Nov 11, 2021 • 11M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 9

കുഞ്ഞിന്റെ പരിചരണം അമ്മയുടെ മാത്രം ചുമതലയോ? പാരന്റിങ് ഭീതിനിറയ്ക്കുമ്പോൾ

Lakshmi Narayanan
Comment
Share
 
1.0×
0:00
-10:35
Open in playerListen on);
Episode details
Comments

കുഞ്ഞിന്റെ പരിചരണം എന്നത് നമ്മുടെ നാട്ടിൽ പലപ്പോഴും അമ്മയുടെ മാത്രം ചുമതലയാണ്. കുട്ടി ഭക്ഷണം കഴിച്ചില്ലെങ്കിൽ, മെലിഞ്ഞു പോയാൽ, ദുർവാശി കാണിച്ചാൽ, പഠിത്തത്തിൽ പിന്നോട്ട് പോയാൽ, തർക്കുത്തരം പറഞ്ഞാൽ എന്ന് വേണ്ട കുഞ്ഞിനെ സംബന്ധിക്കുന്ന ഏതൊരു കാര്യത്തിനും ആദ്യം പഴികേൾക്കേണ്ടി വരുന്നത് അമ്മയാണ്. എന്തുകൊണ്ടാണിങ്ങനെ ? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുട്ടിയുടെ മേൽ അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണ് എന്നിരിക്കേ, കുഞ്ഞിന്റെ പരിചരണം, വളർത്തൽ എന്നിവ അമ്മയുടെ മാത്രം പ്രധാന ഉത്തരവാദിത്തം ആകുന്നത് എങ്ങനെയാണ്? 

കുഞ്ഞു ജനിക്കുന്നതോടെ പല അമ്മമാരുടെയും കരിയറിന് താൽക്കാലികമായെങ്കിലും ഫുൾസ്റ്റോപ്പ് വീഴും.

'നാട്ട് നടപ്പനുസരിച്ച്' അത് അമ്മമ്മയുടെ ഉത്തരവാദിത്തമാണല്ലോ. കുഞ്ഞു കൃത്യമായി ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ, കുഞ്ഞിന് മതിയായ ആരോഗ്യമുണ്ടോ ?ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അമ്മയാണെന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തു കൊണ്ടാണ് ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ പരിചരണവും വളർത്തലുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ അമ്മയുടെ മാത്രം ചുമതലയാകുന്നത് എന്ന്. കുറഞ്ഞ പക്ഷം മാതൃത്വത്തിന്റെ ഗ്ലോറിഫിക്കേഷന്റെ ഭാഗമായി ലഭിക്കുന്ന ഈ അഡീഷണൽ ഉത്തരവാദിത്തങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തെ എത്രമാത്രം സമ്മർദ്ദത്തിൽ ആക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ചിന്തിച്ചു തുടങ്ങണം.

സ്വന്തം താല്പര്യവും ഇഷ്ടവും മുൻനിർത്തി പൂർണ്ണ മനസോടെ അമ്മയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞോ കുഞ്ഞിന്റെ പരിചരണമോ ഒരിക്കലും ഒരു ബുദ്ധിമുട്ടോ യാതനയോ അല്ല. എന്നാൽ തുടർച്ചായി കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് അവളുടെ മാത്രം കടമയാകുകയും മറ്റുള്ളവർ അത് കർശനമായി നിഷ്കർഷിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ഇവിടെയാണ് അച്ഛനും അമ്മയും കൂട്ടുത്തരവാദിത്തത്തോടെ കുട്ടികളെ നോക്കേണ്ടതിന്റെ പ്രസക്തി വർധിക്കുന്നത്. ഇത് പെട്ടെന്നൊരു ദിവസം തുടങ്ങേണ്ട ഒന്നല്ല. കുഞ്ഞുണ്ടായ ആദ്യ ദിനം മുതൽ ഇത്തരത്തിലൊരു രീതി അവലംബിക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലത്.

എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിലെ ചിട്ടകൾ അല്പം വ്യത്യസ്തമാണ്. പലവീടുകളിലും പ്രസവശേഷം നിശ്ചിത ദിവസത്തേക്ക് ഭർത്താവിനെ ഭാര്യയുടെ അടുത്തേക്ക് പോകാൻ അനുവദിക്കില്ല. ഇതിന്റെ പിന്നിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും എന്ത് തന്നെയായാലും പ്രസവം കഴിഞ്ഞ, ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ അസാന്നിധ്യം ഒരു പ്രശ്നം തന്നെയാണ്. സിസേറിയൻ ആയാലും സ്വാഭാവിക പ്രസവമായാലും ഒരു സ്ത്രീ സഹിക്കുന്ന വേദന ചെറുതല്ല. അതിനാൽ തന്നെ പ്രസവശേഷം കൃത്യമായ വിശ്രമം അനിവാര്യമാണ്. എന്നാൽ ഇവിടെ കാര്യങ്ങൾ വിഭിന്നമാണ്‌. പ്രസവരക്ഷയ്ക്കും സഹായത്തിനുമായി എത്തുന്ന സ്ത്രീ പരമാവധി മൂന്നു മാസം കൂടെ കാണും. ആദ്യ മൂന്നു മാസം മുഴുവൻ കുഞ്ഞിനെ നോക്കുക അമ്മയും ഈ സഹായിയും കൂടിയാണ്.

നാലാം മാസം മുതൽ പലയിടത്തും 'അമ്മ തനിച്ചാകും. വീട്ടിൽ കുഞ്ഞിന്റെ അച്ഛനും മറ്റുള്ളവരും ഉണ്ടെങ്കിലും അതുവരെ പരിചരിച്ചത് അമ്മയാണ് എന്ന മുൻവിധിയിൽ കുഞ്ഞിന്റെ തുടർന്നുള്ള പരിചരണവും അമ്മയുടെ തോളിലാകുന്നു. ഇതൊരു ഭാരമോ, കുറവോ ആയല്ല പറയുന്നത്. എന്നിരുന്നാലും ഒരു വ്യക്തിക്ക് അനിവാര്യമായ വിശ്രമം ലഭിക്കാതെ രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെയുള്ള പരിചരണം അമ്മയായ സ്ത്രീയെ മാനസികമായും ശാരീരികമായും തളർത്തുന്നു. എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഒരു പെൺകുട്ടി അമ്മയാകുമ്പോൾ നേരിടുന്ന വെല്ലുവിളികൾ. ഇതെല്ലാം തുടക്കം മാത്രമാണ്.

'ബാത്റൂമിൽ പോലും പോകാൻ കഴിയാതെ കരഞ്ഞിട്ടുണ്ട് ഞാൻ'

'സുഖപ്രസവം അല്ലായിരുന്നോ അവൾക്ക്...വീട്ടിലാണേ നോക്കാൻ ഒരു ജോലിക്കാരിയും ഉണ്ട്. ഒരു പൊടിക്കൊച്ചിനെ മാനേജ് ചെയ്യാൻ എന്തിനാ പത്താളുകൾ?' ഈ വാചകമാണ് പ്രസവശേഷം കൊച്ചി സ്വദേശിനിയായ മായ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. തലങ്ങും വിലങ്ങും നിന്ന് ബന്ധുക്കൾ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്റെ ജീവിതവും കരിയറും കൈവിട്ട് പോകുന്ന അവസ്ഥയിലായിരുന്നു മായ. ആ നാളുകളെ മായ ഓർത്തെടുക്കുന്നതിങ്ങനെ..

''ഞാൻ എംടെക്ക് കഴിഞ്ഞിരിക്കുമ്പോഴാണ് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയുമായി കൊച്ചിയിൽ എത്തുന്നത്. കൊച്ചി ഇൻഫോപാർക്കിൽ ആയിരുന്നു ജോലി. എനിക്ക് എന്റെ കരിയാറിനെപ്പറ്റി വലിയ ആഗ്രഹങ്ങളുണ്ടായിരുന്നു. അത് പോലെ തന്നെ സാമ്പത്തികമായി സെറ്റിൽ ആകണം എന്നും സ്വന്തമായി വീട് വയ്ക്കണം എന്നുമൊക്കെ ആഗ്രഹിച്ചിരുന്നു. അതിനു സഹായകമാകുന്ന ശമ്പളം എനിക്ക് തുടക്കം മുതൽ ലഭിച്ചിരുന്നു. ആ സമയത്താണ് ഞാൻ വിവാഹിതയാകുന്നത്. വീട്ടുകാർ കണ്ടെത്തിയ പയ്യൻ, അദ്ദേഹവും ഐടി ഫീൽഡിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല. അങ്ങനെ വിവാഹം കഴിഞ്ഞു ഞങ്ങൾ കൊച്ചിയിൽ സെറ്റിലായി.

