*എനിക്ക്.... എനിക്ക്.... പേടിയാവുന്നു...😨*
പ്രശസ്ത സൈക്കോളജിസ്റ്റ് ജോൺ ജേക്കബിന്റെ കേസ് സ്റ്റഡികളിലൂടെ
മുപ്പത്തെട്ട് വയസുള്ള ഒരു അധ്യാപകനാണ് വിനയചന്ദ്രൻ. ഒരിക്കൽ താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കെ ഒരു വാക്ക് പറയുന്നതിനിടയിൽ നാവുടക്കി. ആ വാക്ക് പറയാൻ കഴിയാതെ അദ്ദേഹം അല്പനേരം വിഷമിച്ചു. എന്നിരുന്നാലും അദ്ദേഹം തുടർന്ന് ക്ലാസ് എടുക്കുകയും ചെയ്യ്തു. എന്നാൽ കുട്ടികളുടെ മുന്നിൽ താനൊരു പരിഹാസ കഥാപാത്രമായി മാറിയോ എന്ന് വിനയചന്ദ്രൻ ചിന്തിച്ചു. പിന്നെ ക്ലാസ് എടുക്കുമ്പോൾ തനിക്ക് ചില വാക്കുകൾ പറയാൻ കഴിയാതെ വരുമെന്ന ധാരണയുണ്ടായി. അതോടെ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കെ വിനയൻ വിറയ്ക്കാനും തൊണ്ട വരളുന്ന പോലെ അനുഭവപ്പെടാനും തുടങ്ങി. എന്നാൽ ഇത്തരം ചിന്ത കടന്നു വരാത്ത സാഹചര്യത്തിൽ വിനയന് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലാ. മറിച്ച്, ക്ലാസ് മുറികളിലോ ആൾക്കൂട്ടത്തിനിടയിലോ വിനയൻ പരിഭ്രാന്തിയാവാൻ തുടങ്ങി.
ഒരിക്കൽ തനിക്ക് അഭിമാനകുറവ് സംഭവിച്ചുവെന്നും അത് കൊണ്ട് എല്ലായിടത്തും അത് തന്നെ സംഭവിക്കുമെന്നും വിനയൻ ഭയപ്പെട്ടു. തുടർന്ന് സംസാരിക്കാൻ തന്നെ അവൻ മടി കാണിച്ചു. ഒന്നിനും കൊള്ളാത്തവനായി ഞാൻ മാറി എന്നവൻ സ്വയം കരുതാൻ തുടങ്ങി. അതോടെ സ്കൂളിലേക്ക് പോകാതെയായി. കുട്ടികളുടെ മുന്നിൽ കോമാളിയായി താൻ മാറുമെന്ന് വിനയൻ വിചാരിച്ചു. കുട്ടികൾ തന്നെ കളിയാക്കും, അതോടെ തനിക്ക് നാണംകെട്ട് സ്കൂളിൽ നിന്ന് വരേണ്ടി വരും അങ്ങനെ നൂറായിരം അനാവശ്യ ചിന്തകൾ കടന്നു വന്നതോടെ ഒരു മുറിയിൽ അടച്ചു പൂട്ടി വിനയൻ ഇരുന്നു.
ആരോടും മിണ്ടാതെ വിനയൻ കുറെ നാൾ അവിടെ കഴിച്ചു കൂട്ടി. അവന്റെ മാതാപിതാക്കൾക്ക് ഇത് കണ്ടു നിൽക്കാൻ കഴിയാതെയാണ് അവനെയും കൊണ്ട് സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വരുന്നത്. വിനയനെ പോലെ ഇത്തരം പേടിയും വെപ്രാളവും എല്ലാവർക്കും ഉണ്ടാകും. ചെറുപ്പത്തിൽ നമ്മുക്ക് എല്ലാവർക്കും സ്റ്റേജിൽ കയറാൻ ഭയമായിരിക്കും. അല്ലെങ്കിൽ ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തിയിട്ട് എന്തെങ്കിലും പറയാൻ പറഞ്ഞാൽ നമ്മൾ പതറും. ചോദ്യം ചോദിക്കുമ്പോഴും മറ്റും ഈ അവസ്ഥയിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത്. എന്നാൽ കുറെ കഴിയുമ്പോൾ അതെല്ലാം നേരിടുകയും അത്തരം പേടികൾ മറക്കുകയും ചെയ്യുന്നു. എന്നാൽ ഈ അവസ്ഥ മറാത്ത പക്ഷം നമ്മുടെ ഉള്ളിൽ ഭയം ഒരു ചെകുത്താനെ പോലെ പ്രവർത്തിക്കും. ഈ സാഹചര്യമാണ് വിനയനിൽ ഉണ്ടായത്.
