Mar 3 • 8M

മികവിൽ കുരുങ്ങുമ്പോൾ - പെർഫെക്ഷനിസം ഡിസോഡർ

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-7:32
Open in playerListen on);
Episode details
Comments

Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.

ജയശ്രീക്ക് നാൽപത് വയസ്സോടടുത്ത കാലഘട്ടത്തിലാണ് സർക്കാരിൽ ജോലി കിട്ടുന്നത്. ഭർത്താവും ഉദ്യോഗസ്ഥനാണ്. രണ്ടു മക്കളുണ്ട്. സംതൃപ്ത കുടുംബം. ജോലിയിൽ പ്രവേശിച്ച ശേഷമാണ് ജയശ്രീയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങിയത്. താൻ എന്തു ചെയ്താലും ശരിയാകുന്നില്ലെന്ന പരാതിയാണ് ജയശ്രീക്കെപ്പോഴും. ഇതു മൂലം ഇടയ്ക്കിടെ വിഷാദിച്ചിരിക്കുന്നത് കാണാം. ഈയൊരു ചിന്തയുള്ളതു കൊണ്ടാവാം, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഭയമാണ്. തനിക്കവിടെ പൂർണത കൈവരിക്കാൻ സാധിക്കുമോയെന്ന ഉത്കണ്ഠയാണ് കാരണം.

എങ്കിലും വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഭർത്താവും മക്കളുമെല്ലാം ജയശ്രീയേ എപ്പോഴും പിന്തുണച്ചിരുന്നു. പക്ഷെ, ഒരു ദിവസം മക്കൾ വീട്ടിലില്ലാതിരുന്ന സമയം, ജോലി കഴിഞ്ഞ് ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച, ഫാനിൽ തൂങ്ങി ജീവനൊടുക്കിയ നിലയിലുള്ള ജയശ്രീയേയാണ്. കുടുംബത്തിൽ ജയശ്രീക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലായിരുന്നു. ഓഫീസിലും പറയത്തക്ക യാതൊരുവിധ പ്രശ്നങ്ങളുമുള്ളതായി ആരും ഓർമിക്കുന്നില്ല. പിന്നെ എന്താണ് ജയശ്രീയേ ആത്‌മഹത്യയിലേക്ക് നയിച്ചത്.

പുറമേ നോക്കുമ്പോൾ നല്ലതെന്നു തോന്നാവുന്ന എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ശാരീരിക-മാനസികാരോഗ്യത്തിൽ സൃഷ്ടിക്കുന്ന 'പെർഫെക്ഷനിസം ഡിസോഡർ' എന്ന മാനസിക പ്രശ്നമായിരുന്നു ജയശ്രീക്ക്.

ഇതുമൂലം ജോലിയിലും മറ്റും അമിതമായി ഉയർന്ന നിലവാരവും പൂർണതയുമാണ് ജയശ്രീ നൽകിയിരുന്നത്. ജയശ്രീ തന്നെ മനസ്സിൽ രൂപപ്പെടുത്തിയിരുന്ന ആ ഉയർന്ന നിലവാരത്തിലേക്ക് ദൈനംദിന ജോലിയിലെ കാര്യങ്ങൾ എത്താതെ വരുമ്പോൾ, അതിനെ തന്റെ പരാജയമായി കാണുന്നു. അതിൽ വിഷാദിച്ചിരിക്കുന്നു. ഏതൊരു കാര്യത്തിലും വളരെ നേർത്ത പോരായ്മ പോലും തന്റെ മുഴുവൻ പരാജയമായി ജയശ്രീ കാണുമായിരുന്നു. വൈകിയാണ് ജോലി ലഭിച്ചതെങ്കിലും, എല്ലാവരുടെയും മുന്നിൽ തനിക്ക് അംഗീകാരം കിട്ടണമെന്ന ചിന്ത അമിതമായി മികവു പുലർത്താനുള്ള ശ്രമത്തിലേക്ക് നയിച്ചു. അതിലൽപ്പം കുറവു വന്നാൽപോലും താനൊരു മുഴു പരാജയമാണെന്ന ചിന്ത മനസ്സിൽ നിറച്ചു. ഇത് പിന്നീട്, മറ്റ് ദൈനംദിന ഓഫീസ് കാര്യങ്ങൾ ചെയ്യുന്നതിലും ഉത്കണ്ഠ സൃഷ്ടിക്കാൻ കാരണമായി. താൻ ചെയ്താൽ ശരിയാകുമോ? താൻ പരാജയപ്പെടുമോ? പരാജയപ്പെട്ടാൽ മറ്റുള്ളവർ എന്തു പറയും? തുടങ്ങിയ ഉത്കണ്ഠകൾ മനസ്സിൽ നിറഞ്ഞതോടെ ഉറക്കവും കുറഞ്ഞു. സാവധാനത്തിൽ സ്വന്തം ചെറിയ പോരായ്മകളെ പോലും വലിയ പരാജയങ്ങളായി കണ്ടതോടെ 'ഇനി എന്തിനാ ഇങ്ങനെ ജീവിക്കുന്നേ' എന്ന ചിന്തയിലേക്ക് മനസ്സു പോയി. അതാണ് ഒരു ദുർബല നിമിഷത്തിൽ ഫാനിൽ അവസാനിച്ചത്.

