Nov 22, 2021 • 7M

മാനസിക - ശാരീരിക ക്ഷേമങ്ങൾ തമ്മിലുള്ള ബന്ധം

Rahul Nair
Comment
Share
 
1.0×
0:00
-7:07
Open in playerListen on);
Episode details
Comments

മനശാസ്ത്രപരമായ വിഷയങ്ങളിലുള്ള സാക്ഷരതയും മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധവും പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഹഡിൽ തുടങ്ങിയത്. മാനസികാരോഗ്യം വളരെ നിർണ്ണായകമായ പൊതുജനാരോഗ്യ വിഷയമായിരുന്നിട്ടും നമ്മൾ ഇതിൽ അജ്ഞരാണ്. ആളുകൾ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മാനസിക വൈകല്യങ്ങളായും "ഭ്രാന്തായും" കാണുന്നു. എന്നാൽ ഇതെപ്പോഴും ശരിയാവണമെന്നില്ല. അതു കൊണ്ടു തന്നെ മാനസികാരോഗ്യത്തെക്കുറിച്ച് വിശാലമായ ധാരണ കൈവരിക്കേണ്ടത് ആവശ്യമാണ്. നമുക്ക് ആദ്യമായി മാനസികാരോഗ്യത്തിൻ്റെ നിർവചനം നോക്കാം.

ലോകാരോഗ്യ സംഘടന മാനസികാരോഗ്യത്തെ ഇങ്ങനെ നിർവചിക്കുന്നു: "ഓരോ വ്യക്തിയും സ്വന്തം കഴിവുകൾ തിരിച്ചറിയുന്ന, ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ നേരിടാൻ കഴിയുന്ന, ഉൽപ്പാദനപരമായും  പ്രവർത്തിക്കാൻ കഴിയുന്ന, സമൂഹത്തിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുന്ന ക്ഷേമാവസ്ഥ." മാനസികാരോഗ്യത്തിൻ്റെ നിർവചനം വളരെ വിശാലമാണ്. അത് മാനസിക വൈകല്യങ്ങളിലല്ല, മറിച്ച് ക്ഷേമ ബോധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാനസികാരോഗ്യം നമ്മുടെ ജീവിതത്തെ പൂർണ്ണമായി ബാധിക്കുന്നു - അതായത് നമ്മൾ ഈ ലോകത്തെ അനുഭവിക്കുന്ന രീതിയെ; നമ്മൾ എങ്ങനെ ചിന്തിക്കുന്നു, എന്ത് തോന്നുന്നു, നമ്മളോടും മറ്റുള്ളവരോടും എങ്ങനെ നമ്മൾ പെരുമാറുന്നു എന്നിവയെല്ലാം മാനസികാരോഗ്യം അനുസരിച്ചിരിക്കുന്നു.

മാനസികപരമായി നല്ല അവസ്ഥയിലാണെങ്കിൽ, അത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആത്മാഭിമാനം നൽകുകയും ചെയ്യുന്നു.

അങ്ങനെയൊരവസ്ഥയിൽ വ്യത്യസ്ത വികാരങ്ങൾ അനുഭവിക്കാനും പ്രകടിപ്പിക്കാനും മാത്രമല്ല, അവയെ നന്നായി മനസിലാക്കാനും സാധിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ നിലവാരം മനസിൻ്റെ നിലവാരത്തിന് തുല്യമാണ്. നല്ല മാനസികാരോഗ്യം മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനും  നമുക്ക് ചുറ്റുമുള്ള ലോകത്തോട് ഇടപഴകാനും സഹായിക്കുന്നു. ജീവിക്കാനും ഉൽപ്പാദനക്ഷമതയോടെ ജോലി ചെയ്യാനും ജീവിതത്തിലെ ദൈനംദിന സമ്മർദ്ദങ്ങളെ പ്രതിരോധിക്കാനും മാനസികാരോഗ്യം സഹായിക്കുന്നു. മാറ്റങ്ങളുടെയും അനിശ്ചിതത്വത്തിൻ്റെയും ഈ കാലത്ത്  സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും നമ്മളെയും മറ്റുള്ളവരെയും ഫലപ്രദമായി കൈകാര്യം ചെയ്യാനും നല്ല മാനസികാരോഗ്യം നമ്മെ സഹായിക്കുന്നു. ക്ഷേമത്തിൻ്റെ ചില ഘടകങ്ങളെക്കുറിച്ച് നമുക്ക് വിശദമായി ചർച്ച ചെയ്യാം.