അധികം വൈകാതെ ഞാൻ ഗർഭിണിയുമായി. എന്നിരുന്നാലും ജീവിതവും കരിയറും എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന കാര്യത്തിൽ എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. ഏഴാം മാസം വരെ ഞാൻ ജോലിക്ക് പോയി. അത് കഴിഞ്ഞതോടെ ഷുഗർ വേരിയേഷൻ കണ്ടെത്തുകയും അത് വീട്ടുകാർ പ്രശ്നമാക്കി എടുക്കുകയും ഞാൻ ലീവിൽ പ്രവേശിക്കുകയും ചെയ്തു. അത് അല്ലേലും അങ്ങനെയാണല്ലോ, ഇത്തരം അവസ്ഥകൾ വരുമ്പോൾ എന്റെ ഉള്ളിൽ കിടക്കുന്ന കുഞ്ഞു പോലും മറ്റുള്ളവരുടെതാകും. ജോലി എന്റെ മാത്രം ആവശ്യവും.

ആറു മാസത്തെ പ്രസവാവധിയാണ് എനിക്ക് ഉണ്ടായിരുന്നത്. ചില മുൻനിര പ്രോജക്റ്റുകൾ ഞാൻ ലീഡ് ചെയ്യുന്ന സമയമായിരുന്നു അത്. കുഞ്ഞു ജനിച്ചാലും ഞാനും ഭർത്താവും കുഞ്ഞിനെ മാറി മാറി നോക്കും എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന് ഡേ ഡ്യൂട്ടി ആയിരുന്നു. എനിക്ക് യുഎസ് കമ്പനി ആയതിനാൽ തന്നെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞതോടെ എല്ലാം തിരിഞ്ഞുമറിഞ്ഞു. പ്രസവിച്ച പെണ്ണിന്റെ അടുക്കൽ ഭർത്താവ് വരരുതെന്ന് പറഞ്ഞു ബന്ധുക്കൾ വിലക്കി. ഒരു കാഴ്ചക്കാരനെ പോലെ വന്നു കുഞ്ഞിനെക്കണ്ടു പോകുന്ന അദ്ദേഹം എനിക്ക് സഹിക്കാനാവാത്ത വേദനയായിരുന്നു. നാട്ടിൽ നിന്നും ഒരു ചേച്ചി പ്രസവരക്ഷയ്ക്കായി വന്നിരുന്നു. ദോഷം പറയരുതല്ലോ രാത്രി കുഞ്ഞെണീറ്റാലോ പറഞ്ഞാലോ ഒന്ന് തിരിഞ്ഞു നോക്കില്ല. പ്രസവശേഷം അവരുടെ നേതൃത്വത്തിൽ നടത്തിയ പ്രസവക്കുളി എനിക്ക് നൽകിയത് ഏറ്റവും വലിയ ബോഡി ഷെയിമിങ്, ട്രോമാ, അരക്ഷിതാവസ്ഥ എന്നിവയാണ്. അലപം വണ്ണമുള്ള ശരീരമാണ് എന്റേത് , ഇടിഞ്ഞ മാറും ചാടിയ അരക്കെട്ടും നോക്കി അവർ നടത്തിയ പുച്ഛവും മറ്റ് പരാമർശങ്ങളും എന്നിലെ സ്ത്രീയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തി.