എന്താണ് പെർഫെക്ഷനിസം ഡിസോഡർ?

ചെയ്യുന്ന ഏതു കാര്യത്തിലും ഫലത്തേക്കുറിച്ച് വളരെ ഉയർന്ന പ്രതീക്ഷ വച്ചുപുലർത്തുകയും വളരെ ഉയർന്ന നിലവാരം നിശ്ചയിക്കുകയും അതിൽ വളരെ ചെറിയൊരു പോരായ്മ വന്നാൽ പോലും താനൊരു മുഴു പരാജയമാണ്, തന്നെ എന്തിനു കൊള്ളാം എന്ന ചിന്ത വച്ചു പുലർത്തുകയെന്നതാണ് പെർഫെക്ഷനിസ്റ്റുകളുടെ പ്രത്യേകത. എന്തിലും ഏറ്റവും ഉയർന്ന മികവു വേണമെന്ന് ചിന്തിക്കുന്നത് നല്ല കാര്യമല്ലേയെന്ന് പലർക്കും തോന്നിയേക്കാം. പക്ഷെ ഇവിടെ, ഏതു കാര്യത്തിന്റെയും ഫലത്തിൽ 100 ശതമാനത്തിൽ കുറഞ്ഞ എന്തിനേയും വലിയ പരാജയമായി കണ്ട് വിഷാദിക്കുന്ന അവസ്ഥയിലേക്ക് ഇത്തരക്കാർ മാറും. ഉദാഹരണത്തിന്, പരീക്ഷയിൽ നൂറിൽ 98 മാർക്ക് ലഭിച്ചാൽ ഇവർ സന്തോഷിക്കില്ല. മറിച്ച് എനിക്ക് രണ്ട് മാർക്ക് കിട്ടിയില്ലല്ലോ എന്ന് ചിന്തിച്ച് ആകുലപ്പെട്ടിരിക്കും. ഒപ്പം താനൊരു പരാജയമാണെന്ന് ചിന്തിക്കുകയും ചെയ്യും.

ചെറിയ ചെറിയ പോരായ്മകളിൽ പോലും ഇത്തരത്തിലുള്ള നിഷേധാത്മക ചിന്ത വരുന്നതോടെ ജീവിതത്തിൽ അസന്തുഷ്ടി നിറയുന്നു. ഇത് വിഷാദം, ഉത്കണ്ഠ, തെറ്റായ ഭക്ഷണരീതികൾ, സ്വയം ഉപദ്രവിക്കൽ എന്നിവയിലേക്കും നയിക്കുന്നു. പതിയെ പതിയെ വ്യക്തിബന്ധങ്ങളെയും പഠനത്തേയും ബാധിക്കുന്നു.

അമിതമായി ഉയർന്ന നിലവാരം ചെയ്യുന്ന ഏതു കാര്യത്തിലും നിശ്ചയിക്കുന്നതിനൊപ്പം അമിതമായ ആത്മവിമർശനവും 'പെർഫെക്ഷനിസം ഡിസോഡർ' ഉള്ളവരുടെ പ്രത്യേകതയാണ്.

മറ്റുളവർ വിമർശിക്കുമെന്നോ കുറ്റം പറയുമെന്നോ ഓർത്ത് ചെയ്യുന്ന കാര്യത്തിൽ, മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാൻ, അമിതമായും മികവിനായി ഇവർ ശ്രമിക്കുന്നു. ഇവർ ഉദ്ദേശിച്ച മികവിൽ അൽപം കുറവു വന്നാൽ ആകെ നിരാശയിലേക്ക് വീഴുന്നു.

പോര പോര

പെർഫെക്ഷനിസ്റ്റുകൾ എത്ര കഠിനാധ്വാനം ചെയ്താലും നന്നായി ഒരു കാര്യം ചെയ്താലും അവരുടെ ഉള്ളിൽ നിന്നു പറയുന്നത് പോര... പോര... എന്നുള്ള ശബ്ദമായിരിക്കും. ഈ ശബ്ദം ഉയർന്നു നിൽക്കുമ്പോൾ അവർ തങ്ങളെ തന്നെ പരാജയമായി കാണുന്നു.

