Dec 10, 2021 • 11M

അച്ഛൻ അറിയാൻ ഭാഗം - 24

കുട്ടിക്കണ്ണുകളിൽ നീല നിറം പടരുമ്പോൾ

George Koshy
Comment
Share
 
1.0×
0:00
-10:59
Open in playerListen on);
Episode details
Comments

"സർ, എന്റെ മകൻ ഈ കുഞ്ഞുപ്രായത്തിൽ തന്നെ അശ്ലീലചിത്രങ്ങൾക്ക് അടിമയായതായി തോന്നുന്നു. അവനെ എങ്ങനെയൊന്നു  രക്ഷപ്പെടുത്തും? എങ്ങനെയാണു ഇക്കര്യങ്ങൾ അവനോടൊന്നു സംസാരിക്കുക?, " ചെറിയകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും മനഃശാസ്ത്രജ്ഞന്മാർ  ഈ നാളുകളിൽ ഏറ്റവും അധികം കേൾക്കുന്ന ഒരു ചോദ്യമാണിത്.

ഒരു ഒൻപതു വയസ്സുകാരന്റെ അച്ഛൻ വളരെ വേദനയോടെ  ഫോൺ വിളിച്ച ഒരു സംഭവം ഓർമ്മയിലുണ്ട്. കുട്ടി പഠനത്തിന്റെ ഭാഗമായി കംപ്യൂട്ടറിലൂടെ കയറിയിറങ്ങുകയായിരുന്നു. യദൃച്ഛയാ സ്‌ക്രീനിൽ ഒരു പോപ്പ് അപ്പ് വന്നു. വെറുതെ അതിൽ ഒന്ന് ക്ലിക്ക് ചെയ്തപ്പോൾ ഒരു അശ്ലീല സൈറ്റിലേക്കാണ്  ചെന്ന് പെട്ടത്. പിന്നെ കൗതുകങ്ങളുടെ പെരുമഴയിൽ അവൻ നനഞ്ഞു. ചരട് പൊട്ടിയ പട്ടം പോലെ കുട്ടി പാറിപ്പറന്നു. നിരവധി മാതാപിതാക്കൾ ഇതേ വിലാപം ഈ നാളുകളിൽ മുഴക്കുന്നുണ്ട്.  ഒരു വലിയ യാഥാർഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

കുറെ കാലം  മുൻപ് വരെ അശ്ലീല സാഹിത്യവും ചിത്രങ്ങളും കുട്ടികളുടെ പക്കൽ സുഗമമായി എത്താറുണ്ടായിരുന്നില്ല. എന്നാൽ ഏതാനും ചില വർഷങ്ങളായി അതിന്റെ ലഭ്യത വലിയ തോതിൽ കൂടുകയുണ്ടായി.  നാട്ടിൻ പുറത്തെ ഒരു ഹൈസ്‍കൂളിൽ ഒരു ക്ലാസ് എടുക്കാനായി ഈ ലേഖകൻ ചെന്നപ്പോൾ, ഹെഡ് മാസ്റ്ററുടെ മേശമേൽ നൂറിലധികം സി ഡി കൾ അടുക്കി വച്ചിരിക്കുന്നത് കണ്ടു. അതെല്ലാം ബ്ലൂ ഫിലിം സി ഡി കൾ ആയിരുന്നു.  പല ക്ലാസ്സുകളിൽ നിന്നും അന്ന് പിടിച്ചെടുത്തവയാണ് അതെല്ലാം എന്ന് കേട്ട് ഞാൻ ഞെട്ടിപ്പോയി.  ബ്ലൂ ഫിലിമുകളുടെ കോപ്പി എടുത്തു ചെറിയ തുകക്ക് വിൽക്കുന്ന ഒരു സംഘം തന്നെ അവിടെ ഉണ്ടത്രേ. കാലം വീണ്ടും മുന്നോട്ടു നീങ്ങി.

കുട്ടികളുടെ കൈകളിൽ നിന്നും അകറ്റിപ്പിടിക്കുവാൻ നാം ശ്രമിച്ചിരുന്ന സെൽഫോണുകൾ ഇന്ന് അവരുടെ കൈകളിലേക്ക് നാം തന്നെ വച്ച് കൊടുക്കുകയാണ്.

അത് അവരുടെ പഠനത്തിന് ഒരു അനിവാര്യത ആയി തീർന്നിരിക്കുന്നു. അതോടെ വിരൽത്തുമ്പിൽ വിജ്ഞാനവിസ്ഫോടനം ഉണ്ടായി. ഒപ്പം നീലയുടെ നിറഞ്ഞാട്ടവും കണ്ടു തുടങ്ങി.