മൂന്നാം മാസം വരെ രാവും പകലും മാറി മാറി കുഞ്ഞിനെ നോക്കി ഞാൻ ഒരു മൈഗ്രൈൻ രോഗിയായി. കാരണം കൃത്യമായ വിശ്രമമോ ഉറക്കമോ ഇല്ല എന്നത് തന്നെ. മൂന്നാം മാസം അവർ പോയി. ഭർത്താവും കുഞ്ഞുമായി ജീവിതത്തിലേക്ക് മടങ്ങാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഭർത്താവിന് വിദേശത്ത് നിന്നും അദ്ദേഹം ഏറെക്കാലം ആഗ്രഹിച്ച ഒരു ജോബ് ഓഫർ ലഭിക്കുന്നത്. എന്നെ പോലെ അദ്ദേഹവും കരിയറിൽ ഏറെ ശ്രദ്ധാലുവായിരുന്നതിനാൽ ആ ഓപ്‌ഷൻ സ്വീകരിച്ചു. വീണ്ടും കൊച്ചിയിലെ ഫ്ലാറ്റിൽ ഞാനും കുഞ്ഞും ഒറ്റയ്ക്കായി. പ്രസവം നോക്കാൻ വന്ന സ്ത്രീക്ക് പകരം മറ്റൊരു മെയ്ഡ് ചാർജെടുത്തു. എന്നാൽ രാത്രിയിൽ തീരെ ഉറക്കമില്ലാത്ത മോളെ നോക്കാൻ അവർ തയ്യാറല്ലായിരുന്നു. ബാത്റൂമിൽ പോലും പോകാൻ കഴിയാതെ   കുഞ്ഞിനെ നോക്കി കരഞ്ഞിട്ടുണ്ട് ഞാൻ.

വ്യക്തിപരമായ കാര്യങ്ങളാൽ എന്റെ കൂടെ നിൽക്കാൻ ബന്ധുക്കൾ ആരുമുണ്ടായിരുന്നില്ല. എങ്ങനെയോ ആറു മാസം തള്ളിനീക്കി. കുഞ്ഞിന്റെ ഭക്ഷണം, കുളി , മറ്റ് കാര്യങ്ങൾ എല്ലാം ചെയ്തശേഷം ആയയെ ഏൽപ്പിച്ചു ഞാൻ ജോലിക്ക് പോകും. എന്നാൽ നൈറ്റ് ഷിഫ്റ്റ് ആയകാരണം, കുഞ്ഞിനെ നോക്കാൻ വന്നവരും പലവിധ ബുദ്ധിമുട്ടുകൾ പറഞ്ഞു. ഇതിനിടയിൽ വാക്സിൻ എടുത്ത കുഞ്ഞിന് ചെറിയ പനി വന്നു. അതേത്തുടർന്ന് ഭാരം കുറഞ്ഞു. അതൊരു അവസരമായിക്കണ്ട് ബന്ധുക്കളും നാട്ടുകാരും എന്നെ വളഞ്ഞിട്ട് ആക്രമിച്ചു. പണമുണ്ടാക്കാൻ കുഞ്ഞിനെ വല്ലയിടത്തും നടതള്ളി പോകുന്ന സ്ത്രീ എന്നാണ് അവർ എന്നെ വിശേഷിപ്പിച്ചത്. ഞാൻ എന്റെ മകൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്, അവൾക്കും എനിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞാൻ ജോലിക്ക് പോയിരുന്നത്. ജോലി കഴിഞ്ഞുമടങ്ങി വരുമ്പോൾ കുഞ്ഞിനേക്കാൾ വേദന ഞാൻ അനുഭവിച്ചിരുന്നു. പാൽ കെട്ടിക്കിടന്ന മുലകൾ വേദനയാൽ തൊടാനാവാത്ത അവസ്ഥയിരുന്നു.

 പയ്യെ പയ്യെ കുഞ്ഞും ഞാനും ആ അവസ്ഥയുമായി ചേർന്നു. എന്നാൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ഇത് യോജിക്കാനായില്ല. ഓരോ അവസരങ്ങളിലും കുഞ്ഞിനെ നോക്കാത്ത അമ്മ എന്ന രീതിയിൽ എന്നെ കുത്തി നോവിച്ചുകൊണ്ടിരുന്നു. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ, കൂടെ ഭർത്താവ് പോലും ഇല്ലാത്ത അവസ്ഥ. ഇതിനിടക്ക് ആയ ആയി നിന്നവർ പലകുറി മാറി. പുതിയ ആയമാരുടെ അടുത്ത് മോൾ ഇണങ്ങാൻ സമയമെടുത്തു. അപ്പോഴെല്ലാം ഞാൻ ലീവ് എടുത്ത് അവൾക്കൊപ്പം ഇരുന്നു. എന്നാൽ കുഞ്ഞിന് നിറമില്ല, ഭാരം കുറഞ്ഞു, കരഞ്ഞു കരഞ്ഞു കുഞ്ഞില്ലാണ്ടായി തുടങ്ങിയ പരാതികൾ സ്ഥിരമായപ്പോൾ ഞാൻ ജോലി വേണ്ടെന്നു വച്ചു.