ലക്ഷണങ്ങൾ

വിജയിക്കണമെന്ന ആഗ്രഹം ആരോഗ്യകരമായ കാര്യമാണ്. എല്ലായ്പോഴും 100% പൂർണത കൈവരിച്ചില്ലെങ്കിൽ അത് വലിയ പരാജയമാണെന്ന ചിന്ത പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അതിനാൽ പെർഫെക്ഷനിസം പ്രകടിപ്പിക്കുന്നവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ നോക്കാം.

• ശ്രമിക്കുന്നിടത്തെല്ലാം പരാജയമാണെന്ന തോന്നൽ

• ഒരു കാര്യം ഏറ്റവും ഉയർന്ന മികവോടെ ചെയ്യാൻ പറ്റില്ലെന്ന തോന്നലിൽ മാറ്റിവച്ചുകൊണ്ടിരിക്കുക. (Procrastination) ഇത് പിന്നീട് പൂർത്തിയാക്കാതെ അനന്തമായി നീളാം.

• ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാനുളള പ്രയാസം

• വ്യക്തിബന്ധങ്ങളിലും ഓഫീസ് ബന്ധങ്ങളിലും വളരെയധികം നിയന്ത്രണം കൊണ്ടു വരിക.

• നിയമങ്ങളിലും മാനദണ്ഡങ്ങളിലും ഒരാൾ പറഞ്ഞേൽപിച്ച കാര്യങ്ങളുടെ നിർവഹണത്തിലുമൊക്കെ അണുവിട തെറ്റാത്ത കർക്കശ നിലപാട്. ഇവിടെ അമിതപ്രാധാന്യം ചട്ടക്കൂടുകൾക്കായിരിക്കും.

• പെർഫെക്ഷനിസ്റ്റായ വ്യക്തി, താൻ വിജയിച്ചാൽ മാത്രമേ വിലയുള്ള വ്യക്തിയായി തീരുകയുള്ളുവെന്ന് ചിന്തിക്കുന്നു.

പെർഫെക്ഷനിസ്റ്റുകളുടെ പ്രത്യേകതകൾ

• ഇവരിൽ സാധാരണ ജേതാക്കളെ അപേക്ഷിച്ച് വിജയം കുറവും മാനസിക സമ്മർദ്ദം കൂടുതലും ആയിരിക്കും.

• ഇവർ സാധാരണ വിജയികളേപ്പോലെ വലിയ ലക്ഷ്യങ്ങൾ ഒക്കെ വച്ച് പ്രവർത്തിക്കും. ഒരു ജേതാവ് വിജയത്തോടടുത്ത കാര്യത്തിലോ സംതൃപ്തി കണ്ടെത്തുമ്പോൾ, ലക്ഷ്യം പൂർണമായും നേടാൻ കഴിഞ്ഞിലെങ്കിൽ പെർഫെക്ഷനിസ്റ്റുകൾ സംതൃപ്തരാവുകയില്ല. സ്വയം ഒരു പരാജയമാവുമെന്ന് ചിന്തിക്കുകയും ചെയ്യും.

• പെർഫെക്ഷനിസ്റ്റുകൾ സ്വയവും മറ്റുള്ളവരിലും എന്തിലും കുറ്റം കാണുന്നവരായിരിക്കും. എന്തിനേയും മുൻവിധിയോടെ നോക്കിക്കാണും.

• ജേതാക്കളെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ആഗ്രഹങ്ങളായിരിക്കും. ഓരോ ചുവടും സന്തോഷത്തോടെയായിരിക്കും. എന്നാൽ പെർഫെക്ഷനിസ്റ്റുകളാവട്ടെ, ഞാൻ ലക്ഷ്യത്തിൽ എത്തിച്ചേരുമോ, പരാജയപ്പെടുമോ എന്ന ഭയത്തിലായിരിക്കും ഓരോ ചുവടും വയ്ക്കുക.

• യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങൾ: ജേതാക്കൾ എപ്പോഴും ലക്ഷ്യങ്ങൾ മനസ്സിലുറപ്പിച്ച ശേഷം അത് കീഴടക്കുന്നു. പിന്നീട് അതിലും ഉയരത്തിലേക്ക് പോകാൻ ശ്രമിക്കുന്നു. എന്നാൽ പെർഫെക്ഷനിസ്റ്റുകൾ തുടക്കത്തിൽ തന്നെ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള വലിയ ലക്ഷ്യങ്ങൾ ഉറപ്പിക്കുന്നു.

