Mar 16 • 7M

ചോദിച്ചത് എന്തും വാങ്ങി കൊടുത്ത് നശിപ്പിക്കരുതെ...!

പ്രശസ്ത സൈക്കോളജിസ്റ്റ് ജോൺ ജേക്കബിന്റെ കേസ് സ്റ്റഡികളിലൂടെ.

 
1.0×
0:00
-7:26
Open in playerListen on);
Episode details
Comments

"ഇന്നവൻ കത്തി കാണിച്ച് പേടിപ്പിച്ചാ എന്റെ മാലവാങ്ങി കൊണ്ടുപോയത്. അതും വിറ്റ് കള്ളുകുടിക്കാനായിരിക്കും, ഞാനിനി എന്താ ചെയ്യാ ഇവന്റെ ഭാവി ആലോചിച്ചിട്ടു തന്നെ പേടിയാവുന്നു." ആ സ്ത്രീ സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്ന് കരയുകയായിരുന്നു. അവരുടെ മുന്നിൽ മറ്റൊരു വഴിയും കാണാത്തതു കൊണ്ടാണ് അവർ സൈക്യാട്രിസ്റ്റിനെ കാണുവാൻ എത്തിയത്. അവരുടെ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു നിന്നിരുന്നു.

ആ സ്ത്രീയുടെ ഭർത്താവ് ഗൾഫിലാണ്. അവർക്ക് രണ്ട് മക്കളുമുണ്ട്. മൂത്തത് മകനും താഴെ ഉള്ളത് മകളുമാണ്. മൂത്ത മകന് 20 വയസ്സ് പ്രായമുണ്ട്. ആ സ്ത്രീ മകനെ കൊണ്ട് മടുത്തു എന്നാണ് പറയുന്നത്. ഒരു അമ്മ അങ്ങനെ പറയേണ്ടി വരുന്ന സാഹചര്യം എന്തായിരിക്കും..? ഞാൻ എങ്ങനെയാണ് അവന്റെ കൂടെ ജീവിക്കുക എന്ന് ചോദിച്ചിട്ട് ആ സ്ത്രീ കരഞ്ഞു. അവന് ഏതു നേരത്തും മദ്യപിച്ച് നടക്കണം, തെറ്റായ കൂട്ടുകെട്ടുകളിലാണ് അവനിപ്പോൾ. കഷ്ടപ്പെട്ടു മാതാപിതാക്കൾ വാങ്ങിച്ചു കൊടുത്ത ബൈക്കിൽ ചീറി പാഞ്ഞിട്ടാണ് അവൻ പോകുന്നത്, അവന്റെ ജീവന് ഒരു വിലയും അവൻ തന്നെ കൊടുക്കുന്നില്ല.

എപ്പോഴും പൈസ ചോദിച്ചു വരും, കൊടുത്തില്ലെങ്കിൽ അന്ന് വീട്ടിൽ ഭൂകമ്പമായിരിക്കും, പഠിക്കാൻ പോയിട്ടും അതെല്ലാം നിർത്തി വെച്ചു. നേരത്തെ വഴക്കുണ്ടാക്കുമെങ്കിലും ഇപ്പോൾ കാര്യങ്ങൾ കലങ്ങി മറിഞ്ഞു, ദേഹോപദ്രവം തുടങ്ങിയിരിക്കുന്നു. പണം കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിൽ എത്തി. സ്വന്തം മകന്റെ ഭാവി എന്തായി തീരുമെന്ന് ഭയം അവരെ മാനസികമായി തളർത്തി. അവരുടെ മകനോട് സംസാരിക്കാമെന്നും നമുക്ക് വേണ്ടത് ചെയ്യാമെന്നു പറഞ്ഞ് ഒരുവിധത്തിൽ സമാധാനിപ്പിച്ച് വിട്ടിലേക്കയച്ചു.

