റെ കൈകൾ അശുദ്ധമായി എന്നവൻ ചിന്തിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ എന്ത് ചെയ്യാൻ തുടങ്ങുമ്പോഴും വിളക്കിൽ ഒഴിക്കുന്ന എണ്ണയെടുത്തു കൈകകളിൽ പുരട്ടും. പാത്രം തുറക്കുമ്പോഴായാലും വസ്ത്രം മാറുമ്പോഴും കതക് തുറക്കുമ്പോഴും എല്ലാം ഇത് ആവർത്തിച്ചു കൊണ്ടിരുന്നു.

"ഞാൻ സ്വയംഭോഗം ചെയ്ത് അശുദ്ധനായതാണ്, അത് കൊണ്ട് ഞാൻ തൊടുന്നതെല്ലാം വ്യത്തിയില്ലാത്തതായി മാറും, വിളക്കെണ്ണ ഇല്ലെങ്കിൽ അതെല്ലാം അശുദ്ധമായി പോവും... "

അരുൺ വളരെ കുറ്റബോധത്തോടെയാണ് പറയുന്നത്. പിന്നീട് അവൻ കടുത്ത വൃത്തി നോക്കുന്നതിലേക്ക് മാറുന്നു. ഉപയോഗിക്കുന്ന തുണി നിലത്തു വീണാൽ അത് എണ്ണ പുരട്ടാതെ ഉപയോഗിക്കുകയില്ല. ഇരിക്കുന്ന സ്ഥലത്തും വാഹനത്തിലും എണ്ണ പുരട്ടുന്നത് പതിവായി. എപ്പോഴും വിളക്കെണ്ണ കൊണ്ട് നടക്കുന്നത് അവന്റെ ജീവിതചര്യയായി മാറി. ഇത്തരം ഒ.സി.ഡികൾ നമ്മുടെ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുന്നു.

ഒരു ചെറുപ്പക്കാരൻ ഒരിക്കൽ സൈക്കോളജിസ്റ്റിനെ കാണുവാൻ വന്നു. റോഡ് സൈഡിൽ ഏതെങ്കിലും ഒരു കുരിശടി കണ്ടാൽ മതി അപ്പോൾ കുരിശു വരയ്ക്കാൻ തുടങ്ങും. അത് പിന്നെ എന്ത് കണ്ടാലും അതിൽ നോക്കി കുരിശു വരയ്ക്കുന്നത് ശീലമായി മാറി. മരത്തെയും മറ്റും നോക്കി കുരിശു വരച്ചു നടക്കുക, അമിതമായി ചിന്തകൾ ഏർപ്പെടുക, ഇതെല്ലാം അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ചെറുപ്പത്തിൽ കാക്കയെ കണ്ട് സ്കൂളിൽ പോയാൽ അടി കിട്ടുമെന്ന് ആരോ അവനോട് പറഞ്ഞിട്ടുണ്ട്. കാക്കയെ കണ്ടാൽ ഉടനവൻ കുരിശ് വരക്കും. കാക്കയെ കണ്ടാൽ മാത്രം അല്ല കാക്കയെ കുറിച്ചു ചിന്തിച്ചാൽ വരെ ആകാശത്തേക്ക് നോക്കി കുരിശ് വരച്ചു കൊണ്ടിരിക്കും. ഇത് പോലെ തന്നെ മറ്റൊരു ചെറുപ്പക്കാരനെയും സൈക്കോളജിസ്റ്റ് ഓർക്കുന്നു,

