Jan 31 • 6M

നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയുമായി വൺവേ റിലേഷൻഷിപ്പ് പുലർത്തുന്നത് ശരിയാണോ?

പാരാസോഷ്യൽ റിലേഷൻഷിപ്പ് പാർട്ട് 1

 
1.0×
0:00
-6:23
Open in playerListen on);
Episode details
Comments

ഒരു സെലിബ്രിറ്റിയുമായി ഒരു മാധ്യമ ഉപയോക്താവ് വെച്ചു പുലർത്തുന്ന ഏകപക്ഷീയമായ ബന്ധത്തെയാണ് പാരാസോഷ്യൽ റിലേഷൻഷിപ്പ് എന്ന് വിളിക്കുന്നത്.

മാധ്യമ ഉപയോക്താവിന് വിവിധ മാധ്യമങ്ങളായ സിനിമ, ടി വി ഷോകൾ, പോഡ്കാസ്റ്റുകൾ, റേഡിയോ പരിപാടികൾ, ടിക് ടോക് തുടങ്ങിയവയിൽ കണ്ടുമുട്ടുന്ന സെലിബ്രിറ്റിയോടോ, ഫിക്ഷണൽ കഥാപാത്രങ്ങളോടോ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനോടോ, അനിമേഷൻ കഥാപാത്രങ്ങളോടോ ഒക്കെ പാരാസോഷ്യൽ റിലേഷൻഷിപ്പ് ഉണ്ടാകാം.

സാധാരണയായി പാരാസോഷ്യൽ റിലേഷൻഷിപ്പിനെക്കുറിച്ചുള്ള ഗവേഷണം മാധ്യമ ഉപയോക്താവും പ്രിയപ്പെട്ട മാധ്യമ വ്യക്തിത്വവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഉപയോക്താക്കളിൽ നെഗറ്റീവ് പാരാസോഷ്യൽ റിലേഷൻഷിപ്പ് മുതൽ റൊമാൻ്റിക് പാരാസോഷ്യൽ റിലേഷൻഷിപ്പ് വരെ രൂപപ്പെടാറുണ്ട്.

1956 ൽ സൈക്യാട്രി ജേർണലിൽ പ്രസിദ്ധീകരിച്ച "Mass Communication and Para-Social Interaction: Observations on Intimacy at a Distance" എന്ന സെമിനാർ ആർട്ടിക്കിളിലൂടെ ഡൊണാൾഡ് ഹോർട്ടണും ആർ.റിച്ചാർഡ് വോളുമാണ് പാരാസോഷ്യൽ റിലേഷൻഷിപ്പ് എന്ന ആശയം സൃഷ്ടിച്ചത്. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ഈ ആർട്ടിക്കിളിലൂടെ സൈക്കോളജിക്കൽ ഇൻ്ററാക്ഷൻ എന്ന ആശയവും ഹോർട്ടണും വോളും അവതരിപ്പിച്ചു.

പാരാസോഷ്യൽ റിലേഷൻഷിപ്പ് ഒരൊറ്റ മാധ്യമ ഇടപെടലിനപ്പുറം മനഃശാസ്ത്രപരമായി യഥാർത്ഥ ജീവിത ബന്ധം പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ പാരാസോഷ്യൽ ഇൻ്ററാക്ഷനിൽ മാധ്യമത്തിലൂടെ ഒരു വ്യക്തിയുമായി സംവദിക്കുമ്പോൾ യഥാർത്ഥ ജീവിതത്തിലെ ആശയവിനിമയത്തോട് അത് സാദൃശ്യപ്പെടുത്തുന്നു.

ഉദാഹരണമായി, നിങ്ങൾ ഫ്രണ്ട്സ് എന്ന സീരീസ് കണ്ടു എന്ന് വിചാരിക്കുക. അതിലെ കഥാപാത്രങ്ങൾ കോഫീ ഷോപ്പിൽ ഒരുമിച്ച് സമയം പങ്കിടുമ്പോൾ അവരിൽ ഒരാളാണ് നിങ്ങൾ എന്ന് തോന്നുന്നുവെങ്കിൽ അതിനെ പാരാസോഷ്യൽ ഇൻ്ററാക്ഷൻ എന്ന് നമുക്ക് പറയാം. എന്നാൽ എപ്പിസോഡ് തീർന്നതിനു ശേഷവും അതിലെ കഥാപാത്രമായ റേച്ചലിനെക്കുറിച്ചോ, ചാൻഡ്ലറിനെക്കുറിച്ചോ, മോണിക്കയെക്കുറിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും കഥാപാത്രത്തിനെക്കുറിച്ചോ ചിന്തിച്ചിരിക്കുകയും നിങ്ങൾക്ക് അടുത്ത് പരിചയമുള്ള ഒരാളിനെപ്പോലെ അവരുടെ പെരുമാറ്റത്തെപ്പറ്റി പറയുകയും ചെയ്താൽ ആ കഥാപാത്രവുമായി ഒരു പാരാസോഷ്യൽ റിലേഷൻഷിപ്പ് രൂപപ്പെട്ടതായി പറയാം.