നമ്മൾ ജീവിതം ആസ്വദിക്കുകയും ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ സമ്മർദ്ദമില്ലാതെ നേരിടാനുള്ള കഴിവും സ്വാതന്ത്ര്യവും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ക്ഷേമം ഉണ്ടാവുന്നത്. ക്ഷേമത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഘടകം പ്രതിരോധശേഷിയാണ്. തിരിച്ചടികളിൽ നിന്ന് കരകയറാനും വെല്ലുവിളികളെ പതറാതെ നേരിടാനുമുള്ള കഴിവ്.

ക്ഷേമത്തിൻ്റെ മറ്റൊരു പ്രധാന വശം സാമൂഹിക ക്ഷേമമാണ്. മറ്റുള്ളവരുമായി ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനുമുള്ള കഴിവ്. സമൂഹത്തിൽ നമ്മളും ഒരു ഭാഗമാണെന്ന തോന്നലിൻ്റെ പരിധിയാണ് സാമൂഹിക ക്ഷേമം. അസമത്വം, അക്രമങ്ങൾ, കുറ്റകൃത്യങ്ങൾ, വംശീയത തുടങ്ങിയ പ്രശ്നങ്ങൾ സമൂഹത്തിലുണ്ടെന്ന് നമുക്ക് അറിയാം. സാമൂഹിക സമത്വത്തിൻ്റെ അടിസ്ഥാനവും ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവും സാമൂഹിക ക്ഷേമമാണ്. മറ്റു കാര്യങ്ങൾക്കൊപ്പം ഇത് നമ്മുടെ വ്യക്തി ബന്ധങ്ങളുടെ മാനദണ്ഡങ്ങളെ നിർണ്ണയിക്കുന്ന പരസ്പര ബഹുമാനം, ആർദ്രത, സഹാനുഭൂതി എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

ക്ഷേമത്തിൻ്റെ മറ്റൊരു ഘടകമെന്ന് പറയുന്നത് ആത്മീയമായ ക്ഷേമമാണ്. സാമൂഹികവും മാനസികവും വൈകാരികവുമായ ക്ഷേമം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആത്മീയമായ ക്ഷേമമെങ്കിലും ഇത് അധികം അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ആത്മീയത എപ്പോഴും മതവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ആത്മീയത തന്നെക്കാൾ വലുതും ശാശ്വതവുമായ ഒന്നുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ സ്വയം, മറ്റുള്ളവർ, കല, സംഗീതം, സാഹിത്യം, പ്രകൃതി, തന്നെക്കാൾ വലിയ ശക്തി എന്നിവയിലൂടെയുള്ള ബന്ധത്തിലൂടെ ജീവിതത്തിൽ അർത്ഥവും ലക്ഷ്യബോധവും സമന്വയിപ്പിക്കാനുള്ള കഴിവിനെ ആത്മീയമായ ക്ഷേമം എന്ന് വിളിക്കാം. ആത്മീയ ക്ഷേമം നമ്മുടെ ആന്തരിക ജീവിതത്തെയും പുറം ലോകവുമായുള്ള അതിൻ്റെ ബന്ധത്തെയും സംബന്ധിക്കുന്നു.

നമ്മൾ പൊതുവെ മനസെന്നും ശരീരമെന്നും വേർതിരിക്കാറുണ്ടെങ്കിലും മാനസികാരോഗ്യത്തിൻ്റെയും ശാരീരികാരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും കാര്യം പറയുമ്പോൾ നമുക്ക് അവയെ രണ്ടായി വേർതിരിച്ചു കാണാനാവില്ല. ശാരീരികാരോഗ്യം മോശമാവുന്നത് ഒരു വ്യക്തിയിൽ മാനസികമായ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകാം. അതു പോലെ തന്നെ മാനസികാരോഗ്യം മോശമാവുന്നത് ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാം.

ശാരീരികമായ ഒരു ആരോഗ്യ പ്രശ്നം വൈജ്ഞാനികവും വൈകാരികവുമായ നമ്മളുടെ കഴിവുകളെ ബാധിക്കുന്നു.