ഇനി ഒരു മടക്കയാത്രയ്ക്ക് പഴുതില്ല. കുട്ടികളെ അശ്ലീലതയിൽ നിന്നും ഒളിപ്പിച്ചു നിർത്തുവാനും ആവില്ല. അത് സൃഷ്ടിക്കാവുന്ന അപകടത്തെക്കുറിച്ചു  കുട്ടികളെ ബോധവാന്മാർ ആക്കുകയും നേരിടാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് കരണീയം.

അശ്ലീലതക്ക് നീല എന്ന നിറവുമായി ബന്ധമുണ്ടായതിനെ പറ്റിയും ഒരു കഥയുണ്ട്.  പഴയ കാലത്തു പാശ്ചാത്യ രാജ്യങ്ങളിലെ തടവറകളിൽ അഭിസാരികകൾ സന്ദർശിക്കാറുണ്ടായിരുന്നുവത്രേ.  അവർ അപ്പോൾ ധരിക്കാറുണ്ടായിരുന്നത്  നീലക്കുപ്പായം  ആയിരുന്നുവെന്നും അങ്ങനെയാണ് അശ്ലീതയുടെ നിറമായി നീല മാറിയത് എന്നും കരുതപ്പെടുന്നു.

അസഭ്യം നിറഞ്ഞ വിഡിയോകൾ വിൽക്കുന്ന കടക്കാർ, തിരിച്ചറിയുവാൻ വേണ്ടി അവ നീലവർണ്ണത്തിലുള്ള കടലാസുകൾ കൊണ്ട് പൊതിഞ്ഞു വില്പനയ്ക്ക്  വെക്കുമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഒരു പക്ഷെ അങ്ങനെയാവാം അശ്ലീല ചിത്രങ്ങൾക്ക് നീലച്ചിത്രങ്ങൾ എന്ന പേര് ലഭിച്ചത്. അതെന്തു തന്നെയായാലും  കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും  നിറം മാറ്റിയെടുക്കുന്നവയാണ് നീലച്ചിത്രങ്ങൾ.

ഇന്ന് നീലകൾ പ്രചുര പ്രചാരം നേടിക്കഴിഞ്ഞു എന്നതിന് തർക്കമില്ല. ദശലക്ഷക്കണക്കിന് ആരാധകരുള്ള അഭിനേതാക്കൾ തന്നെ സഭ്യതയുടെ അതിർ വരമ്പുകൾ പരസ്യമായി ലംഘിക്കുന്ന സംഭാഷണങ്ങളും സീനുകളും ഉള്ള ചലച്ചിത്രങ്ങൾ യാതൊരു കൂസലും ഇല്ലാതെ അവതരിപ്പിക്കുമ്പോൾ അവക്കെല്ലാം സമൂഹത്തിൽ മാന്യതയുടെ കുപ്പായം  ലഭിക്കുകയാണ്.  ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ലേബലിൽ സാംസ്‌കാരിക നായകന്മാർ ഇതിനു ചൂട്ടു പിടിക്കുക കൂടെ ചെയ്യുമ്പോൾ, ഈ ജീർണ്ണത എല്ലാ അതിരുകളും അതിജീവിക്കുന്നു.

കുട്ടികൾക്ക്  ഇന്ന് ഇത്തരം ചിത്രങ്ങൾ OTT പ്ലാറ്റുഫോമിൽ ആരും അറിയാതെ ഗോപ്യമായി കാണാം എന്നിരിക്കെ, മാതാപിതാക്കൾ വല്ലാതെ ഭയചകിതരാണ്. ഈ ദുസ്വാതന്ത്ര്യം സൃഷ്ടിക്കുന്ന അപകടങ്ങൾ നമ്മുടെ കണ്മുന്നിൽ പ്രകടമായി കഴിഞ്ഞു. ലൈംഗിക അരാജകത്വം ഉള്ള ചിത്രങ്ങൾ ഇന്ന് ഒരു മഹാവ്യാധിക്ക് തുല്യമാണ്. ഇങ്ങനെ പോയാൽ ഇതെവിടെ ചെന്ന് നിൽക്കും എന്ന ആശങ്കയ്ക്ക്  വളരെ പ്രസക്തിയുണ്ട്.

കുറെ കാലം മുൻപ്  മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത ഓർമയിൽ വരുന്നു. എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ് ആ വാർത്ത. ഒരു ഏഴു വയസ്സുകാരിപ്പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പന്ത്രണ്ട്കാരന്, അതിനുള്ള പ്രചോദനവും ആവേശവും ലഭിച്ചത് അവൻ കണ്ട ഒരു നീലച്ചിത്രത്തിൽ നിന്ന് ആയിരുന്നുവത്രേ.