ഈ രണ്ട് ആശയങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിലും ഗവേഷകർ ഇത് രണ്ടും മാറി മാറി ഉപയോഗിക്കുന്നത് കാരണം ഗവേഷണ സാഹിത്യത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പാരാസോഷ്യൽ ഇൻ്ററാക്ഷനും പാരാസോഷ്യൽ റിലേഷൻഷിപ്പും വ്യത്യസ്ത ആശയങ്ങളാണെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈയടുത്ത് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടണ്ട്.

പാരാസോഷ്യൽ അറ്റാച്ച്മെൻ്റ് ഉൾപ്പെടുത്താനായി മീഡിയാ സൈക്കോളജിസ്റ്റായ ഗെയിൽ സ്റ്റീവർ പാരാസോഷ്യൽ കണക്ഷൻസ് എന്ന ആശയത്തെ വിപുലീകരിച്ചിട്ടുണ്ട്. ബൗൾബിയുടെ അറ്റാച്ച്മെൻ്റ് തിയറി അനുസരിച്ച് പ്രണയിതാക്കൾക്കിടയിലും കുട്ടികളും അവരുടെ രക്ഷിതാക്കൾക്കിടയിലുമൊക്കെ ആഴത്തിലുള്ള ബന്ധങ്ങൾ രൂപപ്പെടുന്നതു പോലെ, ഒരു മാധ്യമ വ്യക്തിത്വം വ്യക്തിക്ക് ആശ്വാസത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയുമൊക്കെ ഉറവിടമാവുന്നു.

പാരാസോഷ്യൽ ഇൻ്ററാക്ഷനിലേയും റിലേഷൻഷിപ്പിലേയും പോലെ പാരാസോഷ്യൽ അറ്റാച്ച്മെൻ്റിലും ബന്ധങ്ങൾ യഥാർത്ഥ ജീവിതത്തിലേതുപോലെ തന്നെ അനുഭവപ്പെടുന്നു. ഇതിലെ ഒരു പ്രധാന ഘടകം സാമീപ്യം തേടലാണ്.

എന്നാലിവിടെ നേരിട്ടുള്ള ഇടപെടലിന് പകരം സാമീപ്യം മറ്റു മാർഗ്ഗങ്ങളിലൂടെ അവർ നേടിയെടുക്കുന്നു. അതായത് ഇഷ്ടപ്പെട്ട ഫിക്ഷണൽ കഥാപാത്രങ്ങളുടെ സിനിമകളും സീരീസുകളും വീണ്ടും വീണ്ടും കാണുക, സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുക തുടങ്ങിയ വഴികളിലൂടെ സാമീപ്യം നേടിയെടുക്കുന്നു.

സാധാരണ ജീവിതത്തിൽ ഒരു ബന്ധം തുടങ്ങുന്നതു പോലെ തന്നെ ഒരു മാധ്യമ ഉപയോക്താവ് ഒരു മാധ്യമ വ്യക്തിത്വത്തെ കണ്ടുമുട്ടുമ്പോഴാണ് പാരാസോഷ്യൽ റിലേഷൻഷിപ്പും ആരംഭിക്കുന്നത്. ആ വ്യക്തിത്വം ഉപയോക്താവിൻ്റെ മനസിൽ ഒരു മതിപ്പ് ഉണ്ടാക്കുകയും കണ്ടുമുട്ടലിനപ്പുറത്തേക്ക് ചിന്തകൾ പോകുകയും ചെയ്യുമ്പോൾ അത് പാരാസോഷ്യൽ റിലേഷൻഷിപ്പിലേക്ക് വളരുന്നു.

കൂടുതൽ പാരാസോഷ്യൽ ഇൻ്ററാക്ഷനുകളിലൂടെ പാരാസോഷ്യൽ റിലേഷൻഷിപ്പ് ശക്തി പ്രാപിക്കുന്നു.

ആരാധിക്കുന്ന വ്യക്തിത്വം മരണപ്പെടുമ്പോഴോ, ആരാധിച്ചിരുന്ന കഥാപാത്രമുള്ള സീരീ സോ സിനിമയോ തീരുമ്പോഴോ അല്ലെങ്കിൽ ഇനി ആ വ്യക്തിത്വവുമായി ഇടപഴകണ്ട എന്ന് ഉപയോക്താവ് തീരുമാനിക്കുമ്പോഴോ പാരാസോഷ്യൽ റിലേഷൻഷിപ്പ് അവസാനിക്കുന്നു.

