Feb 7 • 5M

പാരാസോഷ്യൽ റിലേഷൻഷിപ്പ് പാർട്ട് 2

Rahul Nair
Comment
Share
 
1.0×
0:00
-4:35
Open in playerListen on);
Episode details
Comments

കഴിഞ്ഞ ഭാഗത്തിൽ പാരാസോഷ്യൽ റിലേഷൻഷിപ്പ് എന്താണെന്നതിനെക്കുറിച്ച് നമ്മൾ പറഞ്ഞു. ഇന്ന് നമുക്ക് പാരാസോഷ്യൽ റിലേഷൻഷിപ്പിനെ ബാധിക്കും എന്ന് നോക്കാം.

പാരാസോഷ്യൽ റിലേഷൻഷിപ്പുകൾ മാധ്യമ ഉപയോക്താക്കളെ വിവിധ രീതികളിൽ ബാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റിയുമായുള്ള പാരാസോഷ്യൽ റിലേഷൻഷിപ്പ് ആ വ്യക്തിയുടെ രാഷ്ട്രീയപരമായ കാഴ്ചപ്പാട്, വോട്ടിംഗ് തീരുമാനങ്ങൾ, ഷോപ്പിംഗ് രീതികൾ, ജെൻഡർ സ്റ്റീരിയോടൈപ്പിനോടുള്ള വീക്ഷണങ്ങൾ, വിവിധ ജനവിഭാഗങ്ങളോടുള്ള അവരുടെ വിശ്വാസം എന്നിവയെ സ്വാധീനിക്കുമെന്നാണ് ഇതുവരെ ഈ മേഖലയിൽ നടന്നിട്ടുള്ള പഠനങ്ങളെ അധികരിച്ച് ലിയബെറും ഷ്രാമും പറയുന്നത്.

പാരാസോഷ്യൽ റിലേഷൻഷിപ്പ് പോസിറ്റീവാണോ നെഗറ്റീവാണോ എന്നതനുസരിച്ച് ഈ സ്വാധീനവും പോസിറ്റീവോ നെഗറ്റീവോ ആകാം. പാരാസോഷ്യൽ ബന്ധങ്ങൾ ഒരു വ്യക്തിയുടെ ആത്മവിശ്വാസം, സ്വയംപര്യാപ്തിയിലുള്ള വിശ്വാസം എന്നിവ വർദ്ധിക്കാൻ സഹായിക്കും.

കോവിഡ് 19 മൂലമുണ്ടായ ഏകാന്തത അനുഭവപ്പെട്ടപ്പോൾ ആളുകൾ ആശയ വിനിമയത്തിനും ബന്ധങ്ങൾക്കുമുള്ള ആവശ്യം തൃപ്തിപ്പെടുത്താനായി ടെലിവിഷനെയും സിനിമയിലെ കഥാപാത്രങ്ങളെയും ഓൺലൈൻ സാമൂഹിക മാധ്യമങ്ങളെയുമൊക്കെ ആശ്രയിച്ച് തുടങ്ങി.

വളരെ കുറച്ചു മാത്രം സാമൂഹിക സമ്പർക്കമുണ്ടായിരുന്ന ഈ കാലഘട്ടത്തെ തരണം ചെയ്യാൻ കുറച്ചു പേരെയെങ്കിലും സഹായിച്ചത് പാരാസോഷ്യൽ റിലേഷൻഷിപ്പുകളാണ്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരേ വ്യക്തിയോട് തന്നെ പാരാസോഷ്യൽ റിലേഷൻഷിപ്പ് ഉണ്ടെങ്കിൽ, അസൂയയില്ലാതെ തന്നെ അത് തുറന്ന് സംസാരിക്കാൻ കഴിയുകയും, ഇങ്ങനെ ചെയ്യുന്നത് സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതു കൂടാതെ ആരാധകർ അവർ ആരാധിക്കുന്ന താരത്തിൻ്റെ അല്ലെങ്കിൽ കഥാപാത്രത്തിൻ്റെ പേരിൽ ഓൺലൈൻ ഗ്രൂപ്പുകൾ തുടങ്ങുന്നത് ഒരേ മനസുള്ള മറ്റു വ്യക്തികളുമായി സാമൂഹിക ബന്ധങ്ങളും തുടങ്ങാൻ കാരണമാകും.

ഇന്നു വരെ പാരാസോഷ്യൽ പ്രതിഭാസങ്ങളെ കുറിച്ച് നടത്തിയ ഭൂരിഭാഗം പഠനങ്ങളും സിനിമയും ടെലിവിഷനും കേന്ദ്രീകരിച്ചാണ്. കേവലം അഞ്ചിൽ ഒന്ന് പഠനങ്ങൾ മാത്രമാണ് നവമാധ്യമങ്ങൾക്ക് പ്രാധാന്യം നൽകിയത്.