കാണുന്ന കാര്യങ്ങളെ വിവേചിക്കാൻ കരുത്തില്ലാത്ത കുട്ടിയുടെ മനസ്സ് എന്തും പരീക്ഷിക്കാൻ തയ്യാറാണ്.

ഗുണദോഷങ്ങൾ ഒന്നും ചിന്തിക്കാതെ അവൻ അത് പരീക്ഷിക്കുകയും ചെയ്യും.

"എനിക്ക് ഈ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഫോൺ വിളിക്കാനും വാട്സ് പ്പ് അയക്കാനും മാത്രമേ അറിയൂ. ഇവന് ഇതിന്റെ ഉള്ളിൽ ഉള്ളതെല്ലാം അറിയാം," നാലു വയസ്സുകാരനായ കൊച്ചു മകനെ ചൂണ്ടി കാണിച്ചു ഒരു വലിയച്ഛൻ അഭിമാനത്തോടെ പറയുന്നത് കേട്ടു. തന്റെ അറിവില്ലായ്മയെ മുതലെടുത്തു കൊണ്ട് കൊച്ചു മകൻ നടന്നടുക്കന്നത് എവിടേക്കാണെന്നു വലിയച്ഛൻ അറിയുന്നില്ല.

അടിമയാകുന്നതിന്റെ ലക്ഷണങ്ങൾ

കുട്ടികൾ അശ്ലീലചിത്രങ്ങളും സാഹിത്യവും മറ്റും കാണാൻ ഇട വരുമോ എന്ന ചോദ്യത്തിന്  ഇനി പ്രസക്തിയില്ല. കാരണം നമ്മുടെ ചുറ്റും ഇതിന്റെ നീരാളിഹസ്തങ്ങൾ മുറുകിക്കഴിഞ്ഞു. പതിനൊന്നു വയസ്സെത്തും മുൻപേ കുട്ടികൾ അശ്‌ളീലചിത്രങ്ങളുടെ ആകർഷണവലയത്തിൽ പെടുന്നുവെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കൗമാരത്തിലെത്തുമ്പോഴേക്കും അനേകരും ഇതിനു അടിമകളും ആകാറുണ്ട്. അതുകൊണ്ടാണ് വളരെ മുൻപേ മാതാപിതാക്കൾ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന് പറയുന്നത്. തങ്ങളുടെ മക്കളുടെ കണ്ണുകൾ  നീലയിൽ ഉടക്കുന്നുണ്ടോ എന്ന് അവർ നിരന്തരം  ജാഗ്രതയോടെ ശ്രദ്ധിക്കുകയും വേണം. ശ്രദ്ധിക്കേണ്ട ചില അപകട സൂചനകൾ ഇവിടെ നൽകാം.

1. സ്വയം ഉൾവലിയുക.

വളരെ സന്തുഷ്ടരും, അന്യരുമായി സമ്പർക്കം പുലർത്താൻ തല്പരരുമായ കുട്ടികളെ പെട്ടെന്ന് വിഷണ്ണർ ആക്കുവാനും, ഏകാന്തതയിൽ കുടുക്കി ഇടുവാനും പോർണോഗ്രാഫിക്ക് കഴിയും. കുടുംബാംഗങ്ങളോടും ഉറ്റ സുഹൃത്തുക്കളോട് പോലും ഇടപഴകുവാൻ മകൻ തല്പരനാകാതെ ഉൾവലിയുന്നതു കണ്ടാൽ, ഒരു കണ്ണ് അവിടെ വെക്കാൻ അച്ഛൻ മടിക്കരുത്.  അവന്റെ മനസ്സിനെ മഥിക്കുന്ന ഒരുതരം കുറ്റബോധത്തിന്റെ ഫലം കൂടിയാവാം അച്ഛനിൽ നിന്നുമുള്ള ഈ ഒളിച്ചുകളി.

2. കൂടെക്കൂടെയുള്ള ഭാവമാറ്റം.

മറ്റെല്ലാ ആസക്തികളെയും പോലെ തന്നെ ഇതും തലച്ചോറിനെയാണ് ആദ്യം ബാധിക്കുന്നത്. മറ്റുള്ളവരെക്കുറിച്ചും തങ്ങളെക്കുറിച്ച്  തന്നെയുമുള്ള എല്ലാ ധാരണകളും തിരുത്തി കുറിക്കപ്പെടും. തൽഫലമായി മനോനിലയിൽ വല്ലാത്ത ചാഞ്ചാട്ടമുണ്ടാകും. പെട്ടെന്ന് ശുണ്‌ഠി പിടിക്കുക, എല്ലാത്തിനെയും പുച്ഛിക്കുക, അന്യരെ അനാവശ്യമായി അധിക്ഷേപിക്കുക എന്നിവയൊക്കെ അതിന്റെ സൂചനകളാവാം.