അവൻ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തന്റെ വണ്ടി ആരെങ്കിലും ഇടിച്ചോ എന്നവൻ കരുതുന്നു. മിററിൽ കൂടെ നോക്കിയിട്ടും വിശ്വാസം വരാതെ തിരികെ വന്നും നോക്കുന്നു. തന്റെ വണ്ടി ആരെയും തട്ടിയിട്ടില്ലാന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് അവൻ ജോലിക്ക് പോവുക. പലപ്പോഴും ഇതേ കാരണത്താൽ ജോലിക്ക് വൈകിയാണ് അവൻ എത്തുന്നത്. ഒരു ദിവസം ഒരേ സ്ഥലത്ത് തന്നെ വീണ്ടും, വീണ്ടും വന്നു നോക്കി ഉച്ചയ്ക്ക് ആണ് ജോലിക്ക് കയറുന്നത്. ഇങ്ങനെ നിരവധിയളുകൾ ഒ.സി.ഡി മൂലം കഷ്ടപ്പെട്ടു ജീവിക്കുന്നുണ്ട്. നടന്നു പോകുമ്പോൾ വഴിവക്കിലെ പോസ്റ്റ് എണ്ണി നടക്കുക, അത് എണ്ണം തെറ്റിയാൽ വീണ്ടും തിരിച്ചു നടന്ന് ആദ്യം തൊട്ട് എണ്ണുക. തുണികൾ എത്ര അലക്കിയാലും മതിയാവാതെ വരിക, അണുബാധയെ കുറിച്ചുള്ള പേടി, തന്റെ ശരീരത്തിൽ ആരെങ്കിലും തൊട്ടാൽ പിന്നെ വീണ്ടും കുളിക്കുക. അത് ചെയ്തില്ലെങ്കിൽ വളരെയേറെ അസ്വസ്ഥത അനുഭവിക്കും ഇവർ.

ഒ.സി.ഡിയുള്ള ആളുകളെ അകറ്റി നിർത്തുകയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. എന്നാൽ ഈ അവസ്ഥ അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും തമാശയായി മാറുന്നില്ല. മാനസികവും പെരുമാറ്റപരവുമായ ഒരു വൈകല്യമാണ് ഒ.സി.ഡി. ഇത്തരം വൈകല്യം ഉണ്ടാക്കിയെടുക്കുന്നതിൽ ഭയം ശക്തമായ പങ്ക് വഹിക്കുന്നു. ഇത് ഏത് നേരത്തും നമ്മുടെ മനസ്സിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്. ഈ ഭയം മാറാൻ വേണ്ടി ആ വ്യക്തി സ്വയം ഓരോന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇത് കൂടുതൽ പ്രശ്നത്തിലേക്ക് വഴി വയ്ക്കുന്നു. ആവർത്തിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരമെന്നവർ കരുതുന്നു. അത് കൊണ്ടാണ് ചെയ്ത കാര്യങ്ങൾ വീണ്ടും ചെയ്യുന്നതിന് കാരണമാകുന്നത്. ഇത് താത്കാലിക ആശ്വാസം മാത്രമേ ആ വ്യക്തിക്ക് ലഭിക്കുകയുള്ളൂ. ശാശ്വതമായ പരിഹാരം അല്ല താനും. ന്യൂറോബയോളജിക്കല്‍ തകരാറ് മൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.

ഒ.സി.ഡിയെ പ്രതിരോധിക്കാനുള്ള വഴി ഒസിഡിയെ കുറിച്ചു സ്വയം ബോധ്യമുള്ളവരായിരിക്കുക എന്നതാണ്. തുടർന്ന് ശരിയായ ചികിത്സയും കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയിലൂടെയും ഒ സി ഡി യില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കും.

ശാരീരികാരോഗ്യം പോലെ തന്നെ വിലയേറിയതാണ് മാനസികാരോഗ്യത്തിന്റെ കാര്യവും. അത് കൊണ്ട് അത്തരം അവസ്ഥയെ മനസ്സിലാക്കാനും ഇത്തരം മനസികവസ്ഥയിലൂടെ കടന്നു പോകുന്നവരെ ചേർത്തു പിടിച്ചു ശരിയായ മാർഗം നിർദ്ദേശിക്കാനും കഴിയുന്ന സമൂഹം ആവട്ടെ നമ്മുടേത്.

Read Huddle in the new Substack app
Now available for iOS

A guest post by
Content writer