ഇത് ദൈനംദിന ജീവിതം, ജോലി, ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും. നേരെ മറിച്ച് സമ്മർദ്ദമോ, വിഷാദമോ, ഉത്കണ്ഠയോ കാരണം മാനസികമായി പ്രശ്നങ്ങൾ നേരിടുമ്പോൾ ശരിയായ സമയത്ത് ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ, കായികമായി അധ്വാനിക്കുകയോ ചെയ്യില്ല. ഇത് രോഗ പ്രതിരോധശേഷിയെ ബാധിക്കുകയും നമുക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

ശാരീരികാരോഗ്യവും മാനസികാരോഗ്യവും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ബുദ്ധിമുട്ടുള്ള വികാരങ്ങൾ നമ്മൾ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുമ്പോൾ മാനസികമായി മാത്രമല്ല, ശാരീരികമായും അസ്വസ്ഥതകൾ ഉണ്ടാകാം. ചിലപ്പോൾ നമ്മൾ സമ്മർദ്ദമേറിയ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇത്തരം അനുഭവങ്ങൾ ( ബന്ധപ്പെട്ട വികാരങ്ങൾ ) നമ്മൾ മനസിൻ്റെ അടിത്തട്ടിൽ കുഴിച്ചിടും. എന്നാൽ കുറച്ചു വർഷങ്ങൾക്ക് ശേഷം ഇത്തരം അനുഭവങ്ങൾ മാനസിക പ്രശ്നമായി തിരികെ വരാം. ഉദാഹരണം ഉത്കണ്ഠാ രോഗങ്ങൾ. എന്നാൽ മാനസികാഘാതം ഉണ്ടാക്കിയ ഒരു സംഭവം ശാരീരിക വൈകല്യമായും പ്രത്യക്ഷപ്പെടാം. നമുക്ക് ഒരു കഥ കേൾക്കാം.

വീട്ടിൽ നിന്ന് ധൃതിയിൽ ഓഫീസിലേക്ക് ഇറങ്ങിയതാണ് അരുൺ. കാർ പോർച്ചിൽ നിന്ന് കാർ റിവേഴ്സ് എടുക്കുന്നതിനിടയിൽ കുട്ടിയുടെ കരച്ചിൽ കേട്ടു. തിരക്കിട്ട് ഇറങ്ങിയ അരുൺ,  തൻ്റെ മകൻ കളിപ്പാട്ടവുമായി പുറത്തിരുന്ന് കളിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. കാറിൽ നിന്ന് പുറത്തിറങ്ങിയ അരുൺ കാണുന്നത് വേദന കൊണ്ട് പുളയുന്ന തൻ്റെ മകനെയാണ്. പെട്ടെന്ന് തന്നെ അരുൺ മകനെ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും കുട്ടി അപകടനില തരണം ചെയ്തു.

ഈ സംഭവത്തിന് കുറച്ച് ആഴ്‌ചകൾക്ക് ശേഷം അരുണിൻ്റെ കാലിന് ബലക്ഷയം സംഭവിക്കാൻ തുടങ്ങി. ചില സമയങ്ങളിൽ നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. എക്സറേ ഉൾപ്പെടെ പല പല ടെസ്റ്റുകൾ ചെയ്ത് നോക്കിയെങ്കിലും അതിലൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മാനസികാഘാതം കാരണം ഉണ്ടായ പ്രശ്നമാണിതെന്ന് സംശയം തോന്നിയ ഡോക്ടർ അരുണിനെ സൈക്കോതെറാപ്പിസ്റ്റിന് റഫർ ചെയ്തു. ഡോക്ടറിൻ്റെ സംശയം ശരിയായിരുന്നു. തൻ്റെ അശ്രദ്ധ കാരണം മകൻ വേദന അനുഭവിക്കേണ്ടി വന്നതിലുള്ള കുറ്റബോധവും ഷോക്കും എല്ലാം കൂടി മനസ്സിൽ കിടന്ന് ശാരീരിക പ്രശ്നത്തിൻ്റെ രൂപത്തിൽ പുറത്ത് വന്നതായിരുന്നു. സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ അരുണിന് സ്വയം ക്ഷമിക്കാനും  പതിയെ ആ പ്രശ്നത്തിൽ നിന്ന് പുറത്ത് വരാനും കഴിഞ്ഞു.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്ക് ശാരീരിക പ്രശ്നങ്ങളും തിരിച്ചും ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്ക് പ്രത്യേക ശാരീരിക കാരണങ്ങളൊന്നുമില്ലാതെ ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടാം. ഇത് അന്തർലീനമായിരിക്കുന്ന മാനസികാരോഗ്യ പ്രശ്നത്തെ കണ്ടെത്തുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണമായേക്കാം. ശാരീരിക മാനസികാരോഗ്യം തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണെന്നും കാര്യകാരണബന്ധങ്ങളുടെ ദിശ നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും നാം മനസിലാക്കണം.