നവമാധ്യമങ്ങൾ, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങൾ, പാരാസോഷ്യൽ റിലേഷൻഷിപ്പുകളുടെ സ്വഭാവം തന്നെ മാറ്റിയിട്ടുണ്ട്. ഓൺലൈനായി ആശയവിനിമയം നടത്തുമ്പോൾ ഒരുപക്ഷെ ആ സെലിബ്രിറ്റി തിരിച്ച് മറുപടി തരാനുള്ള സാധ്യതയുണ്ട്. അത് പാരാസോഷ്യൽ റിലേഷൻഷിപ്പിനെ കൂടുതൽ സാമൂഹികമായ ഒരു രീതിയിലേക്ക് മാറ്റുന്നു. ഉദാഹരണത്തിന്, ഒരു ആരാധകൻ താൻ ആരാധിക്കുന്ന വ്യക്തിക്ക് ട്വിറ്ററിലൂടെ സന്ദേശം അയക്കുമ്പോൾ ആ ബന്ധം ഒരു സാമൂഹിക തലത്തിലേക്കെത്തുന്നു.

തൽഫലമായി പാരാസോഷ്യൽ റിലേഷൻഷിപ്പും സാമൂഹിക ബന്ധങ്ങളും ഒരു കണ്ടിന്യൂം പോലെ പ്രവർത്തിക്കുന്നു എന്നാണ് സ്റ്റീവർ പറഞ്ഞിട്ടുള്ളത്. അതിൻ്റെ സാമൂഹിക തലത്തിൽ നമ്മളുമായി നേരിട്ട് ഇടപഴകുന്നവരും പാരാസോഷ്യൽ തലത്തിൽ നമുക്ക് ഇടപെടാൻ സാധിക്കാത്തവർ, ഉദാഹരണമായി, ഫിക്ഷണൽ കഥാപാത്രങ്ങളും മരിച്ചു പോയ അഭിനേതാക്കൾ തുടങ്ങിയവർ.

ഈ രണ്ട് തലങ്ങൾക്കിടയിൽ യഥാർത്ഥ ജീവിതത്തിലോ ഓൺലൈനോ കണ്ടു മുട്ടാൻ സാധ്യതയുള്ള സെലിബ്രിറ്റികൾ ഉൾപ്പെടുന്നു. ഒരു കൺസേർട്ടിനിടയിൽ പ്രിയപ്പെട്ട ഗായകനെ കാണുന്നതോ, ഷോപ്പിംഗിനിടയിൽ ആരാധിക്കുന്ന നടനെ കാണുന്നതോ ഒക്കെ ഇതിൻ്റെ ഉദാഹരണമാണ്. ഇതു കൂടാതെ സാമൂഹിക മാധ്യമങ്ങളുടെ വളർച്ച കാരണം ഓൺലൈനായി പ്രിയപ്പെട്ട സെലിബ്രിറ്റികളോട് സംവദിക്കാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്.

ഉദാഹരണമായി, ഒരു വ്യക്തി തനിക്കിഷ്ടപ്പെട്ട താരത്തിൻ്റെ പോസ്റ്റിന് കമൻ്റ് ചെയ്താൽ, ആ താരം ചിലപ്പോൾ നിങ്ങളുടെ കമൻ്റ് ലൈക്ക് ചെയ്യുകയോ അല്ലെങ്കിൽ അതിന് മറുപടി തരികയോ ചെയ്യാം. എന്നാൽ ഇങ്ങനെ സംഭവിച്ചാലും ഈ ബന്ധത്തെ പാരാസോഷ്യൽ റിലേഷൻഷിപ്പായി തന്നെ കാണണം എന്നാണ് ഗവേഷകർ പറയുന്നത്. കാരണം നിങ്ങളുടെ കമൻ്റിന് താരം മറുപടി നൽകിയാലും ആ വ്യക്തിക്ക് താരത്തോട് നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കുന്നില്ല.

ഇഷ്ടപ്പെട്ട താരത്തെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്നത് അവരുമായുള്ള പാരാസോഷ്യൽ റിലേഷൻഷിപ്പ് ശക്തിപ്പെടുത്തും.

പാരാസോഷ്യൽ റിലേഷൻഷിപ്പ് സാധാരണമാണ്.

ഒരു മനുഷ്യൻ്റെ ക്ഷേമത്തിൽ പോസിറ്റീവായ പങ്ക് വഹിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും സാമൂഹിക ബന്ധങ്ങളുടെ കൂടെ പാരാസോഷ്യൽ റിലേഷൻഷിപ്പുകൾ ഉള്ളത് ഒരു പ്രശ്നമല്ല. എന്നാൽ അവ യഥാർത്ഥ ജീവിതത്തിനും വ്യക്തി ബന്ധങ്ങൾക്കും പകരമാവില്ല എന്ന കാര്യം എപ്പോഴും ഓർക്കണം.