തുടർന്ന് ചികിത്സയിലൂടെ മനുഷ്യൻമാർക്ക് തെറ്റുകൾ സംഭവിക്കുമെന്നും അത് തിരുത്തി മുന്നോട്ട് പോകണമെന്നും വിനയൻ മനസ്സിലാക്കി. ഒരു വാക്ക് തെറ്റിയാൽ അത് തന്റെ കഴിവുകേട് കൊണ്ടാണെന്ന് ചിന്തിക്കുന്നതാണ് കുഴപ്പം. ഒരു വാക്ക് തെറ്റിയതിന്റെ പേരിൽ ഭയന്നിരുന്നത് കൊണ്ട് വിനയന് ഇല്ലാതെയായി കൊണ്ടിരുന്നത് അവന്റെ ജീവിതം തനെയായിരുന്നു. തന്റെ വിദ്യാർത്ഥികൾക്ക് മുന്നിൽ താനൊരു പരിഹാസമായി മാറിയെന്ന ചിന്ത വെറും തോന്നൽ ആയിരുന്നുവെന്ന് അവനെ ബോധ്യപ്പെടുത്തി. നിസ്സാരമായി തള്ളി കളയേണ്ട കാര്യത്തിന് അമിത പ്രാധാന്യം നൽകുകയും അതിൽ ഭയപ്പെടുകയുമാണ് വിനയൻ ചെയ്തത്. ഒരു വാക്ക് പറഞ്ഞപ്പോൾ തെറ്റ് വരുകയും ആ തെറ്റ് ഇനിയും വരാതെ നോക്കാൻ നിർബന്ധം കാണിക്കുകയും ചെയ്തു. ഈ നിർബന്ധമാണ് ഇത്തരം കുഴപ്പങ്ങളിൽ എത്തിച്ചത്.
അറിയാതെ ഒരു തെറ്റ് സംഭവിച്ചാൽ അത് സ്വാഭവികമാണെന്നും അതിൽ ആകുലത കാണിക്കാതെയിരിക്കുകയും വേണം. തെറ്റ് പറ്റരുതെന്ന പിടിവാശി ആദ്യം നമ്മുടെയുള്ളിൽ നിന്ന് മാറ്റണം. ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും ഇത്തരം ഭയത്തെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. അതിനെ മറികടക്കാൻ സാധ്യക്കാത്തത് മാനസികപ്രശ്നമാണ്. ഈ സാഹചര്യം യഥാസമയത്ത് കൃത്യമായി തിരിച്ചറിയണം. പലർക്കും പല രീതിയിലാണ് ഭയം പ്രവർത്തിക്കുന്നത്. പേടി മൂലം ജീവിതം തന്നെ ഇല്ലാതെയാവുന്ന സാഹചര്യമുണ്ട്.
നമ്മുടെ പേടിയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതാണ് പ്രധാന കാര്യം. ചിലർക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. മറ്റു ചിലർക്ക് കഴിയുകയില്ല. അങ്ങനെയുള്ളവർ തീർച്ചയായും ഒരു സൈക്കോളജിസ്റ്റിനെ കാണണം. നമ്മുടെ ഭയത്തെ അഭിമുഖീകരിക്കാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും വിജയത്തിലേയ്ക്കുള്ള വഴികളായിട്ടാണ് മാറുന്നത്. പേടി തോന്നുന്ന സന്ദര്‍ഭങ്ങളെ വളരെയേറെ ധൈര്യത്തോടെ നേരിട്ടില്ലെങ്കിൽ നമ്മുക്ക് ഒരിക്കലും പേടിയെ മറികടക്കാനാകില്ല. പതിയെ മാത്രമേ ഭയത്തെ നമ്മുടെയുള്ളിൽ നിന്നും ഒഴിവാക്കാൻ കഴിയുകയുള്ളൂ. ഭയത്തെ പേടിച്ചു നാം ഒരു സേഫ് സോണിൽ ഒളിച്ചിരുന്നാൽ നമ്മുക്ക് പുറത്തു വരാൻ സാധിക്കുകയില്ല. അത് കൊണ്ട് പേടിയുടെ ചങ്ങലകണ്ണികൾ പൊട്ടിച്ചു കളയാൻ നമ്മുടെ മനസ്സുകൾക്ക് കഴിയട്ടെ.....
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.