ആഗ്രഹിച്ചു കിട്ടിയ ജോലിയായിരുന്നു. കരിയറിൽ നല്ല വളർച്ചയും ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ ഒരു നല്ല അമ്മയല്ല എന്ന കുറ്റപ്പെടുത്തലുകൾക്കുള്ള മറുപടിയായി എനിക്കെന്റെ കരിയർ തന്നെ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. മുഴുവൻ സമയം കുഞ്ഞിനൊപ്പം ചെലവിട്ടപ്പോഴും എനിക്ക് സന്തോഷം കണ്ടെത്താനായില്ല. എന്റെ കരിയർ ഉപേക്ഷിക്കാനെടുത്ത തീരുമാനത്തെ ഞാൻ മനസ്സിൽ വീണ്ടും വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരുന്നു. അതെന്നെ കടുത്ത നിരാശയിലേക്കാണ് എത്തിച്ചത്. ഇക്കാര്യം മാനസിലാക്കിയ ഭർത്താവ് എനിക്ക് കൃത്യമായ വൈദ്യസഹായം എത്തിച്ചു. ഞാൻ ഒന്ന് ചോദിക്കട്ടെ, കുഞ്ഞുണ്ടാകുക എന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ അതിനെ പരിപാലിക്കുന്ന അമ്മയെ എപ്പോഴും ചോദ്യങ്ങൾകൊണ്ട് ശ്വാസം മുട്ടിക്കാനും വിലയിരുത്താനും സമൂഹത്തിന് എന്താണ് അവകാശം. എനിക്കുറപ്പുണ്ട് ഇത്തരം കൈ കടത്തലുകൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ കരിയറും മാതൃത്വവും ഒരുമിച്ചുകൊണ്ട് പോകാൻ കഴിഞ്ഞേനെ. ഇതിപ്പോൾ മോൾ സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ കരിയർ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയാണ്. ശ്വാസം മുട്ടിയാണ് ഞാൻ ഇക്കാലമെല്ലാം കഴിയുന്നത് എന്ന് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല. "മാതൃത്വം എന്നത് മറ്റുള്ളവരുടെ ഇടപെടൽ മൂലം അമ്മയുടെ സ്വപ്നങ്ങൾക്ക് ചുവട്ടിൽ കത്തിവയ്ക്കൽ ആകരുത്'' മായ തന്റെ പേരന്റിംഗ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഇത് ഒരു മായയുടെ മാത്രം കഥയല്ല. അമ്മയാകുക എന്നാൽ എല്ലാവിധത്തിലും പക്വത കൈവരിക്കുക എന്നോ, കുഞ്ഞിന് യാതൊരു കുറവുകളും കൂടാതെ വളർത്തുക എന്നോ ഒന്നുമല്ല.

അമ്മയുടെയും കുഞ്ഞിനേയും കംഫർട്ട് സോൺ എന്താണെന്നു നിശ്ചയിക്കേണ്ടത് ഒരിക്കലും പുറത്തു നിന്നുള്ള ഒരു വ്യക്തിയല്ല.

ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന തിയറിയാണ് ഇവിടെ നടപ്പിലാക്കേണ്ടത്. സ്വസ്ഥത, കരിയർ, കുഞ്ഞിന്റെ പരിപാലനം എന്നിവയെല്ലാം ഒപ്പത്തിനൊപ്പം വേണമെങ്കിൽ അതിന് മാറ്റി നിർത്തലുകളല്ല, ചേർത്തുനിർത്തലുകളാണ് വേണ്ടത്. അതിനാൽ തന്നെ കുഞ്ഞിന്റെ പരിചരണം കൂട്ടുത്തരവാദിത്ത തന്നെയാണ്.

അടുത്തലക്കം : ഓഫീസിനും വീടിനും ഇടയ്ക്കുള്ള ഒരു സ്ത്രീയുടെ നെട്ടോട്ടം നിങ്ങൾ കാണുന്നുണ്ടോ ?