3.  വർധിക്കുന്ന രഹസ്യാത്മകത

പോർണോഗ്രാഫി അടിമത്വത്തിന്റെ ഫലമായി ഉൾവലിയുന്ന കുട്ടികൾ, തങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ ആരോടും വെളിപ്പെടുത്താതെ ഗുപ്തമാക്കി വെക്കാൻ വളരെ ശ്രദ്ധിക്കും. അന്യരുടെ കണ്ണിൽ പെടാതെ, ദീർഘനേരം ബാത്‌റൂമിൽ,  ഷവറിനു കീഴിൽ ചെലവഴിക്കാൻ ആയിരിക്കും ഇവർ വ്യഗ്രത കാട്ടുക. പൊതുവെ ഒരു ഗൂഢസ്വഭാവം അവർ പ്രകടിപ്പിക്കും.

4.ലൈംഗിക ചുവയുള്ള ഭാഷാപ്രയോഗങ്ങളും ചിത്രരചനകളും

നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ഉപരിയായ ലൈംഗികജ്ഞാനം കുട്ടികൾ ചിലപ്പോൾ നേടിയിട്ടുണ്ടാവും. അതിൽ പലതും അനാരോഗ്യപരമാവും താനും. അത്തരം അവസരങ്ങളിൽ, അവർ പോലും അറിയാതെ, അവരുടെ എഴുത്തുകളിലും സംസാരത്തിലുമെല്ലാം സ്വാഭാവികമെന്നോണം  അശ്ലീലഭാഷ കടന്നു കൂടാം. കടലാസ്സിൽ അത്തരം ചില ചിത്രങ്ങൾ അവർ കോറിയിട്ടെന്നും വരാം. പോർണോഗ്രഫിയിൽ  അമിതമായി അഭിരമിക്കുന്നതുകൊണ്ട്  ഉപബോധമനസ്സിൽ നിന്നും ബഹിർഗമിക്കുന്നതാണ് ഈ പദപ്രയോഗങ്ങളും ചിത്രങ്ങളുമൊക്കെ. ശരീരവും ലൈംഗികതയുമാണ് അവരുടെ ചിന്തയിൽ കൂടതലായി ഉണ്ടാവുക.

ഇപ്പറഞ്ഞതിൽ ഏതെങ്കിലും മൂന്നു കാര്യങ്ങൾ നിങ്ങളുടെ മകന്റെ കാര്യത്തിൽ പ്രകടമായാൽ, അവൻ പോർണോഗ്രാഫിക്ക് അടിമയാവാൻ നല്ല സാധ്യതയുണ്ട്. കാര്യങ്ങളെ വളരെ ഗൗരവത്തോടെ അഭിമുഖീകരിക്കുവാൻ ഇനി അമാന്തിക്കരുതെന്നു ചുരുക്കം. 

 അപ്പോൾ തന്നെ, ഈ പറഞ്ഞ ലക്ഷണങ്ങൾ,  നിങ്ങളുടെ മകന്റെ ലൈംഗിക അപചയത്തിന്റെ സൂചനകൾ തന്നെ ആകണമെന്നു നിർബന്ധമില്ല.  മറ്റു ചില പ്രശ്നങ്ങളിലേക്കുള്ള കൈചൂണ്ടിയും ആവാം.  അതുകൊണ്ട് വളരെ ശ്രദ്ധാപൂർണമായ വിലയിരുത്തലിന് ശേഷം മാത്രമേ മകന്റെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേരാവൂ.

ലൈംഗിക അടിമത്തം എന്ന പ്രശ്നം മകന് സ്വയം പരിഹരിക്കാൻ ആവുന്നതല്ല. മുതിർന്നവരായാലും പരിഹരിക്കാൻ തെല്ലു ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് ഒരു മനഃശാസ്ത്രഞ്ജന്റെ സഹായം തേടുന്നതാണ് ഉചിതം.  എന്നിരിക്കിലും പരിഹാരമില്ലാത്ത ഒരു പ്രശ്നമാണിതെന്നു കരുതരുത്. തീർച്ചയായും മാതാപിതാക്കൾ ഈ ഘട്ടത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവയെപ്പറ്റി വിശദമായി അടുത്ത ലക്കത്തിൽ.