പിന്നീട് സൈക്യാട്രിസ്റ്റ് ആ സ്ത്രീ താമസിക്കുന്ന പ്രദേശത്തെ ഒരു സാമൂഹിക പ്രവർത്തകനുമായി ഈ കാര്യം സംസാരിച്ചു. അവനെ സൈക്യാട്രിസ്റ്റിന്റെ

അടുത്ത് എത്തിക്കാമെന്നയാൾ ഉറപ്പു നൽകുകയും ചെയ്തു. ഒരാഴ്ചക്കു ശേഷം അവനുമായി ആ സാമൂഹിക പ്രവർത്തകൻ

ക്ലിനിക്കിലെത്തി. നല്ല രീതിയിൽ വസ്ത്രമൊക്കെ ധരിച്ചിരുന്ന അവന്റെ മുഖത്താകെ ഒരു നിരാശയായിരുന്നു . ആദ്യമൊക്കെ ഒന്നും സംസാരിക്കാതിരുന്ന അവൻ പതിയെ സംസാരിക്കാൻ തുടങ്ങി.

താൻ ചെയ്യുന്നതെന്താണെന്നും അതിൽ കുറ്റബോധമുണ്ടെന്നും അവൻ പറഞ്ഞു. പക്ഷേ തനിക്കിന്ന് മദ്യമില്ലാതെ പറ്റാതായിരിക്കുന്നു, അവൻ എല്ലാം തുറന്ന് പറയാൻ തുടങ്ങി. "സാർ, ഞാൻ ചെറുപ്പത്തിൽ നല്ല പിടിവാശിക്കാരനായിരുന്നു. ആഗ്രഹിക്കുന്നതെന്തും കിട്ടാൻ ഭക്ഷണം കഴിക്കാതെയും തർക്കിച്ചും അതെല്ലാം നേടിയെടുക്കുമായിരുന്നു. പലപ്പോഴും അമ്മ അനുവദിച്ചു തരാത്തപ്പോൾ അച്ഛാച്ചനും അമ്മാമ്മയും വഴി അതെല്ലാം നടത്തി തരുമായിരുന്നു. ഞാൻ അഹ്ളാദിച്ചു അർമാദിച്ചു തന്നെ അന്നൊക്കെ ജീവിച്ചു. കയ്യിൽ പണമുള്ളതു കൊണ്ടു തന്നെ എന്റെ സൗഹൃദ വലയങ്ങളും വർദ്ധിച്ചു. നിരവധി കൂട്ടുകാർ അങ്ങനെയുണ്ടായി. പതിയെ ബീഡി വലിയും മദ്യപാനവും ആരംഭിച്ചു. തുടക്കം ബുദ്ധിമുട്ടായിരുന്നുവെങ്കിലും അതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നു. ക്രമേണ പഠനത്തിനോടുള്ള താൽപ്പര്യം തന്നെ കുറഞ്ഞു വന്നു. മദ്യപാനവും ബീഡിവലിയുമായി ഞാൻ ജീവിതം ആഘോഷിച്ച് കൊണ്ടു നടന്നു." അവൻ അതെല്ലാം പറയുമ്പോൾ ഉള്ളിലെവിടെയോ കുറ്റബോധം നിഴലിക്കുന്നത് കാണാം. അവൻ വീണ്ടും പറഞ്ഞു തുടങ്ങി,

"കൂട്ടുകാർ പലപ്പോഴായി വീട്ടിൽ പണം മോഷ്ടിച്ചു വിജയിച്ച കഥകൾ എന്നോട് നിരന്തരം പറയുമായിരുന്നു. പണം ആവശ്യമുള്ള സമയങ്ങളിൽ അത് കിട്ടാതെയായപ്പോൾ ഞാൻ വീട്ടിൽ നിന്നും മോഷ്ടിക്കാൻ തുടങ്ങി. കൂട്ടുകാർ പറയുന്നത് കേട്ട് അതിനെല്ലാം ആവേശം ലഭിച്ചിച്ചിരുന്നു. അമ്മ ഒരുദിവസം അതു കണ്ടുപിടിക്കുകയും പണം സുക്ഷിക്കുന്ന ഇടത്തേ താക്കോൽ എനിക്ക് കിട്ടാത്ത രീതിയിൽ കൈവശം വെയ്ക്കുകയും, പിന്നീട് എനിക്ക് പണം തരുന്നതിൽ നിന്ന് അച്ഛനെ വിലക്കുകയും ചെയ്യ്തു. അത് എന്റെ നിയന്ത്രണം തെറ്റിച്ചു. " അവൻ കരഞ്ഞു തുടങ്ങിയിരിക്കുന്നു. സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട് തന്നെ അവൻ തുടർന്നു,