സാധാരണ ജീവിതത്തിൽ ഒരു ബന്ധം അവസാനിക്കുന്നതിനോട് പ്രതികരിക്കുന്ന അതേ രീതിയിലാണ് പാരാസോഷ്യൽ റിലേഷൻഷിപ്പ് അവസാനിക്കുമ്പോഴും ഒരു വ്യക്തി പ്രതികരിക്കുന്നത്. ഉദാഹരണത്തിന് ടിവി ഷോയായ ഫ്രണ്ട്സ് അവസാനിച്ചപ്പോൾ അതിലെ കഥാപാത്രങ്ങളുമായി ഗാഢമായ പാരാസോഷ്യൽ റിലേഷൻഷിപ്പുള്ളവരാണ് ഏറ്റവും കൂടുതൽ വേദന അനുഭവിച്ചത്.

പാരാസോഷ്യൽ റിലേഷൻഷിപ്പുകളിൽ നിന്ന് ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ല എന്നതിനാൽ ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുന്നത് വിചിത്രമായി തോന്നാം. എന്നാൽ മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കാൻ പരിണാമപരമായി കഴിവുള്ളവരാണെന്നും ഓർക്കുക. മനുഷ്യപരിണാമത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ മാധ്യമം എന്ന് പറയുന്നത് താരതമ്യേന പുതിയ കണ്ടുപിടിത്തമാണ്. ഇതു വരെ പരിണാമത്തിൽ അത് വലിയ സ്വാധീനവും ചെലുത്തിയിട്ടില്ല. എന്നാൽ വ്യക്തി ബന്ധങ്ങൾ മാധ്യമ ഉപയോഗത്തിലേക്കും വ്യാപിക്കപ്പെട്ടിട്ടുണ്ടെന്ന് രൂപപ്പെട്ട് വന്ന സാമൂഹിക സവിശേഷതകൾ ഉറപ്പാക്കിയിട്ടുണ്ട്.

പൊതുവെ മനുഷ്യർ, മറ്റു മനുഷ്യരുടെ മുഖങ്ങളിലും ശബ്ദങ്ങളിലും ശ്രദ്ധ ചെലുത്താറുണ്ട്.

നൂറ്റാണ്ടുകളായി നമ്മൾ കണ്ടു വന്നിരുന്ന മുഖങ്ങളും ശബ്ദങ്ങളും നമ്മുടെ ചുറ്റുമുള്ളവരുടേതു മാത്രമായിരുന്നു. എന്നാൽ റേഡിയോയുടെയും ടി വി യുടെയും സിനിമകളുടെയും എല്ലാം കണ്ടുപിടിത്തത്തോടെ ഈ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. നേരിട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മുഖങ്ങളും ശബ്ദങ്ങളും നമുക്ക് പരിചിതമായി.

എന്നാൽ നമ്മൾ യഥാർത്ഥ ജീവിതത്തിൽ കാണുന്ന മുഖങ്ങളും ശബ്ദങ്ങളും മാധ്യമങ്ങളിൽ കാണുന്ന മുഖങ്ങളും ശബ്ദങ്ങളും തമ്മിൽ വേർതിരിക്കാനുള്ള കഴിവ് തലച്ചോറിനില്ല. അതു കൊണ്ട് തന്നെ ഇത് രണ്ടിനോടും ഒരേ രീതിയിലാണ് മസ്തിഷ്കം പ്രതികരിക്കുന്നത്. ഇത് എല്ലാത്തരത്തിലുമുള്ള പാരാസോഷ്യൽ പ്രതിഭാസങ്ങളിലേക്ക് നയിക്കുന്നു.

പാരാസോഷ്യൽ റിലേഷൻഷിപ്പുകൾ ആരോഗ്യ പ്രശ്നമായി കണക്കാക്കാനുള്ള ശ്രമങ്ങൾ നിരവധി മനഃശാസ്ത്ര ഗവേഷണങ്ങളിൽ നടത്തിയിട്ടുണ്ടെങ്കിലും, അത് സാധാരണയായ ഒരു കാര്യം തന്നെയാണെന്ന് ഇന്ന് ഗവേഷകർ അംഗീകരിക്കുന്നുണ്ട്. പാരാസോഷ്യൽ റിലേഷൻഷിപ്പുകളിലുള്ള മിക്കവർക്കും ഈ ബന്ധം യഥാർത്ഥമല്ലെന്ന സത്യം അറിയാമെങ്കിലും ഈ തിരിച്ചറിവ് അവരെ ആ രീതിയിൽ പ്രതികരിക്കുന്നതിൽ നിന്ന് തടയുന്നില്ല.

പാരാസോഷ്യൽ റിലേഷൻഷിപ്പുകൾ മനുഷ്യനെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക്അടുത്ത ഭാഗത്തിൽ നോക്കാം.