• ഉയർന്ന പ്രതീക്ഷകൾക്കനുസരിച്ച് ഫലം ലഭിക്കാതെ വരുമ്പോൾ പെർഫെക്ഷനിസ്റ്റുകൾ എളുപ്പം വിഷാദത്തിലേക്ക് നീങ്ങുന്നു. ജേതാക്കൾ നിരാശയിൽ നിന്ന് കരകയറി പ്രവർത്തിക്കുന്നു.

പെർഫെക്ഷനിസ്റ്റുകളുടെ ഉദാഹരണങ്ങൾ

• ഇ-മെയിലിൽ രണ്ട് വാചകങ്ങൾ അയക്കാൻ അര മണിക്കൂറിലധികം സമയമെടുക്കുകയും വീണ്ടും വീണ്ടും മാറ്റി എഴുതുകയും ചെയ്യുന്നു.

• ഒരു പരീക്ഷയിൽ 2 പോയിന്റ് എഴുതാൻ വിട്ടു പോയാൽ അതിനെ പരാജയമായി കാണുന്നു.

• മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കാൻ പ്രയാസം.

• ഉയർന്ന മികവ് പുലർത്താൻ സാധിക്കില്ലെന്ന ചിന്തയിൽ ക്ലാസ് ഉൾപ്പെടെ പലതും ഒഴിവാക്കുന്നു.

• തനിക്ക് പൂർണത കൈവരിക്കാൻ പറ്റില്ലെന്ന ചിന്തയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതും മറ്റും ഒഴിവാക്കുന്നു.

• ഏതൊരു കാര്യവും ചെയ്യാൻ കൂടുതൽ സമയം എടുക്കുന്നു.

കാരണങ്ങൾ

താൻ പിന്തള്ളപ്പെട്ടു പോകുമോയെന്ന ചിന്തയും അരക്ഷിതബോധവുമെല്ലാം പെർഫെക്ഷനിസം ഡിസോഡറിന് കാരണമാകാം.

എങ്ങനെ നിയന്ത്രിക്കാം

• സ്വയം മതിപ്പ് വളർത്തുക.

• കുറവുകളെയും പോരായ്മകളേയും അംഗീകരിക്കുക. അവയും സ്വാഭാവികമാണെന്ന ബോധ്യം മനസ്സിൽ നിറയ്ക്കുക.

• നേടാനാവുന്ന യാഥാർത്ഥ്യബോധത്തോടെയുള്ള ലക്ഷ്യങ്ങൾ ഉറപ്പിക്കുക.

• വലിയ ലക്ഷ്യങ്ങളെ, ചെറിയ ലക്ഷ്യങ്ങളായി വിഭജിച്ച് ഓരോ ഭാഗങ്ങളായി പൂർത്തീകരിക്കുക.

• ഒരു സമയം ഒരു കാര്യത്തിൽ ശ്രദ്ധയൂന്നുക.

• ആർക്കും തെറ്റുപറ്റാമെന്ന യാഥാർത്ഥ്യം അംഗീകരിക്കുക.

• ഓരോ തെറ്റിലും പാഠം പഠിക്കാനുള്ള അവസരമാണ് ഉള്ളതെന്ന് തിരിച്ചറിയുക.

• പരാജയപ്പെടുമോയെന്ന ചിന്തയേ യാഥാർത്ഥ്യ ബോധത്തോടെ നേരിട്ട് പ്രവർത്തിക്കുക.

ചികിത്സ

പെർഫെക്ഷനിസ്റ്റായ വ്യക്തി പലപ്പോഴും, മറ്റുള്ളവർക്ക് മുന്നിൽ തന്റെ വിലയിടിയും എന്ന ആശങ്കയിൽ, വ്യക്തിപരമായ പ്രശ്നങ്ങൾ മറച്ചുവയ്ക്കാറുണ്ട്. ഇതുമൂലം ഇവരുടെ പ്രശ്നങ്ങൾ കുടുംബാംഗങ്ങൾക്കും മറ്റും മനസ്സിലാക്കാൻ പ്രയാസമായിരിക്കും. എന്നാൽ ഈയൊരു പ്രശ്നം ദൈനംദിന ജീവിതത്തെ ബാധിച്ചാൽ, ഒരു മനഃശാസ്ത്ര വിദഗ്ദനെ കണ്ട് ചികിത്സ തേടുക.

കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഇക്കാര്യത്തിൽ ഏറെ ഫലപ്രദമാണ്. ലക്ഷ്യങ്ങളെയും നേട്ടങ്ങളേയും കുറിച്ചുള്ള ചിന്തകളിൽ പുതിയ വഴികൾ തുറക്കാൻ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി സഹായകമാണ്.