"അപ്പോഴെക്കും ഞാൻ മദ്യപാനത്തിന് അടിമയായി മാറിയിരുന്നു. പണത്തിനു വേണ്ടി ഞാൻ എന്തു ചെയ്യുമെന്ന അവസ്ഥയിലേക്കു മാറി . ഞാൻ ഇങ്ങനെ മാറിയതിൽ എന്റെ മതാപിതാക്കൾക്കും വിട്ടുകാർക്കും ഉത്തരവാദിത്തമുണ്ട്, ഞാൻ എന്നെ ന്യായീകരിക്കുകയല്ലാ,"

ശരിയാണ്, കുറ്റം അവന്റെ മാത്രമല്ല, അവന്റെ മാതാപിതാക്കൾ കൂടിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? കാരണം അവന്റെ അച്ഛൻ വിദേശത്തായിരുന്നു. അച്ഛൻ വിദേശത്ത് നിന്ന്വരുമ്പോഴെല്ലാം അവന്റെ ആവശ്യങ്ങളെല്ലാം സാധിച്ചു കൊടുക്കുമായിരുന്നു. ശരിക്കും ഒരു രാജകുമാരനെപ്പോലുള്ള ജിവിതമാണ് അവന്റേത്. തനിക്ക് എന്ത് വേണമെന്നും അത് എങ്ങനെ കിട്ടണമെന്നും അവന് കൃത്യമായി അറിയാമായിരുന്നു. അതിനു വേണ്ടി എങ്ങനെയൊക്കെ പെരുമാറണമെന്ന് അവൻ പഠിച്ചു വെച്ചിരുന്നു. ആവശ്യമുള്ളതും അനാവശ്യമായതും അവന് നിരന്തരം ലഭിച്ചു കൊണ്ടിരുന്നു. അച്ഛന് മക്കളെ എപ്പോഴും കാണാൻ പറ്റാത്ത വാത്സല്യം കൊണ്ടാണ് ചോദിക്കുന്നത് വാങ്ങി കൊടുക്കുന്നതെങ്കിലും അവനത് പരാമാവധി മുതലെടുത്തു. പിന്നിട് അച്ഛൻ വിദേശത്തേക്ക് പോയി കഴിയുമ്പോൾ അമ്മ പല അനാവശ്യ ആഗ്രഹങ്ങൾക്കു തടസ്സം നിൽക്കും. എന്നാൽ അച്ഛനിലൂടെ അവനത് നേടിയെടുക്കുന്നതും പതിവായി. അതിനും അമ്മ തടസ്സം നിന്നു തുടങ്ങിയപ്പോഴാണ് അവൻ കക്കാനും അമ്മയെ ഉപദ്രവിച്ചും കാര്യം നടത്താൻ തുടങ്ങിയത്.

ഉന്മാദമായ കുട്ടികാലം.

കൗമാരക്കിലമാവുമ്പോൾ പല കുട്ടികൾക്കും വാശി ഉണ്ടാവാറുണ്ട്. എന്നാൽ ഇവിടെ ഈ വാശിയുടെ തീവ്രത വളർന്നു വരുകയാണ്‌ ഉണ്ടായത്. അവന്റെ

ആവശ്യങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു. അവന്റെ മദ്യപാനത്തെ ആർക്കും പ്രതിരോധിക്കാൻ പോലും പറ്റാതെയായി. മദ്യം തലക്ക് പിടിക്കുമ്പോൾ അവൻ ചെയ്തു കൂട്ടുന്നതും ഭീകരമാണ്. സ്വന്തം അമ്മയെ വരെ പേടിയുടെ മുൾമുനയിൽ നിർത്താൻ അവന് കഴിഞ്ഞു. ഇത് ഒരു മകന്റെയോ മകളുടെയോ മാത്രം ജീവിത കഥയല്ല, നമുക്ക് ചുറ്റും എത്രയോ പേർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ഒരു ബുദ്ധിമുട്ടും അറിയാതെയാണ് ഇന്ന് മക്കൾ വളരുന്നത്. അവർ ആഗ്രഹിക്കുന്നതെന്തും ഇന്നവരുടെ മുന്നിൽ എത്തുന്നു. മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്നു തന്നെയാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ അവരുടെ അത്യാഗ്രഹങ്ങളെ കണ്ടെത്തി അത് തെറ്റാണെന്ന് അവരെ മനസ്സിലാക്കാൻ അവർക്ക് കഴിയണം. അതിന് വേണ്ടത് മക്കളുമായി സ്നേഹനിര്‍ഭരമായ ചങ്ങാത്തമാണ്.

മക്കള്‍ എന്ത് ആവശ്യപ്പെട്ടാലും പെട്ടെന്നു തന്നെ അതൊക്കെ സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാർ ഭാവിയിൽ തന്റെ മക്കൾ എങ്ങനെ പെരുമാറുമെന്ന് ചിന്തിക്കുന്നില്ല.

മക്കളുടെ ആവശ്യങ്ങളെക്കുറിച്ച് ആദ്യം മാതാപിതാക്കൾക്ക് വേണ്ടത് വിവേചനബുദ്ധിയാണ്. ഒന്നും ചിന്തിക്കാതെയുള്ള വികലമായ സ്നേഹപ്രകടനങ്ങള്‍ മക്കളെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

ശരിതെറ്റുകളെക്കുറിച്ചുള്ള ബോധം കുട്ടികളിൽ വളർത്തിയെടുക്കണം.

കുട്ടികളെ ചെറുപ്പത്തില്‍ തന്നെ സ്നേഹവും തിരിച്ചറിവുകളും പറഞ്ഞു മനസ്സിലാക്കി കാലഘട്ടത്തിന്‍റെ വാഗ്ദാനമായി മാറ്റിയെടുക്കണം. മക്കളെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ ഒരിക്കലും അവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചു കൊടുക്കരുത്. മക്കളോട് 'നോ' പറയേണ്ട സാഹചര്യത്തില്‍ 'നോ' പറയാൻ മാതാപിതാക്കൾക്ക് കഴിയണം. മാനസികമായ പിന്തുണയും സ്നേഹവും നല്‍കി വേണം മക്കളെ വളര്‍ത്താൻ.

ഒരു പക്ഷേ ആവശ്യമുള്ളത് വാങ്ങി തന്നും അനാവശ്യമായതൊക്കെ നിയന്ത്രിച്ചും മുന്നോട്ട് പോയിരുന്നെങ്കിൽ, ആ മകന്റെ വാശികൾക്ക് അമിത പ്രാധാന്യം നൽകാതിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു. ആ അമ്മയും ഇത്രമേൽ ദുരിതം അനുഭവിക്കില്ലായിരുന്നു. ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, നമ്മുടെ കുട്ടികളെ വിവേചനബുദ്ധിയോടെ ലോകം കാണാൻ പഠിപ്പിക്കേണ്ടത് നമ്മൾ തന്നെയാണ്. ചോദിക്കുന്നതെല്ലാം നൽകി കുട്ടികളെ നശിപ്പിക്കരുത്…!

Read Huddle in the new Substack app
Now available for iOS

A guest post by
Content writer
A guest post by
Junior Podcast Producer
Subscribe to Sajil